വിപ്ലവം സ്ത്രീകളിലൂടെ
- Articles
- Vyshakh Vengilode
- 25-Apr-2025
- 0
- 0
- 55
വിപ്ലവം സ്ത്രീകളിലൂടെ

ചരിത്രത്തിൽ പെണ്ണിനോളം അരികുവത്കരിക്കപ്പെട്ട വിഭാഗം മറ്റൊന്നില്ല. ഉന്നതരിൽ, അധഃകൃതരിൽ, മധ്യവർഗ്ഗങ്ങളിൽ അങ്ങനെ എല്ലായിടത്തും സ്ത്രീ രണ്ടാം പൗരയായിരുന്നു. ഒരു കാലത്ത് കുടുംബത്തിന്റെ പരിചരണത്തിൽ മാത്രം ഒതുങ്ങി നിന്ന സ്ത്രീ, ഇന്ന് സ്വന്തം സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ തൊഴിൽരംഗത്തേക്ക് കടന്നപ്പോഴും സമൂഹത്തിന്റെ വിവേചനങ്ങളും അതിക്രമങ്ങളും അവളെ പിന്തുടരുന്നു. വംശീയമായ അതിക്രമങ്ങളിൽ പോലും പകരം വീട്ടലുകളിൽ സ്ത്രീയുടെ ലൈംഗികതയിലേക്കുള്ള കടന്ന് കയറ്റം നമുക്ക് കാണാം. ചരിത്രത്തിലെ ഒട്ടനേകം യുദ്ധങ്ങളിൽ സ്ത്രീകൾ നേരിട്ടത് കടുത്ത അനീതി തന്നെയായിരുന്നു. നിരവധി സ്ത്രീകളുടെ ചോരയിൽ കണ്ണീരിൽ കുതിരിന്നിരിക്കുന്ന ചരിത്രത്തിന്റെ ഏടുകൾ നമുക്ക് മുന്നിലുണ്ട്. പ്രായപൂർത്തിയായ ശരീരം ഒരായുസ്സിന്റെ മുക്കാൽ ഭാഗവും ഓരോ മാസവും ഒരു കുഞ്ഞിനെ പ്രതീക്ഷിച്ച് അന്തരീക്ഷം ഒരുക്കുകയും രക്തം ഒഴുക്കി അടുത്ത കാത്തിരിപ്പിന് തുടക്കം കുറിക്കുകയും ചെയ്യുന്ന ജീവതുടർച്ചയുടെ പ്രകൃതി കൽപനയെ പോലും "അശുദ്ധ"മായി കണ്ട സമൂഹത്തിന് ഇന്നും വലിയ മാറ്റങ്ങളൊന്നും വന്നതായി തോന്നുന്നില്ല. പകരം നിയമങ്ങൾ നിലനിൽക്കുമ്പോഴും അതിനെ ഉഴുതുമറിച്ചു കൊണ്ട്, നിയമങ്ങൾ ലംഘിച്ചുകൊണ്ട്, പരാതികൾ അടിച്ചമർത്തിക്കൊണ്ട്, പരാതിപ്പെടാൻ ഭയപ്പെടുത്തിക്കൊണ്ട്, പരാതിപ്പെട്ടവരെ പരിഹസിച്ചും ആക്രമിച്ചും സമൂഹം ഇന്നും സ്ത്രീകളെ അടിച്ചമർത്തുന്നു.
