ഡ്രാക്കുള
- Stories
- Priyanka Binu
- 23-Nov-2018
- 0
- 0
- 1361
ഡ്രാക്കുള
അഞ്ജു ഒരു നേഴ്സ് ആണ്. നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെ മാലാഖമാരിൽ ഒരാൾ. 22 വയസ്സ് കഴിഞ്ഞ സുന്ദരിയും ചുറു ചുറുക്കുമുള്ള ചുരുണ്ട മുടിക്കാരി. ഡെറ്റോൾ മണക്കുന്ന ചുവരുകൾക്കിടയിൽ, മരണ ഗന്ധം തങ്ങി നിൽക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിൽ ഹൃദയം കൊണ്ട് സംസാരിക്കുന്നവൾ. അവളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ കടൽ ഇരമ്പുന്നത് കാണാൻ ഭാഗ്യമുള്ള രോഗികൾ. അവർക്കെന്നും അവൾ മകളായി, സഹോദരിയായി, കൂട്ടുകാരിയായി. അവൾക്കു ആകെ ഉള്ളത് അമ്മ മാത്രം. ബാല്യത്തിലെവിടെയോ വച്ചു വേർപിരിഞ്ഞ അച്ഛന്റെ ഓർമ്മകൾ അവ്യക്ത സ്വപ്നം പോലെ, ഇടയ്ക്കിടെ രാത്രിയുടെ മറ നീക്കി പുറത്തു വരുമായിരുന്നു. അമ്മയുടെ കഷ്ടപ്പാടുകളുടെ ഫലമെന്നോണം അവൾക്കിന്നൊരു ജോലി ലഭിച്ചിരിക്കുന്നു. സ്നേഹവും കരുണയും സമർപ്പണവും ചൊരിയുന്ന മാലാഖയായി അവൾ മാറിയിരിക്കുന്നു.
ആഴ്ചയിൽ ഒരിക്കൽ അമ്മയെ കാണാൻ പോകുന്ന അവളുടെ യാത്ര ട്രെയിനിലായിരുന്നു. ഈ യാത്രയിൽ ചിലപ്പോൾ പഴയ സഹപാഠികളെ കണ്ടു മുട്ടാറുണ്ട്.
അങ്ങനെ ഒരു യാത്രയിൽ സ്കൂൾ കൂട്ടുകാരിയായ വിദ്യയെ ആകസ്മികമായി കണ്ടു മുട്ടി. കംപാർട്ട്‌മെന്റിൽ നല്ല തിരക്കായിരുന്നു. ഓടിക്കിതചെത്തിയ വിദ്യയെ തന്റെ അടുക്കൽ ഇരുത്തിയതും ട്രെയിൻ എടുത്തതും ഒരുമിച്ചായിരുന്നു. അഞ്ജുവിന്റെ നാവിലൂടെ പിന്നെ വിശേഷങ്ങൾ ഒഴുകികൊണ്ടിരുന്നു. പരസ്പരം പറഞ്ഞു തീർന്നപ്പോൾ വീണ്ടും ചുറ്റുപാടിലേക്ക് അവർ മടങ്ങി വന്നു. ഉറക്കത്തിലേക്ക് വഴുതി വീണ വിദ്യയുടെ ശിരസ്സ് അഞ്ജുവിന്റെ തോളിലേക്ക് ചാഞ്ഞു. പെട്ടന്ന് അഞ്ജുവിന്റെ കണ്ണുകൾ നേരെ എതിർ സീറ്റിൽ ഇരിക്കുന്ന അപരിചിതനിലേക്ക് നീണ്ടു. ഒരു നിമിഷം കാലിലെ പെരുവിരലിൽ നിന്നും ഒരു വിറയൽ ദേഹമാകെ പടരുന്ന പോലെ അവൾക്കു അനുഭവപ്പെട്ടു.
