കൊറോണ ഓൺ ഓജോബോർഡ് (ഭാഗം - 1 )

കൊറോണ ഓൺ ഓജോബോർഡ് (ഭാഗം - 1 )

 കൊറോണ ഓൺ ഓജോബോർഡ് (ഭാഗം - 1 )

കൊറോണ ഓൺ ഓജോബോർഡ്

......................................................

 

അഗാധമായ ചിന്തയിൽ നിന്നുണർന്ന പ്രെഫസർ ഫിലിപ്പ് തന്റെ ചുറ്റുവട്ടം സസൂഷ്മം വീക്ഷിച്ചു. കൊറോണ സംഹാര താണ്ഡവം ആടികൊണ്ടിരിക്കുന്ന ലോകത്തെ കുറിച്ച് ആലോചിച്ചപോൾ അദ്ദേഹത്തിന്റെ മനസ്സിൽ ചെറിയ പരിഹാസ ചിരി വിടർന്നു.

 

 ചന്ദ്രനിലും ചൊവ്വയിലും മണിമാളിക കെട്ടാൻ തീരുമാനിച്ചുറപിച്ച മനുഷ്യനെ വീട്ടിനുള്ളിൽ ഒതുക്കിയിരുത്തിയ ഇത്തിരി കുഞ്ഞന്റെ മൂലകാരണം ഓജോ ബോർഡിന്റെ സഹായത്തോടെ തേടുവാൻ തീരുമാനിച്ചു അദ്ദേഹം.

 

ശാസ്ത്രം എന്നും ചോദ്യചിഹ്നത്തിന്റെ കണ്ണുകളോടെ മാത്രമേ ഓജോ ബോർഡിനെ വീക്ഷിച്ചിട്ടുള്ളു. ശാസ്ത്രത്തിന്റെ വരുതിയിൽ ഒതുങ്ങാതെ പലശക്തികളും മാനവരാശിയെ മുട്ട് കുത്തിച്ചിട്ടില്ലെങ്കിലും ശിരസ്സ് കുനിക്കുവാൻ കാരണമായിട്ടുണ്ട്. അത്തരത്തിലൊരുവനായ കൊറോണയുടെ അന്തർസ്ഥായിലേക്ക് ഓജോ ബോർഡിന്റെ സഹായത്തോടെ  ഊളിയിട്ടിറങ്ങുവാൻ അദ്ദേഹം തീരുമാനിച്ചു..

 

സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. അമാവാസിയുടെ കൂരിരിട്ടിനെ പരിപോഷിപിക്കാൻ വൈദുതി ബോർഡും തീരുമാനിച്ചുറപ്പിച്ചത് പോലെ തോന്നി. ശാസ്ത്രത്തിനെത്തിപെടാത്തതിനപ്പുറവും മറ്റൊരു ലോകം ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് താൻ ഓജോ ബോർഡ് ഓപറേറ്റർ ആകുവാൻ തീരുമാനിച്ചത്.

 

കോളേജിലെ തന്റെ ഫിസിക്സ് ക്ലാസ് നടന്ന് കൊണ്ടിരിക്കുമ്പോൾ ഏതോ ഒരു വിദ്യാർത്ഥി ചോദിച്ച ചോദ്യമാണ്  തന്റെ മനസ്സിൽ തളച്ച് കയറിയത്.

 

"സർ ,ഓജോ ബോർഡ് ഉപയോഗിച്ച് അമാനുഷിക ശക്തികളുമായി സംസാരിക്കുവാൻ കഴിയുമോ ?....."

 

"അതൊക്കെ മനസ്സിന്റെ തോന്നലുകളല്ലേ ...."

