പ്രണയം: മാറ്റത്തിന്റെ വിപ്ലവം

പ്രണയം: മാറ്റത്തിന്റെ വിപ്ലവം

പ്രണയം: മാറ്റത്തിന്റെ വിപ്ലവം

നമ്മുടെ ഇന്ത്യയുടെ സംസ്കാരം വളരെ വൈവിധ്യമുള്ളതാണ്. ഭാഷ, ഭക്ഷണം, വസ്ത്രം എന്നിവയിൽ മാത്രമല്ല, ചിന്തകളിലും ബന്ധങ്ങളിലും ഈ വൈവിധ്യം കാണാം. ആഗോളവത്കരണം ഇന്ത്യയിൽ പലതരം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എക്കാലത്തും മനുഷ്യർ സ്വന്തം ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആശിക്കുന്നവരാണ്, പക്ഷെ പല കാലങ്ങളിലും അത് സാധ്യമായിട്ടില്ല. പഠിക്കാനുള്ള വിഷയം മുതൽ ജീവിതപങ്കാളിയെ വരെ തിരഞ്ഞെടുക്കുന്നതിൽ യുവത ഇന്ന് ശ്രദ്ധാലുക്കളാണ്. ഇവിടെ പ്രണയം ഇന്ത്യൻ സമൂഹത്തിന്റെ ഘടനയെ, ബന്ധങ്ങളെ, സാമൂഹിക മാറ്റങ്ങളെ, സാമ്പത്തിക തീരുമാനങ്ങളെ വരെ സ്വാധീനിക്കുന്നുണ്ട്. പരസ്പര ബഹുമാനം, സ്വാതന്ത്ര്യ-സമത്വ മൂല്യ ബോധ്യങ്ങൾ, കാഴ്ചപാടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പങ്കാളിയെ തിരഞ്ഞെടുക്കുന്ന ബുദ്ധിപരമായ രീതി കേരളത്തിലെ മനുഷ്യരിലടക്കം ഇന്ന് കാണാനാകും. അതിനാൽ തന്നെ അത്തരമൊരു പങ്കാളിയെ കണ്ടെത്തുന്നത് വരെ വിവാഹം വേണ്ട എന്ന ശക്തമായ നിലപാട് സ്ത്രീകളും, പുരുഷന്മാരും ഇന്ന് സ്വീകരിക്കുന്നത് കാണാം.

 

പ്രണയം എല്ലാ കാലത്തും വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ജാതി, മതം, കുലം, ദേശം, നിറം, ലിംഗം, ഭാഷ തുടങ്ങിയ വ്യത്യാസങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങളെ തകർത്ത്, മനുഷ്യർ പരസ്പരം സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ആദ്യ വിപ്ലവം ഉണ്ടായി. സ്നേഹം, സഹകരണം, ഒരുമിച്ചുള്ള ജീവിതം എന്നിവയിലൂടെ അവർ ഒന്നിച്ചു. ഇന്ത്യയിൽ വൈവിധ്യങ്ങളുണ്ടെങ്കിലും, ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയം നമ്മെ ഒന്നിപ്പിക്കുന്നു. എന്നാൽ, വ്യക്തിഗത ഇഷ്ടങ്ങളും സമൂഹത്തിന്റെ പ്രതീക്ഷകളും തമ്മിൽ ചേരാതെ വരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

 

ഇന്ത്യയിൽ അറേഞ്ച്ഡ് വിവാഹങ്ങൾ പണ്ടുമുതലേ പ്രധാനമാണ്. ജാതി, മതം, സാമൂഹികനില എന്നിവ അടിസ്ഥാനമാക്കി കുടുംബങ്ങളിൽ അറേഞ്ച്ഡ് വിവാഹത്തിനായുള്ള സമ്മർദ്ധം ഇന്നും നിലനിൽക്കുന്നുണ്ട്. കണ്ടാൽ അറിയുന്നൊരൊറ്റ ജാതിയായി 'മനുഷ്യ ജാതി' യെ പരിഗണിക്കാതെ സാമൂഹികമായി നിലനിൽക്കുന്ന ജാതി വ്യവസ്ഥയെ ആധുനിക കാലത്തും ശക്തമാക്കുന്ന ജാതി മാട്രിമോണിയലുകൾ ഇന്നുമുണ്ട്. എന്നാൽ, ആഗോളവത്കരണവും, സോഷ്യൽ മീഡിയകളും, ഡേറ്റിംഗ് പ്ലാറ്റുഫോമുകളും, വിദ്യാഭ്യാസവും കാരണം ഇന്ന് പ്രണയവിവാഹങ്ങൾ കൂടുതലാണ്. യുവാക്കൾ സ്നേഹവും സഹകരണവും അടിസ്ഥാനമാക്കി പങ്കാളികളെ തിരഞ്ഞെടുക്കുന്നു. ഇത് വെറുമൊരു മാറ്റമല്ല, ഒരു നവോഥാന പ്രക്രിയയാണ്.