അവളുടെ ഓർമ്മകൾ കർപാത്യൻ മലനിരകളിലെ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന, കൂറ്റൻ കൊട്ടാരത്തിന്റെ അകത്തളങ്ങളിലെവിടെയോ, തലമുറകളുടെ പ്രയാണത്തിൽ, ഇനിയും മരിക്കാത്ത, രക്ത ദാഹിയുടെ കനലെരിയുന്ന കണ്ണുകളിൽ എത്തി നിന്നു.
നോവലിൽ വായിച്ചു മനസ്സിൽ എവിടെയോ കൊരുത്ത രൂപവുമായി സാമ്യം കണ്ടെത്തിയപ്പോൾ അവളുടെ സിരയിൽ തണുപ്പ് അരിച്ചു കയറി..അയാളുടെ വിളറിയ മുഖത്ത് നീണ്ടു വളഞ്ഞ നാസികയുടെ തുമ്പിൽ വിയർപ്പു തുള്ളികൾ തിളങ്ങുന്നു.ധരിച്ചിരി ക്കുന്ന കറുത്തു നീണ്ട കുപ്പായവും അവളുടെ ഭാവനയോട് ചേർന്നു നിന്നു. പെട്ടന്ന് അയാൾ അവളെ നോക്കി. കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവൾ കണ്ടത് പരാജിതന്റെ ആർത്ത നാദം മുഴുവൻ ആഴത്തിൽ ഒളിപ്പിച്ച കടൽ ആയിരുന്നു. ഇയാൾ ഡ്രാക്കുളയാണോ? ഈ ഡിജിറ്റൽ യുഗത്തിൽ മനുഷ്യർക്കിടയിൽ ഇങ്ങനെ സ്വതന്ത്രനായി വിലസാൻ എങ്ങനെ കഴിയും? താൻ എന്തൊക്കെയാണി ചിന്തിച്ചു കൂട്ടുന്നത്? ഉറങ്ങുന്ന വിദ്യയെ വിളിച്ചുണർത്തി, അവൾ തന്റെ ആശയക്കുഴപ്പം പങ്കു വച്ചു. " നീ പറയും പോലെ അയാളെ കണ്ടാൽ ശെരിക്കും ഡ്രാക്കുള തന്നെ. ഒരു വഴി ഉണ്ട്. നിന്റെ മൊബൈൽ ഇങ്ങു തരൂ " വിദ്യയുടെ പതിഞ്ഞ ശബ്ദം അവളുടെ കാതിൽ തട്ടി നിന്നു. നേർത്ത ചിരിയോടെ അവൾ അഞ്ജുവിന്റെ ഫോണിൽ നിന്നും അയാളുടെ ഫോട്ടോ എടുത്തു. കൂട്ടുകാരികൾ ആകാംക്ഷ യിൽ മൊബൈലിൽ നോക്കിയതും അഞ്ജുവിന്റെ മുഖം വിളറിയതും ഒന്നിച്ചായിരുന്നു. ഫോട്ടോ ശൂന്യമായിരുന്നു. വിദ്യ വീണ്ടും ശ്രമിച്ചു. മൂന്നാമത്തെ ക്ലിക്കിൽ ഡ്രാക്കുള പിടിക്കപ്പെട്ടു. പിന്നെ ഉയർന്ന കൂട്ടച്ചിരിയിൽ അവർ അടുത്തിരുന്ന യാത്രക്കാരുടെ അസ്വസ്ഥത നിറഞ്ഞ നോട്ടങ്ങളെ ശ്രദ്ധിച്ചു കൂടിയില്ല. പ്രത്യേകിച്ചും " പ്രഭു " വിനെ. അയാൾ ഉറക്കത്തിലേക്കു വീണു കഴിഞ്ഞിരുന്നു
അമ്മയുടെ മടിത്തട്ടിൽ പഴയ കളിക്കുട്ടിയായി വാരാന്ത്യം ചിലവഴിച്ച ശേഷം വീണ്ടും ആശുപത്രിയിലെ വെളുത്ത ലോകത്തേക്ക് അവൾ മടങ്ങി. ട്രെയിനിൽ ഇരിക്കുമ്പോൾ ജാലകത്തിലൂടെ നേർത്ത ചിറകടി ശബ്ദം ഉയരുന്നുവോ?
