അവസ്ഥ

അവസ്ഥ

അവസ്ഥ

തന്റെ മുന്നിൽ നിറകണ്ണുകളുമായി ഇരിക്കുന്ന ആ മാതാപിതാക്കളെ നോക്കി ഡോക്ടർ പറഞ്ഞു 'ഞാൻ പറയുന്നത് നിങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചു കേൾക്കണം ഇതുവരെ ചെയ്ത ടെസ്റ്റുകളിൽ നിന്നും മനസ്സിലായത് നിങ്ങളുടെ മോന് ഒരു ചെറിയ അസുഖം ഉണ്ട്, ഇതിനെ അസുഖം എന്ന് പോലും പറയാൻ പറ്റില്ല, ഇതൊരു അവസ്ഥയാണ്..ഇതിന്റെ പേര് ഓട്ടിസം എന്നാണ്!'.

അവർ ചെറുതായൊന്നു ഞെട്ടി. ആ അമ്മ മകനെ ഒന്നുകൂടി ചേർത്തുപിടിച്ചു. 'പക്ഷേ, സാർ അവൻ ജനിച്ചതുമുതൽ എല്ലാകാര്യങ്ങളും കമിഴ്ന്നതും ഇരിക്കാൻ തുടങ്ങിയതും എല്ലാം അതാത് സമയങ്ങളിൽ തന്നെയായിരുന്നല്ലോ? അവൻ സംസാരിക്കുന്നത് മാത്രമേ കുറച്ചു നീണ്ടുപോയുള്ളു, വീട്ടിലുള്ളവർ പറഞ്ഞത് അതൊക്കെ പതുക്കെ സംസാരിച്ചോളും, ചില കുട്ടികൾ അങ്ങനെയാണ് എന്നൊക്കെയാ. ഞങ്ങൾ അതും വിശ്വസിച്ചാണ് ഇരുന്നത്, അവനു ഒരു ചെറിയ പനി വന്നപ്പോൾ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു അദ്ദേഹമാണ് മോന് eye contact ൽ ഒരു സംശയം തോന്നി ഇങ്ങോട്ടയച്ചത്. ഇതിനു ചികിത്സയൊന്നുമില്ലേ ഡോക്ടർ?' അത് ചോദിക്കുമ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

തീർച്ചയായും ഉണ്ട്. അതിനുമുൻപ് നിങ്ങൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓട്ടിസം എന്ന് പറയുന്നത് ബുദ്ധിമാന്ദ്യമല്ല. അവർ അവരുടേതായ ലോകത്തിലായിരിക്കും എപ്പോഴും. കുഞ്ഞിന് ഓട്ടിസമുണ്ടോ എന്ന് മനസ്സിലാക്കണമെങ്കിൽ കൂടി രണ്ടര വയസ്സെങ്കിലും ആകണം അല്ലാതെ ഇത് പ്രകടമാകില്ല. ഇത് പൂർണമായും ഭേദമാക്കാൻ സാധിക്കില്ല പക്ഷെ മാറ്റങ്ങൾ വരുത്താൻ സാധിക്കും, എന്തായാലും നിങ്ങൾ മോന് സ്പീച്ച് തെറാപ്പി തുടങ്ങണം. ഞാൻ ഒരു സ്ഥലം പറയാം, അവിടെച്ചെന്നു അപ്പോയ്ന്റ്മെന്റ് എടുക്കണം. ധൈര്യമായിരിക്കൂ, നിങ്ങളാണ് നിങ്ങളുടെ കുഞ്ഞിന് ശക്തിയാകേണ്ടത്. എല്ലാം ശരിയാകും.

അവൾ ഓർത്തുനോക്കി. അവൻ വിളിച്ചാൽ തിരിഞ്ഞുനോക്കാറുണ്ട്, പക്ഷെ എന്തുവേണമെങ്കിലും പറയാറില്ല, തന്റെ കൈ പിടിച്ച് ആ സാധനത്തിൽ തൊടുവിക്കും. താൻ കൊച്ചുകുട്ടിയല്ലേ എന്ന് വിചാരിച്ച് അതൊന്നും അത്ര കാര്യമായെടുത്തില്ല. എപ്പോഴും ഒറ്റയ്ക്ക് കളിപ്പാട്ടങ്ങളൊന്നുമില്ലാതെ ഒരു മൂലയ്ക്ക് ഇരിക്കുമായിരുന്നു. താൻ എടുത്തുവച്ച് കൊഞ്ചിക്കുമ്പോൾ എങ്ങോട്ടോ നോക്കി ചിരിക്കുമായിരുന്നു? ഇപ്പോഴെങ്കിലും ഇവിടെ വരാൻ തോന്നിയല്ലോ? അവൾ മനസ്സിൽ പറഞ്ഞു.

