വ്യക്തിസ്വാതന്ത്ര്യം ആത്മപൂജയാകുമ്പോൾ

വ്യക്തിസ്വാതന്ത്ര്യം ആത്മപൂജയാകുമ്പോൾ

വ്യക്തിസ്വാതന്ത്ര്യം ആത്മപൂജയാകുമ്പോൾ

​കേരളം ഇന്ന് കടന്നുപോകുന്നത് ചരിത്രപരമായ ഒരു പരിവർത്തനത്തിലൂടെയാണ്. വ്യക്തിയുടെ താല്പര്യങ്ങൾക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന ഒരു 'ലിബറൽ' സമൂഹം ഇവിടെ രൂപപ്പെട്ടുവരുന്നു എന്നത് ശുഭകരമാണ്. എന്നാൽ, ഈ പുരോഗമന ചിന്താഗതികൾക്കിടയിൽ നമ്മൾ തിരിച്ചറിയാതെ പോകുന്ന ചില വലിയ അപകടങ്ങളുണ്ട്. വൺ നൈറ്റ് സ്റ്റാൻഡുകളും (One Night Stand), കാഷ്വൽ റിലേഷൻഷിപ്പുകളും (Casual Relationships), ഉത്തരവാദിത്തങ്ങളില്ലാത്ത ബന്ധങ്ങളും (Situationships) ഒക്കെ വലിയ രീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ, അത് നമ്മുടെ മാനസികാരോഗ്യത്തെയും സാമൂഹിക ഘടനയെയും എങ്ങനെയാണ് ബാധിക്കുന്നത് എന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
 
മനുഷ്യന്റെ ജൈവികതയെയും മനഃശാസ്ത്രത്തെയും മുൻനിർത്തിയുള്ള ഒരു പരിശോധന ആവശ്യമാണ്.
 
ലിബറലിസം അല്ലെങ്കിൽ വ്യക്തിസ്വാതന്ത്ര്യം എന്നത് മറ്റൊരാളെ കണക്കിലെടുക്കാതെയുള്ള 'ആത്മപൂജ' (Self-worship) അല്ല. എന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ അന്തസ്സിനെയോ വ്യക്തിത്വത്തെയോ മുറിപ്പെടുത്തുന്നുണ്ടെങ്കിൽ അവിടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. 
 
ഇന്നത്തെ പല കാഷ്വൽ ബന്ധങ്ങളിലും സംഭവിക്കുന്നത് പങ്കാളിയെ Commodity പോലെ അതായത് ഒരു 'ഉൽപ്പന്നം' പോലെ കാണുന്ന പ്രവണതയാണ്. ഒരു രാത്രിയുടെ നേരമ്പോക്കിനോ, താൽക്കാലികമായ ശാരീരിക ആവശ്യത്തിനോ വേണ്ടി മാത്രം മറ്റൊരാളെ ഉപയോഗിക്കുമ്പോൾ അവിടെ ആ വ്യക്തിയുടെ വൈകാരികമായ അസ്തിത്വം അഥവാ Human Dignity വിസ്മരിക്കപ്പെടുന്നു. മറ്റൊരാളുടെ മനസ്സും ശരീരവും നമ്മുടെ വെറും താൽപ്പര്യങ്ങൾക്കുള്ള ഉപകരണം മാത്രമായി മാറുമ്പോൾ, നമ്മൾ പുരോഗമനവാദികളല്ല, മറിച്ച് സ്വാർത്ഥമതികളായ ഉപഭോക്താക്കൾ മാത്രമാവുകയാണ്.
 
തുടർച്ചയായ 'നോൺ-കമിറ്റഡ്', പ്രതിബദ്ധത ഇല്ലാത്ത ബന്ധങ്ങൾ മനുഷ്യന്റെ തലച്ചോറിനെ എങ്ങനെ മാറ്റുന്നു എന്നത് ഇന്ന് വലിയ പഠനവിഷയമാണ്. പുതിയ ഒരാളെ കണ്ടെത്തുമ്പോൾ തലച്ചോറിൽ പ്രവഹിക്കുന്ന Dopamine (ഡോപ്പമിൻ) നമുക്ക് വലിയ ആവേശവും ഉയർന്ന തോതിൽ താത്കാലികമായ സന്തോഷവും നൽകും. എന്നാൽ ഈ ഡോപ്പമിന് പുറകെയുള്ള ഓട്ടം ഒരു ലഹരിയായി മാറുമ്പോൾ സംഭവിക്കുന്നത് വികാരങ്ങളുടെ മരവിപ്പാണ്. Desensitization എന്ന അവസ്ഥ.
 
അതായത്, ആവർത്തിച്ചുള്ള ഇത്തരം ആവേശഭരിതമായ സാഹചര്യങ്ങൾക്കൊടുവിൽ മനസ്സ് മരവിച്ചുപോകുന്നു. പിന്നീട് എത്ര വലിയ സ്നേഹം ലഭിച്ചാലും, എത്ര മികച്ച അനുഭവമുണ്ടായാലും മനസ്സിന് ഒന്നും തോന്നാത്ത അവസ്ഥ വരുന്നു. ഇതിനെയാണ് 'Emotional Numbness' എന്ന് വിളിക്കുന്നത്. ആഴത്തിലുള്ള ബന്ധങ്ങളിൽ നിന്നും സുരക്ഷിതബോധത്തിൽ നിന്നും മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന Oxytocin (ഓക്സിടോസിൻ) എന്ന ഹോർമോണിന്റെ അഭാവം മനുഷ്യനെ ക്രമേണ വിഷാദത്തിലേക്കും അസ്തിത്വപരമായ ശൂന്യതയിലേക്കും നയിക്കും.
 
