പനിനീർപ്പൂക്കൾ

പനിനീർപ്പൂക്കൾ

പനിനീർപ്പൂക്കൾ

'എന്താ, ഞാൻ കുറച്ചു തിരക്കിലാ, പിന്നെ വിളിക്ക്'

വിനീത് തിരക്കിട്ട് മഹിമയുടെ ഫോണിൽ നിന്നും വന്ന കോൾ കട്ട് ചെയ്യാനൊരുങ്ങി, അപ്പോൾ അങ്ങേത്തലയ്ക്കൽ നിന്നും ഒരു പുരുഷസ്വരം കേട്ടു

'ഹലോ, നിങ്ങളാരാണ്? ഈ ഫോണിൽ നിന്നും അവസാനം വിളിച്ച നമ്പർ നോക്കിയപ്പോൾ ഇതാണ് കണ്ടത്. ഈ ഫോൺ കൈവശമുണ്ടായിരുന്ന സ്ത്രീക്ക് ഒരപകടം സംഭവിച്ചു. ഞാൻ ഇവിടെ അടുത്തുള്ള സ്റ്റേഷനിലെ എസ് ഐ ആണ്. ഇവർ താങ്കളുടെ ആരെങ്കിലുമാണോ?'

സർ, ഞാൻ അവളുടെ ഭർത്താവാണ്, എന്താ പറ്റിയത്? അവളിപ്പോൾ എവിടെയാണ്? വിനീതിന്റെ സ്വരം ചെറുതായി വിറയ്ക്കാൻ തുടങ്ങി.

'പേടിക്കാതിരിക്കൂ, അവർ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഒരു കാറിൽ തട്ടി, ഞങ്ങൾ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്, നിങ്ങൾ എത്രയും വേഗം ഇങ്ങോട്ടു വരൂ.'

വിനീത് ഫോൺ കട്ട് ചെയ്തിട്ട് ബൈക്കുമായി പുറപ്പെട്ടു.

മെഡിക്കൽ കോളേജിൽ എത്തി കാഷ്വാലിറ്റിയിൽ ചെന്നപ്പോൾ പോലീസ് അവിടെയുണ്ടായിരുന്നു, വിനീത് വേഗം അവരുടെ അടുത്തേക്ക് ചെന്നു.

'സാർ, ഞാൻ ഇപ്പോൾ ആക്സിഡന്റായി കൊണ്ടുവന്നില്ലേ മഹിമ? അവരുടെ ഭർത്താവാണ്. മഹിമ ഇപ്പോൾ എവിടെയാണ്?

'അവരെ സി ടി സ്‌കാനിങ്ങിനു വേണ്ടി കൊണ്ടുപോയിട്ടുണ്ട്, ഇവിടുന്നു തിരിഞ്ഞു ഇടത്തോട്ട് ചെല്ലുമ്പോൾ സി ടി സ്കാൻ എന്നെഴുതി വച്ചിട്ടുണ്ട്. താങ്കളുടെ അഡ്രസ്‌ തന്നേക്കൂ, ഞങ്ങൾ കേസിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കാം.'

വിനീത് അഡ്രസ്സ് എഴുതിക്കൊടുത്ത് പൊലീസുകാരെ മടക്കി അയച്ചു. നേരെ സി ടി സ്കാനിങ്ങിന്റെ റൂമിന്റെ അടുത്തേക്ക് ചെന്നു. ടെക്‌നിഷ്യൻ പുറത്തു വന്നു മഹിമയുടെ കൂടെ വന്നതാരാണെന്നു അന്വേഷിച്ചു. വിനീത് ഓടിച്ചെന്നു. 'സ്കാനിങ് കഴിഞ്ഞു, കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളൂ, റിപ്പോർട്ട് ഞങ്ങൾ ഡോക്ടർക്ക് കൊടുത്തേക്കാം'

വിനീത് സ്‌ട്രെച്ചർ ഉരുട്ടിക്കൊണ്ട് കാഷ്വാലിറ്റിയിലേക്ക് ചെന്നു, ഡോക്ടർ പരിശോധിച്ചിട്ട് അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും സി ടി സ്കാനിങ്ങിന്റെ റിപ്പോർട്ടും വന്നിരുന്നു.