അവർ ഡോക്ടർ പറഞ്ഞ സെന്ററിൽ ചെന്നു, അപ്പോയ്ന്റ്മെന്റ് എടുത്തു. അടുത്ത ആഴ്ചയാണ് കിട്ടിയത്. വീട്ടിൽ തിരിച്ചുവന്നതും മോനെ കെട്ടിപ്പിടിച്ച് ഒത്തിരിനേരം കരഞ്ഞു ആ അമ്മ.
അവൻ ഒന്നും മനസ്സിലാവാതെ വേറെ എവിടേക്കോ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ആദ്യം അവളുടെ മനസ്സിലെ ചിന്ത പോയത് ഇത് സ്വന്തക്കാരും നാട്ടുകാരും ഒക്കെ അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം? എല്ലാവരും എന്റെ മോനെ ഒറ്റപ്പെടുത്തുമോ? മാറിനിന്ന് ഇവരുടെ പ്രവൃത്തികൾ കാരണം ഈശ്വരൻ കൊടുത്ത ശിക്ഷയാണ് എന്നൊക്കെ പറയുമോ? എന്തിനാണ് ഈശ്വരൻ എന്നോട് ഇങ്ങനെ ചെയ്തത്? പല തരത്തിലുള്ള ചിന്തകൾ അവളെ കടന്നുപോയി. കുറേനേരം കിടക്കയിൽ കിടന്നു കരഞ്ഞപ്പോൾ ഇത്തിരി ആശ്വാസം. കമ്പ്യൂട്ടർ ഓൺ ചെയ്ത് നെറ്റിൽ സെർച്ച് ചെയ്തു നോക്കി. ഇതിനെക്കുറിച്ച് കുറേ വായിച്ചു.

അപ്പോയിന്റ്മെന്റ് എടുത്ത ദിവസമെത്തി. അവർ മോനെയും കൊണ്ട് ആ ക്ലിനിക്കിൽ ചെന്നു. അവിടെച്ചെന്നപ്പോഴാണ് കാണുന്നത് നടക്കാൻ പോലും ശേഷിയില്ലാത്ത, കേൾവിശക്തിയില്ലാത്ത എത്രയോ കുട്ടികൾ. അവർ ഹാളിൽ വെയിറ്റ് ചെയ്തു. രാഹുൽ എന്ന വിളി കേട്ട് അവർ എഴുന്നേറ്റ് ചെന്നു. കാബിനിൽ ചെന്നപ്പോൾ അധികം പ്രായമില്ലാത്ത ഒരു സ്ത്രീ ഇരിക്കുന്നു. അവർ തനിക്കെതിരെയുള്ള കസേരകൾ ചൂണ്ടിക്കാട്ടി അവരോടു ഇരിക്കാൻ പറഞ്ഞു.

രാഹുലിന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ആ സ്ത്രീ പറഞ്ഞു. 'സീ മാം, ഞാൻ ആശ്വസിപ്പിക്കാൻ വേണ്ടി പറയുന്നതല്ല, നിങ്ങൾ ഈ സ്ഥാപനത്തിൽ വന്നപ്പോൾ തന്നെ കണ്ടുകാണുമല്ലോ എന്തെല്ലാം പ്രോബ്ലെംസ് ഉള്ള കുട്ടികളാണ് ഇവിടെ വരുന്നതെന്ന്. അതൊക്കെ വച്ചുനോക്കുമ്പോൾ നിങ്ങളുടെ മകന് ഒന്നുമില്ലെന്ന്‌ വേണം കരുതാൻ. സങ്കടങ്ങൾ വരുമ്പോൾ നമ്മളെക്കാൾ കഷ്‌ടതയുള്ളവരെ ഓർക്കണം, അപ്പോൾ നമ്മൾ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടവരാണെന്നു അറിയാൻ കഴിയും. ഒന്നുമില്ലെങ്കിലും ഈ കാപട്യം നിറഞ്ഞ ലോകത്തിൽ ഒരു കളങ്കവുമില്ലാതെ നിർമ്മലമായ മനസ്സോടെ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന ഒരു കുട്ടിയെയാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കണം' ആ സ്ത്രീയുടെ ആശ്വാസ വാക്കുകൾ അവർക്കു വല്ലാത്ത ശക്തി പകർന്നു. അവർ രാഹുലിനോട് പെരുമാറേണ്ട വിധവും വീട്ടിൽ ചെയ്യേണ്ട ചില തെറാപ്പികളും രാഹുലിന്റെ അച്ഛനും അമ്മയ്ക്കും പറഞ്ഞുകൊടുത്തു.

