കന്യാകുമാരി

കന്യാകുമാരി

കന്യാകുമാരി

" നീ എന്നെ ശെരിക്കും സ്നേഹിക്കുന്നുണ്ടോ?  "  വിടർന്ന കണ്ണുകൾ ചെറുതാക്കി കൊണ്ട് രേണുക ചോദിച്ചു. ആവർത്തന വിരസതയിൽ പുളഞ്ഞ അവന്റെ അരിശം കണ്ണുകളിൽ നിന്നും തിരിച്ചറിഞ്ഞ നിമിഷം അവൾ മിഴികൾ താഴ്ത്തി. അന്തി വെയിലിന്റെ പൊൻ നിറം അരുണിമ പടർത്തിയ അവളുടെ കവിളിൽ കൂടിയുള്ള നീർച്ചാൽ കണ്ടിട്ടും അവന്റെ  മൗനം  തുടർന്നു. കൃത്യം ഒരു മാസം കഴിഞ്ഞ് അവന്റെ മറുപടി അവരുടെ വിവാഹ ക്ഷണ പത്രികയുടെ രൂപത്തിൽ കിട്ടിയപ്പോൾ കരയാനാണു അവൾക്ക് തോന്നിയത്. മാറോടു ചേർന്നു വിതുമ്പുന്ന അവളെ അലിവോടെ അവൻ ചേർത്തു പിടിച്ചു. സന്ധ്യയോടു കൂടി വിജനമായി തീർന്ന പാത വക്കിൽ അടുക്കിയ പാറകളിൽ ഒന്നിൽ അവർ കൈ കോർത്തിരുന്നു. ഭാവിയെ കുറിച്ച് ഹൃദയം തുറന്നു സംസാരിച്ചു. മധുവിധു യാത്ര എങ്ങോട്ടാണ് എന്ന കാര്യത്തിൽ തർക്കമുണ്ടായില്ല. ഒരു കടലോളം സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന അവർക്കു കടൽ തീരമല്ലാതെ  മറ്റെന്താകും ഇഷ്ടപ്പെടുക?  ഇന്ത്യയുടെ തെക്കേ മുനയിൽ,  ദേവി കന്യാകുമാരിയുടെ പുണ്യ ക്ഷേത്രം നിൽക്കുന്ന തീരം ഒടുവിൽ തീരുമാനിക്കപ്പെട്ടു. 

           വർഷങ്ങളുടെ ഇല പൊഴിക്കൽ തുടർന്നു കൊണ്ടിരുന്നു.

2018 അതിന്റെ അന്ത്യത്തോടടുക്കുന്നു. ഡിസംബർ മാസത്തിലെ മഞ്ഞു പൊഴിയുന്ന ഒരു ഞായർ പുലരിയുടെ ആലസ്യത്തിൽ നിന്നും തിരുവനന്തപുരം നഗരം ഉണർന്നു വരുന്നതേ ഉള്ളു. മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്കാർ എത്തിതുടങ്ങിരുന്നു. എതിർ വശത്തുള്ള വിശാലമായ പബ്ലിക് ഓഫീസ് അങ്കണത്തിൽ വിനോദ യാത്രക്കായി തയ്യാറാക്കിയ ചെറിയൊരു  ടൂറിസ്റ്റ് ബസ് യാത്രക്കാരെ കാത്തു കിടന്നു മുഷിഞ്ഞു.

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പതിനാറു പേർ അടങ്ങിയ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ചെറു സംഘം ബസ്സിൽ കയറി സ്ഥാനം പിടിച്ചു. അതിൽ അഞ്ചു പേർ സ്ത്രീകളായിരുന്നു.

ഇന്ദിരയും സെലിനും ഉയർന്ന ഉദ്യോഗസ്ഥകളാണ്. അവരുടെ കൂടെ കല പില വർത്തമാനം പറഞ്ഞിരിക്കുന്ന മുപ്പതു കളിൽ എത്തി നിൽക്കുന്ന ദേവിയും പ്രിയയും അടുത്ത കാലത്ത് സർവീസ് ആരംഭിച്ചവർ. അവരിൽ നിന്നും വിട്ടു മാറി നീല സാരിയിൽ സ്വപ്നാടകയെ പോലെ തോന്നിച്ച ഒരു യുവതി പുറത്തേക്ക് മിഴികൾ നട്ടിരിക്കുന്നു. അടുത്തിടെ സ്ഥലം മാറ്റം കിട്ടി വന്ന ടൈപ്പിസ്റ്റാണ്. പേര് രേണുക. വണ്ടി നീങ്ങി തുടങ്ങി. ഒപ്പം വർഷങ്ങൾക്കു മുൻപ് മറഞ്ഞ സായം സന്ധ്യയുടെ മരിക്കാത്ത ഓർമകളും. 