'സ്കാനിങ്ങിൽ കുഴപ്പമൊന്നും കാണുന്നില്ല, പക്ഷെ കൈ ഒന്ന് ഒടിഞ്ഞിട്ടുണ്ട്, പിന്നെ ചെറിയ ഒന്ന് റാൻഡ് ഫ്രാക്ച്ചറുമുണ്ട്. എന്തായാലും രണ്ടു ദിവസം കഴിഞ്ഞിട്ട് വിടാം. ഇപ്പോൾ മയക്കത്തിലാണ്, എഴുന്നേൽക്കുമ്പോൾ ദാ ഈ മരുന്നുകൾ കൊടുക്കണം'

പേ വാർഡാണ് വിനീത് എടുത്തത്. അറ്റൻഡർ അവരെ മുറിയിൽ കൊണ്ടാക്കിയപ്പോൾ വിനീത് അയാൾക്ക് അമ്പതുരൂപ കൊടുത്തു, അയാൾ സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി.

വിനീത് വീട്ടിലേക്ക് വിളിച്ച് അമ്മയോടും മോളോടും, മഹിമയുടെ സഹോദരനോടും കാര്യങ്ങൾ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ വിനീതിന്റെ അമ്മയും മകളും കൂടി വന്നു. മകൾ വന്നപാടെ കരച്ചിലായി. വിനീത് സമാധാനിപ്പിച്ചു.'എന്താ മോളെ ഇത്? നീ ഇങ്ങനെ കരഞ്ഞാലെങ്ങനാ? ഡോക്ടർ പറഞ്ഞു പേടിക്കേണ്ടതൊന്നുമില്ലെന്ന്, അമ്മയ്ക്ക് മയങ്ങാനുള്ള ഇഞ്ചക്ഷൻ കൊടുത്തിരിക്കുകയാ'.

കുറച്ചുകഴിഞ്ഞപ്പോൾ മഹിമയുടെ സഹോദരനും എത്തി. വിനീത് എല്ലാവരോടും താൻ അറിഞ്ഞ കാര്യങ്ങൾ വിവരിച്ചു. ഏകദേശം രാത്രിയോടടുത്തപ്പോൾ അമ്മയെയും മകളെയും മഹിമയുടെ സഹോദരനോടൊപ്പം പറഞ്ഞുവിട്ടു.

വിനീത് മുറിക്ക് പുറത്തിറങ്ങി മൊബൈൽ എടുത്ത് നോക്കി, 15 വാട്സ്ആപ്പ് മെസ്സേജസ്. സ്നേഹയുടേതാണ്. ഫേസ്ബുക്ക് വഴി തുടങ്ങിയ പരിചയമാണ്. ഇപ്പോൾ രണ്ടുംപേരും സൗഹൃദം എന്നത് താണ്ടി പ്രണയത്തിലേക്കെത്തി നിൽക്കുന്നു. വിനീത് സ്നേഹക്ക് രാവിലെ മുതൽ നടന്ന കാര്യങ്ങൾ വിവരിച്ചു ടൈപ്പ് ചെയ്യുമ്പോൾ മകളുടെ കോൾ വന്നു.

അയാൾ ഫോൺ അറ്റൻഡ് ചെയ്തു. 'അച്ഛാ, അമ്മ ഉണരുമ്പോൾ അച്ഛൻ റോഡിൽ നോക്കി നടക്കണ്ടായിരുന്നോ, മുഖത്തു കണ്ണല്ലേ ഉള്ളത് എന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുകൾ നടത്തരുത്, കാരണം അമ്മക്ക് ഈയിടെയായി കാഴ്ചയ്ക്ക് ഇത്തിരി മങ്ങലേറ്റിട്ടുണ്ട്, അത് ആരോടും പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു, ഇന്ന് വൈകുന്നേരം ഞാൻ നിർബന്ധിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോകാനിരുന്നതാ, അപ്പോഴാ ഇങ്ങനെ, മാത്രമല്ല ഇന്ന് അമ്മയുടെ പിറന്നാളും കൂടിയാണ്.!'

'മോള് പേടിക്കേണ്ട, ഞാനെങ്ങനെയൊന്നും പറയില്ല' വിനീത് പറഞ്ഞു.

വിനീത് മുറിക്കകത്ത് കയറിയപ്പോൾ അവിടെ മേശയിലായി മഹിമയുടെ ബാഗ് ഇരിക്കുന്നത് കണ്ടു. അയാൾ അതെടുത്ത് തുറന്നുനോക്കി. അതിലൊരു ഡയറി ഉണ്ടായിരുന്നു. മഹിമയ്ക്ക് ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നത് അയാൾക്ക് ഓർമ്മ വന്നു.

