ഞങ്ങൾ സന്തുഷ്ടരാണ്

ഞങ്ങൾ സന്തുഷ്ടരാണ്

ഞങ്ങൾ സന്തുഷ്ടരാണ്

'മോളേ വിജീ, നീ അവനെയൊന്ന് വിളിച്ച് നോക്ക്, എന്താണാവോ വൈകണത്'
'ഞാൻ വിളിച്ചു അമ്മേ, ഏട്ടൻ ഫോൺ എടുക്കുന്നില്ല. ചിലപ്പോൾ ബസ്സിലാവും, സീറ്റ് കിട്ടീട്ടുണ്ടാവില്ല'
'ന്നാലും അവന് ആ ഫോണൊന്ന് എടുത്ത് വിവരം പറഞ്ഞൂടെ? ഇവിടെ വീട്ടിലിരിക്കണോരുടെ ഉള്ളില് തീയാ'
'നീയൊന്ന് മിണ്ടാതിരുന്നേ ലക്ഷ്മീ, അവൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ, പത്ത് മുപ്പത് വയസ്സായവനല്ലേ?'
'അതും പറഞ്ഞ്? എന്നും ആറ് മണിക്ക് വീട്ടിൽ എത്തണ ചെക്കനാ, ഇപ്പൊ ഏഴ് കഴിഞ്ഞില്ലേ?'
'അവന് അവിടെ പണി കൂടുതലുണ്ടായിരിക്കും, അല്ലെങ്കിൽ വരണ വഴിക്ക് ആരെ എങ്കിലും കണ്ടിട്ടുണ്ടാകും'
'ഉം, പെട്ടന്ന് വന്നുച്ചാ ഒരു സമാധാനം കിട്ടിയേനെ'
'കുറച്ച് നേരം കൂടി നോക്കിയിട്ട് വന്നില്ലെങ്കിൽ ഞാനൊന്ന് റോട്ടിലേക്കിറങ്ങാം'
'ഞാനൊന്നും കൂടി വിളിച്ച് നോക്കട്ടെ അച്‌ഛാ'
'ആ വരണത് അവൻ തന്നേ ന്നാ തോന്നണത്'
'ആ, അത് ഏട്ടനാ'
'ഹാവൂ, ഒരു സമാധാനമായി,, മോളേ, നീയാ ടി.വി യൊന്ന് വച്ചേ'
'നിനക്കപ്പോ സീരിയല് കാണാഞ്ഞിട്ടുള്ള സമാധാനക്കേടാർന്നു ലേ?'
'അവൻ വന്നില്ലേ, ഇനീപ്പോ എന്താ?'
'എന്താ ഏട്ടാ വൈകിയത്?'
'ഓഫീസിൽ കുറച്ച് ജോലി ഉണ്ടായിരുന്നു'
'ഞാൻ വിളിച്ചപ്പോൾ ബസ്സിൽ ആയിരുന്നോ?'
'ഉം'
'ഞാൻ ചായ എടുക്കാം'
'ചായ വേണ്ട, ആകെ ക്ഷീണം. തലവേദനിക്കുന്നു. ഞാൻ കുളിക്കട്ടെ'
'ഉം'

കുളി കഴിഞ്ഞ് വന്ന് ഭക്ഷണം കഴിച്ചെന്നു വരുത്തി ജയേട്ടൻ വേഗം കിടന്നു.

'അവന് വയ്യെന്ന് തോന്നുന്നു. ഇന്ന് ചോറ് മുഴുവനും കഴിച്ചില്ലല്ലോ'
'വൈകിയതല്ലേ, പിന്നെ ബസ്സിൽ തൂങ്ങിപ്പിടിച്ച് വരുമ്പോഴേക്കും ആർക്കും വയ്യാണ്ടാകും'
'ഉം, ന്നാ മോള് പോയി കിടന്നോ, പാത്രങ്ങൾ നാളെ രാവിലെ കഴുകാം'
'ഇതിപ്പോ പത്ത് മിനുട്ടോണ്ട് തീരും. അല്ലെങ്കിൽ രാവിലെ ആകെ തിരക്കാകും. അമ്മ കിടന്നോ'
'ഉം, വാതിൽ കുറ്റിയിട് ട്ടോ'
'ഉം'

ജയേട്ടൻ ഒറ്റപ്പാലം താലൂക്ക് ഓഫീസിലെ ക്ലാർക്ക് ആണ്. എല്ലാ സർക്കാരുദ്യോഗസ്ഥരേം പോലെ എന്നും ഒരേ സമയത്ത് ഒരേ ബസ്സിൽ പോകുന്നു, ഒരേ സമയത്ത് തിരിച്ച് വരുന്നു. എന്റെയും ജയേട്ടന്റേയും കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു.

ഏട്ടന് ഒട്ടും വയ്യാന്നാ തോന്നണത്. ഇല്ലെങ്കിൽ എന്നും ടി.വിയൊക്കെ കണ്ട് പത്ത് പതിനൊന്ന് മണിക്കേ കിടക്കൂ ഇതിപ്പോ സമയം ഒൻപത് ആകുന്നതേ ഉള്ളൂ.
പോയി ബാം പുരട്ടിക്കൊടുത്ത് വന്നാലോ? വേണ്ട, ചിലപ്പോൾ ഉറങ്ങിയിട്ടുണ്ടാകും.

