കാറിൽ നിന്നിറങ്ങേണ്ടി വന്ന മണവാട്ടിപ്പെണ്ണ്

കാറിൽ നിന്നിറങ്ങേണ്ടി വന്ന മണവാട്ടിപ്പെണ്ണ്

കാറിൽ നിന്നിറങ്ങേണ്ടി വന്ന മണവാട്ടിപ്പെണ്ണ്

കൂട്ടത്തിലൊരു ദുബായ്ക്കാരൻ ഉള്ളോണ്ട് അവന്റെ വാക്കുകൾക്ക് നല്ല വിലയാണ്.. 

അവനാണേൽ ഞങ്ങളെക്കാൾ പൊതുവിവരം കൂടുതലാ..

          ആകാശത്തൂടെ വിമാനം എങ്ങനെ പറക്കും , ബുഷ് എത്രമാത്രം ക്രൂരനാണ് , ചാവേർ എന്നാൽ എന്താണ്, ഒട്ടകം , മരുഭൂമി ... ഇതൊക്കെ ഞങ്ങളാദ്യായിട്ട് അവനിൽ നിന്നാണ് കേക്കണേ. നിങ്ങക്കറിയാലോ , ആ സമയത്ത് ഇറാഖും അമേരിക്കയും - സദ്ദാമും ബുഷും നമ്മുടെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു.. അങ്ങനെ അന്നുമുതൽ ജോർജ് ബുഷ് ഞങ്ങളുടെ മുഖ്യ ശത്രുവായി .എന്തായാലും മുറ്റത്തിന്റെ ഒരറ്റത്തു വായിപ്പ വെട്ടിയൊതുക്കി നിർത്തിയ ബുഷ് ചെടികളോടു ഞങ്ങളാ പ്രതികാരം തീർക്കാനും തുടങ്ങി. എന്നും വൈകുന്നേരം അതിന്റെ അറ്റത്തുന്ന് പരമാവധി കമ്പുകൾ ഒടിച്ചുകളയാൻ ഞങ്ങൾ മത്സരിച്ചു.. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് വളരെ മനോഹരമായി പിടിക്കപ്പെട്ടു.. 

പക്ഷേ അന്നും ഇന്നും ആൾ ഇങ്ങനെ കാര്യങ്ങൾ പറഞ്ഞുതരാൻ മാത്രേ വായതുറക്കൂ..

             ദുബായ്ക്കാരൻ പറഞ്ഞാൽ അതിനപ്പുറമൊന്നും ഇല്ലാത്തോണ്ട് ഉച്ചവരെ മാത്രം നോമ്പെടുക്കാൻ അനുവാദമുണ്ടായിരുന്ന കാലത്ത്, തെച്ചിക്കായയും ഇടക്ക് ഒരു കഷ്ണം ആപ്പിളും കഴിച്ച് ഞങ്ങൾ വല്യ നോമ്പുകാരായി..

'പാവം ന്റെ കുട്ട്യേള് ഉച്ചവരെ ഒന്നും കഴിച്ചില്ലെന്ന ' അമ്മമ്മാന്റെ സ്നേഹത്തിനു മുന്നിൽ ഉച്ചക്ക് കുറേ വെട്ടിവിഴുങ്ങാനുമായി..

                  എന്നേം സിഞ്ചുനേം കാണാതെയുള്ള അവന്മാരുടെ തുമ്പിയെപ്പിടിത്തവും അതിനെകൊണ്ട് കല്ലെടുപ്പിക്കുന്നതും ഞങ്ങൾ വായിപ്പനെ കൊണ്ട് കയ്യോടെ പിടിപ്പിച്ചിട്ടുണ്ട്.. പത്തായപ്പുരയിൽ ഒരു കുപ്പിയിലാക്കിയ നിലയിൽ തൊണ്ടിമുതൽ കണ്ടെത്തുകയും ചെയ്തു.. 

    ഞങ്ങൾ വളരെ സമാധാനപ്രിയരാണെന്ന് വിചാരിക്കല്ലേ , ദേഷ്യം വന്നാൽ ന്റെ നീണ്ട മുടി അതിലൊരുത്തന്റെ (ദുബായ്ക്കാരനല്ലട്ടോ) കയ്യിലാകും.. അവനത് പരമാവധി വലിച്ചെന്നെ വേദനിപ്പിക്കും.. അന്നും ഇന്നും പല്ലാണെന്റെ ഒരായുധം.. ഞാൻ കടിച്ചു പറിക്കും.. അവന്റെ തോളത്തുന്ന് ചോരയൊക്കെ വന്നിട്ടുണ്ട്..

