എൻ്റെ ബാല്യം
- Stories
- Rayana P P
- 05-Apr-2019
- 0
- 0
- 1581
എൻ്റെ ബാല്യം

സ്വപ്നം കണ്ടു തുടങ്ങിയ ബാല്യകാലത്തേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്തവരായി ആരുണ്ടാകും ??
എത്ര തന്നെ ആത്മാർത്ഥമായി വിചാരിച്ചാലും അത് നടക്കാൻ പോകുന്ന കാര്യമല്ലെന്ന് നമുക്കറിയാം... എന്നാലും ഇടക്കിടക്ക് മനസ്സിൽ വന്ന് , 'കുഞ്ഞായിരിക്കുന്നപ്പോൾ' എന്ന് ഓർമിപ്പിക്കുന്നതാരാ ??
അറിയില്ല ... മുന്നിലുള്ളത് ആരോ ആവട്ടെ , എവിടെയോ ആവട്ടെ , പരിസരം മറന്ന് വീണ്ടും ആ സ്വപ്നലോകത്തേക്ക് പോകും...
'എന്താ സ്വപ്നം കാണുവാണോ ?' എന്നാരെങ്കിലും തട്ടി വിളിക്കുന്ന വരെ ഞാൻ 'മുറ്റത്തിന്റെ അരികിൽ ചോറും കൂട്ടാനും ഉണ്ടാക്കി കളിക്കും .. അമ്മമ്മ കാണാതെ കുളത്തിന്റെ അടുത്തേക് പോകും , പണിക്കാരെ പറഞ്ഞ് സോപ്പിട്ട് അവരുടെ കൂടെ താഴെ പാടത്തേക്ക് പോകും .. വരമ്പത്തു കൂടെ ഓടിക്കളിക്കും.. മഴക്കാലമാണേൽ ചാലിൽ ഇറങ്ങും .. ഷാൾ കൊണ്ട് മീൻ പിടിക്കും .. ചാലിന്റെ മുകളിലൂടെ നടക്കാൻ ഇട്ടിരിക്കുന്ന മരത്തടിയുടെ മുകളിലിരുന്ന്, താഴേക്ക് കാലിട്ട് വെള്ളത്തിൽ കളിക്കും ..
അപ്പോൾ ദൂരെ കാണുന്ന മലനിരകളിൽ എത്ര വെള്ളച്ചാട്ടങ്ങൾ നൂൽ പോലെ കാണുന്നുണ്ടെന്ന് എണ്ണി നോക്കും..
ചാലിന്റെ ഒരറ്റത്തു നിന്ന് ചെരിപ്പ് ഒഴുക്കി വിടും , പിടിക്കാൻ താഴെ വേറെയാൾ നിക്കും. ലക്ഷ്മി ചേച്ചിനേം , ചെരിയക്കൻ ചേട്ടനേം പറഞ്ഞ് മയക്കി അപ്പുറത്തെ കുളത്തിന്റെയടുത്ത മാവിലേക്ക് കല്ലെറിയാൻ പോകും .. ലക്ഷ്മി ചേച്ചി കണ്ടാൽ "മ്മക്കുട്ടിയെ ,ഇതായീ കുട്യോള് പറഞ്ഞാ കേക്കാതെ കൊളത്തിന്റെ അവടെ പോയ്‌ക്കുന്നു " എന്ന് അമ്മമ്മ കേക്കാൻ വിളിച്ചു കൂവും.. അപ്പൊ ഞങ്ങൾ ഒറ്റ ഓട്ടത്തിന് മുറ്റത്തു ഹാജരാകും.. എവിടെ ആണേലും പത്തു മണിക് കഞ്ഞി കുടിക്കാൻ ഉമ്മമാര് വിളിക്കുലോ .. അതാ പിന്നെ ആശ്വാസം ..
ചെരിയക്കൻ കാന്താരി മുളക് ഒറ്റക്ക് കടിച്ചു കാണിക്കും . അത് കണ്ട് ഒന്ന് വായേല് വെച്ചു നോക്കിയാലോ , അള്ളോ , നല്ല രസാകും .. 'കുട്ട്യേളെ മുന്നിന്ന് ഓരോന്ന് കാണിക്കണ്ടാന്ന്' അമ്മമ്മ ചീത്ത പറയും.