ലൈംഗിക – മാനസിക പീഡനങ്ങൾ ഇവയോരോന്നും സമൂഹത്തിലെ നിത്യ കാഴ്ചകളായിരിക്കെ, പരാതിപ്പെടുന്നവൾ ആദ്യം നേരിടുന്ന ഏറ്റവും അശ്ലീലമായ ചോദ്യം പരാതിപ്പെടാൻ വൈകിയതിനെ ചൊല്ലിയുള്ളതാണ്. ഉടൻ പ്രതികരിക്കുന്നവളോടാകട്ടെ, സ്ത്രീയെ അബലയായി കാണുന്ന വർഗ്ഗത്തിന്റെ ചോദ്യം ഒരു സ്ത്രീ ഇത്തരത്തിലൊരനുഭവം ഇത്രയും ആളുകളുടെ മുന്നിൽ പരസ്യമായി ഇത്രയും ശക്തമായി പറയുമോ എന്നതാണ്. പറഞ്ഞാലും പറയാൻ വൈകിയാലും സമൂഹം അവളെ വെറുതെ വിടാൻ ഉദ്ദേശമില്ലെന്ന് വ്യക്തം. ഇതെല്ലാം ഭയന്ന് പലതും പുറത്ത് പറയാതെ ഉള്ളിലൊതുക്കി നെരിപ്പോട് കണക്കെ ഉരുകി മരിച്ച, മരിച്ച് ജീവിച്ച അനേകം സ്ത്രീകളുടെ ജീവിതത്തിലെ കറുത്ത ഏടുകൾ ആരറിയാൻ. “ആരോടും പറയണ്ട” എന്ന മറുപടി പ്രതീക്ഷിച്ചാവില്ല ഒരു മകളും അവളനുഭവിച്ച അതിക്രമങ്ങൾ വീട്ടിൽ പറയുന്നത്. എന്നാൽ പലർക്കും അത്തരമൊരു മറുപടിയാണ് സ്വന്തം മാതാപിതാക്കളിൽ നിന്ന് പോലും ലഭിക്കാറുള്ളത്. തനിക്ക് നടന്നത് തുറന്നു പറഞ്ഞതിന്റെ പേരിൽ മാത്രം സ്നേഹിതരാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുമുണ്ട്. സ്നേഹിക്കുന്ന മുഴുവൻ മനുഷ്യരും തനിക്കെതിരാണ് എന്ന് തോന്നിപ്പോകുന്ന ഭയാനകമായ അവസ്ഥയാണത്.
ഭർത്തൃപീഡനങ്ങൾ, പീഡനങ്ങൾ ആണെന്ന് മനസ്സിലാക്കാൻ പോലും സാധ്യമാകാത്ത വിധം കുടുംബമെന്ന സ്ഥാപനത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒരു മനുഷ്യായുസ്സ് മുഴുവനും അർപ്പിച്ച സ്ത്രീകൾ ഇന്നും സമൂഹത്തിന് മുന്നിൽ മാതൃകാ സ്ത്രീരൂപമാണ്. അത്തരത്തിലൊരു വികല മാതൃകയെ അനുകരിച്ചു കൊണ്ട് ഉറച്ചു പറയേണ്ട അരുതുകളെ തൊണ്ടക്കുഴിയിൽ അടക്കം ചെയ്ത് മരപ്പാവകളായി മാറി അവസാനം സ്വത്വവും സ്വബോധവും നഷ്ടപ്പെട്ട് ബന്ധം വേർപ്പെടുത്താനുറച്ചവൾക്ക് സമൂഹം കൽപ്പിക്കുന്ന പേര് ധിക്കാരി എന്നായിരിക്കും. ഇനി പിറക്കാനിരിക്കുന്ന പെണ്ണുങ്ങളും ഇന്നീ ചെളികൂനയിൽ ജനിച്ചു ജീവിച്ചു പോകുന്ന പെണ്ണുങ്ങളും ഉള്ളിൽ ഉറപ്പിക്കേണ്ട ഒന്നുണ്ട്, അരുതെന്ന് പറയേണ്ടിടത്ത് അത് പറയണം, ഇറങ്ങി വരേണ്ട ഇടങ്ങളിൽ നിന്ന് ഇറങ്ങണം. നിങ്ങൾ അരുതെന്ന് പറഞ്ഞാലോ ഇറങ്ങി വന്നാലോ ലോകം അവസാനിക്കില്ല പകരം നിങ്ങളുടെ ലോകം അന്ന് മുതൽ വെളിച്ചമുള്ളതാകും.
