സ്നേഹത്തിന്റെ മുള്ളുകൾ
- Stories
- Priyanka Binu
- 31-Mar-2018
- 0
- 0
- 1282
സ്നേഹത്തിന്റെ മുള്ളുകൾ
സ്നേഹത്തിന്റെ മുള്ളുകൾ ................................................................ .................. മഞ്ഞു പൊഴിയുന്ന ഒരു ഡിസംബർ രാത്രിയിൽ അവർ ഒരു തീരുമാനം എടുത്തു. പതിനഞ്ചു കൊല്ലം കാത്തിരുന്നിട്ടും പൂക്കാത്ത ദാമ്പത്യവല്ലരിയുടെ നീറുന്ന ഓർമ്മകൾക്കു വിട പറയാൻ. അതെ തങ്ങൾക്ക് ഇനി ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം ഇല്ലെന്നുള്ള വിധിയെ സ്വാഗതം ചെയ്യാൻ. പുറത്തു പെയ്യുന്ന മഞ്ഞിന്റെ കുളിരു ഹൃദയത്തിൽ ആവാഹിക്കാൻ എന്ന പോലെ അടഞ്ഞ ജനാലപാളി പതുക്കെ തുറന്നിട്ടു. ഭർത്താവിന്റെ കരങ്ങൾ ഭാര്യയുടെ നെറുകിൽ തഴുകികൊണ്ടിരുന്നു. അയാളുടെ മാറിൽ തല ചായ്ച്ചു കിടക്കുന്ന ഭാര്യയുടെ മിഴികളിൽ ഏതോ നൊമ്പരം അപ്പോഴും ബാക്കി നിന്നിരുന്നു. പുലരി വിടർന്നു. പത്രക്കാരന്റെ മണിയൊച്ച കേട്ടിട്ടും അവർ എഴുന്നേൽക്കാൻ മടിച്ചു.അവധി ദിവസത്തിന്റെ ആലസ്യവും ഡിസംബർ കുളിരും കൂടി ചേർന്നപ്പോൾ എഴുന്നേൽക്കു ന്ന സമയം പിന്നെയും വൈകി. ഭാര്യ അടുക്കളയിൽ കയറി ചായക്കു വെള്ളം വച്ചപ്പോൾ ഉമ്മറത്തു നിന്നും കൃത്യമായി വിളി വന്നു. പോയില്ലെങ്കിൽ പിന്നെ അതു മതി അന്നത്തെ ദിവസം മുഴുവൻ മുഖം വീർപ്പിക്കാൻ. ഉമ്മറത്തു ഓടി പാഞ്ഞെത്തിയ അവൾ കണ്ടത് കയ്യിൽ ഒരു കുഞ്ഞു പട്ടി ക്കുട്ടി യുമായി നിൽക്കുന്ന ഭർത്താവിനെ ആയിരുന്നു. പ്രസവിച്ചു അധികം നാൾ ആയിട്ടില്ല. ഓമനത്തം തുളുമ്പുന്ന, കണ്ണിൽ ഭീതിയും അമ്പരപ്പും നിറഞ്ഞു നിൽക്കുന്ന ഒരു ശ്വാന പൈതൽ. വിറയാർന്ന ആ പിഞ്ചോമനയെ മാറോടടു ചേർത്ത് ചൂട് നൽകുന്ന അയാളുടെ മുഖം പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ വികാരത്തിൽ, ചുവന്നു നിന്നിരുന്നു. അതു കണ്ടു അവൾക്കു ചിരി പൊട്ടി. അതൊന്നും കാര്യമാക്കാതെ അയാൾ തന്റെ കടമകൾ നിറവേറ്റാൻ അവളുടെ സഹായം തേടി. ചൂട് പാൽ കിണ്ണത്തിൽ നിന്നും നക്കി കുടിക്കുന്ന കുഞ്ഞു ശ്വാനനെ നോക്കി അവർ കൗതുകം പൂണ്ടു നിന്നു. കാലം കാത്തു വച്ച കാവ്യ നീതി പോലെ അവരിൽ അടക്കി വച്ച വാത്സല്യം ഒഴുക്കി കളയാൻ, താലോലിക്കാൻ അവർക്കിതാ ഒരു പൈതൽ അവരെ തേടി വന്നിരിക്കുന്നു. മനുഷ്യനോ മൃഗമോ എന്ന് വേർതിരിച്ചു കാണാൻ ശ്രമിക്കാതെ, വിരസമായ ജീവിതം അവന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ നോക്കി, അവർ ജീവിച്ചു കൊണ്ടിരുന്നു. ആ വീട് അവന്റെ വീടായി മാറി.