വിയോഗം

വിയോഗം

വിയോഗം

കമ്പനിയില്‍ പണിയ്ക്കു വന്ന അയാളുടെ ഭാഷാശുദ്ധി എന്നെ വല്ലാതെയടുപ്പിച്ചു...

അമ്പതുവയസിനടുത്ത് പ്രായമുള്ള അദ്ദേഹത്തിന്റെ പേര് രാജനെന്നായിരുന്നു..

രാജേട്ടനടുത്തൊരു കസേരവലിച്ചിട്ട് ഞാന്‍ വീട്ടുവിശേഷങ്ങളൊക്കെ തിരക്കി...

ഭാര്യയും 
മൂന്നുപെണ്‍കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം..

ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന മൂത്ത മകള്‍ ഒരു പ്രേമത്തില്‍പ്പെട്ട് ആരോടും പറയാതെ
രണ്ടുവര്‍ഷം മുമ്പ് ഒളിച്ചോടി....

രണ്ടാമത്തെയാള്‍ പ്ളസ്ടുവിനും ഇളയവള്‍ പത്തിലും പഠിയ്ക്കുന്നു...

ലാളിച്ചു വളര്‍ത്തിയ മകള് പോയപ്പോള്‍ മദ്യത്തിനടിമപ്പെട്ട് മെച്ചപ്പെട്ടൊരു സ്ഥാപനത്തിലെ കാര്യപ്പെട്ട ജോലിയും രാജേട്ടന്‍ നഷ്ടപ്പെടുത്തി....

ഇപ്പോ അതിരാവിലെ ലോക്കലിന് കയറി ഇതുപോലെ എവിടെയെങ്കിലുമിറങ്ങി വേലയന്വേഷിയ്ക്കും...

നാട്ടിലൊരു കൂലിപ്പണിയ്ക്കു പോയാല്‍ അഭിമാനക്കുറവിനു പുറമെ മദ്യത്തിനും മക്കളുടെ പഠിപ്പിനും മറ്റു ചിലവിനും കൂടി കാശ് തികയില്ല..

ഇതാവുമ്പോള്‍ ദിവസവും കുറഞ്ഞതൊരു മുവായിരമെങ്കിലും തടയും...

അടുത്തു വച്ച കുപ്പി തുറന്ന് രാജേട്ടന്‍ വെള്ളമില്ലാതെ രണ്ട് മുറുക്കിറക്കി...

കുടിച്ചത് അദ്ദേഹമാണെങ്കിലും നെഞ്ചെരിഞ്ഞതെനിയ്ക്കായിരുന്നു..

ഞാനൊരു കപ്പ് വെള്ളമെടുത്ത് കൊടുത്തെങ്കിലും ആളത് വാങ്ങാന്‍ കൂട്ടാക്കിയില്ല..

മോളിപ്പോ എവിടെയാണെന്ന എന്റെ ചോദ്യത്തിന് രാജേട്ടനിങ്ങനെ മറുപടി പറഞ്ഞു...

അതൊന്നുമന്വേഷിച്ചിട്ടില്ല..

പഠിത്തത്തിലവള്‍ക്ക് റാങ്കുണ്ടായിരുന്നു...

പ്രൊഫസറാക്കാന്‍ ആഗ്രഹവും..

ഇനിയിപ്പോ ഞാനൊരുദിവസം അവളുടെ വീട്ടിലെത്തും..

അവിടെയെനിയ്ക്കൊരു പണിയെടുക്കണം....

അതെന്റെയൊരു പ്രതികാരമോഹം കൂടിയാണ്...

രാജേട്ടാ നിങ്ങള്‍ കഴിയ്ക്കുന്നതിലല്ല എനിയ്ക്കുവിരോധം...
കുറച്ച് വെള്ളം കൂട്ടുന്നതിനെന്താ?..

അതൊന്നും സാരമില്ലനിയാ..
ഹൃദയമെന്നോ ചത്തു..
ഇനിയിപ്പോ ഉള്ള കരളും പോട്ടെ....

കാശ് കൊടുത്ത് പിരിയുമ്പോള്‍ രാജേട്ടന്‍ ഒരിയ്ക്കല്‍ക്കൂടി പറഞ്ഞു...

അടുത്ത് വന്നിരുന്നതല്ലേ..അനിയനും ഒരു കുളി നല്ലതാണ് ...

പിന്നെ ചെയ്യേണ്ടൊരുപകാരമെന്താണെന്നുവച്ചാല്‍ ആര് കക്കൂസ് നിറഞ്ഞ കാര്യം പറഞ്ഞാലും എന്റെ നമ്പറ് കൊടുക്കണം.... ചേതമില്ലാത്തൊരുപകാരമല്ലേ....

പറയാം...

തുരുമ്പുപിടിച്ചൊരു ബക്കറ്റും തോളിലേറ്റി അലക്ഷ്യമായി നടന്നു പോവുമ്പോള്‍ അദ്ദേഹത്തിന്റെ നെഞ്ചിലെ അഗ്നികുണ്ഡം എന്നിലേയ്ക്കും പകര്‍ന്നിരുന്നു....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