പേജുകൾ കുറച്ചു മറിച്ചപ്പോൾ വടിവൊത്ത അക്ഷരത്തിൽ "പനിനീർപ്പൂക്കൾ" എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരുന്നത് കണ്ടു. അതിന്റെ താഴെയായി എഴുതിയിരുന്നത് വിനീത് വായിക്കാൻ ആരംഭിച്ചു.

"എന്റെ കൗമാരകാലത്തെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ഇവിടെ എഴുതുന്നത്. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയം. ഞാൻ പഠിച്ചിരുന്നത് ഒരു മിഷനറി സ്‌കൂളിൽ ആയിരുന്നു. ഞാൻ അവരുടെ പ്രാർത്ഥനയിലും ബൈബിൾ വായനയിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആ സമയം എനിക്ക് സ്‌കൂളിൽ നിന്നും ഒരു ബൈബിളും യേശുവിന്റെ ഒരു കുഞ്ഞു ചിത്രവും സമ്മാനമായി ലഭിച്ചിരുന്നു. ഊണിലും ഉറക്കത്തിലും ആ ബൈബിൾ ഞാൻ കൊണ്ടുനടന്നു.

ഞങ്ങളുടെ വീട്ടിന്റെ എതിർവശത്തായി ആ സമയത്താണ് ഒരു കുടുംബം താമസത്തിനു വന്നത്. അച്ഛൻ, അമ്മ, രണ്ടു ആൺമക്കൾ, ഒരാൾ മിൽട്രിയിലാണ്, രണ്ടാമത്തെയാൾ കോളേജ് പഠനമൊക്കെ കഴിഞ്ഞ് govt ജോലിക്കായുള്ള കോച്ചിങ്ങിൽ ആണ്. കുട്ടൻ എന്നാണ് അവർ ആ ചേട്ടനെ വിളിച്ചിരുന്നത്.

അവർ അച്ഛനുമമ്മയുമായി പരിചയപ്പെട്ടു, ഞാനും അനിയനും ആ വീട്ടിലെ ഇളയ ചേട്ടനുമായി സൗഹൃദത്തിലായി. പൊതുവെ ഉൾവലിഞ്ഞ സ്വഭാവക്കാരിയായിരുന്ന ഞാൻ അവരോട് പക്ഷെ വളരെ സ്വാതന്ത്ര്യത്തോടെയാണ് സംസാരിച്ചിരുന്നത്.

എപ്പോഴും ബൈബിളും കയ്യിൽ പിടിച്ചുള്ള എന്റെ നടപ്പ് കണ്ട് ഒരു ദിവസം കുട്ടേട്ടൻ ചോദിച്ചു, 'ഇത്രയ്‌ക്കെന്താ അതിലുള്ളത്? എപ്പോഴും കാണാറുണ്ടല്ലോ?' ഞാൻ ഒരു കൗതുകത്തിന് യേശുവിന്റെ ഫോട്ടോ മറുവശം കാണിച്ചിട്ട് 'ആരോടും പറയരുത്, ഇതെന്റെ കാമുകന്റെ ഫോട്ടോ ആണ്' എന്ന് പറഞ്ഞു.

'എങ്കിലതൊന്ന് കാണണമല്ലോ? എനിക്ക് മനസ്സിലായി, അത് യേശുവിന്റെ ഫോട്ടോ ആണല്ലേ?'എന്നായി കുട്ടേട്ടൻ.

ഞാൻ പറഞ്ഞു, 'അല്ല, ഇത് സത്യമായിട്ടും ഞാൻ ഇഷ്ടപ്പെടുന്നയാളുടെ ഫോട്ടോ ആണ്. കുട്ടേട്ടൻ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി.

ഞങ്ങളുടെ വീട്ടിൽ വലിയ പേരയ്ക്ക മരം ഉണ്ടായിരുന്നു അന്ന്. അനിയനും എനിക്കും കേറി പറിക്കാൻ പറ്റുന്നതിലും ഉയരത്തിൽ. ഞങ്ങൾ തോട്ടി കൊണ്ട് പഴങ്ങൾ അടിച്ചിടാൻ ശ്രമിക്കുന്നത് കണ്ട് കുട്ടേട്ടൻ അങ്ങോട്ട് വന്നു, 'മഹേഷേ, നീ പോയി കവർ എടുത്തോണ്ട് വാ, ഞാൻ കേറി പറിച്ചു തരാം' എന്നും പറഞ്ഞ് കുട്ടേട്ടൻ മരത്തിൽ കയറി.

