ഫുൾ ബോട്ടിൽ

ഫുൾ ബോട്ടിൽ

ഫുൾ ബോട്ടിൽ

 "ചേട്ടാ വീര്യം കൂടിയൊരു ഫുൾബോട്ടിൽ...ലോക്കൽ ബ്രാന്റായാലും സാരമില്ല"

ശബ്ദം കേട്ടപ്പോൾ പറഞ്ഞയാളെ ഞാനൊന്നു സൂക്ഷിച്ചു നോക്കി

സുന്ദരിയായൊരു പെൺകുട്ടി.വെളുത്ത് കൊലുന്നനെയുളള അവളു രാവിലെ തന്നെ അടിച്ചു ഫിറ്റാണ്.ഇനി ഇതും കൂടി വലിച്ചു കേറ്റാത്തതിന്റെ കുഴപ്പമേയുളളൂ.വല്ല കോളേജിലും പഠിക്കുന്നതായിരിക്കും.ആ അല്ലെങ്കിലും എനിക്കെന്താ ഇങ്ങനെയുളളവളുമാർ നശിക്കുന്നതു തന്നാ നല്ലത്

പൈസയും വാങ്ങി ഞാനവൾക്കു സാധനം കൊടുത്തു.അവളു തന്ന പൈസയുടെ ബാക്കി കൊടുക്കാനായി തിരിഞ്ഞപ്പഴേക്കും അവൾ അപ്രത്യക്ഷയായി കഴിഞ്ഞു. രണ്ടു പേരുള്ളതിൽ റായ് ഇന്ന് ലീവായതു കാരണം ഒറ്റക്കു പണിയെടുക്കണം.ആകപ്പാടെ മടുപ്പു തോന്നി.ഇന്നാണെങ്കിൽ തിരക്കും കുറവ്.അതെന്തായാലും നന്നായിനന്നായി..

രാത്രികടയടച്ച് വീട്ടിലെത്തുമ്പോൾ സമയം പതിനൊന്നായി.അമ്മ വിളമ്പി തന്ന ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.വീണ്ടും പതിവുപോലെ രാവിലെ ജോലി സ്ഥലത്തേക്കു യാത്രയായി.അന്നും അവളെത്തി വീര്യം കൂടിയ സാധനം തന്നെ വാങ്ങി.ബാക്കി വാങ്ങീട്ടെ പോകാവൂ എന്നു ഞാനോർമിപ്പിച്ചു

"അത് ഞാൻ തനിക്കു തരുന്ന കൈമടക്കായി കൂട്ടിക്കോ"

അവളെനിക്കൊരു അത്ഭുതമായി മാറുകയായിരുന്നു. ഈ പെണ്ണിനു ഇത് എന്നാപറ്റി.ഇപ്പോൾ ദിവസവും വാങ്ങിക്കൊണ്ടു പോകുന്നുണ്ടല്ലോ.ആ എന്തെങ്കിലും ആവട്ടെ...

ദിവസേനയുളള കണ്ടുമുട്ടൽ ഞങ്ങൾ കൂടുതൽ പരിചയപ്പെടാൻ കാരണമായി.നീമയെന്നായിരുനു അവളുടെ പേര്. കോളേജിൽ പഠിക്കുകയായിരുന്നു ഇപ്പോൾ പഠനം നിർത്തി.വീട്ടുകാർ പ്രവാസികളായതുകൊണ്ട് സാമാന്യം സാമ്പത്തികമുണ്ട്.നിയന്ത്രിക്കുവാൻ ആരുമില്ലാത്തതു കൊണ്ട് അമിതസ്വാതന്ത്യം ഉണ്ടത്രേ.അതാണവളുടെ നാശത്തിനും കാരണമെന്ന്.എത്ര ചോദിച്ചിട്ടും എന്താണ് സംഭവമെന്നു മാത്രം അവൾ പറഞ്ഞില്ല

ദിവസങ്ങൾ പിന്നെയും അടർന്നു വീണുകൊണ്ടിരുന്നു. Psc എക്സാമും എഴുതാറുണ്ടായിരുന്നു.നേരത്തെ എഴുതിയ ഒരു എക്സാമിന്റെ റാങ്ക് ലിസ്റ്റിൽ പേരുണ്ട്.അതായിരുന്നു ആകെയൊരു പ്രതീക്ഷ