 

പക്ഷേ, വ്യക്തിഗത ആഗ്രഹങ്ങളും കുടുംബത്തിന്റെ പ്രതീക്ഷകളും തമ്മിലുള്ള പൊരുത്തക്കേടുകൾ യുവാക്കൾക്ക് വൈകാരികമായാ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയിൽ വിവാഹം രണ്ട് വ്യക്തികളുടെ മാത്രം കാര്യമല്ല, കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സംഗമമാണ്. ഇവിടെ തനിക്കിഷ്ടമുള്ള ഒരു മനുഷ്യനൊപ്പം ജീവിക്കാൻ ഒരുപാട് മനുഷ്യരെ സമ്മതിപ്പിച്ചെടുക്കേണ്ട ദുരവസ്ഥ നിലവിലുണ്ട്. ഈ അവസ്ഥ പ്രണയത്തിൽ മാത്രമല്ല, ഇഷ്ടമുള്ള ജോലി, ജീവിതശൈലി, കല തുടങ്ങിയവയുടെ വ്യക്തിഗത തിരഞ്ഞെടുപ്പുകളിലും കാണാം.

 

പഴയതും പുതിയതുമായ തലമുറകൾ തമ്മിൽ എപ്പോഴും വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പുരാതന ഗ്രീസിലെ പ്ലേറ്റോയുടെ “ദി റിപ്പബ്ലിക്” എന്ന കൃതിയിൽ ഈ വ്യത്യാസങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇന്ത്യയിലും ഇത് കാണാം. ആധുനികവത്കരണം കാരണം തലമുറകൾ തമ്മിലുള്ള വിടവ് ഇന്ന് വലുതാണ്. സോഷ്യൽ മീഡിയയും സാങ്കേതികവിദ്യയും വിദ്യാഭ്യാസവും യുവാക്കളെ സ്വന്തം ജീവിതം രൂപപ്പെടുത്താൻ പ്രേരിപ്പിക്കുന്നു. എന്നാൽ, സമൂഹത്തിന്റെ പഴയ ചിന്തകളും കുടുംബങ്ങളുടെ യാഥാസ്ഥിതികതയും തെറ്റിദ്ധാരണകൾക്കും തർക്കങ്ങൾക്കും കാരണമാകുന്നു.

 

സമൂഹത്തിന്റെ പഴയ ചിന്തകൾ വ്യക്തിസ്വാതന്ത്ര്യത്തെ മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിയെയും തടസ്സപ്പെടുത്തുന്നുണ്ട്. ചില കുടുംബങ്ങൾ പ്രണയത്തെ കുറ്റമായി കാണുന്നു. ഇത് സമൂഹത്തിന്റെ വൈകാരികവും ബൗദ്ധികവുമായ വളർച്ചയെ തടയുന്നു. ഇത്തരം ചിന്തകൾ വിവേചനവും അസഹിഷ്ണുതയും വളർത്തുന്നു. ഈ പഴയ ചിന്തകളിൽ നിന്ന് മോചനം നേടാൻ വ്യക്തിഗത ധൈര്യവും കൂട്ടായ പ്രവർത്തനവും വേണം. സ്നേഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും തുറന്ന സംഭാഷണങ്ങൾ വേണം. പ്രണയിക്കാൻ ധൈര്യപ്പെടുന്നവരിൽ ഭൂരിഭാഗവും സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ്. കുടുംബങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ചകൾ നടക്കണം. തുറന്ന സംഭാഷണങ്ങൾ വഴി മനുഷ്യർ പരസ്പരം മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യണം. പ്രായം വച്ചുള്ള വിവേചനകൾ എല്ലാ സമൂഹങ്ങളിലും കാണാം. പ്രായം കുറഞ്ഞവരുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കാത്ത മുതിർന്നവർ അധികാരത്തിന്റെ ചെങ്കോൽ എന്നും കൈവശപ്പെടുത്തിയിട്ടുണ്ട്. പക്ഷെ മനുഷ്യർക്കുള്ള സവിശേഷമായ കഴിവ് പഠിക്കാൻ സാധിക്കുന്നു എന്നുള്ളതാണല്ലോ, നമുക്ക് ആരിൽ നിന്നും പഠിക്കാൻ പറ്റണം. പ്രായം കുറഞ്ഞവരിൽ നിന്ന് പഠിക്കുകയും നമ്മൾ സ്വയം തിരുത്തുകയും ചെയ്യുന്നതിൽ അപമാനകരമായ ഒന്നും തന്നെയില്ലെന്ന് മാത്രമല്ല നമ്മളതിലൂടെ കൂടുതൽ മികച്ചവരാവുകയാണ്.