ആദ്യമൊക്കെ അവൻ ഒന്നിനും സഹകരിച്ചില്ല, അവൾ വിളിക്കുമ്പോഴൊക്കെ കൈകൾ കൊണ്ട് ചെവി രണ്ടും അമർത്തി വച്ച് ഒരു മൂലയിൽ പോയി ഇരിക്കുമായിരുന്നു, ഒരു കാര്യം പത്തു പ്രാവശ്യമെങ്കിലും പറഞ്ഞാലും അവൻ അത് തിരിച്ചു പറയുമായിരുന്നില്ല, ചിലപ്പോഴൊക്കെ അവൾക്കും ദേഷ്യം വന്നിരുന്നു, എന്നാലും തളരാതെ അവൾ അവനോടു വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു, ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ പത്തു പ്രാവശ്യം പറയുമ്പോൾ അവൻ ഒരു പ്രാവശ്യം അത് തിരിച്ചുപറയാൻ തുടങ്ങി!

രാഹുലിൽ ചെറിയ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. എന്തുകാര്യമുണ്ടെങ്കിലും അവന്റെ കണ്ണിൽ നോക്കി സംസാരിക്കണം എന്ന് അവർ പ്രത്യേകം പറഞ്ഞിരുന്നു. അവനു വേണ്ടി അവർ രണ്ടുപേരും വീണ്ടും ബാല്യകാലം മനസ്സിൽ വരുത്തി കൊച്ചുകുട്ടികളെപോലെ അവന്റെ മുന്നിൽ പാട്ടും ഡാൻസുമായി എപ്പോഴും കൂടെത്തന്നെയിരുന്നു.

ആയിടയ്ക്കാണ് അവർ ഒരു ഹോമിയോ ഡോക്ടറെ പരിചയപ്പെടുന്നത്. ഇതിനു ഹോമിയോയിൽ നൂറു ശതമാനം ചികിത്സയുണ്ടെന്നു ആ ഡോക്ടർ അവരെ പറഞ്ഞു മനസ്സിലാക്കി. തെറാപ്പിയുടെ കൂടെ ആ ചികിത്സയും കൂടിയായപ്പോൾ അവൻ പതുക്കെ പതുക്കെ ഈ ലോകത്തിലേക്ക് വരാൻ തുടങ്ങി.

ആദ്യമൊക്കെ താരാട്ടു പാട്ടു പാടുമ്പോൾ ഏതോ ദിശയിലേക്ക് നോക്കി കിടന്നിരുന്ന അവൻ ഇപ്പോൾ അതൊക്കെ ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങി, അവൾ കരഞ്ഞപ്പോൾ അവൻ ആദ്യമായി അവളുടെ കണ്ണുകൾ തുടച്ചു. പതുക്കെ പതുക്കെ അവനു വേണ്ട കാര്യങ്ങളൊക്കെ ചോദിക്കാനും മറ്റുള്ളവരോട് പെരുമാറാനും പഠിച്ചു. ആദ്യമൊക്കെ പുറത്തുകൊണ്ടുപോകുമ്പോൾ അമിതമായി വാശി കാണിക്കുകയും സ്വയം ദേഹോദ്രപാവം ചെയ്യുകയും ചെയ്യുമായിരുന്ന അവൻ പതിയെ പതിയെ അതിൽ നിന്നും മുക്തനായി. അവൾ മനസ്സിൽ എല്ലാവരോടും നന്ദി പറഞ്ഞു,

ആദ്യമായ് സംശയം പറഞ്ഞ ഡോക്ടറോടും, തെറാപ്പിസ്റ്റിനോടും, ഹോമിയോ ഡോക്ടറോടും എല്ലാവരോടും. കൂട്ടുകാരോടും പരിചയമുള്ളവരോടും ഒക്കെ തന്റെ അനുഭവങ്ങൾ പങ്കു വച്ചു, പതുക്കെ പതുക്കെ ഇതുപോലത്തെ അവസ്ഥ അനുഭവിക്കുന്ന അച്ഛനനമ്മമാർ അവളെ വിളിക്കാൻ തുടങ്ങി, അവൾ അവർക്ക് തന്റെ അനുഭവങ്ങൾ പറഞ്ഞു മനസിലാക്കി, ആ സ്നേഹകൂട്ടായ്മ, അതൊരു ചങ്ങലപോലെ തുടർന്നുകൊണ്ടേയിരുന്നു.



NB: ഇത് എന്റെ സ്വന്തം അനുഭവമാണ്, മകന്റെ സ്ഥാനത്ത് എനിക്ക് ഒരു മാലാഖയാണെന്നു മാത്രം.... ഒരു കഥാരൂപത്തിൽ തന്നെ ഇത് അവതരിപ്പിക്കാം എന്ന് വിചാരിച്ചു, വായിച്ച എല്ലാവർക്കും നന്ദി.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ ഉമ രാജീവ്. സ്വദേശം തിരുവനന്തപുരം. ടെക്നോപാർക്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു. കഥകളും നോവലുകളും വായിക്കുവാൻ ഏറെ ഇഷ്ടമാണ്, അതുപോലെ എഴുതുവാനും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