മഹേഷ് കവർ എടുക്കാൻ പോയപ്പോൾ മരത്തിൽ നിന്നുകൊണ്ടുതന്നെ എന്നെനോക്കി കുട്ടേട്ടൻ പറഞ്ഞു ' മഹി, ആ ബൈബിളിൽ ഉള്ളത് യേശുവിന്റെ ഫോട്ടോ ആണെങ്കിൽ, ഞാൻ അതെന്നെങ്കിലും കണ്ടുപിടിക്കുകയാണെങ്കിൽ പിന്നെ എന്താ സംഭവിക്കുക എന്ന് എനിക്ക് പറയാൻ കഴിയില്ല, നീ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമ കണ്ടിട്ടുണ്ടല്ലോ'

എനിക്ക് ഒന്നും മനസ്സിലായില്ല, പക്ഷെ ആ ഫോട്ടോ കുട്ടേട്ടനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലായി, എനിക്ക് കുറച്ചുകൂടി ആവേശം കൂടി. ഞാൻ പറഞ്ഞു' ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും അതെന്റെ പ്രിയതമന്റെ ഫോട്ടോ തന്നെയാണ്', അപ്പോഴേക്കും മഹേഷ് വന്നു, കുട്ടേട്ടൻ സംസാരം നിർത്തി.

ഒരു ദിവസം ഞാനും അനിയനും പൊക്കത്തിന്റെ കാര്യം സംസാരിച്ചു നിൽക്കുകയായിരുന്നു, കുട്ടേട്ടൻ അങ്ങോട്ട് വന്നു. ഞങ്ങളുടെ സംസാരം കേട്ട കുട്ടേട്ടൻ 'ഞാനും മഹിയും തമ്മിൽ എത്ര പൊക്ക വ്യത്യാസമുണ്ടെന്ന് നോക്ക് മഹേഷേ' എന്ന് പറഞ്ഞ് എന്റടുത്തോട്ട് ചേർന്ന് നിന്നു, ഞാൻ വേണ്ട എന്ന് പറഞ്ഞ് പോകാൻ കയ്യിൽ പിടിച്ച് ചേർത്ത് നിർത്തി. എനിക്ക് ശരീരത്തിൽ കുളിരു കോരിയപോലെ അനുഭവപ്പെട്ടു.

ആ സമയത്ത് ഞങ്ങളുടെ വീട്ടിൽ കാരംബോർഡ് ഉണ്ടായിരുന്നു, ആ പരിസരത്തുള്ള എല്ലാവരെയും തോൽപ്പിച്ച് ഞാൻ സ്റ്റാർ ആയി നിൽക്കുന്ന സമയം. കുട്ടേട്ടനും ഞങ്ങളുടെ കൂടെ കാരംബോർഡ് കളിയ്ക്കാൻ കൂടി. ബെറ്റ് വച്ചേ ഞങ്ങൾ കളിക്കാറുണ്ടായിരുന്നുള്ളൂ, മഹേഷ് പറഞ്ഞു'കുട്ടേട്ടാ, ഇവളെ ഒന്ന് തോൽപ്പിച്ച് തരാമോ? ഭയങ്കര ജാഡയാ ഇവൾക്ക്?'

'നീ പേടിക്കാതെ കുട്ടാ, നമുക്ക് ഇവളെ തോൽപ്പിച്ച് എത്തവും ഇടിയ്ക്കാം പോരെ' അവനു സന്തോഷമായി. ഞാൻ പറഞ്ഞു 'കളിക്കുന്നതൊക്കെ കൊള്ളാം, ബെറ്റ് വയ്ക്കണം'

'സമ്മതിച്ചു, എന്താ ബെറ്റ് പറ' എന്നായി കുട്ടേട്ടൻ. ഞാൻ പറഞ്ഞു 'എനിക്ക് 2 കിറ്റ്കാറ്റ്, 2 ബാർവൺ, 2 ഫൈവ്സ്റ്റാർ ചോക്ലേറ്റ്സ് വീതം വേണം.' അന്ന് അങ്ങനെ പറഞ്ഞ എന്റെ നിഷ്‍കളങ്കതയോർത്ത് ഞാൻ തന്നെ എത്ര പ്രാവശ്യം പിന്നീട് ചിരിച്ചിരിക്കുന്നു. 'കുട്ടേട്ടന് എന്താ വേണ്ടത്'?

