പ്രഛ്ഛന്ന വേഷം
- Stories
- Priyanka Binu
- 22-Apr-2018
- 0
- 0
- 1317
പ്രഛ്ഛന്ന വേഷം
പ്രഛ്ഛന്ന വേഷം
" കഴിഞ്ഞ കൊല്ലം പ്രഛ്ഛന്ന വേഷം മത്സരത്തിൽ തല നാരിഴക്കാണ് നമ്മുടെ മോൾക്ക് ഒന്നാം സമ്മാനം നഷ്ടമായത്. ഇത്തവണ ഒന്നാം സമ്മാനം മേടിച്ചില്ലെങ്കിൽ നാണക്കേടാ " സാരിയുടെ ഞൊറിവുകൾ ശെരിയാക്കുന്നതിനിടയിൽ രാധിക ഭർത്താവിനെ ഓർമിപ്പിച്ചു. രാവിലെ ഓഫീസിൽ പോകാനുള്ള തത്രപ്പാടിൽ ഭർത്താവ് കേൾക്കാത്ത മട്ടിൽ മുടി ചീകി കൊണ്ടിരുന്നു. കുറച്ചു നേരത്തെ മൗനത്തിനുശേഷം അവൾ വീണ്ടും പഴയ പല്ലവി തുടർന്നു. ക്ഷമ കെട്ടു ഒടുവിൽ അയാൾ അവളുടെ ആവശ്യം അംഗീകരിച്ചു. രാധിക യുടെ വകയിൽ ഒരു വല്യമ്മയുടെ മകൻ മേക്കപ്പ് ആർട്ടിസ്റ് ആണത്രേ. ഒറിജിനാലിറ്റി കുറവ് എന്ന ഒറ്റ കാരണത്താൽ തഴയപ്പെട്ട ഒന്നാം സ്ഥാനം ഇക്കുറി സുധി കുമാർ ന്റെ കര വിരുതിനാൽ നേടിയെടുത്താൽ, ഓഫീസിലെ പരദൂഷണക്കാരികൾ ക്കിടയിൽ തന്റെ നില മെച്ചപ്പെടും എന്ന ഗൂഢ ലക്ഷ്യം അവളുടെ മനസ്സിന്റെ ആഴങ്ങളിൽ കിടന്ന് ഓളം വെട്ടി.
അവർക്ക് ഒരു മകൾ മാത്രമേ ഉള്ളു. നിഷ്കളങ്കത മിഴികളിൽ തൂവിയ ഒരു എട്ടു വയസ്സുകാരി. ഉദ്യോഗസ്ഥർ ആയ മാതാ പിതാക്കളുടെ തിരക്കുകൾ ക്കിടയിൽ പലപ്പോഴും അവളുടെ സ്വപ്നങ്ങൾ മുളയ്ക്കുവാൻ മറന്നു. അവളുടെ മോഹങ്ങൾ അവരുടെ മത്സരങ്ങൾ ക്കായി പലപ്പോഴും ഉടച്ചു വാർക്കപ്പെട്ടു.
പരീക്ഷക്കാലം കഴിഞ്ഞു. ഇനി കലാമത്സരങ്ങളുടെ ഊഴമാണ്. അപ്പീലുകൾ മണക്കുന്ന അങ്കതട്ടുകളാകാൻ സ്കൂൾ വേദികൾ ഒരുങ്ങിക്കഴിഞ്ഞു. മകളുടെ പരിശീലനത്തിനു മേൽനോട്ടം നൽകാൻ വേണ്ടി രാധിക ഒരാഴ്ച ഓഫീസിൽ നിന്നും അവധി എടുത്തു.
പ്രഛ്ഛന്ന മത്സരത്തിനു രണ്ടു നാൾ കൂടിയുള്ളപ്പോൾ, ഒരു ദിവസം രാവിലെ കാളിങ് ബെൽ ചിലച്ചു. വാതിൽ തുറന്ന ഭർത്താവിന്റെ മുൻപിൽ വെളുക്കെ ചിരിച്ചു കൊണ്ട് ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു. അലങ്കോലമായ വസ്ത്രധാരണം. മുൻവരി പല്ലുകളിലെ നിര തെറ്റലും ചീകിയൊതുക്കാത്ത തല മുടിയും കണ്ടപ്പോൾ ഏതോ വഴി പോക്കൻ എന്ന് കരുതി വാതിൽ അടക്കാൻ ഒരുങ്ങിയതും ആ യുവാവിന്റെ നാവിൽ നിന്നും വാക്കുകൾ പുറത്തേക്കു ഒഴുകി. " ഞാൻ, മേക്കപ്പ് ആർട്ടിസ്റ്റ് സുധികുമാർ, രാധിക വരാൻ പറഞ്ഞിരുന്നു ". ഒരു നിമിഷം ഉള്ളിൽ ഭർത്താവിന്റെ ഉള്ളിൽ അമർഷം നുരഞ്ഞു പൊന്തി. മകളുടെ ഒന്നാം സമ്മാനം എന്ന മോഹത്തിൽ അതലിഞ്ഞതും യുവാവിനെ അകത്തേക്ക് ക്ഷണിച്ചതും ഒരുമിച്ചായിരുന്നു.