        ജാലകത്തിൽ വിരിച്ച കർട്ടൻ മാറ്റി,   ഗ്ലാസ് പാളി നീക്കിയപ്പോൾ വീശിയ തണുത്ത കാറ്റിന്റെ കുളിരിൽ അവളുടെ ഉടൽ വിറച്ചു. അതേ സമയം നെഞ്ചിലെ കനൽ ചൂടിന്റെ സുഖത്തിൽ അവൾക്കത് നിസ്സാരം ആയി തോന്നി. ബസ്സിനുള്ളിൽ സ്റ്റീരിയോ പാടിക്കൊണ്ടിരുന്നു.പെട്ടെ ന്ന് സംഗീതം നിലച്ചു. " നമ്മൾ വിനോദ യാത്രക്കാണ് പോകുന്നത് അല്ലാതെ കല്യാണം കൂടാനല്ല " എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ട് സീനിയർ ക്ലാർക്ക് വരുണിന്റ ശബ്ദം മുഴങ്ങി. നർമ്മ ബോധമുള്ള ആ ചെറുപ്പക്കാരന്റെ വാക്കുകൾ യാത്രയുടെ രസത്തിലേക്ക് മറ്റുള്ളവരെ കൊണ്ടു വരാൻ ശ്രമിച്ചുള്ളതായിരുന്നു. 

          " മധുവിധുവിനാണ് അല്ലാതെ മരണ വീട്ടിൽ അല്ല നമ്മൾ പോകുന്നത് "  അവന്റെ വാക്കുകളിൽ അവളോടുള്ള അമർഷം പുകഞ്ഞു. യാത്ര ആരംഭിച്ചതു മുതൽ നിശബ്ദതയിൽ പുറത്തെ കാഴ്ചകൾ കാണുന്നതിൽ ഹരം കണ്ടെത്തുകയായിരുന്നു അവൾ. പെട്ടന്ന് അവൻ വണ്ടി നിർത്തി. പിറകെ ഹോൺ മുഴക്കുന്ന വാഹനങ്ങളുടെ ബഹളം കണ്ടതും അവളുടെ ചുണ്ടിൽ ഊറിയ പുഞ്ചിരി മാഞ്ഞു.കപട ദേഷ്യത്തിൽ  ദഹിപ്പിക്കുന്ന നോട്ടം നോക്കിയ ശേഷം അവൾ പഴയ രീതിയിൽ പുറത്തേക്കു നോക്കിയിരുന്നു. പിന്നെ അവൻ ഒന്നും മിണ്ടിയില്ല. ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചു മുന്നോട്ട്... അവരുടെ സ്വപ്ന ഭൂമിയായ കന്യാകുമാരിയിലേക്ക്..... . 

        ആദ്യമുണ്ടായിരുന്ന തണുപ്പൻ മട്ട് വിട്ട് യാത്ര സംഘം ഉഷാറിലായി. ഇന്ദിര മാഡത്തിന്റെ ചുണ്ടിൽ പഴയ ഒരു സിനിമ ഗാനം തത്തിക്കളിച്ചു. അതിൽ കോർത്ത മുത്തുകൾ പോലെ ഓരോരുത്തരും ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി.

വരുണിന്റ അടുത്ത സീറ്റിൽ ഇരിക്കുന്ന രാജേഷ് ഇതിൽ ഒന്നും ശ്രദ്ധിക്കാതെ ഭാവി വധുവിനെ കുറിച്ചുള്ള ഭാസുര ചിന്തകളിൽ മുഴുകിയിരിക്കുന്നു. അതിൽ ഭംഗം ഉണ്ടാക്കാൻ ആരും മെനക്കെട്ടില്ല. അടുത്ത മാസം അവന്റെ  വിവാഹമാണെന്ന കാര്യം അവർക്കെല്ലാം ഓർമയുണ്ട്. രേണുകയുടെ പ്രായത്തിനേക്കാൾ മധുരമായിരുന്നു അവളുടെ ശബ്ദത്തിന്. മുൻവശം സീറ്റിൽ ഇരുന്ന് ഉറക്കം തൂങ്ങിയ ജയദേവൻ ഞെട്ടി ഉണർന്നു കാതു കൂർപ്പിച്ചു. 