കോളജ് കാമ്പസുകളിൽ, ജോലിസ്ഥലങ്ങളിൽ, പൊതുഗതാഗത സംവിധാനങ്ങളിൽ തുടങ്ങി നിരവധി സ്ഥലങ്ങളിൽ സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. വീട്ടിൽ വച്ച് സ്ത്രീകൾ ഭർത്താക്കന്മാരിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്നത് പതിവാണ്. ഭാര്യ എന്ന പദവി ചുമക്കുന്നവർ പുരുഷന് തോന്നുമ്പോഴൊക്കെ അവന്റെ ലൈംഗിക ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തേണ്ട ഉപകാരണങ്ങളാണെന്ന ധാരണ പൊതുസമൂഹത്തിൽ ഇന്നുമുണ്ട്. ഒരുവളുടെ സമ്മതമില്ലാതെ അവൾക്ക് താൽപര്യമില്ലാത്ത നേരങ്ങളിൽ അവളെ നിർബന്ധിതമായി ലൈംഗിക താൽപര്യങ്ങൾക്ക് ഉപയോഗിച്ചാൽ അത് ഭാര്യയോട് ആയാലും അവിടെ നടന്നത് റേപ്പ് ആണ്, പീഡനമാണ്. ശാരീരികമായി മാത്രമല്ല മാനസികമായ അതിക്രമങ്ങളും വീടുകളിൽ പോലും സ്ത്രീകൾ അനുഭവിക്കുന്നു. സ്ത്രീയായതിന്റെ പേരിൽ തൊഴിലെടുക്കാനും, വസ്ത്രം ധരിക്കാനും, യാത്ര പോകാനും, സ്വയം ജോലി ചെയ്ത് സമ്പാദിക്കുന്ന പണം കൈയ്യിൽ വെക്കാനും ചിലവഴിക്കാനും, സൗഹൃദങ്ങൾ നിലനിർത്താനും, എന്തിനു എതിർ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പോലും കഴിയാത്ത, അതിനൊന്നും അവകാശമില്ലാത്ത മനുഷ്യരായി ഒട്ടനേകം സ്ത്രീകൾ ഈ കാലത്തും വീടുകളിൽ ജീവിക്കുന്നു. സ്ത്രീകൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കുന്ന അവസ്ഥയ്ക്ക് കാരണം ഭയമാണ്. സ്ത്രീ എന്ത് മിണ്ടിയാലും മണ്ടത്തരമായി കണക്കാക്കുന്ന, ഒരു വാക്കിനും വില കൽപ്പിക്കാത്ത, അഭിപ്രായങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുന്ന പുരുഷാധിപത്യ മനോഭാവത്തിന്റെ ധാർഷ്ട്യം ജനിച്ചപ്പോൾ മുതൽ കാണേണ്ടി വന്ന സ്ത്രീകളിൽ ആത്മവിശ്വാസം പോലും നശിച്ചുപോയിട്ടുണ്ട്.
ഇന്നും പൊതുബോധം സ്ത്രീവിരുദ്ധമായി തന്നെ നിലനിൽക്കുന്നുണ്ട്. ഓരോ അതിക്രമങ്ങളും വാർത്തയാകുമ്പോൾ സോഷ്യൽ മീഡിയകളിൽ ജനം പങ്കുവെക്കുന്ന അഭിപ്രായ പ്രകടനങ്ങളിൽ ഇരയായിരിക്കുന്ന സ്ത്രീയെയും സ്ത്രീ വർഗ്ഗത്തെയും അവഹേളിച്ചുകൊണ്ടുള്ള വരികൾ സാധാരണമായ കാഴ്ചയാണ്. "നുണയാവും, ചതിയാവും, പ്രശസ്തി കിട്ടാനാവും, എല്ലാത്തിനും ആദ്യം സമ്മതിച്ചിട്ട് ഇപ്പോൾ പരാതി പറയുന്നതാവും, ഇത് രാഷ്ട്രീയ പ്രേരിതമാവും, ഇല്ല്യൂമിനാറ്റിയാവും, പ്രോപഗണ്ടയാവും" തുടങ്ങി ഒരുപാട് മുൻവിധികൾ സ്ത്രീകൾക്കെതിരെ പൊതുസമൂഹം വച്ച് പുലർത്തിക്കൊണ്ടേയിരിക്കുന്നു. സ്ത്രീയെ ബാധിക്കുന്ന വിഷയം സ്ത്രീ ഉന്നയിച്ചാൽ പുരുഷന്മാരും സമാന പ്രശ്നം അനുഭവിക്കുന്നുണ്ട് എന്ന രീതിയിൽ അവിടെയും അവളുടെ വാക്കുകളെ അടിച്ചമർത്തുന്ന