അപ്രതീക്ഷിതമായിട്ടാണു പോലീസിലെ ജോലി എന്നെ തേടിയെത്തിയത്.അതും സ്വന്തം നാട്ടിൽ തന്നെ പോസ്റ്റിംഗ്.ഇതിൽ കൂടുതൽ സന്തോഷം എന്താണുളളത്

അങ്ങനെ ഇന്റർവ്യൂം ട്രയിനിങും കഴിഞ്ഞു ഞാൻ നാട്ടിൽ തന്നെ സബ് ഇൻസ്പെക്ടർ ആയി ചാർജെടുത്തു.കഴിവതും സത്യസന്ധമായി തന്നെ എന്റെ കടമകൾ നിറവേറ്റിയിരുന്നു.ഞാനെന്നും സാധാരണക്കാരൻ ആയതിനാൽ അവരോടൊപ്പം തന്നെയായിരുന്നു.പക്ഷേ തെറ്റ് ആരു ചെയ്താലും മുഖം നോക്കാതെ നടപടിയെടുത്തിരുന്നു..

ആയിടക്കാണു മദ്യപിച്ചു വണ്ടിയോടിച്ചതിനു ഒരു പെൺകുട്ടിയെ പോലീസുകാർ സ്റ്റേഷനിലെത്തിച്ചത്.ചോദ്യം ചെയ്ത പോലീസുകാരോട് അവൾ തട്ടിക്കയറി.ആരാണെന്നറിയാൻ ഞാനവളെ അകത്തേക്കു കൂട്ടികൊണ്ടു വരാൻ നിർദ്ദേശം നൽകി.വെളളമടിച്ചവളേ കണ്ടതേ ഞാനൊന്നു ഞെട്ടി.

"നീമ"

അവളുടെ തലവഴി വെളളമൊഴിച്ചു തണിപ്പിക്കിനായി വനിതാ പോലീസുകാർ കൂട്ടിക്കൊണ്ടു പോയി.അതുകഴിഞ്ഞിട്ട് അവൾക്കായി പുതിയൊരു ചുരിദാറും വാങ്ങിക്കൊടുത്തു.സ്വബോധം വന്നപ്പോൾ പുതിയ ഡ്രസ്സുമിട്ട് അവൾ എന്റെ മുന്നിൽ വന്നു.എന്നെ കണ്ടതേ അവളൊന്നു പരുങ്ങി.കാര്യങ്ങൾ അവളോട് തിരക്കി.കുടിച്ചതു കൂടിപ്പോയെന്നും മാപ്പാക്കണമെന്നും അവൾ പറഞ്ഞപ്പോൾ മനസ് അലിഞ്ഞു

എന്തായാലും അവളൊരു പെൺകുട്ടിയല്ലേ.കേസും കോടതിയുമായി കയറി ഇറങ്ങിയാലവളുടെ ഭാവിയേ ബാധിക്കും.അതിനാൽ കേസ് ചാർജ് ചെയ്യണ്ടെന്നു ഞാൻ തീരുമാനിച്ചു. എന്റെ വണ്ടിയിൽ തന്നെയവളെ വീട്ടിൽ കൊണ്ടു ചെന്നാക്കി ഞാൻ തിരിച്ചു പോന്നു...

ജോലിയും തിരക്കുമായി ഞാൻ മുന്നോട്ട് പോകുമ്പാഴാണു അമ്മ വിവാഹക്കാര്യത്തെ കുറിച്ചു പറയുന്നത്.ഇത്രയും നാൾ ജോലിയുടെ കാര്യം പറഞ്ഞാണു വിവാഹം മുടക്കിയിരുന്നത്.ലിക്കർ ഷോപ്പിലെ ജോലി താത്ക്കാലികമായിരുന്നു.കാര്യങ്ങൾ അമ്മ തന്നെ തീരുമാനിക്കാൻ ഞാൻ പറഞ്ഞു

ആയിടക്കു ചായ കുടിക്കാനായി ഒരു റെസ്റ്റോറന്റിൽ കയറി. എന്നെ കണ്ടിട്ടാകാം നീമ എവിടെ നിന്നോ ഓടി വന്നു

"സർ"

"അല്ല ആരിത് നീമയോ.ഇവിടെ മദ്യമൊന്നും കിട്ടില്ലല്ലോ.പിന്നെയെന്താ റെസ്റ്റോറന്റിലൊക്കെ"