       അവളുടെ പാട്ടു കേട്ടതും അവനറിയതെ കാർ നിർത്തി. അവർ പ്രണയത്തിൽ പെട്ട ആദ്യ ദിനങ്ങളിൽ അവൾ പാടാറുണ്ടായിരുന്ന അവനേറ്റവും ഇഷ്ടമുള്ള പാട്ടായിരുന്നു അത്. വിവാഹശേഷം അവൾ ആദ്യമായി അതു പാടി കേട്ടപ്പോൾ ഒരു നിമിഷം അവൻ തരളിതനായി.

രേണുകയെ ആദ്യമായി കണ്ട രംഗങ്ങൾ ഓരോന്നായി തെളിഞ്ഞു വരികയാണ്. ഹരിയും രേണുകയും ഇന്നിപ്പോൾ ഒന്നായി ജീവിത പാതയിൽ   ഒരുമിച്ചു യാത്ര തുടങ്ങിയിരിക്കുന്നു.റോഡിന്റെ ഇരു വശത്തുമായി താമരപ്പൂക്കൾ നിറഞ്ഞ ജലാശങ്ങൾ കണ്ടതും അവൾക്കൊപ്പം നീന്തി തുടിക്കുന്നതിന് ഒരു മോഹം തോന്നുന്നു. സമയം പോയതറിയാതെ അവർ ഇരുന്നു. പെട്ടന്ന് അവൾക്ക് ദാഹിച്ചു. വഴിയിൽ നൊങ്ക് വിൽക്കുന്ന സ്ത്രീയുടെ മുന്നിൽ കാർ നിർത്തി അവർ ഇറങ്ങി. " മുൻപ് കഴിച്ചിട്ടുണ്ടോ നീ ഇത്?  " ഗ്ലാസിൽ നൊങ്ക്  പകർന്നു അവൾക്കു നേരെ നീട്ടിക്കൊണ്ട് ഹരി ചോദിച്ചു. പനതേങ്ങയിൽ നിന്നും എടുത്ത നീരിന്റെ രുചി അവൾ ആദ്യമായി അറിയുകയായിരുന്നു. നിന്റെ പ്രണയനീരിനോളം മറ്റൊന്നും വരില്ലെന്ന് പറയാൻ അവൾ വെമ്പി. നാവിൽ നിന്നും പുറത്തു വരാൻ മടിച്ചു നിന്ന മറുപടി  ഒടുവിൽ ഇല്ലെന്നു സൂചിപ്പിക്കുന്ന തലയാട്ടലായി തീർന്നു. അവന്റെ കണ്ണുകളിൽ കണ്ട പ്രണയ ദാഹം കണ്ടില്ലെന്ന് ഭാവിച്ചു തിരികെ കാറിൽ കയറുമ്പോൾ അവളുടെ മുഖം അറിയാതെ തുടുത്തു തുടങ്ങിയിരുന്നു   

    " രേണുക എന്താ ഇറങ്ങുന്നില്ലേ?.  വാടോ നല്ല രുചിയാണ്..സ്വപ്നം കാണാതെ ഇറങ്ങി വാ " ഇന്ദിര അവളെ വിളിച്ചു. താൻ ഇപ്പോൾ ബസിൽ ആണെന്ന ബോധം അവൾക്കുണ്ടായി.എല്ലാവരും ബസിൽ നിന്നും ഇറങ്ങിക്കഴിഞ്ഞു. ദേവിയും പ്രിയയും മത്സരിച്ചു നൊങ്ക് കുടിക്കുന്നത് നോക്കി അവൾ അവർക്ക് അരികിലേക്ക് നടന്നു. മൂക്കുത്തി അണിഞ്ഞ വില്പനക്കാരിയുടെ മുന്നിൽ    പനതേങ്ങകൾ കൂട്ടിയിട്ടിരിക്കുന്നു. കുറച്ചു പേർ അവ വാങ്ങിക്കൂട്ടി. ദാഹശമനത്തിന് ശേഷം അവരെല്ലാം തിരികെ കയറി യാത്ര തുടർന്നു. ഉച്ച വെയിൽ കനത്തു തുടങ്ങിയെങ്കിലും വശങ്ങളിൽ നിന്നും തണുത്ത കാറ്റു വീശികൊണ്ടിരുന്നു. " എവിടെ എങ്കിലും ടാറ്റാ സ്കൈ ഡിഷ്‌ ചാർജ് ചെയ്യുന്ന കട കാണുന്നെങ്കിൽ നിർത്തണേ " പിൻ സീറ്റിൽ  നിന്നും ഉയർന്ന ആശങ്കയുടെ വാക്കുകൾ ഔസേപ്പച്ചന്റെയാണ്. രാവിലെ മുതൽ ആലുവയിൽ നിന്നും ഭാര്യയുടെ നിരന്തരമുള്ള ഫോൺ വിളിയ അസ്വസ്ഥനാണു അയാൾ. കുട്ടികൾ കൊച്ചു ടീവി കാണാതെ അടങ്ങി ഇരിക്കില്ലെന്നും ചാനൽ കിട്ടുന്നത്തിനുള്ള ഏർപ്പാട് ചെയ്യാതെ വേറെ രെക്ഷയില്ലെന്നും ഒക്കെ ഭാര്യ പല തവണയായി വിളിച്ചു പറഞ്ഞിരിക്കുന്നു. ഒടുവിൽ അയാൾ തന്നെ എല്ലാവരോടും തന്റെ ആവശ്യം ഉന്നയിച്ചു. ഡ്രൈവർക്കുള്ള നിർദേശം പെട്ടന്ന് നൽകി എങ്കിലും പോകുന്ന വഴിയിൽ അത്തരം കടകൾ ഒന്നും കണ്ടില്ല. വണ്ടി ഓടികൊണ്ടിരുന്നു. 