എല്ലാര്ക്കും കഞ്ഞിക്ക് ഓരോ പാത്രങ്ങൾ ഉണ്ടാകും , എന്നാലും കയിൽ (തവി) പ്ലാവിന്റെ ഇല കൊണ്ട് അവർ ഉണ്ടാക്കിത്തരും.. അവരുടെ കൂടെ നമ്മക്കും കഞ്ഞി കുടിക്കാം .. അവർ ക്ഷീണം മാറ്റാൻ ബദാം മരച്ചോട്ടിൽ കിടക്കുമ്പോ എന്തൊക്കെയോ കഥകൾ പറഞ്ഞ് തരും. അതൊന്നും ഇനിക്ക് ഓർമല്യട്ടോ ..അല്ലേലും ഈയിടെയായി മറവി കൂടുതലാ ..അതിന്റെ അടുത്താണ് പത്തുമണി ചെടിയും , തെച്ചിയും ഉള്ളത്.. വലിയ കുളത്തിലേക്ക് ഇറങ്ങുന്ന വഴിയും അതാണ് . ചെറിയ കുളങ്ങൾ പാടത്തിന്റെ അപ്പുറത്താ .. സ്കൂളിലേക്കും മദ്രസയിലേക്കും ഉള്ള വഴിയും പാടത്തൂടെ തന്നെ.. ഉസ്താദ്മാർ ആ വഴി തന്നെ പോവാ ..
അടുത്ത് കൂടുതൽ വീടുകൾ ഇല്ലത്തതുകൊണ്ടും , അവിടത്തെ കുട്ടികളുള്ള ഏക വീട് തറവാട് ആയതുകൊണ്ടും മേൽ പറഞ്ഞവരും , മറ്റുമാണ് നമ്മുടെ കൂട്ടുകാർ ..
ടി വി യൊന്നും വാങ്ങിക്കുലായിരുന്നു , അതോണ്ട് അതിലെ ഒരു കാര്യോം അറിയുലായിരുന്നു .. മാങ്ങാക്കാലം ആയാൽ എണീറ്റ ഉടനെ അവനവന് ഏല്പിച്ചിട്ടുള്ള ബക്കറ്റുമായി ഓടാം , കിട്ടുന്നത് മുഴുവൻ പെറുക്കി പെറുക്കി ഇടാം.. ഞാനാ ആദ്യം കൺടെന്ന് പറഞ്ഞ് ഒരേ മാങ്ങക്ക് വേണ്ടി അടി കൂടാം. ബുദ്ധിയുള്ളോർക് അത് അവടെ ഇട്ട് അടുത്ത മാവിന്റെ ചോട്ടിലേക് ഓടാം . എന്തായാലും എല്ലാര്ക്കും കുറെ ഉണ്ടാകും. എന്നാലും പെറുക്കി കഴിഞ്ഞാൽ എല്ലാരുടേം ബക്കറ്റിലേക്ക് ഒന്ന് നോക്കും , ' നമുക്ക് തന്നെ അല്ലെ കൂടുതൽ ' എന്ന് ഉറപ്പുവരുത്താൻ...
മദ്രസ കഴിഞ്ഞു വരുമ്പോഴേക്കും മാങ്ങ ഉപ്പും മുളകും ഇട്ട് കഞ്ഞിന്റെ കൂടെ കഴിക്കാൻ റെഡി ആയിട്ടിട്ടുണ്ടാകും.
( ഇതൊക്കെ ഒരടവായിരുന്നുന് ഇപ്പോഴല്ലേ അറിയണെ, ആ നേരം വെളുക്കണേന് മുന്നെ ഉമ്മമാർക് മാങ്ങ പെറുക്കാനെവിടെ സമയം! പിന്നെ ഇത് ഉണ്ടെങ്കിൽ കഞ്ഞിക്ക് അന്ന് ചമ്മന്തി അരക്കേം വേണ്ട. കള്ളികൾ.. നമ്മൾ എത്ര കൂടുതൽ പെർക്കിയാലും തരുമ്പോ എല്ലാര്ക്കും ഒരുപോലെ ആകും. അതിന് അവടെ വാദം നടന്നാൽ മൂന്നെണ്ണം അങ്ങോട്ടും രണ്ടെണ്ണം ഇങ്ങോട്ടും പിന്നെ ഒരു കുഴക്കലും .. ഇതാണ് ഉമ്മമാർ ചെയ്യാ .. ഇപ്പൊ നിനക്കു തന്നെ കൂടുതൽ എന്ന് പറയും , നമുക്കും അപ്പോ ആശ്വാസാകും..)
ഉച്ചക്ക് ഉമ്മമാരുടേ കൂടെ കുളിക്കാൻ പോകാം..(അവരുടെ കൂടെ മാത്രം , കർശന നിയമമാണത്, ആരെങ്കിലും തെറ്റിച്ചാൽ രാത്രി വീട്ടിൽ ഉപ്പമാർ വന്നാൽ അമ്മമ്മ നമ്മളെ വിചാരണ ചെയ്യും).
