അശ്വമേധം

അശ്വമേധം

അശ്വമേധം

അശ്വമേധം....................... 

 

 

.................... 

"പുരുഷൻ ?"    ചോദ്യകർത്താവിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. അന്തരീക്ഷം പൊതുവെ ബഹളം നിറഞ്ഞതായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ കമ്പാർട്ട്മെന്റ്   " അശ്വമേധം  " പരിപാടിയുടെ വേദിയാകാൻ അധികം താമസിച്ചില്ല. പതിവ് സായാഹ്നയാത്രക്കാർ രണ്ടു ടീമായി തിരിഞ്ഞു അന്നത്തെ അവരുടെ വിനോദ പരിപാടിക്കു തുടക്കം കുറിക്കുകയാണ്. വിവിധ ഓഫീസുകളിൽ ആയി ചിതറിക്കിടക്കുന്ന ഉദ്യോഗസ്ഥർ ആയ അവർ  വൈകുന്നേരം ഒരേ ട്രെയിൻ മാലയിൽ കൊരുത്ത മുത്തുകൾ പോലെ തങ്ങളുടെ പതിവ് യാത്ര തുടങ്ങുന്നു. ശ്വാസം മുട്ടുന്ന തിരക്കിൽ പോലും വിരസത മാറ്റുന്നത്തിനൊപ്പം അറിവുകൾ ചികഞ്ഞു എടുക്കാൻ ഒരു നേരിയ പരിശ്രമം കൂടിയാണ് മനസ്സിന്റെ ഉള്ളിലെക്കുള്ള വാതിൽ തുറക്കുന്ന ഈ അശ്വമേധം.സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലം കൂടി ആൾക്കാർ കയ്യടക്കി കഴിഞ്ഞു. 

 

 

              " അതെ " എതിർടീം മറുപടി തെല്ലുറക്കെയായിരുന്നു. തൊട്ടുമുകളിൽ കിടക്കുന്ന മനുഷ്യൻ അസ്വസ്ഥതയോടെ തല ഉയർത്തി. " നാശം ഉറങ്ങാൻ സമ്മതിക്കില്ല. " അയാൾ പല്ലിറുമ്മി. 

 

             " "ജീവിച്ചിരിപ്പുണ്ടോ ? " അടുത്ത ചോദ്യം അയാളുടെ കർണ്ണപുടങ്ങളിൽ മുഴങ്ങി.  " അതെ " താൻ ജീവിച്ചിരിപ്പുണ്ട്. എന്തിനെന്നറിയാതെ,  ആരെന്നറിയാതെ,  ലക്ഷ്യമില്ലാതെ.... യാത്ര തുടരുന്നു. 

 

 

         " ജീവിച്ചിരിക്കുന്ന പുരുഷൻ " ചോദ്യടീം തങ്ങൾക്കു കിട്ടിയ സൂചനകൾ മനസ്സിൽ അടുക്കുകയാണ്. കൂട്ടത്തിൽ ചുരുണ്ട മുടിയുള്ള യുവതിയുടെ വക അടുത്ത ചോദ്യം " 50 വയസ്സിനു മുകളിൽ പ്രായം ? "  

 

           " അല്ല ".. അൻപതു വയസ്സ്,  ജീവിതത്തിൽ അനുഭവങ്ങൾ നൽകിയ മധുരവും കയ്പും നുകർന്ന ശേഷം ഉൾക്കാഴ് ചയിൽ വീണ്ടും ജീവിതം തുടങ്ങുന്ന പ്രായം. ഇല്ല.. ഇനിയും നാലഞ്ചു വർഷങ്ങളുടെ നെരിപ്പോടിൽ ഉരുകി ഉറയ്ക്കുവാൻ കൂടി ഉണ്ട്. 

 

 

               മത്സരം ആവേശത്തോടെ മുന്നേറിക്കൊണ്ടിരുന്നു. ജില്ല കണ്ടെത്താൻ വേണ്ടി... തിരുവനന്തപുരം,  കൊല്ലം,   ആലപ്പുഴ.... ഇവയിൽ ഏതെങ്കിലും ആണോ ?  ഉത്തരം ഇവയിൽ ഒളിച്ചിരിപ്പുണ്ടോ ? 

