പാലാഴി

പാലാഴി

പാലാഴി

ബെല്ലടിച്ച് വാതില്‍ തുറക്കുമ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ വാങ്ങിവച്ച് അവളൊരു വടി കയ്യില്‍ തന്ന് ദേഷ്യത്തോടെ പറഞ്ഞു...

മക്കളെ അത്യാവശ്യം നിലയ്ക്കും വിലയ്ക്കും പഠിപ്പിയ്ക്കണം...

നിങ്ങളെയൊട്ടും പേടിയില്ലാത്തതുകൊണ്ടാണ് 
അച്ചുയീപണി ചെയ്തത്...

ഹാളില്‍ പരന്നൊഴുകുന്ന പാലില്‍ കാലു തൊടാതിരിയ്ക്കാന്‍ ഞാന്‍ പിന്നോട്ട് വലിച്ചു...

രംഗവീക്ഷണം ഗൗനിച്ച ഞാന്‍ ശാന്തതയോടെ അവളോട് പറഞ്ഞു...

അവന്റെ കെെതട്ടിപ്പോയതല്ലേ സാരല്ല്യ...

ആരു പറഞ്ഞു കെെതട്ടിയതാണെന്ന് ?

അല്ലിക്ക് കുറച്ച് കൊടുത്തതിന് അവന്‍ ഗ്ളാസ് തള്ളി നീക്കിയതാ..

വടി വാങ്ങി അകത്തേയ്ക്ക് പോയ എന്നെ നോക്കി അല്ലിയുടെ വകയിങ്ങനെ?

നിങ്ങളെന്തച്ഛനാ ?
അച്ചൂന് രണ്ടെണ്ണം കൊടുക്കീ...

ഞാനതിനുമൊന്നും മിണ്ടിയില്ല..

കുളിയും ഭക്ഷണവും കഴിഞ്ഞ് കിടക്കുമ്പോള്‍ 
അച്ചുവിനെയും മയത്തില്‍ അടുത്ത് കൂട്ടി...

അച്ഛനൊരു കഥ പറഞ്ഞുതരട്ടെ ?
അയ്യോ അച്ഛാ....
ഞാനിതങ്ങട് പറയാന്‍ നിക്കുവാരുന്നു...
അവന്റെ മുഖം പെട്ടന്ന് തെളിഞ്ഞു...

പണ്ടു പണ്ടൊരു വീട്ടില്‍ ഖദീജുമ്മയ്ക്ക് രണ്ടു പശുക്കളുണ്ടായിരുന്നു...

ആണ്‍തുണയില്ലാത്ത അവര്‍ 
അതിന്റെ പാലുവിറ്റാണ് ജീവിതം കഴിഞ്ഞിരുന്നത്...

സത്യസന്ധതയുള്ള ഖദീജുമ്മ പാലിലൊട്ടും വെള്ളം ചേര്‍ക്കാത്തതിനാല്‍ ഒരിയ്ക്കലും അധികലാഭം നേടിയിരുന്നില്ല...

അരിയ്ക്കും പിണ്ണാക്കിനുമൊക്കെ പറ്റുകടയില്‍ കാശുകൊടുത്ത് കഴിയുമ്പോള്‍ മിക്കപ്പോഴും അവരുടെ മടിത്തട്ട് കാലിയായിരിയ്ക്കും...

അടുത്തടുത്ത വീടുകളിലും ചായക്കടയിലുമെല്ലാം പാലുകൊടുത്ത് ജീവിയ്ക്കുന്ന അവര്‍ക്കൊരു അഞ്ചുവയസ്സുള്ള മകനുണ്ടായിരുന്നു...
പേര് ജലീല്‍...

അവനാവട്ടെ പാലെന്നുവച്ചാല്‍ ജീവനായിരുന്നു...

പക്ഷേ അവന്റെ ഇഷ്ടപ്രകാരം പാല് കുടിയ്ക്കാന്‍ കൊടുത്താല്‍ ആ ഉമ്മയ്ക്ക് പാല് വില്‍ക്കാനുണ്ടാവില്ല....

വെറും അര ഗ്ളാസുകൊണ്ട് കൊതിയടങ്ങാത്ത അവന്‍ ഒരിയ്ക്കല്‍ ഉമ്മയെഴുന്നേല്‍ക്കുന്നതിന്റെ മുമ്പേ ഒരു പാത്രമെടുത്ത് പശുവിന്റെ അകിട്ടില്‍ പിടിച്ചു...