    " കന്യാകുമാരി യിലേക്ക് സ്വാഗതം " അകലെ വലിയകമാനത്തിൽ ഇംഗ്ലീഷ് ലിപികളിൽ എഴുതിയത് കണ്ടതും അവളുടെ ഉത്സാഹം വർധിച്ചു.തിരക്കിലൂടെ അവരുടെ കാർ മുന്നോട്ടു പൊയ്കൊണ്ടിരുന്നു. സഞ്ചാരികളുടെ ഒഴുക്ക് കൗതുകത്തോടെ അവൾ നോക്കികൊണ്ടിരിന്നു. പാതയൊരങ്ങൾ നിറയെ കച്ചവടക്കാർ സ്ഥാനം പിടി ച്ചി രിക്കുന്നു.മുത്തുകളും ശംഖുകളും കൊണ്ടുണ്ടാക്കിയ മാലകളും കരകൗശല വസ്തുക്കളും വാങ്ങാൻ തിരക്ക് കൂട്ടുന്ന സഞ്ചാരികളെ കൊണ്ടു അവിടെമാകെ നിറഞ്ഞു വെന്ന് പറയാം. ആദ്യമായി അവിടേക്കു വരുന്നതിന്റെ ആവേശത്തിൽ ചുറ്റുപാടുകളിലെ ഓരോ കാഴ്ചയും അവൾ ആസ്വദിച്ചു. ഉച്ചവെയിലിൽ   നീങ്ങുന്ന ബലൂൺ കച്ചവടക്കാരുടെ ദേഹത്ത് ഒഴുകി നീങ്ങുന്ന വിയർപ്പ് മണികൾ സൂര്യന്റെ വെയിലേറ്റു തിളങ്ങി.. കച്ചവടതെരുവിലെ കാഴ്ചകൾ പിന്നിട്ട ശേഷം കാർ " കേരള ഹൌസ് " എന്നെഴുതിയ വലിയ  കെട്ടിടത്തിന്റെ വിശാലമായ വളപ്പിൽ ചെന്നു നിന്നു. 

         ബസ് നിർത്തി ഇറങ്ങിയവരിൽ അവസാനത്തെ ആൾ രേണുക ആയിരുന്നു. കാറ്റിന്റെ കുസൃതിയിൽ പാറി പറക്കുന്ന മുടിയിഴകൾ ഒതുക്കി അവൾ ആ മുറ്റത്തു നിന്നു. നേരെ നോക്കുമ്പോൾ കടൽ കാണാം. ദേവി ആരെയോ ഫോൺ ചെയ്തു കൊണ്ട് അവളെ കടന്നു പോയി. ചക്രവാളതിനപ്പുറം അവൾക്ക് കേൾക്കാൻ മാത്രം ആരോ മന്ത്രിക്കും പോലെ വീശിയ കടൽ കാറ്റിന്റെ നേർത്ത സംഗീതം അവളുടെ കാതിൽ തട്ടി കടന്നു പോയി. സ്ത്രീകളുടെ വിശ്രമ മുറിയിൽ മറ്റുള്ളവർക്കൊപ്പം പോകാൻ വേണ്ടി തിരിഞ്ഞതും, എവിടെ നിന്നോ പെൺമയിൽ കൂട്ടത്തോടെ പറന്നിറങ്ങുന്ന കാഴ്ച അവൾ കണ്ടു. ചാര നിറത്തിൽ അവിടെ അവിടെ വെളുത്ത പുള്ളികൾ ചൂടിയ അവറ്റകൾ നിര നിരയായി സ്ഥാപിച്ച വിളക്ക് കാലുകളിൽ ഇരിപ്പുറപ്പിച്ചു. ഒരു പക്ഷെ പ്രിയന്റെ വരവും കാത്തിരിക്കുന്നതായിരിക്കും അവറ്റകൾ എന്ന ചിന്ത  അവളിൽ രോമാഞ്ചം ഉണർത്തി.