സമീപനം നിത്യ കാഴ്ചയാണ്. "പണ്ട് മുതലെ ഇതൊക്കെ നടക്കുന്നതാണ്, സ്ത്രീകൾ ശ്രദ്ധിക്കുക തന്നെ വേണം, ശ്രദ്ധിക്കാതെ ഓരോന്ന് പറ്റിയിട്ട് കരഞ്ഞിട്ടും പരാതി പറഞ്ഞിട്ടും കാര്യമില്ല" എന്ന തരത്തിൽ തികച്ചും അശ്ലീലപരമായ അഭിപ്രായങ്ങൾ മനുഷ്യർ പങ്കുവെക്കുന്നു. പണ്ട് മുതൽ നടക്കുന്ന അനീതികൾ ഇനിയെങ്കിലും ഇല്ലാതാവണം എന്ന് ആഗ്രഹിക്കാതെ, പെണ്ണായി ജനിച്ച നാൾ മുതൽ അതീവ ജാഗ്രതയിൽ ഒരു കൊടുംകാട്ടിൽ അല്ലെങ്കിൽ ശബ്‌ദിച്ചാൽ തല പോകുന്ന ജയിലിൽ ജീവിക്കും പോലെ പെണ്ണ് ജീവിക്കേണ്ടി വരുന്ന സമൂഹമായി അധഃപതിച്ചു പോയതിൽ ലജ്ജിക്കാതെ, അതിനൊരു മാറ്റം വരുത്താൻ വാക്കുകൾ കൊണ്ട് പോലും സ്ത്രീകളെ പിന്തുണയ്ക്കാതെയുള്ള ഇത്തരം അഭിപ്രായങ്ങൾ പൊതുബോധത്തിന്റെ ജീർണ്ണതയുടെ വ്യാപ്തി വ്യക്തമാക്കി തരുന്നുണ്ട്. രണ്ടാം പൗരയല്ല സ്ത്രീ, ലൈംഗിക കളിപ്പാട്ടമല്ല, പ്രസവിക്കുന്ന യന്ത്രമല്ല, ശമ്പളം വേണ്ടാത്ത വീട്ടുകാവൽക്കാരികളുമല്ല. അവകാശങ്ങളുള്ള മനുഷ്യരാണ്. ആണിന്റെ മുഷ്ടിയോളം തന്നെ കരുത്തുള്ള മനസ്സുള്ളവരാണ്. അന്നവൾ കണ്ടും കേട്ടും അനുഭവിച്ചും സഹിച്ചു നിന്നു, ഇന്നവൾ സഹിക്കാൻ മനസ്സില്ലാത്ത പോരാളിയാണ്. എക്കാലത്തും റിബലുകൾ തന്നെയാണ് സമൂഹത്തെ നയിച്ചത്, മാറ്റങ്ങൾ വരുത്തിയത്. ജാതികൊണ്ടും മതം കൊണ്ടും കൂനികൂടി കുനിഞ്ഞു നടക്കാൻ വിധിക്കപ്പെട്ട കീഴാള സമൂഹം നിവർന്ന് നിന്ന് എതിർത്തപ്പോഴാണ് നേരെ നിൽക്കാനുള്ള അവകാശം നമുക്ക് ലഭിച്ചത്. തൊഴിലെടുക്കാൻ, പഠിക്കാൻ, പ്രണയിക്കാൻ, സമ്പാദിക്കാൻ, ശബ്‌ദിക്കാൻ, എഴുതാൻ നമുക്കിന്നാവുന്നത് റിബലുകൾ നടത്തിയ വിപ്ലവ സമരങ്ങളിലൂടെയാണ്. സ്ത്രീകളിൽ ഇന്ന് നമ്മൾ കാണുന്ന ഈ പ്രതികരണശേഷി നാളെയെ പരിഷ്‌കരിക്കും.
എഴുത്തുകാരനെ കുറിച്ച്

I identify myself in one word: 'human.' This word guides me as I grow, shaped by humanism, rationalism, secularism, scientific temper, equality, and open-mindedness. I love science and study history. I have politics, and it is reflected in my write-ups. My view on literature is that it is the exchange of human experiences, thoughts, and inexpressible emotions. I am not writing to change the world but simply to convey my thoughts. I carry my village’s name, but it’s just a name, not my identity. I feel at home everywhere, believing every place in this world is mine too.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login