കുളിക്കാൻ പോകാനുള്ള ആകെ ഇഷ്ടം എന്താന്നറിയോ ? കുട്ടികളെ എല്ലാരേം കുളിപ്പിച്ച് കരയിൽ നിർത്തിയാൽ മൂത്തമ്മ നീന്തി കാണിച്ചു തരും( എന്റെ ഓർമ ശരിയാണേൽ തറവാട്ടിൽ ആകെ നീന്താൻ അറിയുന്ന വ്യക്തി മൂത്തമ്മയാണ്). രണ്ട് റൗണ്ട് അത് കണ്ട് കഴിഞ്ഞാൽ നമ്മൾ വീട്ടിലേക്ക് പോകണം. ഉമ്മമാർ പുറകെ വന്നോളും.. പിന്നെ ഉച്ചയുറക്കമുണ്ട്.. എല്ലാരും അവനവന്റെ റൂമിൽ പോകണം.
ഇടക്കൊക്കെ ഉറങ്ങും , ഇടക്ക് ഉറങ്ങ്യ പോലെ അഭിനയിച്ച് , കുറച്ചു കഴിയുമ്പോ പുറത്തിറങ്ങും.. ഒരാൾ ഇറങ്ങിയാൽ എല്ലാരും ഇറങ്ങും.. എന്നിട്ടെന്താകും ചെയ്തിരുന്നെന് എനിക്ക് വല്യ ഓർമയില്ല .. കളി തന്നെയാകും.. വൈകിട്ട് ഉമ്മമാർ റബ്ബർ തോട്ടത്തിലൂടെ വർത്തനമൊക്കെ പറഞ്ഞ് വിറക് ഉണ്ടാക്കി നടക്കുന്നുണ്ടാകും , അപ്പോ നമുക്കും അവസരം ഉണ്ട് .. എന്തിനെന്നോ , ഏറ്റവും കൂടുതൽ ചുള്ളിക്കമ്പുകൾ പെറുക്കുന്നതാര് ... അതും കള്ളികൾ ഒപ്പിക്കണ പണിയായിരുന്ന് ..
അത് കഴിഞ്ഞ് അവർ കൊലായില് അരി ഇടിക്കുമ്പോ നമുക്ക് ബുക്ക് എടുക്കാൻ സമയമായി.. വല്യ ഇഷ്ടല്ലാത്ത സമയം .. മുറ്റത്ത് ഓരോരുത്തർക്കും ഓരോ സ്ഥലം ഉണ്ട് . അവിടെ ഇരുന്ന് പഠിക്കാം.. പിന്നെ അടി.. ഇടി .. ആകെ ബഹളം .. ഇനി ആകെയുള്ള ആശ്വാസം , വീട്ടിൽ കയറിവരുന്ന ഉപ്പമാരുടെ കയ്യിലെ പൊതിയാണ് .. അതും കൂടി കഴിഞ്ഞാൽ ആ ദിവസം കഴിഞ്ഞു ...
ഇതാ ഞാൻ പറഞ്ഞെ , എന്നെ സ്വപ്നലോകത്തിന്ന് തിരിച്ചുവിളിക്കല്ലെന്ന്.. ഞാനവിടെ പാറിപ്പറന്ന് നടന്നോട്ടെ, ഇനി നിനക്കും കേൾക്കണമെന്നാല് എന്നോട് ചോദിച്ചാൽ മതി , ഞാനിതുപോലെ പറയാം. ഓക്കേ ??
- താത്തി (രയാന.PP)
എഴുത്തുകാരനെ കുറിച്ച്

വായിക്കാനും എഴുതാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.. ആദ്യമൊക്കെ എഴുതാനും വായിക്കാനും സമയം കണ്ടെത്തിയിരുന്നെങ്കിലും പഠനത്തിരക്കിൽ ഉപന്യാസമത്സരങ്ങൾക്ക് മാത്രം എഴുതുന്ന ഒരാളായി മാറി.. അതിൽ നിന്നുമൊരു മാറ്റം ആഗ്രഹിക്കുന്നതുകൊണ്ട് സൃഷ്ടിയിൽ ചേരാനും എൻറെ കൊച്ചു സ്വപ്നങ്ങളും , യാത്രകളും , ചിന്തകളും നിങ്ങളുമായി പങ്കുവെക്കാനും ഞാൻ ആഗ്രഹിക്കുന്നു .. അതിനേക്കാളേറെ സൃഷ്ടിയിലെ ഓരോ രച
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login