#സൃഷ്ടി_മത്സരം_കാഴ്ച/ജയരാജ് പരപ്പനങ്ങാടി
- Stories
- സൃഷ്ടി അഡ്മിൻ ടീം
- 10-Jun-2018
- 0
- 0
- 1144
#സൃഷ്ടി_മത്സരം_കാഴ്ച/ജയരാജ് പരപ്പനങ്ങാടി
മനസു പറഞ്ഞു.....
പ്രപഞ്ചവിസ്മയത്തിന്റെ മതിവരാത്ത നൂറുനൂറായിരം കാഴ്ചകള് നമുക്ക് മുന്നിലുണ്ടെന്നിരിയ്ക്കെ ഒരു കഥയ്ക്കാണോ പഞ്ഞം...
പക്ഷേ...ഓരോ വര്ണ്ണവസന്തങ്ങളിലൂടെയും കാഴ്ചകള് മിന്നിമറയുമ്പൊഴൊക്കെ ചിന്തയില് രാഘവേട്ടന് ഇടയ്ക്കുകയറി പറയും...
എന്നെപ്പറ്റിയെഴുതൂ ജയാ...
ഒരുപക്ഷേ നീയല്ലാതെ ഇനിയാരും......
അതെന്നെ ശരിയ്ക്കും സങ്കടപ്പെടുത്തി..
ഞാനദ്ദേഹത്തോടു പറഞ്ഞു...
രാഘവേട്ടാ ഇതൊരു മല്സരകഥയാണ്...
എന്റെ ആത്മാവിലോട്ട് കയറി ഒന്നു മിന്നിച്ചേക്കണം ...
ഹഹഹ ഇവന്റെയൊരുകാര്യം...
മല്സരം നമുക്ക് വേണോ മോനേ...
ശരി നിന്റെയിഷ്ടം പോലെ...
നീ തുടങ്ങിക്കോളൂ....
രാഘവേട്ടനെ എല്ലാവര്ക്കും വളരെയധികം ഇഷ്ടമായിരുന്നു....
സൗമ്യസ്വഭാവമുള്ള അദ്ദേഹം ലോട്ടറിടിക്കറ്റ് വിറ്റാണ് ഉപജീവനമാര്ഗ്ഗം തേടിയിരുന്നത്...
രണ്ടു പെണ്കുട്ടികളുള്ള രാഘവേട്ടന് രാവിലെ മുതല് രാത്രിവരെ സകല അങ്ങാടികളിലും നടന്നു നീങ്ങും...
അദ്ദേഹത്തിന്റെ വടിയുടെ തലയ്ക്കല് ഒരു ചെറിയ കൊക്കയുണ്ടായിരുന്നു...
തന്റെ നടത്തത്തിനിടയില് റോഡിലുള്ള വടിയില് തടയുന്ന സകല പ്ളാസ്റ്റിക് കവറുകളും കൊളത്തിയെടുത്ത് രാഘവേട്ടന് തോളിലുള്ള സഞ്ചിയില് തിരുകും ...
അതെല്ലാം കൂടി ഏതെങ്കിലുമൊരു മാലിന്യപ്ളാന്റില് വെെകുന്നേരം നിക്ഷേപിയ്ക്കും...
പലരുമിതിനെ പ്രോല്സാഹിപ്പിയ്ക്കാന് പാരിതോഷികങ്ങളുമായി വന്നിട്ടുണ്ടെങ്കിലും രാഘവേട്ടനത് സവിനയം നിരസിയ്ക്കുകയാണ് പതിവ്...
അദ്ദേഹം വരുന്നവരോടൊക്കെ പറയും..
ഞാന് പ്ളാസ്റ്റിക് പെറുക്കാന് നടക്കുകയല്ലല്ലോ..
ലോട്ടറി വില്ക്കുന്നതിനിടയില് 'കാണുന്ന'തൊക്കെ സഞ്ചിയിലിടുന്നൂന്ന് മാത്രം...
അതിനെനിയ്ക്കെന്തിനാ പാരിതോഷികം...
ഒരിയ്ക്കല്
രാഘവേട്ടനിങ്ങനെ പെറുക്കുന്നതിനിടയില് ഒരു കവറിലുള്ള പെഴ്സില് നിന്നും കനമുള്ളൊരു സ്വര്ണ്ണ മാലകിട്ടി....