 

        

      " അതെ " തന്റെ ജന്മദേശം കിഴക്കിന്റെ വെനീസിൽ ആയിരുന്നു. കുട്ടിക്കാലത്തെ തോണിയാത്രയുടെ രസം നിറഞ്ഞ ഓർമ്മകൾ,  നീന്തിത്തുടിച്ച കൗമാര കുതൂഹലതകൾ.... ഒക്കെ ഒരു സ്വപ്നം പോലെ തെളിഞ്ഞു വരുന്നു..അടുത്ത ചോദ്യം മേഖല കണ്ടെത്താൻ ഉള്ളതായിരുന്നു. കല,  രാഷ്ട്രീയം,  സാഹിത്യം...... ഒടുവിൽ " ഒരു സംഭവം കൊണ്ടുള്ള പ്രശസ്തിയിൽ അവർ എത്തിചേർന്നു. 

 

          അതെ.. താനും പ്രശസ്തനാണ്. ഒരു സംഭവം കൊണ്ടുള്ള പ്രശസ്തി ആവോളം നുകർന്നത്തിന്റെ പരിണാമമാണല്ലോ തന്റെ യി ലക്ഷ്യ ബോധമില്ലാത്ത യാത്ര. 

 

 

            ജീവിച്ചിരിക്കുന്ന 50 വയസ്സിനു താഴെ പ്രായമുള്ള ആലപ്പുഴക്കാരനായ ഒരു  സംഭവം കൊണ്ട് പ്രശസ്തനായ പുരുഷൻ... സ്വയം വിലയിരുത്തൽ നടത്തുമ്പോൾ കൂടി ഓർമ്മകൾ ആത്മാവിന്റെ ആഴങ്ങൾ തേടി അലഞ്ഞു. 

 

            ശിഷ്യരെ സ്വന്തം മക്കളെ പോലെ കരുതി..... സ്വാർത്ഥമോഹങ്ങൾ വിടരാൻ അനുവദിക്കാത്ത  ഒരധ്യാപകനായി.....വേണ്ട ഒന്നും ഓർക്കാൻ ഇഷ്ടമല്ല  തനിക്കു...  തലയിൽ ആയിരം വണ്ടുകൾ മുരളും പോലെ.... കുട്ടികളുടെ പ്രിയ അധ്യാപകൻ എന്ന വിശേഷണം തന്നിൽ നേരിയ അഹന്ത പടർത്തിയിരുന്നോ ?

 

 

          കുപ്രസിദ്ധി?  ......   ചോദ്യം കൂരമ്പു പോലെ ഹൃദയത്തിൽ തറയ്ക്കുന്നു. എവിടെയാണ് തനിക്കു തെറ്റിയത് ? പരീക്ഷഹാളിൽ ഇലക്ട്രോണിക് വാച്ച് ഉപയോഗിച്ച് കോപ്പിയടിക്കുവെന്ന പരാതി വൈസ് പ്രിൻസിപ്പൽ ആയ തന്റെ മുന്നിൽ എത്തി. ഉടനെ ക്ലാസ്സിൽ പാഞ്ഞു ചെന്നപ്പോൾ കണ്ടത് പരിഭ്രമത്തിന്റെയും ഭയത്തിന്റെയും നിഴൽ പറ്റി നിൽക്കുന്ന പതിനേഴു കാരനെ. 

 

 

               "കുപ്രസിധനായ ആലപ്പുഴക്കാരൻ. അപ്പോൾ സംഭവം നടന്നത് 2010 നു ശേഷം ? " ചോദ്യാവലി നീണ്ടു. ടീം പുതിയ വഴിത്തിരിവിലെക്ക്. വിൻഡോ സീറ്റിൽ ഉറങ്ങിയിരുന്ന വൃദ്ധൻ ആകാംഷയോടെ ഉറ്റു നോക്കി.  