      തീൻ മേശയിൽ പതിനാറു പേർക്കുള്ള ഉച്ച ഭക്ഷണം നിരന്നു. ഔസേപ്പച്ചനും കൂട്ടുകാരായ രണ്ടു പേരും വരുന്ന വഴിയിൽ ഡിഷ്‌ ടീവി ചാർജ് ചെയ്യുന്ന കടയിൽ ഇറങ്ങിയെന്നു വേണുഗോപാൽ അറിയിച്ചു. വിനോദ യാത്രയുടെ മുഖ്യ സംഘാടകനാണ് അദ്ദേഹം. ഇങ്ങനെ ഒരു യാത്ര നടപ്പിൽ വരുത്തിയതിൽ  അദ്ദേഹത്തിന് വലിയ പങ്കാണുള്ളത്. വെള്ളചോറിൽ സാമ്പാർ ഒഴിച്ച് ഒരു ഉരുള വായിൽ വച്ചതും രേണുക ചുമച്ചു. 

            " എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് തന്നോട് ആഹാരം ശ്രദ്ധിച്ചു കഴിക്കാൻ... അതെങ്ങനെ വെട്ടി വിഴുങ്ങൽ അല്ലെ " അവളുടെ ശിരസ്സിൽ തട്ടിക്കൊണ്ട് ശാസന രൂപത്തിൽ ഹരി പറഞ്ഞപ്പോൾ അവൾ വിളറിയ ചിരിയിൽ മറുപടി കൊടുത്തു.കൈകളിലെ കുപ്പി വളകൾ ചിരിച്ചതു കേട്ട് വിളമ്പുകാരൻ എത്തി നോക്കി. ചുറ്റുമുള്ള മേശകൾ ഒഴിഞ്ഞു കിടന്നു. വെളുത്ത ചുമരിൽ പെയിന്റിംഗുകൾ തൂക്കിയിട്ടിരുന്നു. " ഈ വെളുത്ത തീൻ മേശയും ഭക്ഷണമുറിയും നീ ഇതിനു മുൻപ് കണ്ടതായി ഓർക്കുന്നുണ്ടോ " അവളുടെ പ്ലേറ്റിൽ രസം ഒഴിച്ചു കൊടുത്തു കൊണ്ട്  അവൻ ചോദിച്ചു. ഇല്ല എന്ന തലയാട്ടൽ കണ്ടപ്പോൾ പദ്മരാജൻ സിനിമയായ " ഞാൻ ഗന്ധർവ്വൻ " ആദ്യ ഭാഗം ഷൂട്ടിംഗ് ഇതേ കെട്ടിടത്തിൽ വച്ചായിരുന്നു എന്ന് അവൻ പറഞ്ഞപ്പോൾ  അവൾക്കത്  പുതിയ അറിവായിരുന്നു. ഇനി അതു കാണുമ്പോൾ ശ്രദ്ധിക്കണം എന്നവൾ മനസ്സിൽ ഉറപ്പിച്ചു. ഭക്ഷണം കഴിച്ച ശേഷം അവർ രണ്ടു പേരും വിവേകാനന്ദ പാറയിലേക്കുള്ള ബോട്ടിങ് ലക്ഷ്യമാക്കി പുറത്തേക്കു ഇറങ്ങി.        

    " ഞങ്ങൾ വിവേകാനന്ദ പാറയിലേക്കില്ല. വരുൺ ഉൾപ്പെടെ ഉള്ള ഏതാനും പേർ പിന്മാറി. ബാക്കിയുള്ള പുരുഷൻമാരും സ്ത്രീകളും ബോട്ടിംഗിനായുള്ള നീണ്ട ക്യൂവിൽ നിൽക്കാൻ വേഗത്തിൽ നടന്നു. സുനാമിതിരകൾ വിഴുങ്ങിയ കെട്ടിടത്തിന്റെ സ്ഥാനത്തു ഉയർന്ന പുതിയ കെട്ടിടത്തിലാണ് ടിക്കറ്റ് കൗണ്ടർ  പ്രവർത്തിക്കുന്നത്. ഒരു പാട് തവണ അവിടം സന്ദർശിച്ച അനുഭവങ്ങലുള്ള ജൂനിയർ സൂപ്രണ്ട് ആയ രാമ ചന്ദ്രൻ കന്യാകുമാരിയുടെ ചരിത്രം വിവരിക്കാൻ തുടങ്ങി. വിനോദ യാത്രക്കു വരാൻ മടിച്ചു മാറി  നിന്ന സീനിയർ ക്ലാർക്ക് ജിതിന്റെ മനസ്സ് മാറ്റി ഒപ്പം കൂട്ടിയ അദേഹത്തിന്റെ മാജിക്കിൽ അവരുടെ  അമ്പരപ്പ് ഇനിയും മാറിയിട്ടില്ല എന്നത് ഓരോ മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാം. നീണ്ട ക്യൂവിൽ നിന്ന് കൊണ്ട് അവർ അദ്ദേഹത്തിന്റെ വാക്കുകൾക്കു ചെവിയോർത്തു.