ഉള്ളിൽ പൊട്ടിയ ചിരി പുറത്തെ കാഴ്ചകളിലേക്ക് തെറിച്ചു വീണു.
ആശുപത്രിയിൽ പ്രഭാതത്തിന്റെ ശാന്തത അവളെ സ്വീകരിച്ചു. വരാന്തയിൽ നേർത്ത പാദ പതനങ്ങൾ, അങ്ങിങ്ങായി കൂട്ടിരിപ്പുകാരുടെ നെടു വീർപ്പു കനച്ച ശബ്ദങ്ങൾ, ആവർത്തനങ്ങളുടെ ഒഴുക്കിൽ അവൾ തന്റെ ഡ്യൂട്ടി റൂമിലെത്തി. യൂണിഫോമിലേക്ക് കൂടു മാറിയ ശേഷം അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിച്ചു. ഡ്യൂട്ടി ചാർട്ടിൽ നോക്കിയപ്പോൾ തന്റെ ഇവിടുത്തെ ഡ്യൂട്ടി ഇന്നു കൂടി മാത്രം എന്ന് അവൾ ഓർമിച്ചു. നാളെ മുതൽ വാർഡിലേക്ക്. ആദ്യമായി കാണുന്ന പോലെ അവൾ ആ മുറിയെ നോക്കി. വിശാലമായ മുറിയിൽ പത്തു കിടക്കകൾ നിരയായി അടുക്കിയിട്ടിരിക്കുന്നു. അവയെ വേർതിരിക്കാൻ ആകാശ നീല കർട്ടനുകൾ..... മരണം ഒളിച്ചു കളിക്കുന്ന നീല വിരികൾ മറയ്ക്കുന്ന കൂടാരങ്ങൾ പോലെ അവ തോന്നിച്ചു. അവയിൽ മിക്കവയും ശൂന്യമായിരുന്നു. രണ്ടു കിടക്കകളിൽ മാത്രം ആളുണ്ട്. ഒഴിഞ്ഞ കിടക്കകൾ അനാവൃതമാക്കി കൊണ്ടു അവൾ കർട്ടനുകൾ വകഞ്ഞു മാറ്റി. അപ്പോൾ ആ മുറിയിൽ ഉണ്ടായിരുന്ന ശ്വാസം മുട്ടൽ ഇല്ലാതായത് പോലെ അവൾക്കു തോന്നി.എത്ര നിശ്വാസങ്ങൾ ! മരണത്തിന്റെയും ജീവിതത്തിന്റെയും ഗന്ധം മാറി മാറിയേൽക്കുന്ന മുറിയാണിത്. സമയം ഡ്രിപ് ബോട്ടിലിൽ കൂടി ഒഴുകി ഇറങ്ങുന്ന മരുന്നു തുള്ളികളെ പോലെ ഇറ്റിറ്റു വീണു കൊണ്ടിരുന്നു
ഏകദേശം പത്തു മണി ആയെന്നു തോന്നുന്നു, വീൽ ചെയറിൽ ഏകദേശം 50 വയസ്സ് തോന്നിക്കുന്ന സ്ത്രീയെ കൊണ്ടു വന്നു. കൂടെ അവരുടെ മകൾ ആണെന്ന് തോന്നുന്നു ചുരിദാർ ധരിച്ച ഒരു യുവതിയുമുണ്ട്. പെട്ടന്ന് അഞ്ജു തന്റെ കടമയിലെക്ക് തിരിഞ്ഞു. തലചുറ്റൽ ആണെന്ന് കൂടെ ഉള്ള യുവതി പറഞ്ഞു. അവരുടെ വിവരങ്ങൾ രേഖപ്പെടുത്തി യ ശേഷം ഡ്യൂട്ടി ഡോക്ടറെ അറിയിച്ചു. പെട്ടന്ന് നീല കർട്ടനിലൂടെ നേർത്ത ചിറകടി ശബ്ദം അവൾ കേട്ടത്. തന്റെ ഹൃദയം വേഗത്തിൽ തുടിക്കുന്നതിന്റെ കാരണം അവൾക്കു പോലും മനസ്സിലായില്ല. പെട്ടന്ന് അവൾ സ്ത്രീയെ കിടത്തിയ ശേഷം കർട്ടൻ താഴ്ത്തിയിട്ടു. പുറത്തു കടന്നപ്പോൾ പുതിയ ഒരു രോഗിയെയും കൊണ്ടു
അറ്റൻഡർ പ്രവേശിച്ചു കഴിഞ്ഞിരുന്നു.