കുറച്ചു മാറി വട്ടം കൂടിയിരിക്കുന്ന കൂട്ടുകാരികളുടെ നേരെ വിരൽ ചൂണ്ടി

"ഞാനവരുടെ കൂടെ വന്നതാ.സാറിനെ കണ്ടതു കൊണ്ടാണ് ഇങ്ങോട്ട് വന്നത്"

"നീമ ഇരിക്ക്"

"താങ്ക്യൂ സർ"

"ഇയാൾ ഇങ്ങനെ സാറേന്നു വിളിച്ചു എന്നെ കൊല്ലരുത്.അന്നേ നമ്മൾ സുഹൃത്തുക്കളായതല്ലേ.എന്റെ പേരു വിളിക്കാം.അല്ലെങ്കിൽ ഏട്ടാന്നു വിളിക്കാം"

"ഞാൻ ഏട്ടാന്നെ വിളിക്കുന്നുളളൂ"

"ശരി നീമയുടെ ഇഷ്ടം.ഇന്നെത്ര പെഗ് അടിച്ചു ഇതുവരെ"

"സത്യമായിട്ടും ഞാൻ കുടി നിർത്തി.അന്നത്തെ സംഭവം എന്നെ ആകെമാറ്റി"

"വളരെ നല്ലത്.ഇനിയിങ്ങനെ കളളും കുടിച്ചു നടക്കരുത്.നല്ല പെൺകുട്ടികൾക്കു ചേർന്ന പണിയല്ല"

പെട്ടന്നവൾ ഏങ്ങലടിച്ചു കരഞ്ഞു

"ഏട്ടാ ഞാൻ നല്ലതല്ല ചീത്തയാണ്.മോശം പെൺകുട്ടിയാണു"

അവളുടെ മറുപടി എന്നെയാദ്യം അമ്പരപ്പിച്ചു

കുറച്ചു നേരം കൂടിയവൾ വിങ്ങിപ്പൊട്ടി.കർചീഫെടുത്ത് കണ്ണുനീർ തുടച്ചു

"ഏട്ടനു സമയമുണ്ടെങ്കിൽ എന്റെ കഥ പറയാം.പുതുമയൊന്നുമില്ല കഥക്ക്.മിക്ക പെൺകുട്ടികൾക്കും പറ്റുന്ന ചതി എനിക്കും പറ്റി"

"നീമ പറഞ്ഞോളൂ.ഞാൻ കേട്ടോളാം

" സമ്പത്തിന്റെ നടുവിലാണെന്റെ ജനനം ‌സമ്പാദിച്ചിട്ടും മതിവരാതെ അച്ഛനും അമ്മയും ഗൾഫിൽ കിടന്നു സമ്പാദിക്കുന്നു.അമ്മയുടെ ആങ്ങളയാണു എന്നെ വളർത്തിയത്.അച്ഛന്റെയും അമ്മയുടെയും ലാളനയും പരിഗണനയുമൊന്നും ലഭിച്ചിരുന്നില്ല.ആരും നല്ലതു പറഞ്ഞു തരാനില്ലാത്തതു കൊണ്ടാവാം കിട്ടിയ സ്വാതന്ത്ര്യം ഞാൻ അമിതമായി ചൂക്ഷണം ചെയ്തു. കൂടപ്പിറപ്പുകളുമില്ല.ചെറിയ ദുഃശീലങ്ങൾ എനിക്ക് ഉണ്ടായിരുന്നു. സിഗരറ്റു വലി..ചെറിയ രീതിയിൽ ബിയറടി.കോളേജിൽ ഡിഗ്രിയുടെ ക്ലാസിൽ വെച്ചാണ് നിവിയുമായി പ്രണയത്തിലാകുന്നത്.ഒടുവിലത് ശാരീരിക ബന്ധത്തിലും ചെന്നെത്തി.കാര്യം സാധിച്ചിട്ടവൻ കാലുമാറി.അവന്റെ വീട്ടുകാർ അവനെ അമേരിക്കയിലക്കു അയച്ചു.പ്രതീക്ഷ നഷ്ടപ്പെട്ട ഞാൻ മദ്യത്തിൽ അഭയം തേടി.പിന്നെ ഇഷ്ടത്തിനായി ജീവിതം"