ഇങ്ങനെയൊന്നും ആയിരുന്നില്ല ഞാൻ ആഗ്രഹിച്ചത്, വയ്യ എന്ന് പറയുന്ന ഭർത്താവിനെ മടിയിൽ കിടത്തണം, നെറ്റിയിൽ ബാം പുരട്ടിക്കൊടുക്കണം, മുടികളിലൂടെ വിരൽ ഓടിച്ച് മസ്സാജ് ചെയ്യണം,ഒരു സ്നേഹചുംബനം കൊടുത്ത് കിടത്തിയുറക്കണം.

പക്ഷേ അങ്ങനെയൊന്നും ചെയ്യാൻ എനിക്ക് കഴിയുന്നില്ലല്ലോ.

മനസ്സിൽ ഇപ്പോഴും പ്രണയമാണ്, ആ പ്രണയം ഏട്ടനോട് തോന്നുന്നില്ല.

കോളേജിൽ പഠിക്കുമ്പോഴാണ് അനൂപ് ഇഷ്ടമാണെന്ന് പറയുന്നത്. നല്ല വൃത്തിയായി ഞങ്ങൾ പ്രണയിച്ചു. ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ടു. ഡിഗ്രി കഴിഞ്ഞതും വീട്ടിൽ കല്യാണാലോചന തുടങ്ങി, അതിനെ പറ്റി അവനോട് പറഞ്ഞപ്പോൾ അവന് ഒരു കല്യാണത്തിനുള്ള അവസ്ഥയല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. അവനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഡിഗ്രി കഴിഞ്ഞിട്ടേ ഉള്ളൂ, ഒരു ജോലിപോലും ആയിട്ടില്ല. വീട്ടിലെ അവസ്ഥയും മോശം. ഞങ്ങൾ തമ്മിലുള്ള ഒരു ജീവിതം നടക്കില്ല എന്ന സത്യം രണ്ടാളും മനസിലാക്കി. ശരീരം കൊണ്ട് പ്രണയിക്കാത്തത് കൊണ്ട് പിരിയാൻ കുറച്ച് കൂടി എളുപ്പമായിരുന്നു.
അങ്ങനെയാണ് ജയേട്ടന്റെ ആലോചന വരുന്നത്. എന്നേക്കാൾ എട്ട് വയസ്സ് കൂടുതലുണ്ട്, എന്നാലും സർക്കാരുദ്യോഗസ്ഥൻ. കാണാനും തെറ്റില്ല. വീട്ടുകാർക്ക് എല്ലാവർക്കും പൂർണ്ണ സമ്മതമായിരുന്നു. മനസ്സിൽ ഒരു ചെറുപ്പക്കാരനുമൊത്തുള്ള പ്രണയസുന്ദര ജീവിതമാണ് ആഗ്രഹിച്ചതെങ്കിലും ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചു.

പിന്നെ കാര്യങ്ങൾ എല്ലാം അതിന്റെ മുറയ്ക്ക് നടന്നു. പെണ്ണുകാണൽ, വീടുകാണൽ, വിവാഹ നിശ്ചയം, വിവാഹം.
ഇടയ്ക്ക് ഫോൺ വിളി ഉണ്ടായിരുന്നത് കൊണ്ട് പരസ്പരം മനസിലാക്കാൻ പറ്റി. ഒരു ന്യു ജനറേഷൻ പയ്യനല്ലെങ്കിലും കൊള്ളാം, നല്ല സംസാരം, നല്ല സ്വഭാവം.
വിവാഹ ശേഷമുള്ള ജീവിതവും നല്ല രീതിയിൽ പോയി. എനിക്ക് ഡിഗ്രിയുടെ മൂന്ന് പേപ്പറുകൾ കൂടി എഴുതിയെടുക്കാനുണ്ടായിരുന്നു, അത് കൂടി കഴിഞ്ഞിട്ട് മതി ഒരു കുഞ്ഞ് എന്ന് തീരുമാനിച്ചു. പരീക്ഷയിൽ തോറ്റതല്ല, ആ പരീക്ഷ നടക്കുന്ന സമയത്താണ് ചിക്കൻ പോക്സ് വന്നത്. ആ പേപ്പറുകൾ കൂടി എഴുതിയെടുത്താലേ മൂന്ന് കൊല്ലം പഠിച്ചതിന് കാര്യമുള്ളൂ. എന്നോട് താല്പര്യമുണ്ടെങ്കിൽ ജോലിക്ക് പൊയ്ക്കോളാനൊക്കെ പറഞ്ഞിട്ടുണ്ട്. എന്തായാലും ഈ പരീക്ഷ കഴിയട്ടെ എന്ന് പറഞ്ഞാ ഞാനിരുന്നത്. കഴിഞ്ഞ ആഴ്ച്ച ആ പരീക്ഷകളും കഴിഞ്ഞു. കാലിക്കറ്റ് സർവകലാശാല ആണ്, എന്നാണോ റിസൾട്ട് വരിക എന്നറിയില്ല.