അവൾ ഒന്നു നോക്കിയതും അയാളെ തിരിച്ചറിഞ്ഞു. തന്റെ മൊബൈൽ ഗാലറിയിൽ എവിടെയോ ഉള്ള ശവപ്പെട്ടിയിൽ നിത്യ നിദ്ര പോകുന്ന അതേ ഡ്രാക്കുള ആയിരുന്നു അയാൾ. പക്ഷെ തളർന്ന മിഴികളിൽക്കൂടി അയാൾ അവളെ ആദ്യമായി കാണുന്ന പോലെ നോക്കി. നെഞ്ചു വേദന ആണത്രേ ! കൂടെ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിനു മൗനമായിരുന്നു മറുപടി. അത്യാഹിത വിഭാഗത്തിൽ പുതിയ ഫയൽ തുടങ്ങുന്നതിനു വേണ്ടി അയാൾ തന്റെ പേഴ്സിൽ നിന്നും എടുത്തു കൊടുത്ത നോട്ടുകളുമായി അവൾ റിസപ്ഷനിലേക്ക് ഓടി. ഇസിജി യിൽ തെളിഞ്ഞ രേഖയിൽ ഹൃദയം കുസൃതി കാണിച്ചത് കൊണ്ടാവും കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റാൻ ധാരണയായതു. അന്നേ ദിവസം മുഴുവൻ ഒരു നിഴൽ പോലെ അവൾ അയാളോടൊപ്പം ഉണ്ടായിരുന്നു.എന്തിനാണ് താനീ മനുഷ്യന്റെ കാര്യത്തിൽ ഇത്ര വേവലാതിപ്പെടുന്നത്? തന്റെ ആരാണ് ഇയാൾ? ചോദ്യങ്ങൾ ഓരോന്നായി മനസ്സിൽ കിടന്നു വീർപ്പു മുട്ടുന്നു. അയാളുടെ നെറ്റിയിൽ കാലത്തിന്റെ ചുളിവുകൾ വരച്ച പാതയിൽ പിന്നോട്ട് പോയപ്പോൾ, അവൾ തനിക്കു നഷ്ടപ്പെട്ട വാത്സല്യത്തിന്റെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നതായി കണ്ടു. അവൾ ഡോക്ടറെ കണ്ടു അയാളുടെ ആരോഗ്യ സ്ഥിതി ചോദിച്ചറിഞ്ഞു. അടിയന്തിരമായ ഒരു ഹൃദയ ശസ്ത്രക്രിയ വേണ്ടി വരും. അറിഞ്ഞിടത്തോളം അയാൾക്ക് ബന്ധുക്കളാരും തന്നെ ഇല്ല. പക്ഷെ ശസ്ത്ര ക്രിയ വേണ്ട എന്ന തീരുമാനത്തിൽ ആണ് അയാളെന്നു തോന്നുന്നു. മുഖത്തെ നിർവികാരതക്ക് മാറ്റം വരുത്താതെ ഡോക്ടർ പറഞ്ഞു നിർത്തി. അവൾ പിന്നെ അവിടെ നിന്നില്ല.
