വൃണം
- Stories
- Jayaraj Parappanangadi
- 24-Jan-2019
- 0
- 0
- 1191
വൃണം
കണ്ട ഭാവം പോലും നടിയ്ക്കാതെ ജനമധ്യത്തില്‍ നിന്നു കൊണ്ടുള്ള ശങ്കരേട്ടന്റെ മൗനമായ കരച്ചില്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി....
പീളകെട്ടിയ കണ്ണില്‍ നിന്നും ധാരയാവുന്ന ഉപ്പുജലം മണ്ണിലേയ്ക്കിറ്റി വീഴുന്നത് കാണാന്‍ വയ്യാതെ ആളൊഴിഞ്ഞൊരു മൂലയിലേയ്ക്ക് ഞാന്‍ മാറി നിന്നു...
കാരണമില്ലാതെ ആരുമങ്ങിനെ കരയില്ലല്ലോ...
അതായിരുന്നു എന്റെ ചിന്ത...
ഇനിയൊരു പക്ഷേ വീട്ടിലെന്തെങ്കിലും....
അല്ലെങ്കിലും അറുപത് കഴിഞ്ഞ അച്ഛനമ്മമാരെയൊക്കെ കുട്ടികളുടെ സ്വഭാവത്തിലേയ്ക്ക് കൂട്ടി മൃദുസാമീപ്യം നല്‍കിയില്ലെങ്കില്‍ അവര്‍ പെട്ടന്ന് പിണങ്ങാനും കരയാനുമൊക്കെ സാധ്യത കൂടുതലാണ്.....
അയ്യോ..അതിന് ശങ്കരേട്ടന്‍ കല്ല്യാണം കഴിച്ചിട്ടൊന്നുമില്ലല്ലോ..ഞാനതു മറന്നു...
എന്തു പണിയ്ക്കും പറ്റിയ ആരോഗ്യദൃഢത കണ്ട്
ഏതാണ്ടിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനന്തന്‍മുതലാളി പുറംനാട്ടില്‍ നിന്ന് കൂടെക്കൂട്ടിയതാണ്..
മലയാളം വശമില്ലായിരുന്നുവെങ്കിലും മാസങ്ങള്‍ക്കകം ശങ്കരേട്ടന്‍ നിഷ്പ്രയാസമതു പഠിച്ചെടുത്തു...
സൗമ്യനും ശാന്തചിത്തനുമായ ശങ്കരേട്ടനെ നാട്ടിലെല്ലാവര്‍ക്കും പ്രിയമായിരുന്നു...
ഇനിയൊരു പക്ഷേ..
പ്രായമാകും തോറും തന്റെ ശരീരം ക്ഷീണിച്ചു വരികയാണെന്ന തിരിച്ചറിവുകൊണ്ടൊ മറ്റോ ആണോ ?
ഒത്ത ഉയരമുള്ളൊരാള്‍ക്ക് കുഴിഞ്ഞ കവിളും മെലിഞ്ഞ ശരീരവും ഒട്ടും ചേരില്ല...
അതുമല്ലെങ്കില്‍ ശങ്കരേട്ടന് വല്ല തലവേദനയോ മഞ്ഞുദോഷമോ കൂടിയതാണോ?
മലയന്‍കാവിലെ വേലയ്ക്ക് എല്ലാ കൊല്ലവും എന്നെപ്പോലെ ശങ്കരേട്ടനും വരാറുണ്ട്....
അവിടുന്നുള്ളൊരു പരിചയമാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത്....
കൂടുതലങ്ങിനെ സംസാരിയ്ക്കില്ലെങ്കിലും ആ നോട്ടത്തിലെല്ലാമുണ്ടാവും....
വെറുതേ കലപില പറയുന്നതിനേക്കാള്‍ എനിയ്ക്കുമിഷ്ടം അതു തന്നെ....
ആള് സംശുദ്ധ സസ്യഭുക്കായിരുന്നതിനാല്‍ പ്രായമായിട്ടും മുഖത്തെ തേജസ്സിനൊരു കുറവുമുണ്ടായിരുന്നില്ല..
ഞാനാണെങ്കില്‍ തിരിച്ചുകടിയ്ക്കാത്തതൊക്കെ കഴിച്ച് ആകെ കോലം കെട്ടു....
വാദ്യപ്രിയനായ ശങ്കരേട്ടന്‍ ഉണ്ണിപ്പൊതുവാളിന്റെ
മേളം കഴിയാതെ അവിടെനിന്നനങ്ങില്ലെന്നു മനസിലാക്കിയ ഞാന്‍ കരച്ചിലിന്റെ കാരണം തേടി തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലൂടെ അടുത്ത് ചെന്നു....
ഇതെന്തുപറ്റിയാശാനെ എന്നു ചോദിയ്ക്കാനൊരുങ്ങവെ അടിമുടിയൊന്നു ശ്രദ്ധിച്ചപ്പോഴാണ് വല്ലാത്തൊരു കാഴ്ച കണ്ടത്....
ശങ്കരേട്ടന്റെ കാലിലെ ചങ്ങലയുരതിയ പാടില്‍ നിന്നും വൃണം പൊട്ടിയൊലിയ്ക്കുന്നു...
അതിലിരുമ്പു തട്ടുമ്പോഴുള്ള അസഹ്യവേദനയാലാണാ പാവം.......
ആര്‍ത്തിപൂണ്ട മനുഷ്യനപ്പുറം
പുറത്തിരിയ്ക്കുന്ന ദെെവത്തിനുപോലും കരുണയില്ലല്ലോയെന്നോര്‍ത്ത് നെഞ്ചുരുകിയ ദുഃഖത്തോടെ ഞാനവിടെ നിന്നും ....
എഴുത്തുകാരനെ കുറിച്ച്
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login