തൽക്കാലത്തേക്ക് ഇവിടെ അടുത്തുള്ള ഓഫ്സെറ്റ് പ്രസ്സിൽ ഒരു ജോലി ശരിയായിട്ടുണ്ട്, ഇവിടുത്തെ അച്ഛൻ ഏർപ്പാടാക്കിയതാണ്. വീടിന്റെ അടുത്ത് തന്നെയാണ്. നടക്കാനുള്ള ദൂരമേ ഉള്ളൂ. രാവിലെ ഒൻപത് മണിക്ക് ചെന്നാൽ നാലരയ്ക്ക് ഇറങ്ങാം. അവിടെയുള്ളവരെയൊക്കെ പരിചയമുണ്ട് താനും.

ജീവിതം നല്ല രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. കിടപ്പറയിലും പുറത്തും എല്ലാ സന്തോഷവും കിട്ടുന്നുണ്ട്. അച്ഛനും അമ്മയും നല്ല സ്നേഹത്തോടെ പെരുമാറുന്നു. ഒരു ഭർത്താവിന്റെ എല്ലാ കടമയും ഏട്ടനും നിറവേറ്റുന്നുണ്ട്. പക്ഷേ,

എനിക്ക് ഇപ്പോൾ കിട്ടുന്നതിൽ കൂടുതൽ എന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നു. അത് എല്ലാ കാര്യത്തിലും. ഞാൻ ആഗ്രഹിച്ച അത്രയും റൊമാന്റിക് അല്ല ജയേട്ടൻ. സ്നേഹം ഇല്ലാഞ്ഞിട്ടല്ല, എനിക്ക് അത് പോരാ. എന്നെ ഒരു കാമുകിയെ പോലെ, കൂട്ടുകാരിയെ പോലെ കണ്ട് സ്നേഹിക്കാനും ബൈക്കിൽ ഒരുമിച്ച് കറങ്ങാനും സിനിമ കാണാനും ഏട്ടന് കഴിഞ്ഞിട്ടില്ല. ഞാൻ എന്റെ ഈ ആഗ്രഹങ്ങളൊന്നും ഏട്ടനോട് പറഞ്ഞിട്ടും ഇല്ല. ആളുടെ പ്രായവും എന്റെ പ്രായവും രണ്ടല്ലേ, എട്ട് വയസ്സിന്റെ വ്യത്യാസം അതിന്റേതായ വ്യത്യാസം കാണിക്കുമല്ലോ. എന്നാലും ഞാൻ സന്തോഷവതിയാണ്.

ഞാൻ ചെല്ലുമ്പോൾ ഏട്ടൻ ഉറങ്ങിയിട്ടുണ്ടാകും, ഇല്ലെങ്കിൽ എന്തെങ്കിലും സംസാരിച്ചിരിക്കാം'

അടുക്കളയിലെ പണിയെല്ലാം തീർത്ത് , ലൈറ്റുകളെല്ലാം ഓഫാക്കി ഞാൻ റൂമിലേക്ക് ചെന്നു. ജയേട്ടൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. കാലിൻ മേൽ കാൽ കേറ്റി വച്ച് എന്തോ ആലോചിച്ച് കിടക്കുകയാണ്.
'ഏട്ടാ, ഇപ്പൊ എങ്ങനെയുണ്ട്?'
'കുഴപ്പമില്ല, നീ ലൈറ്റ് ഓഫാക്ക്'
ഞാൻ ലൈറ്റ് ഓഫാക്കി. റൂമിൽ ബെഡ് ലാമ്പിന്റെ നേരിയ വെളിച്ചത്തിൽ ഞാൻ കട്ടിലിൽ വന്നിരുന്നു.

'ബാം പുരട്ടാണോ ഏട്ടാ?'
'വേണ്ട'
ഏട്ടൻ എഴുന്നേറ്റിരുന്നു. 'എന്ത് പറ്റി ഏട്ടാ? എന്താ ആകെ ഒരു വിഷമം പോലെ? സുഖമില്ലേ?'