ഒരു 'സിറ്റുവേഷൻഷിപ്പിൽ' നിൽക്കുന്ന രണ്ട് വ്യക്തികൾക്കിടയിൽ പലപ്പോഴും അനിശ്ചിതത്വത്തിന്റെ കരിനിഴലുണ്ട്. "നമ്മൾ തമ്മിൽ ആരാണ്?" എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥ ഒരാളുടെ ആത്മവിശ്വാസത്തെയും അന്തസ്സിനെയും തകർക്കുന്നു.
 
ഉത്തരവാദിത്തങ്ങളില്ലാത്ത സ്വാതന്ത്ര്യം പലപ്പോഴും 'Ghosting' അതായത് പെട്ടെന്ന് ബന്ധം അവസാനിപ്പിച്ചു അപ്രത്യക്ഷമാവുന്നത് പോലുള്ള ക്രൂരമായ രീതികളിലേക്ക് നയിക്കുന്നു. ഇത് ചെയ്യുന്നവരെക്കാൾ ഇത് നേരിടേണ്ടി വരുന്ന വ്യക്തിയിൽ ഉണ്ടാവുന്ന മാനസികാഘാതം ചെറുതല്ല. ഒരു ബന്ധം അതിന്റെ എല്ലാ ആഴത്തോടും കൂടി സ്വീകരിക്കാൻ കഴിയാത്തത് വ്യക്തിത്വത്തിന്റെ അപക്വതയാണ്. മറ്റൊരാളോട് Commitment കാണിക്കാൻ കഴിയാത്തത് സ്വാതന്ത്ര്യമായി കാണുന്നത് തെറ്റാണ്, അതൊരുതരം വൈകാരിക ഭീരുത്വമാണ്.
 
നമ്മുടെ രാഷ്ട്രീയ തത്വശാസ്ത്രങ്ങൾ എന്തുതന്നെയായാലും, നമ്മുടെ ശരീരം ലക്ഷക്കണക്കിന് വർഷത്തെ പരിണാമത്തിന്റേതാണ്. മനുഷ്യശരീരത്തിലെ Endocrinology അതായത് ഹോർമോൺ വ്യവസ്ഥ രൂപപ്പെട്ടിരിക്കുന്നത് ബന്ധങ്ങളിൽ സ്ഥിരതയും സുരക്ഷിതത്വവും തേടാനാണ്. അനിശ്ചിതമായ ബന്ധങ്ങൾ ശരീരത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ വർദ്ധിപ്പിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഉത്കണ്ഠയ്ക്കും, ഉറക്കമില്ലായ്മയ്ക്കും, ശാരീരിക രോഗങ്ങൾക്കും കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
 
 
ഈ രീതികളൊക്കെ 'തെറ്റാണ്' എന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കാനല്ല നമ്മൾ തുനിയേണ്ടത്. പകരം, ഈ പാതകൾ നമ്മെ എവിടെ എത്തിക്കും എന്ന തിരിച്ചറിവ് ഉണ്ടാക്കുകയാണ് വേണ്ടത്.
 
യഥാർത്ഥ വ്യക്തിസ്വാതന്ത്ര്യം എന്നത് മറ്റൊരാളെ ബഹുമാനിച്ചുകൊണ്ട്, തന്റെ വൈകാരിക വളർച്ചയ്ക്ക് സഹായകമായ തീരുമാനങ്ങൾ എടുക്കലാണ്. ശാരീരികമായ ആവേശങ്ങൾക്കപ്പുറം വൈകാരികമായ പക്വതയും അല്ലെങ്കിൽ Emotional Intelligence ഉം അന്തസ്സും നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, മലയാളി സമൂഹം വലിയൊരു മാനസികാരോഗ്യ തകർച്ചയിലേക്ക് നടന്നടുക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്.
 
ഈ മാനസികാരോഗ്യ പ്രതിസന്ധി പശ്ചാത്യ സമൂഹങ്ങളിൽ നമ്മൾ കണ്ടതാണ്, ഇന്നും കാണുന്നതാണ്. നമുക്ക് വേണ്ടത് ബന്ധങ്ങളിലെ ജനാധിപത്യമാണ്, അരാജകത്വമല്ല. മറ്റൊരാളുടെ മനസ്സും ശരീരവും നമ്മുടെ വിനോദോപാധിയല്ല എന്ന മിനിമം മര്യാദ തിരിച്ചറിയുന്നിടത്താണ് ആധുനിക മനുഷ്യന്റെ മാന്യത കുടികൊള്ളുന്നത്.
 
ബന്ധങ്ങളിലെ ജനാധിപത്യം ഒരിക്കലും മറ്റ് മനുഷ്യരെ കണക്കിലെടുക്കാതെയുള്ള Absolute Individual Freedom അല്ല മറിച്ച് Commited Democratic Liberty ആണ്.
 
- വൈശാഖ് വെങ്കിലോട് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

I identify myself in one word: 'human.' This word guides me as I grow, shaped by humanism, rationalism, secularism, scientific temper, equality, and open-mindedness. I love science and study history. I have politics, and it is reflected in my write-ups. My view on literature is that it is the exchange of human experiences, thoughts, and inexpressible emotions. I am not writing to change the world but simply to convey my thoughts. I carry my village’s name, but it’s just a name, not my identity. I feel at home everywhere, believing every place in this world is mine too.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