ഉച്ച വെയിലിന്റെ ഉഷ്ണത്തിൽ ഡ്രാക്കുള വിയർത്തു കുളിച്ചു.
പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ പിറകിൽ നിന്നും ആരോ വിളിച്ച പോലെ. തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചു കൊണ്ടു ഒരു മാലാഖ അടുത്തേക്ക് വരുന്നു. അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവൾ അയാളുടെ കൈകൾ പിടിച്ചു. അയാളുടെ മിഴികളിൽ നിന്നും പുറത്തേക്ക് വരുന്ന ചോദ്യങ്ങൾ പാടെ അവഗണിച്ചു കൊണ്ടു അവൾ അയളെയും കൊണ്ടു തിരികെ ആശുപത്രിയുടെ കോട്ട വാതിൽ കടക്കുമ്പോഴേക്കും ഒരു കട വാവലായി പറന്നു രെക്ഷപ്പെടാൻ ആവാത്ത വിധം സൂര്യൻ ഉച്ചിയിൽ എത്തിയിരുന്നു.
അന്നു രാത്രി അവളുടെ സ്വപ്നത്തിൽ ഹൃദയത്തിൽ മുറിവേറ്റ, ചോര വാർന്നൊരു രൂപം, കനിവ് തേടി അവളെ മാടി വിളിക്കുന്നതായി കണ്ടു.അടുത്തേക്ക് ചെല്ലും തോറും അകന്നു അകന്നു പോകുന്ന കറുത്ത രൂപം ചിറകുകൾ വീശി കട വാവലായി ചിറകിട്ടടിച്ചു പറന്നു പോയതും അവൾ ഉണർന്നു.
ശസ്ത്രക്രിയക്ക് ഒടുവിൽ അയാൾ സമ്മതിച്ചു. പതുക്കെ പതുക്കെ അയാളുടെ ഹൃദയം അവൾക്ക് മുന്നിൽ ആണികൾ ഒന്നില്ലാതെ ഇളകി വീണു. അവളുടെ സ്നേഹമഴയിൽ ഒരു കൊച്ചു കുട്ടിയെപോലെ നനഞ്ഞു. പിന്നീടുള്ള ദിനങ്ങളിൽ അയാളുടെ വാർഡിൽ ഓരോ കാരണങ്ങൾ ഉണ്ടാക്കി അവൾ പോകാൻ തുടങ്ങി. അയാൾക്ക് വേണ്ടി അവൾ തന്റെ ഡ്യൂട്ടി അവിടേക്കു ചോദിച്ചു വാങ്ങി. ഓപ്പറേഷൻ കഴിഞ്ഞു വന്ന അയാളെ അവൾ നന്നായി നോക്കി. ഇടയ്ക്കു എപ്പോഴോ ആദ്യമായി താൻ അയാളെ കണ്ട കഥ നേർത്ത ചമ്മലിൽ പൊതിഞ്ഞു അയാളോട് പറഞ്ഞു. അതു കേട്ടപ്പോൾ അയാൾ അവളെ കളിയാക്കിയില്ല. പകരം താൻ ശെരിക്കും ഒരു ഡ്രാക്കുള ആയിരുന്ന ഭൂതകാലത്തെക്കുറിച്ച് സൂചിപ്പിച്ചു.
