ലളിതം

ലളിതം

ലളിതം

വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്ത് പെട്ടന്നെനിയ്ക്കൊരു ബസ് യാത്ര തരപ്പെടുകയുണ്ടായി....

 

അത്രയധികം മുന്തിയ പദവിയിലെത്തിയതുകൊണ്ടൊന്നുമല്ല എങ്ങോട്ടെങ്കിലും പോവാന്‍ ബസ്സുപയോഗിയ്ക്കാഞ്ഞത്...

 

അടുപ്പിടച്ചടുപ്പിച്ചുള്ള സ്റ്റോപ്പുകളും ആളുകളുടെ അസഹനീയ വിയര്‍പ്പുനാറ്റവും തിക്കും തിരക്കുമെല്ലാം കൂടി കണക്കിലെടുത്ത് ഒന്നുകില്‍ ബെെക്കോ അല്ലെങ്കില്‍ കാറിലോ എങ്ങോട്ടെങ്കിലും പോവും....

 

പൊതുവെ ആളുകുറഞ്ഞ ആ ബസ്സില്‍ ഞാന്‍ കണ്ടക്ടറുമായി അല്‍പ്പനേരം സംസാരിച്ച് കാര്യങ്ങളൊക്കെ മനസിലാക്കി...

 

അടിക്കടിയുള്ള ഡീസല്‍വിലയും അധികരിച്ച പെര്‍മിറ്റുകളാലും എല്ലാ വീട്ടിലും ഏറെക്കുറെ വാഹനമുള്ളതുകൊണ്ടും  ഇതുതന്നെയാണെന്നത്തേയും സ്ഥിതിയെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു....

 

മുപ്പതു രൂപകൊണ്ടെത്തേണ്ട സ്ഥലത്തേയ്ക്ക് കാറെടുത്താല്‍ മുന്നൂറു രൂപയുടെ പെട്രോള് കാണണം..

 

അതിനുപുറമെ നിരത്തില്‍ നിറഞ്ഞു കിടക്കുന്ന വണ്ടികള്‍ക്കിടയിലൂടെ കണ്ണും കാതും തലയും കാലും കൂര്‍പ്പിച്ച് മറ്റൊന്നും ചിന്തിയ്ക്കാതെ അതിസാഹസികമായി വണ്ടിയോട്ടണം...

 

ഞാനൊന്നാലോചിച്ചു...

ബസ്സിലിതുപോലെ കയറിയിരുന്നാല്‍ എന്തൊരു സുഖമാണ്..

 

ഒന്നുമറിയേണ്ട....

ഒരു കഥപ്രിയനെന്ന നിലയ്ക്ക് പലപല ആളുകളെ കാണുകയും കേള്‍ക്കുകയും ചെയ്യാം..

ഇഷ്ടംപോലെ മതിമറന്ന് ചിന്തിയ്ക്കാം....

 

ഒരാള്‍ക്ക് വേണ്ടി ഒരു കാറുമായി റോഡിലിറങ്ങുകയെന്ന് വച്ചാല്‍ പുഴു തുഞ്ചും പോലെ വാഹനങ്ങളധികരിച്ച ഇന്നത്തെ അവസ്ഥയില്‍ ദേശദ്രോഹം തന്നെയാണെന്നു പറയാതെ വയ്യ...

 

ഞാനെന്റെ  ചിലവുകളെപ്പറ്റിയും ഒന്നു ബോധവാനായി...

 

ഒരു ദിവസത്തെ കണക്കെടുത്താല്‍ 

വീട്ടിലേയ്ക്ക് വാങ്ങുന്ന മീനിന് കുറഞ്ഞപക്ഷം ഇരുനൂറ് രൂപയെങ്കിലുമാവും..

 

പിന്നെ ഫ്രൂട്സും മറ്റു ചില്ലറ സാധനങ്ങളുമൊക്കെയായി അരിയും പലവ്യഞ്ജനവുമൊഴികെ അഞ്ഞൂറ് രൂപ കണക്കാണ് ...

 

മാര്‍ക്കറ്റില്‍ മീനധികം വരുമ്പോള്‍ അതിനനുസരിച്ച് വാങ്ങുകയും സാധാരണഗതിയില്‍ അമ്പതുരൂപയ്‌ക്ക് ചെറുമീനാക്കുകയും ചെയ്താല്‍ കുറഞ്ഞപക്ഷം മാസം മുവായിരം രൂപയെങ്കിലും  ലാഭിയ്ക്കാം....

 

അതുപോലെത്തന്നെ കുട്ടികള്‍ക്ക്  വാങ്ങുന്ന സാധനങ്ങളുടെ  കാര്യവും അല്‍പ്പമൊന്ന് മിതംവരുത്തിയാല്‍ വീട്ടിലവര്‍ക്ക്  ചോറുണ്ണാനുള്ള പ്രവണതയും ഉണ്ടാക്കിയെടുക്കാം....

 

ഇങ്ങിനെ മൊത്തത്തില്‍ പ്രതിമാസം ഞാനൊരു ലിസ്റ്റുണ്ടാക്കിയെടുത്തു....

 

മീന്‍വക മുവായിരം.. 

ബേക്കറിവക രണ്ടായിരം ....

കാറുവക അയ്യായിരം... 

ഡ്രസ്സുവക രണ്ടായിരം.... 

സൗഹൃദപാര്‍ട്ടിവക രണ്ടായിരം.... 