'ഞാൻ ചോദിക്കുന്നതെന്തും തരണം. തരാം ഞാൻ പറഞ്ഞു. എന്തും തരണം, എന്തും' കുട്ടേട്ടൻ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് സംശയമായി, എന്താ ഉദ്ദേശിക്കുന്നത്?

ആദ്യത്തെ കളിയിൽ ഞാനാണ് ജയിച്ചത്, കുട്ടേട്ടൻ വാക്ക് പാലിച്ചു. ഒന്നുകൂടെ കളിക്കണമെന്നായി കുട്ടേട്ടൻ.

അപ്പോഴേക്കും എന്റെ അനിയൻ ഞാൻ കളിയിൽ ഉപയോഗിക്കുന്ന ചെറിയ ട്രിക്സ് കുട്ടേട്ടന് പറഞ്ഞു കൊടുത്തിരുന്നു, അതൊക്കെ മനസ്സിലാക്കി കളിച്ച് അടുത്തപ്രാവശ്യം ജയിച്ചത് കുട്ടേട്ടൻ തന്നെയായിരുന്നു.

എന്താ വേണ്ടതെന്ന് ഞാൻ ചോദിച്ചപ്പോൾ കുട്ടേട്ടൻ പറഞ്ഞത് എനിക്ക് വേണ്ടത് ഞാൻ പിന്നെ വാങ്ങിച്ചോളാം എന്നാണ്.

ഇമവെട്ടൽ മത്സരവും നടത്തിയിരുന്നു ഞാനും അനുജനും കുട്ടേട്ടനും തമ്മിൽ. ഒത്തിരിനേരം മത്സരമാണെന്നുകൂടി മറന്ന് ഞങ്ങൾ കണ്ണിൽ നോക്കിയിരുന്ന ആ സമയങ്ങൾ!

പതുക്കെ പതുക്കെ എനിക്ക് മനസ്സിലായിത്തുടങ്ങി കുട്ടേട്ടന് എന്നോടുള്ള പ്രണയം. എനിക്കും അങ്ങോട്ട് പ്രണയം തോന്നിയിരുന്നെങ്കിലും ഞാൻ ഒരിക്കലും അത് പുറമെ ഭാവിച്ചിരുന്നില്ല.

ഞാനും കോളേജിൽ ചേർന്നു, അപ്പോഴേക്കും കുട്ടേട്ടന് govt ജോലി ലഭിച്ചു, ആദ്യത്തെ പോസ്റ്റിംഗ് പാലക്കാടായിരുന്നു. പോകുന്നതിനു മുൻപ് വീട്ടിൽ വന്നു എല്ലാവരെയും കണ്ട് യാത്ര പറഞ്ഞു. ഞാനപ്പോൾ റോസാച്ചെടിക്ക് വെള്ളമൊഴിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ കുട്ടേട്ടൻ പറഞ്ഞു 'എനിക്ക് പാലക്കാട് ആണ് ആദത്തെ പോസ്റ്റിംഗ് എന്നറിഞ്ഞല്ലോ? ഞാൻ ഇറങ്ങുകയാണ്, കാണാം'. ഞാൻ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി. കുട്ടേട്ടൻ തിരിഞ്ഞുനിന്നുകൊണ്ട് 'കാരംബോർഡിലെ ബെറ്റ് ഞാൻ മറന്നില്ല, ഞാൻ ചോദിക്കാൻ വരുന്നുണ്ട്' എന്ന് പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് നടന്നകന്നു.

ഒരു ദിവസം കോളേജ് വിട്ടു വന്ന ഞാൻ കാണുന്നത് കുട്ടേട്ടനും അച്ഛനും അമ്മയും എന്റെ വീട്ടിൽ ഇരിക്കുന്നു, അച്ഛനും അമ്മയുമായി സംസാരിക്കുകയാണ്. എന്നെ കണ്ടതും അമ്മ അകത്തോട്ടു വിളിച്ചുകൊണ്ടുപോയി പറഞ്ഞു 'മോളെ, നിന്നെ പെണ്ണ് ചോദിച്ചു വന്നിരിക്കുകയാണ് ഇവർ!' നിനക്ക് സമ്മതമാണോ? ഞങ്ങൾ പറഞ്ഞത് നിന്റെ കൂടി അഭിപ്രായം അറിയാനുണ്ടെന്നാണ്.'

