സ്വപ്നങ്ങളില്ലാത്തവർ
സ്വപ്നങ്ങളില്ലാത്തവർ
അവർ ഒരുമിച്ചായിരുന്നു യാത്ര തുടങ്ങിയത്..! യാത്രയ്ക്ക് മുൻപ് അവർ പ്രാർത്ഥിച്ചിരുന്നു. കുന്നിൻ ചരിവിലൂടെ ശാന്തമായൊഴുകുന്ന പ്രവാഹിനിയുടെ തീരത്ത് വച്ചായിരുന്നു അവർ കണ്ടുമുട്ടിയത്. അവരുടെ സ്വപ്നങ്ങളിൽ നാളെയുടെ കണികകൾ മാത്രമേയുള്ളൂ. ഇന്നലെകളുടെ വ്യാധികളും ഇന്നത്തെ ആധികളും അവർക്ക് സ്വപ്നം കാണുവാനാകുമായിരുന്നില്ല...
വ്യാധികളും ആധികളും അവരുടെ ജീവിതമായിരുന്നു...
യാത്രയിൽ ഈന്തപ്പനകളുടെ മറവിലിരുന്ന് കൂമൻ ചെമ്പോത്ത് മൂളുമ്പോൾ വനത്തിനുള്ളിലെ ശാന്തതയിലുടലെടുത്ത പ്രതിധ്വനി കേട്ട് നടുക്കത്തോടെ അവരിലൊരാൾ സഹയാത്രികയോട് ചോദിച്ചു..
" മരണത്തിന്റെ വരവറിയിക്കുന്ന ശബ്ദമല്ലേ അത്..?
അല്ല.. ജീവിതമവസാനിക്കുന്നതിന്റെ മുന്നറിയിപ്പാണ്.. !
ദേഹത്ത് കറുത്ത പുള്ളികളുള്ള സഹയാത്രിക മറുപടി പറഞ്ഞു
അത് തന്നെയല്ലേ മരണം?.. നിറയെ രോമങ്ങളുള്ള വെളുത്ത കൂട്ടുകാരൻ തുടർചോദ്യമുന്നയിച്ചു..
മരണം... അത് എന്റെ ജീവിതത്തിന്റെ സാക്ഷാത്കാരമാണ്... അതിനുമപ്പുറം എന്റെ സ്വപ്നങ്ങളുടെ വർണ്ണാഭമായ പര്യവസാനവും
നിനക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നോ...? രണ്ടടി മുന്നോട്ട് നടന്ന കൂട്ടുകാരൻ തിരിഞ്ഞു നിന്ന് ചോദിച്ചു
സ്വപ്നങ്ങളിൽ എനിക്ക് ജീവിതമുണ്ടായിരുന്നു.. പക്ഷെ സ്വപ്നങ്ങൾ കാണാൻ ജീവിതമെന്നെ അനുവദിച്ചില്ല.. നിന്നിടത്ത് നിന്ന് തലയുയർത്തി ആകാശത്തിലേക്ക് നോക്കി ഗദ്ഗദത്തോടെ അവൾ മറുപടി പറഞ്ഞു..
അവർക്കിടയിലെ മൗനം സ്വപ്നങ്ങൾ നിറഞ്ഞതായിരുന്നു
അൽപ നേരത്തിനു ശേഷം മുഖാമുഖം നോക്കി മൗനികളായ
അവരിൽ നിന്ന് വീണ്ടും സംഭാഷണ മുതിർന്നു...
നീയെനിക്ക് ഒരു ജീവിതം തരുമോ? സ്വപ്നം കാണുവാനും സ്നേഹം നൽകുവാനും കഴിയുന്ന ഒരു ജീവിതം.. ശ്യാമവർണ്ണത്തിന്റെ ഏഴഴക് ഹ്യദയത്തിനുമുണ്ടെന്ന് വ്യക്തമാക്കി അവൾ ചോദിച്ചു.
വീണ്ടും അവർ പരസ്പരം മുഖത്ത് നോക്കി മൗനികളായി... ആ നിമിഷങ്ങളിൽ "സ്വപ്‌നങ്ങൾ പെയ്യുന്ന ജീവിത"മവർ സ്വപ്നം കണ്ടു...
അവളുടെ കണ്ണിൽ നിന്ന് ദൃഷ്ടി പിൻവലിക്കാതെ അവൻ മറുപടി പറഞ്ഞു തുടങ്ങി.. എന്നിൽ സ്വപ്നങ്ങൾ ബാക്കിയില്ല ... ജീവിതവും..! സ്വപ്നങ്ങൾ എന്ന വ്യാജേന കണ്ണുകളടച്ച് മുകളിലേക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ സ്വപ്നങ്ങളെ ദർശിക്കാറുണ്ട് എന്റെ നൊമ്പരങ്ങളെ കൈക്കൊള്ളുന്ന ദൈവം എന്നിൽ കരുണ ചൊരിയുന്നത് സ്വപ്നം കാണുവാൻ ഞാൻ മോഹിച്ചു...ദൈവമെന്നിൽ കരുണ ചൊരിയുമെന്നത് എന്റെ സ്വപ്നമായിരുന്നു... അതിനുമപ്പുറം ദൈവമെന്നിൽ കരുണ ചൊരിയുന്നത് ജീവിതമാകട്ടെ എന്നു ഞാൻ സന്ദേഹിച്ചു...അതുമല്ലങ്കിൽ ഞാൻ അത്യാഗ്രഹിച്ചു..