ഇടക്കുവെച്ചവൾ ഒന്നു നിർത്തിയട്ട് വീണ്ടും തുടർന്നു

"എനിക്കും ആഗ്രഹമുണ്ട് ഏട്ടാ തെറ്റു തിരുത്തി നല്ലൊരു ജീവിതം നയിക്കാൻ. സ്നേഹമുളള പുരുഷന്റെ പെണ്ണായി ജീവിക്കാൻ. ആ പുരുഷന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ.പക്ഷേ എന്നെ മനസിലാക്കുന്നഒരു പുരുഷൻ വരുമോന്നറിയില്ല.എന്റെ സമ്പത്ത് മോഹിക്കാത്ത ഒരാളെയിനി കിട്ടില്ല.അറിഞ്ഞു കൊണ്ട് ഒരു പുരുഷനെ ചതിക്കാനെനിക്കു വയ്യ.എന്റെ കഥകൾ അറിഞ്ഞു വരുന്ന ഒരാൾ വന്നാൽ ഞാൻ സ്വീകരിക്കും.ഒരടിമയെപ്പോലെ ഞാനദ്ദേഹത്തിനായി ജീവിക്കും.തല്ലിയാലും സ്നേഹമുള്ളൊരു നായയെപ്പോലെ ഞാൻ ജീവിക്കും.എന്റെ കഥ പറഞ്ഞു ഞാൻ ഏട്ടനെ ബോറടിപ്പിച്ചു.സോറീ.ഞങ്ങൾ ഇറങ്ങട്ടെ.ഒരു കൂട്ടുകാരിയുടെ വിവാഹത്തിനു പോകണം"

അവൾ യാത്ര പറഞ്ഞിറങ്ങി.വണ്ടിയോടിക്കുമ്പോൾ അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു എന്റെ മനസിൽ.ആട്ടിയോടിച്ചിട്ടും നീമയുടെ മുഖവും വാചകങ്ങളും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.പ്രണയത്തിന്റെ സുഖമുള്ളൊരു നൊമ്പരം മനസിൽ നിറയുന്നത് ഞാനറിഞ്ഞു

രാത്രിയിൽ ഒരുപാടു ചിന്തിച്ചു. എന്നിട്ടും ഉറക്കം വന്നില്ല.വെളുപ്പിനെയാണു ഒന്നു മയങ്ങിയത്.പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ ഡ്യൂട്ടിക്കും പോയില്ല

രാവിലത്തെ കാപ്പികുടിക്കിടയിൽ അമ്മയോടു നീമയുടെ കാര്യം അവതരപ്പിച്ചു.യാഥാസ്ഥിതികയായ അമ്മ ആദ്യമൊന്ന് പൊട്ടിത്തെറിച്ചു.ക്രമേണ സംഭവങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞപ്പോൾ അമ്മമനസ്സ് ആ മകളെയും ഉൾക്കൊള്ളുകയായിരുന്നു.അമ്മ പച്ചക്കൊടി വീശിയപ്പോൾ ഞാൻ നീമയെ വിളിച്ചിട്ട് ഒന്നു കാണണമെന്നു പറഞ്ഞു

അവളുടെ വീട്ടിൽ തന്നെ ഞങ്ങൾ കണ്ടുമുട്ടി.ഞാൻ പതിയെ അവളോട് ചോദിച്ചു

"അടിമയായി അല്ലാതെ സ്നഹമുള്ളൊരു ഭാര്യയായി...എന്റെ അമ്മയുടെ മകളായി വരുന്നോ..എന്റെ വീട്ടിലേക്ക്"

കേട്ടതു വിശ്വസിക്കാനാവാതേ നീമയെന്നെ മിഴിച്ചു നോക്കി

ചോദ്യം ഞാൻ ഒന്നുകൂടി ആവർത്തിച്ചു കൊണ്ട് ഇരു കൈകളും നീട്ടുമ്പോൾ ആർത്തലച്ചൊരു മഴയായി അവളെന്നിൽ നിറഞ്ഞൊഴുകി

ഒരായുഷ്ക്കാലത്തെ നിരാശക്കു വിരാമമിട്ടുകൊണ്ട്

കാത്തിരിപ്പിനൊടുവിൽ മോഹങ്ങൾ പൂവണിഞ്ഞതിനാൽ"

- സുധി മുട്ടം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