 

പ്രണയം വീട്ടിൽ അവതരിപ്പിക്കുന്നതിലും ശേഷമുണ്ടാകുന്ന കോലാഹലങ്ങളിലും യുവാക്കൾ വലിയ മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകൾ വ്യക്തിഗത ഇഷ്ടങ്ങളുമായി ചേർത്തു കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവ ഉണ്ടാകാം. കുടുംബങ്ങൾ യുവാക്കളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കണം. കാരണം ആത്യന്തികമായി പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോ വ്യക്തിക്കും ഉള്ളതാണ്. രക്ഷിതാക്കൾ കുട്ടികളുടെ സന്തോഷത്തിനാണോ അതോ സമൂഹത്തിന്റെ അംഗീകാരത്തിനാണോ മുൻഗണന നൽകേണ്ടത് എന്ന് ചിന്തിക്കണം. ഒരാളെ തിരഞ്ഞെടുക്കേണ്ടത് കേവലം അയാളുടെ മുഖമോ, സൗന്ദര്യമോ, ശരീര പ്രകൃതിയോ, വിദ്യാഭ്യാസമോ, ജോലിയോ, കുടുംബ പശ്ചാത്തലമോ നോക്കിയാവരുത്. വ്യക്തിയിൽ ഉള്ള ഗുണ-ദോഷങ്ങൾ അയാളുമായി പരിചയപ്പെട്ട്, അടുത്ത്, സമയമെടുത്ത് മനസ്സിലാക്കേണ്ടതുണ്ട്. അത് വിവാഹിതരാവേണ്ടവർക്ക് വിടണം, കാരണം അതവർക്കേ കൃത്യമായി വിലയിരുത്താൻ സാധിക്കു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യർ പ്രണയത്തിലൂടെ ഒന്നിക്കുമ്പോൾ, അവരുടെ പുതിയ തലമുറകൾ ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നു. വ്യത്യസ്ത ജനിതക സവിശേഷതകൾ ഒന്നിക്കുമ്പോൾ, മനുഷ്യരാശിയുടെ അതിജീവന ശേഷി കൂടുന്നു. ഉദാഹരണത്തിന്, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ജനിതക വൈവിധ്യം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പരിസ്ഥിതി മാറ്റങ്ങൾ, പുതിയ രോഗങ്ങൾ, മറ്റ് വെല്ലുവിളികൾ എന്നിവയെ നേരിടാൻ ഈ വൈവിധ്യം മനുഷ്യരെ സഹായിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള മനുഷ്യർ ഒന്നിക്കുന്നത് സാമൂഹിക ഐക്യവും സഹിഷ്ണുതയും വളർത്തും. ഇത് മനുഷ്യരാശിയുടെ ദീർഘകാല അതിജീവനത്തിന് അടിത്തറയാകുമെന്നതിൽ സംശയം വേണ്ട. എന്നാൽ ഇന്നത്തെ ലോകത്ത്, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ രണ്ട് രാജ്യങ്ങളിൽ പൗരത്വമുള്ള ദമ്പതികളെ വലിയ ദുഃഖത്തിലേക്ക് നയിക്കുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങൾ, യുദ്ധങ്ങൾ, അതിർത്തി തർക്കങ്ങൾ എന്നിവ കാരണം ദമ്പതികൾ രണ്ട് രാജ്യങ്ങളിലേക്ക് മാറേണ്ടി വരുന്നു. വിസ നിയന്ത്രണങ്ങൾ, നിയമങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ അവരെ ഒന്നിച്ച് ജീവിക്കുന്നതിൽ നിന്ന് തടയുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യർ പ്രണയത്തിലൂടെ ഒന്നിക്കുമ്പോൾ, അവർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകരാണ്. എന്നാൽ, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവരുടെ ജീവിതത്തെ വിഷമകരമാക്കുന്ന അവസ്ഥയ്ക്ക് ലോക സംഘടനകൾ ഒരു പ്രതിവിധി കാണണം.