രൂപത്തിൽ ഉള്ള അഭംഗി ഹൃദ്യമായ വാക്കുകൾ കൊണ്ട് സുധി മറി കടന്നു. ആ കുടുംബത്തിന്റെ പ്രതീക്ഷകൾ അയാളെ അവരോടു ചേർത്ത് നിർത്തി. അങ്കിൾ ഇത്തവണ സമ്മാനം മേടിച്ചു തരുമെന്ന് എട്ടു വയസ്സ് കാരിയുടെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഏതു വേഷം തെരഞ്ഞെടുക്കണം എന്ന ചർച്ചകൊടുവിൽ സുധി ഇങ്ങനെ പ്രഖ്യാപിച്ചു. " ആനുകാലിക വിഷയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്, തികഞ്ഞ യഥാർത്ഥ്യ ബോധത്തോടെ, കാണികളിൽ അത്ഭുതം ഉളവാക്കൻ കഴിയുന്ന ഒരു വേഷം ആണ് ഞാൻ മനസ്സിൽ കണ്ടിരിക്കുന്നത്. പക്ഷെ വേദിയിൽ ഞാൻ മകളെ ഒരുക്കി നിർത്തുമ്പോൾ മാത്രമേ നിങ്ങൾ പോലും അറിയുകള്ളൂ. " . രാധികക്കു അതു രുചിച്ചില്ല. ഒന്നാം സമ്മാനം എന്ന അത്യാഗ്രഹമുള്ളു കൊണ്ട് രാധികയുടെ മനസ്സിലെ വിസമ്മതത്തെ പതുക്കെ അയാൾ എടുത്തു മാറ്റി.
അങ്ങനെ മത്സരദിനം രാവിലെ ഒരു അത്യാഹിതമുണ്ടായി.രാധികയുടെ ഭർത്താവ് കുളിമുറിയിൽ ഒന്ന് തെന്നി വീണു. തലയിൽ പരിക്ക് പറ്റിയ ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ പോകും വഴി മകളെ സുധിയുടെ അടുത്താക്കി. അവളുടെ മനസ്സിൽ നിറയെ പോയ വർഷം ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട ഒന്നാം സമ്മാനം ഇത്തവണ നേടും എന്ന ചിന്ത കുളിർ കാറ്റു പോലെ വീശി. സുധി കുട്ടിയുമായി ഒരു ഓട്ടോയിൽ കയറി. സ്കൂളിൽ എത്തിയപ്പോൾ മനോഹരമായി അലങ്കരിച്ചിരുന്നു ഒന്നാം വേദി. അവിടെ നാടോടി നൃത്തം നടക്കുകയാണ്. പ്രഛ്ഛ വേഷ മത്സരം തുടങ്ങാൻ ഇനിയും അര മണിക്കൂർ ഉണ്ട്. അയാൾ കുട്ടിയുടെ ചെസ്റ്റ് നമ്പർ വാങ്ങി. "108" കണ്ടപ്പോൾ തന്നെ ചീറി പായുന്ന ആംബുലൻസ് ഓർമയിൽ അയാൾ പതുക്കെ ചിരിച്ചു. കുട്ടി മനസിലാകാതെ അയാളെ ഒന്നു നോക്കി. അവളുടെ കണ്ണുകളിൽ ചോദ്യങ്ങൾ ഉണ്ടായിരുന്നു. " അങ്കിൾ മേക്കപ്പ് ചെയ്യണ്ടേ ? " അവളുടെ അക്ഷമ വാക്കുകളുടെ രൂപത്തിൽ പുറത്തു വന്നു. അതിനു മറുപടിയെന്നോണം അവളുടെ കൈ പിടിച്ചു ഒഴിഞ്ഞ ക്ലാസ്സ് മുറികൾക്കിടയിൽ നീണ്ടു കിടക്കുന്ന ഇരുണ്ട ഇടനാഴിയിലൂടെ അയാൾ നടന്നു. അന്നേരം അയാളുടെ കണ്ണിൽ തെളിഞ്ഞ വന്യത തിരിച്ചറിയാൻ കുട്ടിയുടെ കണ്ണുകൾ വൈകിയിരുന്നു.
പ്രഛ്ഛ വേദിയിൽ മത്സരം ആരംഭിച്ചു കഴിഞ്ഞു. " ചെസ്റ്റ് നമ്പർ 108....... ഫൈനൽ കാൾ.... " അനൗൺസ് മെന്റ് മുഴങ്ങിയതും വേദിയിലേക്ക് ഒരു പെൺകുട്ടി വേച്ചു വിറച്ചു കടന്നു വന്നു. പാറി പറന്ന തലമുടി. ഭയം കൊണ്ട് പുറത്തു ചാടിയ കണ്ണുകൾ. വെളുത്ത മുഖം നിറയെ നഖം കൊണ്ട് ചോര വരഞ്ഞ പാടുകൾ. സ്ഥാനം തെറ്റി കിടന്നിരുന്ന വസ്ത്രം നിറയെ ചോര പടർന്നിരുന്നു. അരക്കു താഴെ ഇറ്റിറ്റ് വീണു കൊണ്ടിരിക്കുന്ന നിണച്ചാൽ വേദിയിൽ ഒഴുകി.... കാണികൾ അറിയാതെ കയ്യടിച്ചു. " എന്തൊരു ഒറിജിനാലിറ്റി " വിധി കർത്താക്കൾ മന്ത്രിച്ചു. പോയ വാരത്തെ പത്രങ്ങൾ വിരുന്നൂട്ടിയ ബാല പീഡനത്തിന്റെ നേർ ക്കാഴ്ച തന്മയത്തോടെ അവതരിപ്പിച്ച ചെസ്റ്റ് നമ്പർ 108 നു ഒന്നാം സമ്മാനം എന്ന് മത്സരഫലം പുറത്തു വരുമ്പോൾ അകലെ ഏതോ ആശുപത്രിയിലെ തീവ്ര പരിചരണക്കിടക്കയിൽ ബോധമറ്റു കിടക്കുകയായിരുന്നു അവൾ.
പ്രിയങ്ക ബിനു
എഴുത്തുകാരനെ കുറിച്ച്
പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login