പക്ഷേ.. ആദ്യം തന്റെ കിടാവിന് കൊടുക്കുന്ന ശീലം തെറ്റിച്ചതിനാല്‍ പശു അവനെ തൊഴിച്ചു..

ഭാഗ്യത്തിന് വെെക്കോലില്‍ ചെന്നുവീണതിനാല്‍ അവനൊന്നും പറ്റിയില്ല....

മറ്റൊരിയ്ക്കല്‍ അവന്‍ കുപ്പിപ്പാലുമായി ചായക്കടയിലേയ്ക്ക് നീങ്ങവെ നുണ മൂത്ത് പാതി കുടിച്ചു....

പുഴക്കടവിലിറങ്ങി പാലിനുപകരം വെള്ളം ചേര്‍ക്കാന്‍ കുപ്പി താഴ്ത്തിയപ്പോള്‍ ബാക്കിയുള്ള പാല് പുഴയും കുടിച്ചു...

നിലത്ത് വീണ് പൊട്ടിയെന്ന നുണയില്‍ ആ പ്രശ്നവും രമ്യതയിലവസാനിച്ചു...

മറ്റൊരിയ്ക്കല്‍ അതിരാവിലെ തെക്കിനിയിലേയ്ക്ക് പെന്‍സില് തിരഞ്ഞ് പോകവെ അഴിക്കട്ടിലിനു ചോട്ടില്‍ രണ്ട് പാത്രം പാല്‍ ഒളിപ്പിച്ചുവച്ചത് അവന്‍ കണ്ടു പിടിച്ചു...

മുട്ടുകുത്തിയിഴഞ്ഞ ജലീല്‍ അതിനു ചുവട്ടിലിരുന്ന് വേണ്ടുവോളം കുടിച്ചു...

രണ്ടു പാത്രവും തുറന്ന് വായിലേയ്ക്കൊഴിച്ച് സമമായ അളവാക്കി പുറത്തേയ്ക്കിഴയുമ്പോള്‍ കാലുതട്ടി ബാക്കിയായത് മുഴുവനും മറഞ്ഞു...

എന്തുചെയ്യണമെന്നറിയാതെ തരിച്ചുനിന്ന അവന്‍ ഒന്നുമറിയാത്തവനെപ്പോലെ പതുക്കെ മുങ്ങി സ്കൂളില്‍ പോകാനൊരുങ്ങവെ, അടുത്തവീട്ടിലെ ചേച്ചി അവരുടെ മകന്റെ പിറന്നാളിന് പായസം വയ്ക്കാനുള്ള പാലിനു വന്നു..

അവന്റെയുമ്മ അകത്തുകയറിയപോലെ പുറത്ത് വന്ന് പാല് പൂച്ച തട്ടിപ്പോയെന്ന് സങ്കടത്തോടെ പറഞ്ഞു ...

ആ നിമിഷം നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച ചേച്ചിയെ ഖദീജുമ്മ ക്ഷമയോടെ സമാധാനിപ്പിച്ച് അവര്‍ക്ക് പത്ത് തേങ്ങ ചിരവി പാല് പിഴിഞ്ഞ്, വീട്ടില്‍പോയി പായസമുണ്ടാക്കിക്കൊടുത്തു.

ഈ സംഭവം ജലീലിനെ വല്ലാതെ വേദനിപ്പിച്ചു...

പിന്നെയവന് പാല് കാണുമ്പോഴൊക്കെ അമ്മയുടെ കണ്ണീരാണോര്‍മ്മവരിക...

അങ്ങിനെയവന്‍ എന്നേയ്ക്കുമായി പാല് കുടി നിര്‍ത്തി...

ജലീല്‍ വലുതായി ജീവിതം പച്ചപിടിച്ചപ്പോള്‍ പാലവന് അലര്‍ജിയായി ...

കുടിച്ചു കഴിഞ്ഞാല്‍ കഫക്കെട്ടും തുമ്മലും...

കഥ തീരുന്നതിന് മുമ്പെ അച്ചുവെന്നോട് ചോദിച്ചു..

ആ ജലീല്‍ അച്ഛന്‍ തന്നെയല്ലേ?

 

അവനാ കഥയുള്‍ക്കൊണ്ടതില്‍ എന്റെ 
സന്തോഷത്തിന് ആ ഒരു വാക്കു മാത്രം മതിയായിരുന്നു .....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