             നമ്മുടെയാ മുടി വലിക്കണ പയ്യനില്ലേ-അള്ളോഹ് ,വികൃതിക്ക് കയ്യും കാലും വെച്ച കുട്ടിച്ചെകുത്താനായിരുന്നു അവൻ.. ചെറുപ്പത്തിൽ നല്ല ശ്വാസംമുട്ടലുണ്ടായൊണ്ട് 'പടച്ചോൻ തിരിച്ചു തന്ന പയ്യനെന്ന ' ലേബലിൽ ഏത് വിഹിതത്തിലും  എല്ലാവരേക്കാളും കുറച്ചധികം തിന്ന് മുടിക്കുന്നവൻ.. എല്ലാരും മുറ്റത്തു കളിക്കുമ്പോ അമ്മമ്മ അവനെ മാത്രം സ്നേഹത്തോടെ വിളിക്കുന്ന കാണുമ്പോ അറിയാ, എല്ലുപോലെ ഇരിക്കണ അവനെ പുഷ്ടിപ്പെടുത്താൻ മുട്ട പുഴുങ്ങിയത് കൊടുക്കാനാണെന്ന് .. അന്ന് അതിന് വലിയ പരാതിയുണ്ടാകാൻ സാധ്യതയില്ല.. കാരണം പണ്ടേ അവനെ 'പുഴുപ്പല്ലാ' എന്ന് നാല് വിളിയങ്ങോട്ട് വിളിച്ചാ ഞങ്ങൾ കുട്ട്യോൾടെ ദേഷ്യം മാറും.. വികൃതിയാണേലും ആള് പാവാ.. ഞങ്ങളുടെയൊക്കെ ഇളയത് ആയോണ്ടും, ആ നുണക്കുഴിയുള്ള ചിരി കണ്ടാൽ ആർക്കുമൊന്നും പറയാൻ തോന്നാത്തതുകൊണ്ടും അവൻ രക്ഷപ്പെട്ടുപോന്നു.

          ഇങ്ങനയൊക്കെ ആണേലും അമ്മമ്മ എന്തേലും വീതം വെച്ചാൽ ആർക്കും ഒരു പരാതിയും ഉണ്ടാവൂല.. ചിപ്സ്, മിക്സ്ചർ ഇതൊക്കെ എണ്ണിയിട്ടതുപോലെ ഓരോ പാത്രത്തിലും കിറുകൃത്യമാകും.

        എല്ലാവരും കഴിക്കുമ്പോ കുറച്ചു മാത്രം കഴിച് , ബാക്കി അവര്ടെ കഴിഞ്ഞതിന് ശേഷം വായിനോക്കി കഴിക്കാൻ എടുത്തുവെക്കൽ ഒരു ഹോബ്ബ്യായിരുന്നു. ആര്ടെയാണോ കഴിയാത്തെ അവരോട് ''ഒരു പൊട്ട് തരോ,കുറച് തരോ" എന്നൊക്കെ കെഞ്ചി നോക്കും. എന്നിട്ടും കിട്ടിയില്ലേൽ "ഇനി മറ്റേത് കിട്ടുമ്പോ നോക്കിക്കോ ഒരു പൊട്ട് ഞാൻ നിനക്ക് തരൂല്ല, ഇന്നലെ സ്നേഹന്റെ ബെർത്ഡേയ്ക് മിട്ടായികിട്ടിപ്പോ ഞാൻ നിനക്കും തന്നില്ലേ .. ഇനി ഞാൻ അനക്കൊരു കുന്തോം തരൂല്ല " എന്നും പറഞ്ഞ് ദേഷ്യപ്പെട്ട്പോരും. ഞങ്ങൾ പരസ്പരം വിളിച്ചിരുന്ന തെറി കേക്കണോ 'കൊരങ്ങാ'ന്ന്..ആ വിളി വല്ലാത്ത ആത്മസംതൃപ്തി നല്കിയിരുന്നുവെന്നാണ് ഓർമ."ദാ.. മ്മാ.. ഓള് ന്നെ കൊരങ്ങാന്ന് വിളിച്ചു" എന്നതാണ് അന്നത്തെ വലിയ പരാതികളിലൊന്ന്..

              കല്യാണം കഴിഞ്ഞയിടക്ക് സ്കൂളിലേക്ക് വിളിക്കാൻ വന്ന പുതുപെണ്ണിനെ കാറിന്റെ ഫ്രണ്ട്‌സീറ്റിൽ നിന്ന് ഇറക്കി പുറകിലിരുത്തിയ വിരുതൻ കൂടിയാണ് നമ്മുടെ പുഴുപ്പല്ലൻ.. "ഇങ്ങോട്ടിറങ്ങ് , ഇതെന്റെ സീറ്റാ " എന്ന് പറഞ്ഞത് കേട്ട് ചമ്മികുളമായ പെണ്ണിന്റെ മാനസികാവസ്ഥ അന്ന് മനസിലായില്ലെലും ഇന്ന് ഊഹിക്കാം..ആര് തന്നെയായാലും വേണ്ടിയില്ല, മുൻവശത്ത് സീറ്റ് കിട്ടിയില്ലേൽ അവൻ അവടെ മണ്ണിൽ കിടന്നുരുളും. 

അങ്ങനെ പോകുന്നു കഥകൾ..

- താത്തി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വായിക്കാനും എഴുതാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.. ആദ്യമൊക്കെ എഴുതാനും വായിക്കാനും സമയം കണ്ടെത്തിയിരുന്നെങ്കിലും പഠനത്തിരക്കിൽ ഉപന്യാസമത്സരങ്ങൾക്ക് മാത്രം എഴുതുന്ന ഒരാളായി മാറി.. അതിൽ നിന്നുമൊരു മാറ്റം ആഗ്രഹിക്കുന്നതുകൊണ്ട് സൃഷ്ടിയിൽ ചേരാനും എൻറെ കൊച്ചു സ്വപ്നങ്ങളും , യാത്രകളും , ചിന്തകളും നിങ്ങളുമായി പങ്കുവെക്കാനും ഞാൻ ആഗ്രഹിക്കുന്നു .. അതിനേക്കാളേറെ സൃഷ്ടിയിലെ ഓരോ രച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