കണ്ടു മുട്ടുന്ന ഓരോ സ്ത്രീയുടെയും ഞരമ്പുകളിലൂടെ തന്റെ പ്രണയത്തിൻ ദംഷ്ടയാൽ അവരുടെ രക്തം ഊറ്റിക്കുടിച്ചു രസിച്ചിരുന്ന ഉന്മാദി. തന്റെ പ്രണയം കുടിച്ചവരെല്ലാം തന്റെ ആഞ്ജാനുവർത്തികൾ ആയി മാറി. അവരിൽ കൂടി തന്റെ യൗവനങ്ങൾ ചടുല താളത്തിൽ കടന്നു പോയി.താൻ മൂലം എത്ര സ്ത്രീ ജന്മങ്ങൾ ഗതി കെട്ടാതെ അലഞ്ഞിട്ടുണ്ടെന്നു ഓർക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു. " ഇന്ന് എന്റെ കൂടെ ആരുമില്ല..... തിരിഞ്ഞു നോക്കി നെടുവീർപ്പിടാൻ മാത്രം വിധിക്കപ്പെട്ട എന്നെ നീ എന്തിനു കൂട്ടിരുന്നു പരിചരിക്കുന്നു? " അവൾ മറുപടി കൊടുക്കാതെ അയാളുടെ നെറ്റിയിൽ തങ്ങിയ വിയർപ്പു മണികൾ തുടച്ചു കൊടുത്തു. സ്നേഹിക്കാൻ ബന്ധങ്ങളുടെ നൂലിഴ വേണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന കാര്യം അപ്പോഴാണ് അവൾക്കു ഓർമ വന്നത്.
ആശുപത്രിയിൽ നിന്നും പോകേണ്ട ദിവസം എത്തിച്ചേർന്നു. സൂര്യൻ ഉദിച്ചു വരാൻ തുടങ്ങിയതും അയാൾ ഉണർന്നു. ജാലകം തുറന്നപ്പോൾ ഇളം കിരണങ്ങൾ അയാളുടെ വിളറിയ മുഖത്ത് അരുണിമ പടർത്തി. തന്നെയും കാത്തു കിടക്കുന്ന കൂറ്റൻ
കെട്ടിടം ഭൂത കാല ജീവിതത്തിന്റെ മാറാലകൾ പേറി നഗരത്തിൽ തന്നെയുള്ള കാര്യം അയാളിൽ അസ്വസ്ഥത ഉളവാക്കി. വീട് എന്നു വിളിക്കാൻ ഒരിക്കലും തോന്നാത്ത അവിടേക്കു മടങ്ങി പോകാൻ അയാൾ തയ്യാറായി കഴിഞ്ഞു. ബില്ല് അടച്ചു ഡിസ്ചാർജ് നടപടി ക്രമങ്ങൾ അവസാനിക്കുന്നതും കാത്ത് വെളുത്ത കിടക്കയിൽ അയാൾ അലസനായി കിടന്നു.
നാട്ടിലേക്കു പോകാനുള്ള ട്രെയിൻ കാത്ത് പ്ലാറ്റ് ഫോമിൽ അക്ഷമയോടെ കാത്തു നിൽക്കുന്ന അഞ്ജുവിന്റെ മുന്നിൽ തെളിഞ്ഞ ചിരിയോടെ വിദ്യ പ്രത്യക്ഷപ്പെട്ടു.അഞ്ജുവിന്റെ മുഖം വിടർന്നു. അവൾ വാചാലയായി. കാത്തിരിപ്പിന്റെ അവസാനം ചൂളം വിളിച്ചു കൊണ്ടു വണ്ടി വന്നു നിന്നു. അഞ്ജു തന്റെ കൂടെയുള്ള വിളറിയ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് സാവധാനം ട്രെയിനിൽ പ്രവേശിച്ചു. അടുത്ത സീറ്റിൽ അവൾക്കൊപ്പം ഇരിക്കുമ്പോൾ അയാളുടെ മിഴികൾ അറിയാതെ നിറഞ്ഞു. പിന്നീട് ഒരിക്കലും അവൾക്കു അയാൾ ഡ്രാക്കുളയായി തോന്നിയിട്ടില്ല,ഒപ്പം അച്ഛന്റെ ഓർമ്മകൾ പുതച്ച നഷ്ട ബോധം പോലും അവളിൽ നിന്നും പറന്നു പോയി കഴിഞ്ഞിരുന്നു.
- പ്രിയങ്ക ബിനു
എഴുത്തുകാരനെ കുറിച്ച്
പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login