 

 

        അതെ... മറുപടി അയാളുടെ മനസ്സിൽ മുഴങ്ങി. പിറ്റേന്ന് കുട്ടിയെയും അച്ഛനെയും വിളിപ്പിച്ചു.തന്നെ കൂടാതെ ഇൻവിജിലേറ്റർ ആയിരുന്ന ടീച്ചറും പ്രിൻസിപ്പലും മാത്രം. കുറ്റം സമ്മതിക്കാനുള്ള കുട്ടി യുടെ ശ്രമങ്ങൾ അപ്പാടെ തള്ളികളയുന്ന പിതാവിന്റെ വാക്കുകളിൽ ഞെട്ടി നിൽക്കുന്ന അദ്ധ്യാപകർ.... തെറ്റു തിരുത്താൻ അവസരം പോലും കൊടുക്കാൻ മകനെ അനുവദിക്കാതെ പണക്കൊഴുപ്പിൽ വിദ്യാഭ്യാസം  വിലക്കെടുക്കാൻ ഉള്ള  ഭാവം പുറത്തു കാട്ടി നിൽക്കുന്ന പിതാവിന്റെ അരികിൽ നിൽക്കുന്ന കുഞ്ഞു കണ്ണുകൾ ഭയത്താൽ ചുറ്റും എന്തോ തിരയുന്നുണ്ടായിരുന്നു. മീറ്റിംഗ് വാക്ക് തർക്കത്തിൽ അവസാനിച്ചു. 

 

 

               ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടൊ ?... ഉണങ്ങാത്ത മുറിവിൽ ഉപ്പു നീര് ഒഴിച്ച പോലെ..... പ്ലസ്ടു വിദ്യാർത്ഥിയുടെ ആത്മഹത്യ പ്രേരണ കുറ്റത്തിനു അറസ്റ്റ് ചെയ്യുമ്പോൾ ഉള്ളിൽ അധ്യാപകന്റെ കടമകൾ ഓരോന്നായി അടക്കം ചെയ്യപ്പെടുകയായിരുന്നു. 

 

 

            ചോദ്യങ്ങൾ ക്രമം തെറ്റി എണ്ണിയതിന്റെ പേരിൽ ടീമുകൾ തമ്മിൽ ഉണ്ടായ  ചെറിയ തർക്കം ഉടനെ പരിഹരിക്കപ്പെട്ടു. എതിർ ടീം ഉത്തരത്തിനോട് അടുത്തു കൊണ്ടിരിക്കുന്നു. ചെറിയ ഒരു അവ്യക്തത പരിഹരിക്കാൻ വേണ്ടി അടുത്ത ചോദ്യം " നിരപരാധിയായി പുറത്തു വന്നയാൾ ?" ചോദ്യകർത്താവ് ആത്മ വിശ്വാസത്തിന്റെ കൊടുമുടിയിലെത്തി. 

 

 

       പ്രകടനങ്ങൾ,  കോലം കത്തിക്കൽ,    ഒപ്പം മാധ്യമങ്ങളുടെ വേട്ടയാടലുകലും. പ്രിയ ശിഷ്യർ കൂടെ നിന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ക്രൂരൻ ആയ അധ്യാപകന്റെ പരിവേഷത്തിൽ കുറെ നാൾ കൂടി നിറഞ്ഞു നിന്നു. നിരപരാധിയായി പുറത്തു വന്നപ്പോഴേക്കും ആത്മസത്തയുടെ അവസാന നീരും ഊറ്റിയെടുക്കപ്പെട്ടിരുന്നു. 

 

 

         21 മത്തെ അവസാന ചോദ്യം ചോദിക്കുമ്പോൾ എതിർ ടീമിന്റെ മനസ്സിൽ ഒളിപ്പിച്ച ആളിനെ കണ്ടെത്താൻ ചോദ്യ ടീമിനു കഴിഞ്ഞു. ആഹ്ലാദത്തോടെ പേര് ഉച്ചരിക്കപ്പെട്ടു. ഇനി അടുത്ത ടീമിന്റെ ഊഴമാണ്. 

 

      

        ശെരിയാണ്. അടുത്ത ഊഴം ആരുടെ? വിദ്യാഭ്യാസ കമ്പോളത്തിൽ ഇരയാക്കപെടാൻ ഊഴം കാത്തു എവിടെ യോ ഒരു അധ്യാപകൻ തന്നെ പോലെ.........    .........  

 അശ്വമേധം  തുടരുകയാണ്.... രാത്രിയുടെ ചിറകിൽ ഇരുട്ടിനെ കീറി മുറിച്ചു ട്രെയിൻ കൂകി പാഞ്ഞു. 

പ്രിയങ്ക ബിനു  

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