സ്വപ്നങ്ങൾ ജീവിതമല്ലല്ലോ...?
ജീവിതവും സ്വപ്നങ്ങളുമില്ലാത്ത ഞാൻ ജീവിതമെന്നെ വ്യാജേന സ്വപ്നം കാണുന്നു അഥവാ സ്വപ്നങ്ങളുണ്ടെന്ന കാപട്യത്തോടെ ജീവിക്കുന്നു.. സ്വന്തമായി ജീവിതമില്ലാത്ത ഞാൻ നിന്നെപ്പറ്റി എങ്ങിനെ സ്വപ്നം കാണും? സ്വപ്നങ്ങളില്ലാത്ത ഞാൻ നിനക്ക് വേണ്ടി എങ്ങിനെ ജീവിതം നൽകും..?
വീണ്ടുമവർക്കിടയിൽ മൗനം ....
ഏറെ നേരം മുഖാമുഖം നോക്കുമ്പോൾ അവനറിയാതെ കണ്ണുനീർത്തുള്ളികൾ താഴേക്ക് വീണു.... സ്വപ്നങ്ങൾ വീണുടയുന്ന പോലെ...
തെല്ലു നിശ്വാസത്തോടെ വീണ്ടുമവൻ തുടർന്നു... വണ്ടി വലിച്ചും ചാട്ടയടി കൊണ്ടും ജീവിതം മടുത്തു.. അടിമപ്പണിയെടുത്ത് വലഞ്ഞു ഒടുവിൽ ഞാനെന്റെ യജമാനന്റെ കൂടാരം വിട്ട് ഒളിച്ചോടി, അഥവാ ഞാൻ പിറന്ന തറവാട് വിട്ട് സ്വപ്നങ്ങളുള്ള ജീവിതത്തിലേക്ക് യാത്രയായി.. അന്നു മുതൽ ഇന്നുവരെ ലക്ഷ്യമില്ലാത്ത തുടർയാത്രകൾ .. ബാല്യത്തിൽ ഞാനൊരു അടിമയുടെ മകനായിരുന്നു അച്ഛനെ അവർ തൂക്കിക്കൊന്നു...അമ്മയുടെ ശരീരമവർ പിച്ചിച്ചീന്തിയതിൽ പ്രതിഷേധിച്ച അച്ഛനെ അവർ തൂക്കിലേറ്റി.. ബലി കൊടുക്കുവാൻ എന്നെയവർ തിരഞ്ഞെടുത്ത അന്നു രാത്രി കൂടാരം പൊളിച്ച് ഞാൻ യാത്രയായി.. പക്ഷെ പുറത്ത് എത്തിയ ഞാനറിയുന്നു ജീവിക്കുവാൻ സ്വപ്നങ്ങൾ വേണമെന്ന്..
എനിക്ക് സ്വപ്നങ്ങൾ ഇല്ലല്ലോ...? എങ്ങിനെയാണ് ജീവിതം നയിക്കുക...?
വീണ്ടുമെത്തിയ നിശബ്ദത അവർക്കിടയിലെ സ്നേഹമായിരുന്നു!
ദൈവമെന്നിൽ കരുണ ചൊരിയുന്നത് ഞാൻ സ്വപ്നം കണ്ടു.. എന്റെ " മരണമെന്ന കരുണയും "സ്വപ്നം കാണുവാൻ മാത്രമേ എനിക്ക് കഴിയൂ...
സ്വപ്നം കാണുന്നു എന്ന വ്യാജേനയെങ്കിലും....
അവരുടെ കൺപോളകൾ ചേർത്തുവച്ച് അവർ സ്വപ്നം കണ്ടു ...... അവർ പ്രണയിക്കുന്നുവെന്ന്....!
അവർ.... സ്വപ്നങ്ങൾ പോലുമില്ലാത്ത യാത്രികർ... നാടോടികൾ!
എഴുത്തുകാരനെ കുറിച്ച്
സമുദ്രത്തോട് ഏറെ ആദരവുളളതിനാൽ ആ പേരു സ്വീകരിച്ചു എഴുതുന്നു. സ്വദേശം എറണാകുളം..റീജിയണൽ മാനേജർ (മാർക്കറ്റിംഗ് ) മുംബൈയിൽ.. എഴുത്തിനെ ഇഷ്ടപ്പെടുന്നു..ആദരിക്കുന്നു.... നിങ്ങളേവരെയും..
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login