അന്നദ്ദേഹം നേരെപ്പോയത്
പോലീസ്റ്റേഷനിലേയ്ക്കായിരുന്നു...
രണ്ടു ദിവസത്തിനുള്ളില് മാലയുടെ ഉടമസ്ഥനെത്തുകയും രാഘവേട്ടന്റെ സാന്നിധ്യത്തില് ഇന്സ്പെക്ടര് തിരിച്ചു കൊടുക്കുകയും ചെയ്തു..
സ്റ്റേഷന് പുറത്തേയ്ക്കിറങ്ങിയ ബാവാജിയുടെ മകള് റുഖിയ രാഘവേട്ടനെ കാറില് കയറ്റി, ജ്വല്ലറിയില് നിന്നുംഉപകാരസ്മരണയായി ഓരോ പവന്റെ മാലവാങ്ങി, അദ്ദേഹത്തിന്റെ പത്തിലും എട്ടിലും പഠിയ്ക്കുന്ന രണ്ട് കുട്ടികളുടേയും കഴുത്തിലിട്ടുകൊടുത്തു..
റുഖിയയുടെ സ്നേഹത്തിനുമുമ്പില് രാഘവേട്ടന്റെ തിരസ്കരണംതീര്ത്തും പരാജയപ്പെട്ടു...
തന്റെ മക്കള് ആദ്യമായ് സ്വര്ണ്ണമണിഞ്ഞത് കാണാന് ആ മനസ് വല്ലാതെ മോഹിച്ചു..
പക്ഷേ....
അതുപോലെ പലരും ഉപേക്ഷിച്ചു പോയ പൂച്ചക്കുട്ടികളേയും പട്ടിക്കുഞ്ഞുങ്ങളേയുമൊക്കെ റോഡിലരഞ്ഞ് പോവാതിരിയ്ക്കാന് ഒരു പരിഭവുമില്ലാതെ രാഘവേട്ടനെടുത്തു വളര്ത്തും....
അങ്ങിനെയിരിയ്ക്കെ ഒരു സന്ധ്യയ്ക്ക് ലോട്ടറിവിറ്റ് വരികയായിരുന്ന രാഘവേട്ടനെ പരമാവധി അരികിലായിട്ടും മറ്റൊരു വണ്ടിയുമായി മല്സരിച്ചു വന്നകാറ് ഇടിച്ചു തെറിപ്പിച്ച് നിര്ത്താതെ പോയി ...
ഇക്കാലംവരെ ഒരുകുഞ്ഞുകല്ല് തട്ടിപോലും നിലത്തുവീഴാത്ത അദ്ദേഹം വേദനകൊണ്ടുപിടഞ്ഞു...
പരിചയമില്ലാത്ത സ്ഥലമായിരുന്നതിനാല്
ആളുകളേറെയുണ്ടായിട്ടും പോലീസുവരുന്നതുവരെ റോഡില് കിടന്ന് ആ പാവം ചോര വാര്ന്ന് മരിച്ചു....
വീണുകിടക്കുമ്പോഴും തന്റെ അന്ധതയെ തോല്പ്പിച്ച വടിയും പ്ളാസ്റ്റിക് നിറഞ്ഞ സഞ്ചിയും രാഘവേട്ടന് പിടിവിട്ടിട്ടില്ലായിരുന്നു.....
കഥ മുഴുമിപ്പിച്ചപ്പോള് ഞാന് രാഘവേട്ടനോട് ചോദിച്ചു...
രാഘവേട്ടാ റുഖിയാത്തയെപ്പോലുള്ള സുമനസുകളേറ്റെടുത്ത് അങ്ങയുടെ മക്കളുടെ കല്ല്യാണം നടത്തിയതൊക്കെ എഴുതണോ ?.
ഏയ്...ഇതൊരു കാഴ്ചയുടെ കഥയല്ലെ ജയാ...
അതുമതി....
അവസാനത്തെ വരി നീയിങ്ങനെ എഴുതി നിര്ത്തിക്കോളൂ....
കാഴ്ചയുണ്ടായിട്ടും ആരും അതില്ലായ്മ നടിയ്ക്കരുതൂട്ടോ...
നന്ദി നമസ്കാരം...വായനക്കാര്ക്കുവേണ്ടി
രാഘവേട്ടനും ജയനും....
- ജയരാജ് പരപ്പനങ്ങാടി
എഴുത്തുകാരനെ കുറിച്ച്
സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login