പിന്നെയും അല്ലറചില്ലറ വക മൂവായിരം... 

 

ശരാശരി ഒരു മാസത്തില്‍ പതിനേഴായിരം രൂപ മാന്യമായ വസ്ത്ര- ഭക്ഷണ-സംവിധാനത്തോടു കൂടി എനിയ്ക്ക് മാറ്റിവയ്ക്കാനാവും....

 

ഇതൊരു ലാഭക്കൊതിയോടെ കാണാതെ നേരായ മാര്‍ഗ്ഗത്തിലുപയോഗിച്ചാല്‍  എത്രയെത്ര പാവപ്പെട്ടവരെ എനിയ്ക്കു  സഹായിയ്ക്കാനാവും....

 

എന്റെ  കയ്യിലൊന്നുമില്ലാത്തതിനാലാണ് ഞാനാരെയും സഹായിയ്ക്കാത്തതെന്ന പതിവു പല്ലവിയെങ്കിലും നിര്‍ത്താനാവുമല്ലോ....

 

വെറും മുപ്പത് രൂപ കൊടുത്ത് വിശാലമായ ബസ്സില്‍ നിന്നും ഞാന്‍ ചിന്തിച്ചെടുത്ത കാര്യം അടുത്തദിവസം തൃശ്ശൂരിലേയ്ക്കുള്ള യാത്ര കാറിനു പകരം ട്രെയിനിലാക്കി ഒന്നു പരീക്ഷിച്ചു നോക്കി...

 

പോകുമ്പോള്‍ ലോക്കലിന് ഇരുപത്തഞ്ചുരൂപ..

 

തിരിയ്ക്കുമ്പോള്‍ പരശുവിന് അമ്പതുരൂപ..

ആകെ ചിലവ് എഴുപത്തഞ്ചുരൂപ..

 

കാറിനാണെങ്കില്‍ ചുരുങ്ങിയത് ആയിരമുറപ്പ്....

 

ഇതരസൗകര്യങ്ങള്‍ക്കപ്പുറം സാമ്പത്തികലാഭം മാത്രം ആറുമണിക്കൂറിനുള്ളില്‍ തൊള്ളായിരത്തിരുപത്തഞ്ചുരൂപ....

 

അതുമാത്രമോ...പാസഞ്ചറിലൊന്നും ആളേയില്ല...

 

ഇങ്ങിനെ ആളില്ലാതെ പോയാല്‍ റെയില്‍വെ ആ  വണ്ടിയെന്നൊഴിവാക്കുമെന്ന്  നോക്കിയാല്‍ മതി..

 

സേവനതല്‍പ്പരനായ, ഞങ്ങള്‍ ക്യാപ്റ്റനെന്നു വിളിയ്ക്കുന്ന  ഉണ്ണിയേട്ടനുമായി ഞാനിക്കാര്യം പങ്കുവച്ചു....

 

അദ്ദേഹം സ്വന്തം  കണക്കുകൂട്ടി ആറായിരം രൂപ മാറ്റിവയ്ക്കാമെന്ന് പറഞ്ഞു....

 

അങ്ങിനെയിത് വേണ്ടപ്പെട്ടവരോടൊക്കെ പറഞ്ഞ് ഒരു പൊതുസമ്പത്തുണ്ടാക്കി സുതാര്യവും സത്യസന്ധവുമായ രീതിയില്‍  എത്രയോ സാധുജനങ്ങളേയും നിരാലംബരേയും നമുക്ക്  സഹായിയ്ക്കാനാവില്ലേ ...

 

ചുരുങ്ങിയ തോതിലെങ്കിലും ആഗ്രഹങ്ങള്‍ ത്യജിച്ചുണ്ടാക്കുന്ന കാശാവുമ്പോള്‍ അതിന്റെ മഹത്വവും ദെെവീകഗുണവും ഇരട്ടിയാണ്....

 

മാസത്തിലെല്ലാവര്‍ക്കും അയ്യായിരവും  പത്തായിരവും കഴിയണമെന്നില്ല...

ചിലര്‍ക്കത് ലക്ഷവുമാവാം....

 

എത്രയെന്നതിനേക്കാള്‍ നമ്മളതിനായി എന്തെല്ലാം ഒഴിവാക്കി എന്നതുതന്നെയാണ് അതിന്റെ  മൂല്യം...

 

ഇതുപോലെ എത്രയെത്ര ആഢംഭരസൗകര്യങ്ങള്‍ !

പൊളിച്ചടുക്കുന്ന വീടും പൊക്കം കൂടുന്നമതിലും പെട്ടിയിലൊരു ഞെക്കിന് തുറക്കുന്ന ഗെയിറ്റും ..

അങ്ങിനെയെന്തെല്ലാം കാര്യങ്ങള്‍ .....

 

ഒരു ബസ് യാത്രയില്‍ ഉരുത്തിരിഞ്ഞ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഭാവനകളും ചേര്‍ന്ന വെറുമൊരു കഥ മാത്രമാണ് ലളിതം.... 

 

പക്ഷേ..വായിയ്ക്കുന്ന നിമിഷം മുതല്‍ നമ്മളോരോരുത്തരും അത് മനസിലേയ്ക്കെടുത്താല്‍ പലര്‍ക്കുമൊരു ജീവിതമാകും എന്നതില്‍ യാതൊരു സംശയവുമില്ല .

എല്ലാവർക്കും നന്ദി, നമസ്കാരം.

-ജയരാജ് പരപ്പനങ്ങാടി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