ഞാനത് ചോദിച്ചതും ഏട്ടൻ എന്നെ കെട്ടിപ്പിടിച്ചു, കരയാൻ തുടങ്ങി.
'എന്താ ഏട്ടാ?എന്താ ഉണ്ടായേ?'
ഒന്നും മനസിലാവാതെ ഞാൻ ഏട്ടനോട് ചോദിച്ചു. മറുപടി കുറച്ച് കൂടി ശക്തമായ തേങ്ങലായിരുന്നു. പിന്നെ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല. ഞാൻ ഏട്ടനെ എന്റെ മാറോട് ചേർത്ത് കെട്ടിപ്പിടിച്ചു. ഒരു കൊച്ചു കുഞ്ഞിനെ പോലെ ഏട്ടൻ എന്റെ മാറിൽ പറ്റിക്കിടന്നു. ഏട്ടന് എന്താ പറ്റിയത്, എന്തിനാ കരയുന്നത് എന്നൊന്നും മനസിലായില്ലെങ്കിലും എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. എനിക്കറിയില്ലായിരുന്നു ഞാനെന്തിനാ കരയുന്നതെന്ന് , പക്ഷേ ആ കണ്ണീർ നിർത്താൻ എനിക്ക് കഴിയില്ലായിരുന്നു.
ഏട്ടന്റെ കണ്ണീർ കൊണ്ട് എന്റെ മാറിടം നനയുന്നത് ഞാനറിഞ്ഞു. ആ നിമിഷം അമ്മയായിട്ടില്ലെങ്കിലും എന്നിലെ മാതൃത്വം ഉണർന്നു. എന്റെ ഏട്ടനെ ഒന്നുകൂടി ചേർത്ത് പിടിച്ചു. മുറിയിലെ അരണ്ട വെളിച്ചത്തിലും ഏട്ടന്റെ മുഖത്തെ സങ്കടം കാണാൻ എനിക്ക് കഴിഞ്ഞു.
ആണൊരുത്തൻ വെറുതെ കരയില്ല, മറ്റുള്ളവർ കാൺകെ എന്തായാലും കരയില്ല, താലി കെട്ടിയ പെണ്ണിന്റെ മുന്നിൽ കരയണമെങ്കിൽ കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ട്.

ഒന്നും ചോദിക്കാനും തോന്നുന്നില്ല, ആകെ തളർന്നുപോയിരിക്കുന്നു!!!

--------------------------------------------------------------------------------------------------------------------------------------------------

 കുറച്ച് സമയത്തിന് ശേഷം ഏട്ടന്റെ തേങ്ങൽ ചെറുതായി വന്നു, ഏട്ടനെ നെഞ്ചോട് ചേർത്ത് തന്നെ ഞാൻ ചോദിച്ചു,
'എന്താ ഏട്ടാ ഉണ്ടായേ? എന്തായാലും പറയ്, എനിക്ക് സങ്കടം സഹിക്കാൻ പറ്റണില്ല ഏട്ടാ...'
'എനിക്ക് വയ്യ ഡീ, എനിക്ക് വയ്യ'
'പറയ് ഏട്ടാ, എന്താ പറ്റിയത്?'

ഏട്ടൻ പുറംകൈകൊണ്ട് കണ്ണ് തുടച്ച് എന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് വലിയൊരു സങ്കടക്കടൽ ആർത്തിരമ്പുന്നത് ഞാൻ കണ്ടു.
'എന്നോട് പറയ് ഏട്ടാ'
'ഉം, ഇന്ന് ഓഫീസിൽ നിന്ന് വരുമ്പോൾ ബസ്സിൽ വച്ച് ....'
വീണ്ടും തേങ്ങൽ വന്നു.
'പറ ഏട്ടാ'
'ഒരു സ്ത്രീ.... ഞാൻ അവരെ ഉപദ്രവിച്ചു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, ഞാൻ ഒന്നും ചെയ്തിട്ടില്ല, ബസ്സ് ബ്രെക്ക് ഇട്ടപ്പോൾ പോലും അവരുടെ ദേഹത്ത് തൊട്ടിട്ടില്ല, എന്നിട്ടും...
ഞാൻ അവരെ പിടിച്ചുന്ന് പറഞ്ഞ് ഒച്ച വച്ചു, എല്ലാരും എന്നെ ചീത്ത പറഞ്ഞു, എന്നെ തല്ലി മോളേ...'
തേങ്ങൽ കുറച്ച് കൂടി ശക്തിയിലായി.
'ഞാൻ ഒന്നും ചെയ്തിട്ടില്ല, ഞാൻ പറഞ്ഞത് ആരും കേട്ടില്ല, അവരുടെ വാക്കും കേട്ട് എന്നെ തല്ലി, എന്നെ പരിഹസിച്ചു, അപമാനിച്ചു, ഞാൻ ഒന്നും ചെയ്തിട്ടില്ല, എന്നിട്ടും....'