ക്യൂ നീങ്ങിതുടങ്ങി. സ്ത്രീകൾ പെട്ടന്ന് തങ്ങളുടെ സമീപത്തുകൂടി നീങ്ങുന്ന ഉത്തരേന്ത്യൻ നവ വധുവിനെ ശ്രദ്ധിച്ചു. സാരിതുമ്പു കൊണ്ട് മുഖം മറച്ചു കൊണ്ടു നടന്നു നീങ്ങുന്ന അവളുടെ ശരീരഭാഗങ്ങൾ ഏറെക്കുറെ അനാവ്രതമായിരുന്നു. ഇത്‌ കണ്ടു അവർ തമ്മിൽ പറഞ്ഞു ചിരിക്കുമ്പോൾ രേണുക വധുവിന്റെ കൈകളിലെ മൈലാഞ്ചിമൊഞ്ചു ആസ്വദിച്ചു കൊണ്ടിരുന്നു.  പെട്ടന്ന് അറിയാതെ തന്റെ ശൂന്യമായ കൈവെള്ളയിൽ നോക്കി നിൽക്കെ സ്വപ്നങ്ങൾ തീർക്കുന്ന മൈലാഞ്ചി രേഖകൾ തെളിഞ്ഞു വരുന്ന പോലെ അവൾക്കു തോന്നി.

           ഏതോ ഭ്രാന്തി   ജടയഴിച്ചു വിടർത്തിയിട്ട പോലെ,  നീണ്ട വടങ്ങൾ കരയിലെക്കിട്ട് വലിയ ഒരു ബോട്ട് ആടി ഉലഞ്ഞു തീരത്ത്‌ ചേർന്നു നിന്നു.

ഇരമ്പുന്ന എഞ്ചിന്റെ കര കര ശബ്ദത്തിൽ ആൾക്കാരുടെ ബഹളങ്ങൾ മുങ്ങിപ്പോയി.  പായൽ മൂടിയ  അതിന്റെ മുഖപ്പിൽ വർഷങ്ങളോളം തുരുമ്പിച്ച ഓർമ്മകൾ പറ്റിപിടിച്ചു കിടക്കുന്നു.ഇറങ്ങുന്ന യാത്രക്കാർ  ലൈഫ് ജാക്കറ്റുകൾ അവ ഇടേണ്ട ഇരുമ്പു കൂടകളിൽ ഉപേക്ഷിച്ചു പോകുന്നതിനെ എടുത്തു കൊണ്ടു കയറാൻ നിൽക്കുന്നവർ  തയ്യാറായി നിന്നു.ഏകദേശം നൂറ്റമ്പത്തോളം യാത്രക്കാരെ വഹിച്ചു കൊണ്ടു ബോട്ട് തന്റെ ലക്ഷ്യ സ്ഥാനത്തേക്കു കുതിച്ചു 