അവന്റെ പട്ടു പോലെ നേർത്ത രോമങ്ങൾ ചീകി വൃത്തിയാക്കി, അവനു ഇഷ്ടമുള്ള ആഹാരം കഴിപ്പിച്ചു ഭാര്യ തന്റെ മാതൃ ഭാവം അനു ദിനം ജ്വലിപ്പിച്ചു കൊണ്ടിരുന്നു. അവന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന് ആ റെസിഡന്റ് കോളനിയിലെ എല്ലാ കുടുംബങ്ങളെയും ക്ഷണിച്ചു. അവരുടെ ഒക്കെ വളർത്തു നായ്ക്കൾ രഹസ്യമായി അവന്റെ സൗഭാഗ്യത്തിൽ അസൂയപെടാൻ തുടങ്ങി. അതിന്റെ അനന്തരഫലം എന്നോണം ഒരു സംഭവം ഉണ്ടായി. ഒന്നാം പിറന്നാൾ കഴിഞ്ഞുള്ള അടുത്ത ആഴ്ചയായിരുന്നു നമ്മുടെ കഥയിലെ സൗഭാഗ്യ ജാതന്റെ തലക്കുറി മാറി മറിഞ്ഞ ആ ദുർ ദിനം വന്നു ഭവിച്ചത്. ഭാര്യ കുളിമുറിയിൽ ഒന്ന് തല ചുറ്റി വീണു. നാല്പത് കഴിഞ്ഞ സാധാരണ സ്ത്രീകൾ പ്രതീക്ഷിക്കുന്ന രക്ത സമ്മർദ്ദം കുറഞ്ഞു വരുന്ന തല ചുറ്റൽ ആണെന്ന് കരുതി പാടെ അവഗണിച്ചു എങ്കിലും ഭർത്താവിന്റെ നിർബന്ധം അവരെ ആശുപത്രിയിൽ എത്തിച്ചു. ചിലപ്പോൾ വസന്തം വൈകി വന്നു തന്റെ ജാല വിദ്യയാൽ പുഷ്പിണിയാക്കുന്ന ലതയെ പോലെ........ അമ്മയാകാനുള്ള യോഗം അവർക്ക് ഇപ്പോൾ കൈ വന്നിരിക്കുന്നു. എല്ലാം ഈ ശ്വാന കുമാരൻ കൊണ്ടു വന്ന ഭാഗ്യം....... കാണുന്നവർ ഒക്കെ അവരുടെ വീട്ടിൽ വന്നു കയറിയ നായുടെ കീർത്തി ആ നാടാകെ പടർത്തി. ഭാര്യയും ഭർത്താവും തന്റെ മൂത്ത മകന്റെ സ്ഥാനം അവനു നൽകുകയും ചെയ്തു. എല്ലാം ഒരു നീർ കുമിള പോലെ ആയുസ്സ് അറ്റതതായി മാറാൻ അധികം താമസം ഉണ്ടായില്ല പത്തു മാസം നൊന്തു പ്രസവിച്ചു ഭാര്യ ഒരു ആൺകുഞ്ഞിനെ. കുഞ്ഞു വളർന്നു. ഒപ്പം നായയും. ആറു മാസം പ്രായമായ ഉണ്ണിയുടെ ദേഹത്ത് അവിടെ അവിടെ ചുവന്ന പൊട്ടുകൾ പൊന്തി വന്നു. അമ്മ പേടിച്ചു. ഡോക്ടർ വിശദമായി കാരണ സഹിതം ബോധ്യ പ്പെടുത്തി. വീട്ടിൽ ഉള്ള നായ തൻ ദേഹതുള്ള രോമങ്ങൾ മൂലം ഉള്ള അലർജി ആണത്രേ. പാവം ഇതൊന്നും അറിയാതെ വീണ്ടും വീണ്ടും ഉണ്ണിയോട് കളിക്കാൻ വരുന്ന നായയെ കണ്ടപ്പോൾ ഭാര്യ യുടെ കണ്ണിൽ കോപം നുരഞ്ഞു പൊന്തി. വീട്ടിൽ അടിയന്തിര ചർച്ച നടന്നു.നായയെ ഒഴിവാക്കുന്നതിന്റ സാധ്യത കൾ തല കീറി ചിന്തിച്ചു ഭർത്താവും ഭാര്യയും. അവർക്കിപ്പോൾ അതിനെ കാണുന്നത് തന്നെ ചതുർഥി പോലെ. നഗരത്തിലെ പ്രശസ്ത മായ ഒരു ക്ഷേത്ര പരിസരം. നേരം പുലരുന്നു. പൂക്കടകൾ സജീവ മായി തുടങ്ങി. അങ്ങിങ്ങായി ദേവിയുടെ ദർശനത്തിനായി ഭക്തർ വന്ന വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുന്നു. പെട്ടെന്ന് ഒരു ഓട്ടോറിക്ഷ അവിടെക്കു പാഞ്ഞു വന്നു നിന്നു. എന്തോ വെളിയിൽ തള്ളിയ ശേഷം തിരിച്ചു പോയി. ചെരുപ്പ് സൂക്ഷിക്കുന്ന കടയിലെ വൃദ്ധ കണ്ണുകൾ തിരുമ്മി നോക്കി. നല്ല വെളുത്ത രോമങ്ങൾ ഉള്ള ഒരു സുന്ദരൻ നായ ആരെയോ തേടുന്ന പോലെ അവിടെ പരതി വാലാട്ടി നിൽക്കുന്ന കാഴ്ച അവരിൽ ഏതോ ഓർമ്മകൾ വീണ്ടും മുളപ്പിച്ചു. ഉറ്റവരാൽ വർഷങ്ങൾക്കു മുൻപ് ഇതേ ക്ഷേത്ര മുറ്റത്തു ഉപേക്ഷിക്കപ്പെട്ട താനും ഇവനും ഒരേ വിധിയുടെ ഇരകൾ ആണല്ലോ എന്ന ബോധം അവരിൽ ഉണർന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല.......കുറച്ചു ദൂരെ, സ്നേഹത്തിന്റെ മുള്ളുകൾ കൊണ്ടു നീറുന്ന മനസ്സുമായി നിൽക്കുന്ന ആ മിണ്ടാ പ്രാണിയെ ലക്ഷ്യമാക്കി അവർ നടന്നു....
എഴുത്തുകാരനെ കുറിച്ച്
പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login