ഞാൻ ചിരിക്കുകയാണ് ചെയ്തത്. അപ്പോഴേക്കും കുട്ടേട്ടൻ അകത്തേക്ക് വന്നു'ആന്റി, മഹിയ്ക്ക് എന്നെയും എനിക്ക് മഹിയെയും അറിയാം, അതുപോലെ തന്നെ ഞങ്ങൾ മനസ്സുകൊണ്ടും പരസ്പരം ഇഷ്ടപ്പെടുന്നവരാണ്.' അമ്മ എന്റെ മുഖത്തേക്ക് നോക്കി, ഒന്ന് ചിരിച്ചിട്ട് അച്ഛനും കുട്ടേട്ടന്റെ അച്ഛനും ഇരിക്കുന്ന സ്ഥലത്തേക്ക് പോയി.

കുട്ടേട്ടൻ എന്റെ കണ്ണിൽത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു 'ഞാൻ കാരംബോർഡിൽ ചോദിച്ച സമ്മാനം ഇതാണ്! എനിക്ക് വേണം നിന്നെ. നമ്മൾ തമ്മിൽ ഏഴെട്ട് വയസ്സ് പ്രായവ്യത്യാസം ഉണ്ട്, പക്ഷെ അത് എന്നെ ബാധിക്കുന്ന കാര്യമല്ല,'. ഞാൻ ചോദിച്ചു 'എനിക്ക് ഇഷ്ടമാണെന്ന് എങ്ങനെ മനസ്സിലായി?'. നിന്റെ കണ്ണിൽ ഞാനുണ്ടായിരുന്നു എന്നതാണ് കുട്ടേട്ടൻ തന്ന മറുപടി.

ചുമയ്ക്കുന്ന ശബ്ദം കേട്ടാണ് വിനീത് നോക്കിയത്. മഹിമ പതുക്കെ കണ്ണുകൾ തുറന്നു, വിനീത് അപ്പോൾതന്നെ ഗുളികകൾ കൊടുത്തു. മഹിമ ഗുളികകൾ കഴിച്ചിട്ട് ആ ഡയറിയിലേക്ക് നോക്കി.

വിനീത് ചോദിച്ചു "നീ ഇപ്പോഴെന്താ എന്നെ കുട്ടേട്ടാ എന്ന് വിളിക്കാത്തത്? എത്ര മനോഹരമായാണ് നീ നമ്മുടെ പ്രണയകഥ എഴുതി വച്ചിരിക്കുന്നത്?" ഞാൻ മറന്നുപോയ കാര്യങ്ങളെല്ലാം നീ മറന്നതേയില്ല.

" ഞാൻ മനസ്സുകൊണ്ട് എപ്പോഴും കുട്ടേട്ടാ എന്ന് തന്നെയാണ് വിളിച്ചിരുന്നത്?"ശരീരങ്ങൾ ഒരേ സ്ഥലത്തുണ്ടായിരുന്നിട്ടും നമ്മുടെ മനസ്സുകൾ തമ്മിൽ ഒരു കടലിന്റെ അപ്പുറവും ഇപ്പുറവും ആയിപ്പോയിരുന്നു ഈ കാലം കൊണ്ട്"അവളുടെ കണ്ണുകൾ താനേ അടഞ്ഞു.

വിനീതിന് വളരെ കുറ്റബോധം തോന്നി, ഇത്രയും വർഷം കഴിഞ്ഞിട്ടും ഇത്ര തെളിമയോടെ മഹി എല്ലാം ഓർത്തുവച്ചിരിക്കുന്നു,

താൻ ഇതൊന്നും ഓർക്കാതെ പുതിയ ബന്ധങ്ങൾ തേടിപ്പോകാൻ ശ്രമിച്ചു, മഹി എന്ന് വിളിച്ച നാവു കൊണ്ട് എത്രയോ പ്രാവശ്യം താൻ അവളെ പുച്ഛിച്ചിരിക്കുന്നു, ചീത്ത പറഞ്ഞിരിക്കുന്നു, അവളുടെ ഒരു കാര്യത്തിന് പോലും ഒരു ശ്രദ്ധയും കൊടുക്കാതെ..