          കൈവരിയോട് ചേർന്നുള്ള സീറ്റ് ആണ് ഇന്ദിരക്കും സെലിനും കിട്ടിയത്. അവരിൽ നിന്നും  കുറച്ചുമാറി ഉത്തരേന്ത്യൻ ചെറുപ്പക്കാർക്കിടയിൽ പെട്ടു പോയി ദേവിയും പ്രിയയും. അവരെ നോക്കിയിരിക്കുമ്പോൾ രേണുകയുടെ ദൃഷ്ടി ഓളപ്പരപ്പിൽ ഒഴുകി നീങ്ങുന്ന ഏതോ സഞ്ചാരി യുടേതെന്നു തോന്നിപ്പിക്കുന്ന ബാഗിൽ ചെന്നു നിന്നു. ലക്ഷ്യമില്ലാതെ ഒഴുകി നീങ്ങുന്ന ജീവിതം പോലെ ഗതി മാറി  ഒഴുകി നീങ്ങുന്ന  ബാഗ് അവളുടെ ചിന്തകളുടെ ഒഴുക്കിനെ കുറച്ചു നേരം തടഞ്ഞു നിർത്തി. ബോട്ട് വിവേകാനന്ദ പാറയോട് അടുത്തു. പ്രവേശനടിക്കറ്റ്   എടുക്കാൻ വേണുഗോപാൽ പോയി. എല്ലാരും പാദരക്ഷകൾ സൗജന്യമായി സൂക്ഷിക്കുന്ന ഇടത്തേക്കു നീങ്ങി. നേരത്തെ ക്യൂവിൽ കണ്ട " നവ വധു " അവരെ കടന്നു പോയതും സ്ത്രീകൾ വീണ്ടും ചിരിച്ചു. കടലിൽ നോക്കി സ്വയമറിയാതെ നിൽക്കുന്ന രേണുകയെ ബലമായി പിടിച്ചു കൊണ്ട് പ്രിയ മുകളിലെക്കുള്ള പടികൾ കയറി. വിവേകാനന്ദന്റെ പാദമുദ്ര സൂക്ഷിച്ചിരിക്കുന്ന കെട്ടിടം ഇറങ്ങി താഴെയുള്ള നിരപ്പിൽ എത്തിയപ്പോൾ ശരീരത്തിൽ നേർത്ത വിറയൽ അവൾക്കു അനുഭവപ്പെട്ടു. നൂറ്റാണ്ടുകൾ പഴകിയ ഓർമ്മകൾ പേറി നില കൊള്ളുന്ന പാറയുടെ മനസ്സിൽ എവിടെയോ വരച്ചിട്ടു പോയ ചിത്രങ്ങൾ പോലെ താനും തന്റെ പ്രണയവും കാലത്തിന്റെ തിരയിൽ പെട്ടു മാഞ്ഞു തുടങ്ങിയിരിക്കുന്നു എന്നവൾക്കു തോന്നി. 

        അവർ കൈവരിയിൽ ചേർന്നു നിന്ന് സമുദ്രത്തെ പ്രണയപൂർവ്വം നോക്കി നിന്നു.മൈലാഞ്ചിയിട്ട് മനോഹരമാക്കിയ അവളുടെ കൈകളിൽ ഹരി  ചുംബിച്ചു. താഴെ പാറകളെ ചുംബിക്കാൻ ആർത്തു വരുന്ന തിരമാലകൾ അതു കണ്ടു ചിരിച്ചു. അകലേക്ക്‌ പോയാലും വീണ്ടും അവ മടങ്ങി വന്നു കൊണ്ടിരുന്നു. ഒരിക്കലും അവസാനം ഇല്ലാത്ത പോലെ. സന്ദർശകർ വിരലിൽ എണ്ണാവുന്നവർ മാത്രമെന്നത് അവർക്ക് അനുഗ്രഹമായി. താഴെ ക്കു നോക്കിയിരുന്നപ്പോൾ  പാറ ക്കൂട്ടത്തിന്റെ വിള്ളലുകളിൽ നിന്നും ഞണ്ടുകൾ മുകളിൽ കയറി വരുന്നത് കണ്ടു. അവളിലെ ബാല്യം ഉണർന്നു. താഴെ ഇറങ്ങാൻ കൊച്ചു കുട്ടിയെ പോലെ വാശി പിടിച്ചു. ഞണ്ടുകളെ അടുത്തു കാണാൻ ഉള്ള അവളുടെ മോഹത്തെ അവൻ തടഞ്ഞില്ല. ചുറ്റും ആരുമില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം രണ്ടു പേരും കൈവരിയിലൂടെ ശ്രദ്ധിച്ചു താഴെക്കു ഊർന്നിറങ്ങി,  ഞണ്ടുകളുള്ള പാറ മേൽ ഇരുന്നു. അതിനു താഴെ ഏറ്റവും അടിയിൽ കടലിനോട് ചേർന്നു  വീണ്ടും പാറകളുടെ ഒരു അടുക്കു കൂടി ഉണ്ട്. ഞണ്ടുകൾ അവരുടെ വരവിൽ തങ്ങളുടെ പ്രതിഷേധം എന്ന പോലെ വിടവിൽ കൂടി തിരിച്ചു പോയി. അവൾക്കു നിരാശയായി. എങ്കിലും തൊട്ടരികിൽ കടലിലേക്ക് താഴുന്ന സൂര്യൻ അവളുടെ നിരാശ അകറ്റി. പ്രണയത്തിന്റെ തിരകൾ അല തല്ലുന്ന മനസ്സോടെ രണ്ടു പേരും അസ്തമയം ദർശിച്ചു. 