അത് കേട്ടതും എനിക്ക് സഹിക്കാനായില്ല, ഏട്ടനെ ചേർത്ത് പിടിച്ച് ഞാനും കരഞ്ഞു. ആ മുറിയുടെ നാലു ചുമരുകൾക്കുള്ളിൽ ഞങ്ങളുടെ വിഷമം കണ്ണീരായി ഒഴുകിപ്പടർന്നു.
'ഏട്ടാ, കരയല്ലേ'
'എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ബസ്സിലെ പണിക്കാർക്കൊക്കെ എന്നെ പരിചയമുള്ളത് കൊണ്ടാ കേസാക്കാഞ്ഞത്. എന്നിട്ട് അവരും പറഞ്ഞു, ഞാൻ അറിയാതെ ചെയ്തതാവും എന്നും അബദ്ധം പറ്റിയതാവും എന്നും. ഞാൻ അങ്ങനെ ചെയ്യുംന്ന് നീ കരുതുന്നുണ്ടോ?'
'ഇല്ല, ഏട്ടാ, എന്റെ ഏട്ടൻ അങ്ങനെയൊന്നും ചെയ്യില്ലാന്ന് എനിക്കറിയാം. ഏട്ടൻ വിഷമിക്കല്ലേ...'
'എല്ലാവരും ചേർന്ന് എന്നെ കള്ളനാക്കിയപ്പോൾ... മരിച്ചാൽ മതി എന്ന് തോ....'
ഞാൻ വേഗം ഏട്ടന്റെ വായ് പൊത്തിപ്പിടിച്ചു.
'അങ്ങനെയൊന്നും പറയല്ലേ ഏട്ടാ. അതിനെ പറ്റിയൊന്നും ആലോചിക്കല്ലേ, ഏട്ടന് ഞാനില്ലേ, അമ്മയും അച്ഛനുമില്ലേ? ഞങ്ങൾക്ക് ഏട്ടൻ മാത്രല്ലേ ഉള്ളൂ?'
ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കുമ്പോൾ ഒരു മനസിനുണ്ടാകുന്ന വേദന, അയാൾക്കുണ്ടാകുന്ന ആത്മസങ്കർഷം, അത് എത്രമാത്രം ആണെന്ന് എനിക്ക് മനസിലായി. ജീവിതാനുഭവവും പക്വതയും ഉള്ള ഏട്ടന് വരെ ആത്മഹത്യയെപറ്റി ആലോചിക്കേണ്ടി വന്നെങ്കിൽ... ആ മനസ്സിനേറ്റ മുറിവ് എത്ര വലുതാണ്.
'ഇനി ഞാൻ എങ്ങനെയാ മറ്റുള്ളവരുടെ മുഖത്ത് നോക്കാ?
കാമപ്രാന്തൻ, പെണ്ണ് പിടിയൻ അങ്ങനെയല്ലേ എല്ലാവരും ഇനിയെന്നെ കാണാ? ഇങ്ങനത്തെ കാര്യായതോണ്ട് നാളെ രാവിലത്തേക്ക് എല്ലാരും അറിയും, എനിക്ക് എന്താ ചെയ്യണ്ടേന്ന് അറിയില്ല'
'ഏട്ടാ, ഏട്ടൻ വിഷമിക്കാതിരിക്ക്. ഏട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ, അത് കൊണ്ട് ഏട്ടന് ഒരു കുറ്റബോധവും വേണ്ട'
'എന്നാലും ആകെ നാണം കെട്ടില്ലേ?'
'അങ്ങനെയൊന്നും കരുതണ്ട, പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ? അത് പോലെ ഒരുമ്പെട്ടിറങ്ങിയ ഒരു പെണ്ണ്, അല്ലെങ്കിൽ പ്രതികരിക്കുന്ന ഒരു പെണ്ണിന്റെ തെറ്റിദ്ധാരണ, ഇത് അതാണ്. തെറ്റ് ചെയ്തിട്ടില്ല എന്നുറപ്പുള്ളിടത്തോളം കാലം ആർക്ക് മുന്നിലും തല കുനിയ്ക്കണ്ട'
'എന്തായാലും ഞാൻ നാളെ ഓഫീസിൽ പോകുന്നില്ല. എനിക്ക് വയ്യ'
'ഇതിന്റെ പേരിൽ ഏട്ടൻ ലീവ് എടുക്കരുത്. ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറിയാൽ അത് കുറ്റസമ്മതമായെ ആളുകൾ കാണൂ. ഏട്ടൻ നാളെ പോണം, എന്തെങ്കിലും ചോദിക്കുന്നവരോട് നടന്ന സംഭവം പറയണം, ആരോടും ദേഷ്യപ്പെടാനോ കരഞ്ഞ് കാര്യം ബോധിപ്പിക്കാനോ പോകണ്ട. ഏട്ടൻ മനസ്സ് കൊണ്ട് തളരാതിരുന്നാൽ മതി'
'ഉം'
'ഏട്ടൻ ഇനി അതിനെപ്പറ്റി ഒരുപാട് ആലോചിക്കേണ്ട. ഇപ്പോൾ ഉറങ്ങാം. ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും കുറച്ച് ആശ്വാസം കിട്ടും'
'എനിക്ക് ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല'
'ഏട്ടൻ കിടക്ക്'
ഞാൻ ഏട്ടനെ വേർപ്പെടുത്തി ബെഡ്ഡിൽ കിടത്തി. ആ മുഖത്ത് നേരിയൊരാശ്വാസം കാണുന്നുണ്ട്. എങ്കിലും ആകെ വിയർത്തിരുന്നു. എഴുന്നേറ്റ് പോയി ഫാനിന്റെ സ്പീഡ് കൂട്ടി. ഏട്ടന്റെ അരികിൽ കിടന്നു.
'ഏട്ടാ'
'ഉം?'
'കഴിഞ്ഞതിനെ പറ്റി ആലോചിച്ച് മനസ്സ് വിഷമിപ്പിക്കണ്ട. എല്ലാം ഒരു സ്വപ്നമായി കരുതിയാൽ മതി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ ഏട്ടനെ ഞാൻ അവിശ്വസിക്കില്ല. ഏട്ടൻ തെറ്റൊന്നും ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്. അമ്മയോടും അച്ഛനോടും അവസരം പോലെ ഞാൻ പറഞ്ഞോളാം, ഏട്ടൻ ഒന്നും പറയണ്ട'
'ഉം'
'ഇപ്പൊ ഏട്ടൻ ഉറങ്ങിക്കോ, രാവിലേക്ക് എല്ലാം ശരിയാകും. നാളെ വേണമെങ്കിൽ മുത്തുഏട്ടന്റെ ഓട്ടോ വിളിക്കാം. വൈകുന്നേരവും ഒരു ഓട്ടോ വിളിച്ച് വന്നാൽ മതി. ആളുകളുടെ കളിയാക്കൽ രണ്ട് ദിവസം ഉണ്ടാകും, അത് കഴിഞ്ഞാൽ എല്ലാവരും അത് മറക്കും'
'ഉം, ഞാനും അതാ ആലോചിക്കുന്നത്'
ഏട്ടൻ മാത്രാ എനിക്കൊരാശ്വാസം ഏട്ടൻ കൂടി തളർന്നാൽ ഞാൻ ഇല്ല'
'ഇല്ല ഡോ, ഞാൻ തളരില്ല.തളർന്നിരുന്നാൽ ഞാൻ തെറ്റ് സമ്മതിച്ചപോലെയാകും.
പക്ഷേ...'
'എന്തൊക്കെ സംഭവിച്ചാലും ഏട്ടനൊപ്പം ഞാൻ ഉണ്ടാകും. തളർന്നിരിക്കാൻ ഏട്ടനെ ഞാൻ അനുവദിക്കില്ല. ഇപ്പൊ ഒന്നും ചിന്തിക്കണ്ട. നമ്മളെ പറ്റി മാത്രം ആലോചിച്ചാൽ മതി. നമ്മൾ ജീവിതം തുടങ്ങുന്നതല്ലേ ഉള്ളൂ'
'ഉം'