മകൾ പിറന്നശേഷം അവൾ വലുതാകേ വലുതാകേ അവളുടെ മുന്നിൽ വച്ച് നിസ്സാരകാര്യങ്ങൾക്കൊക്കെയും താൻ അവളെ ശകാരിക്കുമായിരുന്നു, അപ്പോഴൊക്കെ മകൾ അവൾക്ക് സപ്പോർട്ടുമായി വരുമായിരുന്നു എന്നിട്ടും താൻ മാത്രം അവളെ പുച്ഛിച്ചു, എന്റെ കുഞ്ഞിനെ പ്രസവിച്ചശേഷം മാത്രം തടിച്ചു രൂപം തന്നെ മാറിപ്പോയ അവളെ അതിന്റെ പേരും പറഞ്ഞും പലരുമായി ഉപമിച്ചും ഒക്കെ കളിയാക്കിയിരുന്നു, എന്നിട്ടും അവൾ ആ ഡയറിയിൽ ഒരു പേജിൽപ്പോലും തന്നെക്കുറിച്ച് ഒരു കുത്തുവാക്ക് പോലും എഴുതിയിട്ടില്ല. ഇപ്പോൾ പോലും രാവിലെ മഹിയുടെ ഫോണിൽ നിന്നും കോൾ വന്നപ്പോൾ തനിക്ക് എന്തൊരു ദേഷ്യമായിരുന്നു?

ഇങ്ങനെയുള്ള ചില സന്ദർഭങ്ങളിൽ ആണ് മനുഷ്യന് തിരിച്ചറിവുണ്ടാകുന്നത്. അവനു അവനോടു തന്നെ പുച്ഛം തോന്നി. ഈ സമയം വന്ന സ്നേഹയുടെ മെസ്സേജുകൾ കണ്ടപ്പോൾ അവനു മറുപടി പറയാൻ തോന്നിയില്ല പകരം അവൻ ആ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്. സ്നേഹയ്ക്ക് വേറെയും സ്നേഹബന്ധമുള്ളതായി അവൾ തന്നെ പറഞ്ഞിട്ടുണ്ട്, താൻ ഒരു ന്യൂ ജെൻ കാമുകി ആണെന്നും. അതുകൊണ്ടു തന്നെ അവൾക്ക് തന്നെ  വേഗത്തിൽ മറക്കാൻ പറ്റും, പക്ഷെ മഹിയ്ക്ക് ആകപ്പാടെ താൻ മാത്രമേ ഉള്ളൂ, അവന്റെ നെഞ്ച് നീറിക്കൊണ്ടേയിരുന്നു.

കുറച്ചുനേരം മഹിമയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു, പതിയെ എഴുന്നേറ്റ് ചെന്ന് അവൻ അവളുടെ നെറ്റിയിൽ മുത്തം വച്ചു. "ജന്മദിനാശംസകൾ എന്റെ മഹിക്ക്!" അവൾ പതുക്കെ കണ്ണു തുറന്നു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി, അവൻ പതുക്കെ അവയെ മായ്ച്ചുകളഞ്ഞുകൊണ്ടിരുന്നു,  ഈ അവസ്ഥയിലും നിന്നെ കരയിപ്പിച്ചതിന് സോറി. വിനീത് അവളോട് പറഞ്ഞു. അവൾ കണ്ണുകൾ കൊണ്ട് അവനോട് അടുത്തോട്ടു വരുവാൻ പറഞ്ഞു. അവൻ അടുത്തിയതും അവൾ പതുക്കെ അവന്റെ ചെവിയിലായി പറഞ്ഞു"കാരംബോർഡ് കളിക്കാം",

രണ്ടുപേരും ചിരിച്ചു. അവൻ പറഞ്ഞു'എനിക്ക് സമ്മതം, പക്ഷെ ബെറ്റ് വേണം'...

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ ഉമ രാജീവ്. സ്വദേശം തിരുവനന്തപുരം. ടെക്നോപാർക്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു. കഥകളും നോവലുകളും വായിക്കുവാൻ ഏറെ ഇഷ്ടമാണ്, അതുപോലെ എഴുതുവാനും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