              വിവേകാനന്ദ പാറയിൽ നിന്നും മടങ്ങി എത്തുന്നവരെയും കാത്ത്    മറ്റുള്ളവർ കരയിൽ നിൽപ്പുണ്ടായിരുന്നു.

അവരെല്ലാം കടകളിൽ നിന്നും വാങ്ങിക്കൂട്ടിയ സാധനങ്ങൾ കയ്യിൽ തൂക്കിയിട്ടുണ്ട്. രാജേഷിന്റെ കയ്യിൽ മനോഹരമായ ശംഖു കണ്ടപ്പോൾ രേണുക അതു വാങ്ങി നോക്കി. അവന്റയും ഭാവി വധു വിന്റെയും പേരുകൾ ഭംഗിയായി കൊത്തിയിട്ടുണ്ട്. നോക്കി നിൽക്കവേ കാലം പിറകോട്ടു നീങ്ങി,  ഓർമയുടെ ഗർത്തങ്ങളിലേക്കു.. .. വീണു 

        " ഹരിയേട്ടാ,  നോക്കു എന്തു ഭംഗിയുള്ള ശംഖ്... " ഏറ്റവും അടിത്തട്ടിൽ പാറയിൽ പറ്റി കിടക്കുന്നത് കണ്ടു അവൾ അതിനെ ചൂണ്ടിക്കാണിച്ചു. വഴുക്കൽ നിറഞ്ഞ പാറകൾ ക്കിടയിൽ സമുദ്ര ത്തിൽ മയങ്ങി കിടക്കുന്ന, ഏതോ ജീവിയുടെ സ്മാരകം അവളുടെ ആഗ്രഹമായി മുന്നിൽ നിൽക്കുമ്പോൾ അവനിലെ കാമുകൻ സട കുടഞ്ഞെണീറ്റു. പാന്റ് തെറുത്തു മുകളിൽ കയറ്റി,  ഇറങ്ങാൻ തയ്യാർ ആയി നിന്നു. അതു കണ്ടപ്പോൾ ഉള്ളിൽ എവിടെ നിന്നോ അകാരണമായ ഭയം അവളെ നോക്കി പല്ലിളിച്ചു. അരുത് എന്ന് പറയുന്നതിന് മുൻപ് എല്ലാം കഴിഞ്ഞു. കാൽ വഴുതി സമുദ്രത്തിലേക്ക്  വീഴുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ പേർ വിളിച്ചു.  അവൾ അപ്പോഴേക്കും വാടി കുഴഞ്ഞു നിലത്തു വീണു  കഴിഞ്ഞിരുന്നു. 

    ബോധം തെളിയുമ്പോൾ  അവൾ സെലിന്റെ മടിയിൽ തളർന്നു കിടന്നു. ചുറ്റും കൂടി നിൽക്കുന്നവർ  കാര്യം അറിയാനുള്ള ആകാംക്ഷയിൽ അവളെ ഉറ്റു നോക്കുന്നത് കണ്ടു അവൾക്കു ഉള്ളിൽ ചിരി പൊട്ടി. അവർക്കെന്തറിയാം?  ഈ തീരം തന്റെ പ്രണയം കവർന്നെടുത്തതും അതിന്റെ കനൽ നെഞ്ചിൽ എരിയുന്നതും ഒന്നും ആരും അറിയണ്ട.....അസ്തമയം കാണാൻ കാത്തു നിൽക്കുന്ന  എല്ലാവരോടും നമ്മൾ തിരിച്ചു പോകുകയാണ് എന്ന് വേണു ഗോപാൽ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി  സൂര്യനും കാർ മേഘങ്ങളും തമ്മിൽ ഉള്ള കണ്ണു പൊത്തിക്കളി മൂലം അസ്തമയം കാണുന്ന കാര്യം നടക്കില്ല എന്ന വിവരം എല്ലാവരെയും നിരാശരാക്കി. അങ്ങനെ ഒരു ദിവസത്തെ വിനോദ യാത്രയുടെ വിരാമം കുറിച്ചു കൊണ്ട് യാത്ര സംഘം ബസിനു നേർക്കു നടന്നു. അവരിൽ ഒരാളായി രേണുകയും. പോകുന്നതിന് മുൻപ് അവൾ ഒന്നു തിരിഞ്ഞു നോക്കി. അവളെ നോക്കികൊണ്ട് ഏതോ ജന്മാന്തര നൊമ്പരം പേറുന്ന സ്മാരകമായി വിവേകാനന്ദ പാറ അതാ നില കൊള്ളുന്നു. .. വീണ്ടും വീണ്ടും അവളെയും പ്രതീക്ഷിച്ചു കൊണ്ട്..... 

- പ്രിയങ്ക ബിനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