ഏട്ടന്റെ മാറിന്റെ ചൂടേറ്റ് ഞാൻ കിടന്നു. ഏതാനും മണിക്കൂറുകൾ മുൻപ് ഏട്ടനെ പറ്റി ഞാൻ എന്തൊക്കെയാ ചിന്തിച്ചത്? ഏട്ടൻ എനിക്ക് ചേർന്നവനല്ല എന്ന് വരെ തോന്നിയില്ലേ?
എന്നെ ഇത്രയും സ്നേഹിക്കുന്ന ഈ ഏട്ടനെയല്ലാതെ എനിക്ക് വേറെ ആരെയാ കിട്ടേണ്ടത്? മുൻജന്മങ്ങളിൽ എപ്പോഴോ ചെയ്ത പുണ്യങ്ങളുടെ ഫലമാണ് ഏട്ടനെ എനിക്ക് തന്നത്. എന്റെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു,

ആ മനസ്സിൽ എനിക്ക് നൽകിയ സ്ഥാനം, അതിന് ഞാൻ അർഹയാണോ? അർഹിക്കാത്തതാണെങ്കിൽ കൂടി അത് ഞാൻ നഷ്ടപ്പെടുത്തില്ല. എനിക്ക് നല്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ച് നൽകണം. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ആ മനസ്സ് വിഷമിപ്പിക്കില്ല.
ആ ദേഹത്തോട് പറ്റിച്ചേർന്ന് കിടക്കുമ്പോൾ ഇത് വരെ കിട്ടാത്ത ഒരു സുഖം, സംരക്ഷണം, സമാധാനം എനിക്ക് കിട്ടി.

രാവിലെ നേരത്തെ ഉണർന്നു. ഏട്ടനെ നോക്കി , ഉറങ്ങിക്കിടക്കുമ്പോൾ ഉള്ള ആ നിഷ്കളങ്ക ഭാവം അന്നാദ്യമായി ഞാൻ നോക്കി ഇരുന്നു പോയി. പതിയെ ആ നെറ്റിയിലൂടെ തലോടി, ഇന്നലെ ഏട്ടന് നേരിടേണ്ടി വന്ന ആ ദുരനുഭവം, അത് ഇനിയുണ്ടാകരുത്.
നാളെ അതേ ബസ്സിൽ കയറി ആ സ്ത്രീയെ കണ്ട് പിടിച്ച് ചെയ്യാത്ത തെറ്റിന് ഏട്ടനെ കള്ളനാക്കിയതിന് മാപ്പ് പറയിപ്പിക്കണം. സമ്മതിച്ചില്ലെങ്കിൽ ഏട്ടൻ അനുഭവിച്ച വിഷമങ്ങളെല്ലാം വലം കയ്യിൽ ആവാഹിച്ച് അവൾക്കൊരു സമ്മാനം കൊടുക്കണം. പിന്നെ പെണ്ണിന്റെ വാക്ക് കേട്ട് മറ്റൊന്നും ചിന്തിക്കാതെ ഏട്ടനെ കളിയാക്കിയവരെയും തല്ലിയവരെയും ഒന്ന് കാണണം. അവരോട് പറയണം എന്റെ ഏട്ടന് വേറെ ഒരു പെണ്ണിന്റെ ആവശ്യമില്ല, ഏട്ടൻ ആഗ്രഹിക്കുന്നതെല്ലാം കൊടുക്കാൻ ഞാനുണ്ട്. എനിക്കില്ലാത്തതായി ഒന്നും ഇവൾക്കില്ല എന്ന്.