പ്രണയവും ഇന്ന് സംഘർഷഭരിതമാണ്. സോഷ്യൽ മീഡിയയിൽ, റീലുകളിൽ പങ്കാളികൾ എപ്പോഴും സന്തോഷമുള്ള എല്ലാ ദിവസവും ആഘോഷങ്ങളിൽ മുഴുകി ജീവിക്കുന്ന മനുഷ്യരായി മാത്രം കാണപ്പെടുന്നത് പലരെയും ആശയകുഴപ്പത്തിലാക്കുന്നുണ്ട്. എല്ലാം തികഞ്ഞ ബന്ധങ്ങളുണ്ടെന്ന തെറ്റിദ്ധാരണ പൊതുവെ പരക്കാൻ ഇത് കാരണമായിട്ടുണ്ട്. എല്ലാം തികഞ്ഞ ബന്ധങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ കാരണം പലർക്കും തങ്ങളുടെ പ്രണയ ബന്ധത്തിലെ ചെറിയ പ്രശ്നങ്ങൾ പോലും ചർച്ച ചെയ്ത് പരിഹരിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. മറ്റുള്ളവരുമായി നിരന്തരം താരതമ്യപ്പെടുത്തുന്നത് വഴി യുവതയിൽ തങ്ങൾ അപര്യാപ്തരാണെന്ന നിരാശ, സ്വയം സംശയം, വിധിയെക്കുറിച്ചുള്ള ഭയം എന്നിവ ഉണ്ടാവുന്നുണ്ട്. രണ്ട് വ്യക്തികൾ ഒന്നിക്കുമ്പോൾ രണ്ട് സംസ്കാരങ്ങൾ, രണ്ട് ജീവിത ശൈലികൾ, രണ്ട് ചിന്താഗതികൾ, അങ്ങനെ വ്യത്യസ്തമായ പലതും ഒന്നിക്കുകയാണ്. ഇവിടെ അഭിപ്രായ വ്യത്യാസങ്ങളും ബിന്നതകളും സ്വഭാവികമാണ്. അപ്പോഴെല്ലാം ജനാധിപത്യപരമായ ചർച്ചകൾ വഴി പരസ്പര സഹകരണത്തിൽ ചെന്നെത്തുകയാണ് സാധ്യമായ മാർഗ്ഗം. എന്നാൽ അവിടെ ജനാധിപത്യപരമായ മൂല്യങ്ങൾ, പരസ്പര ബഹുമാനം, തുല്യത, പരസ്പരം മനസ്സിലാക്കിക്കൊണ്ട് ഇരുവർക്കും സ്വീകാര്യമായ സഹകരണമാണ് ആവശ്യം. അല്ലാതെ ഒരാൾ പരിഗണിക്കപ്പെടും മറ്റെയാൾ തിരസ്കരിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷത്തിൽ നിന്ന് വേർപിരിഞ്ഞു പോകുന്നത് തന്നെയാണ് നല്ലത്.

ആൺ-പെൺ പ്രണയം മാത്രമല്ല, പെൺ-പെൺ, ആൺ-ആൺ, ലിംഗഭേദമില്ലാത്ത മനുഷ്യർ തമ്മിലുള്ള പ്രണയവും ഇവിടെ വളരുന്നുണ്ട്. പല കുടുംബങ്ങളും ഇത്തരം ബന്ധങ്ങളെ സ്വീകരിക്കുന്ന കാഴ്ച പ്രതീക്ഷ നൽകുന്നതാണ്. ഇത് മനുഷ്യത്വത്തിന്റെ അടയാളമാണ്. പ്രണയം വിവേചനങ്ങളെ തകർക്കുകയും അടിച്ചമർത്തപ്പെട്ടവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒന്നായി രൂപാന്തരപ്പെടുന്ന കാഴ്ചയാണിത്. പ്രണയം ഒരു മഹാവിപ്ലവമാണ്. മനുഷ്യർ സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമേ സന്തോഷവും സമാധാനവും നേടുകയുള്ളു. അതിനാൽ ഈ വിപ്ലവം തുടരട്ടെ, വരും തലമുറകൾ ഇതിനെ കൂടുതൽ ശക്തമാക്കട്ടെ.

മനുഷ്യരുടെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാതെ, തടയാതെ അത് അംഗീകരിച്ച്, കാലികമായ മാറ്റങ്ങൾ കണക്കിൽ എടുത്ത് കൊണ്ട് ഇന്നിനുതകുന്ന രീതിയിൽ, പങ്കാളിത്തത്തിൽ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ സത്ത ചെറുപ്പക്കാർക്ക് പകർന്ന് കൊടുക്കാൻ മുതിർന്നവർക്ക് കഴിയട്ടെ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

I identify myself in one word: 'human.' This word guides me as I grow, shaped by humanism, rationalism, secularism, scientific temper, equality, and open-mindedness. I love science and study history. I have politics, and it is reflected in my write-ups. My view on literature is that it is the exchange of human experiences, thoughts, and inexpressible emotions. I am not writing to change the world but simply to convey my thoughts. I carry my village’s name, but it’s just a name, not my identity. I feel at home everywhere, believing every place in this world is mine too.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