മനസ്സിൽ പകയുടെ തീക്കനൽ എറിയുമ്പോഴും ഞാൻ മനസ്സിലാക്കി , ഇത് സിനിമയല്ല. ഇതെല്ലം സിനിമയിൽ മാത്രേ നടക്കൂ. ഇതിനോട് പ്രതികരിക്കാനിറങ്ങിയാൽ ഒന്ന് കൂടി നാണം കെടുകയേ ഉള്ളൂ. പെണ്ണിന്റെ വാക്കിനാണ് ഇന്ന് വില. എന്നെ ഒരാൾ പീഡിപ്പിച്ചു എന്നൊരുത്തി പോലീസിൽ പരാതി കൊടുത്താൽ, ആ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിയമമുണ്ട്. ഒരു പെണ്ണിന്റെ സാരിത്തുമ്പിൽ മന്ത്രി സഭ തന്നെ തകിടം മറിയുന്ന ഈ നാട്ടിൽ ഒരു പെണ്ണിനോട് പ്രതികരിക്കുന്നത് പോലും സൂക്ഷിച്ച് വേണം.

മനസ്സിലെ പ്രതികാര ദാഹം മാറ്റിവച്ച് ഏട്ടനെ നോക്കിക്കൊണ്ടിരുന്നു.
ഇങ്ങനെ ഇരുന്നാൽ ശരിയാകില്ല, ഏട്ടന് ഓഫീസിൽ പോകേണ്ടതാണ്. എഴുന്നേൽക്കുന്നതിന് മുൻപ് ഏട്ടന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. ഒരു വർഷമായി മനസ്സിൽ കരുതി വച്ചതാണ് ഈ ഉമ്മ.
ഭർത്താവിനെ ഉമ്മ കൊടുത്ത് എഴുന്നേൽപ്പിക്കുന്നതും അദ്ദേഹത്തിന്റെ കൈകൊണ്ട് നെറുകയിൽ സിന്തൂരം തൊടുവിക്കുന്നതും മാറാല പിടിച്ച എന്റെ സ്വപ്നങ്ങളായിരുന്നു. ഇന്ന് മുതൽ അവയ്ക്ക് ജീവൻ കൊടുക്കണം.

എഴുന്നേറ്റ് അടുക്കളയിൽ കയറി, അമ്മ ഇന്ന് നേരത്തെ എത്തിയിരിക്കുന്നു. രാവിലത്തെ ഭക്ഷണത്തിന്റെ പണി തുടങ്ങി. ഇന്ന് ഇഡ്ഡലിയാണ്.
'നീ പോയി കുളിച്ചോ, ഇത് ഞാൻ നോക്കിക്കോളാം'
'ഉം'

കുളി കഴിഞ്ഞ് വന്നപ്പോൾ ഏട്ടൻ ഉണർന്നിട്ടുണ്ട്, എന്തോ ആലോചിച്ച് കിടക്കുകയാണ്.
'ഏട്ടാ എണീക്കണില്ലേ?'
'ഉം'
'ഞാൻ പറഞ്ഞതല്ലേ ഏട്ടാ ഇനി ഒന്നും ആലോചിക്കണ്ട എന്ന്, വാ എണീച്ച് പല്ല് തേക്ക്, ഞാൻ ചായ എടുക്കാം'

ഏട്ടൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
'ഏട്ടാ...'
'ഉം, എന്തേ?'
'എനിക്കിതൊന്ന് തൊട്ട് തരോ?'
ഞാൻ കയ്യിലിരിക്കുന്ന സിന്തൂരച്ചെപ്പ് ഏട്ടന്റെ നേർക്ക് നീട്ടി.
ഏട്ടൻ അടുത്തേക്ക് വന്നു.
'കല്യാണം കഴിഞ്ഞപ്പോൾ മുതൽ എന്റെ മനസിലുള്ള ആഗ്രഹമാണ്, എന്റെ മാത്രമല്ല എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്നതാ ഇത്'
'ഉം, എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ...'
'ഇനി മുതൽ നമുക്കിടയിൽ പക്ഷേകൾ വേണ്ട. എനിക്ക് എന്നും ഏട്ടൻ സിന്തൂരം തൊട്ട് തരണം. അത് എന്റെ അവകാശമാണ്'
'ഉം, അപ്പോൾ ഉണരുമ്പോൾ ഒരുമ്മ, അത് എന്റെ അവകാശമാണ്'
'അത് ഞാൻ തന്നൂലോ,, രാവിലെ'
'ഞാനറിഞ്ഞില്ല'

ഏട്ടൻ എന്റെ നെറുകയിൽ ഒരിക്കൽകൂടി സിന്തൂരം ചാർത്തി, ഞാൻ ഏട്ടന് ഒരുമ്മയും കൊടുത്തു. ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു.
'വിജീ, നീയവനെ വിളിച്ചേ, ഇന്നെന്താ ഓഫീസിൽ പോണില്ലേ?'
'ഏട്ടൻ എണീച്ചു അമ്മേ,, കുളിച്ച് റെഡിയാവ് ഏട്ടാ'
'ഉം, നീ മുത്തുഏട്ടനോട് ഒൻപതര കഴിഞ്ഞിട്ട് വരാൻ പറ'
'ഉം'

ഭക്ഷണം കഴിച്ച് ഏട്ടനെ പറഞ്ഞയച്ചു.
ഏട്ടൻ പോയതും ഫോൺ എടുത്ത് അനിയനെ വിളിച്ചു
'ഡാ വിഷ്ണൂ , നീ എവിടെയാ?'
'ഞാൻ വീട്ടിലുണ്ട്. എന്താ ചേച്ചീ?'
'ഒന്നൂല്ല്യ, നീ അന്ന് ബൈക്ക് എടുത്തപ്പോൾ എത്ര പൈസയായി?'
'വണ്ടിടെ വില എഴുപത്തിഎട്ടായിരമാണ്, ഞാൻ അടവിന് എടുത്തതല്ലേ, പലിശയടക്കം ഒരു ലക്ഷം കടന്നു. എന്തേ?'
'ജയേട്ടന് ഒരു വണ്ടിയെടുക്കണമെന്നുണ്ട്, ആൾക്ക് വരാനും പോകാനുമെല്ലാം എളുപ്പമാവൂലോ'
'ആ, വീട്ടിൽ ഒരു വണ്ടിയുള്ളത് നല്ലതാ. നിങ്ങൾക്ക് എവിടേക്കെങ്കിലും പോകണമെങ്കിൽ ഓട്ടോ വിളിക്കണ്ടേ, അങ്ങനെ നോക്കുമ്പോൾ ബൈക്കാ നല്ലത്'
'ഉം, നീയൊരു കാര്യം ചെയ്യ്, ഏതാ നല്ല വണ്ടി എന്ന് നോക്കി, കമ്പനിയും മോഡലും വിലയും എല്ലാം അന്വേഷിക്ക്. എന്നിട്ട് ഇന്ന് വൈകുന്നേരം ഇങ്ങോട്ട് വാ'
'ഉം, ഫുൾ പൈസ കൊടുത്ത് എടുക്കാനാ, അടവിനാ?'
'ഫുൾ പൈസ ചിലപ്പോഴെ ഉണ്ടാകൂ, നീ ആദ്യം വിലയൊക്കെ ഒന്ന് പറ. വില കൂടിയതൊന്നും വേണ്ട'
'സ്‌കൂട്ടി മോഡൽ മതിയോ? എന്നാൽ ചേച്ചിക്കും ഓടിക്കാലോ?'
'ഡാ, എനിക്കല്ല , ഏട്ടനാ ആവശ്യം'
'എന്തായലും അടവ് വേണ്ട ട്ടോ, പൈസ കയ്യിൽ ഇല്ലെങ്കിൽ സ്വർണ്ണം വച്ച് എടുത്താൽ മതി. അതാണ് ലാഭം'
'അതൊക്കെ നോക്കാടാ, നീ ഇങ്ങോട്ട് വാ. പിന്നെ പറ്റിയാൽ നാളെത്തന്നെ വണ്ടിയെടുക്കാൻ. അത് കഴിഞ്ഞ് നീ പോയാൽ മതി. അച്ഛനോട് രണ്ട് ദിവസം കഴിഞ്ഞ് വരാംന്ന് പറയ്. അമ്മയെ ഞാൻ വിളിച്ചോളാം'
'ആ, ശരി'

ആ ഫോൺകോൾ വെക്കുമ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്റെ ഏട്ടന് ഇനി ഇത്പോലെ ഒന്നും സംഭവിക്കരുത്. ഇത് ഒളിച്ചോട്ടമല്ല, വഴിമാറൽ ആണ്. ഇനി ഏട്ടൻ എതിര് പറയോ?
ഏയ്, ഉണ്ടാവില്ല. എന്റെ വാക്കിന് ആ ഹൃദയത്തിൽ സ്ഥാനമുണ്ട്.

ഞാൻ അറിയാത്ത സോദരീ, ഞങ്ങളെ ഒന്ന് കൂടി അടുപ്പിച്ചതിന് നന്ദി. ഞങ്ങളെ വേദനിപ്പിച്ചതിനുള്ളത് നിനക്ക് ദൈവം തന്നോളും.

മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിയാൻ പോകുന്നതിന്റെ ആശ്വാസത്തിൽ ഞാൻ വീണ്ടും അടുക്കളപ്പണികളിൽ മുഴുകി!!!

(അവസാനിച്ചു) 

രജീഷ് കണ്ണമംഗലം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