 

എന്ന സ്വാഭാവികമായ ഉത്തരം നൽകിയെങ്കിലും  ഓജോ ബോർഡ് അദ്ദേഹത്തിന്റെ മനസ്സിൽ ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിച്ചു. ഓജോ ബോർഡിനെ കുറിച്ച് കൂടുതൽ അറിയുവാനായി പല ഗ്രന്ഥങ്ങൾ വായിക്കുവാൻ അദ്ദേഹത്തെ പ്രേരിപിക്കുകയും, എഡ്മെൻഡ് ഗ്രസിന്റെ പഴയ ഓജോ തിയറിയിലും, ഷെൽബെ വൈറ്റിന്റെ പുതിയ തിയറിയിലും കയറിയിറങ്ങിയെങ്കിലും ഒരു സമവായത്തിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല..

 

ഓജോ ബോർഡിനെ കുറിച്ച് താൻ പുസ്തകങ്ങളിലൂടെ നേടിയ അറിവ് പ്രായോഗിക തലത്തിൽ  എത്തിക്കുവാൻ ക്രോണിക് ബാച്ചിലറായ അദ്ദേഹം തീരുമാനിച്ചു.

 

അമാവാസി നാളുകളിലെ ഓജോ ബോർഡിന്റെ വിജയ സാധ്യത കൂടുതലായതിനാൽ ആ ദിവസം തന്നെ പരീക്ഷിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അവിവിവാഹിതനും, തന്റെ റും മേറ്റും, ആറ് മാസങ്ങൾക്ക് മുൻപ് ആക്സിഡന്റിൽ മരിച്ച് പോയ 

Dr. സാമുവലുമായി ഓജോ ബോർഡിലൂടെ സംവദിക്കാൻ അദ്ദേഹം തീരുമാനിച്ചുറപിച്ചു.

 

ഒറ്റപെട്ട തന്റെ ജീവിതത്തിലെ വെളിച്ചങ്ങളിലൊന്നായിരുന്നു ഡോക്ടർ. അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ അലട്ടിയിരുന്നു.

 

ഓജോ ബോർഡും , മെഴുക് തിരിയും, നാണയങ്ങളുമായി വളരെ നാളുകളായി അടഞ്ഞ് കിടന്നിരുന്ന ഡോക്ടറിന്റെ റൂമിൽ എത്തിയ ഫിലിപ് മുറിയിലെ ജന്നലും വാതിലുമെല്ലാം അടക്കുകയും, ഓജോ ബോർഡ് റൂമിന്റെ ഒരു മൂലയിൽ ഉള്ള ടേബിളിൽ വയ്ക്കുകയും, റൂമിൽ നിന്നും പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്തു. ഒരു മെഴുകുതിരി ഓജോ ബോർഡിന്റെ മുന്നിൽ കത്തിച്ച് വയ്ക്കുകയും മറ്റൊരാണ്ണം  റൂമിന്റെ മറ്റൊരു വശത്ത്  കത്തിച്ച് വച്ച് റൂമിലെ എല്ലാ ഇലട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് തന്റെ കൂട്ടുകാരന്റെ അത്മാവിന് വേണ്ടി പ്രാർത്ഥിച്ചു.

 

" ഡിയർ ഫ്രണ്ട് ,.....Samuel Come ......... Please Come .....''

 

പുറത്ത്  മഴയുടെ കാഠിന്യം കൂടികൊണ്ടിരുന്നു. ആർത്തലച്ചു ചെയ്യുന്ന പേമാരിയിലും കാറ്റിലും മരങ്ങൾ ഞാൺ കെട്ടാൻ വില്ല് വളയ്ക്കുന്നത് പോലെ വളഞ്ഞ് കൊണ്ടിരുന്നു. പെട്ടെന്നുള്ള കാതടപിക്കുന്ന ശബ്ദത്തോടുള്ള ഇടിമിന്നലിൽ ഒരു വശത്തെ മെഴുകുതിരി അണയുകയും, നാണയം പതിയെ ഇളകി തുടങ്ങി ചെയ്യുകയും ചെയ്തു.

 

ആദ്യമായി ഓജോ ബോർഡ് കൈകാര്യം ചെയ്യുന്നതിന്റെ ഭയവും, ആരാണ്  താനുമായി സംവാദിക്കാൻ വന്നതെന്നറിയാനുള്ള വ്യഗ്രതയും അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞ് നിന്നു.

 

"ആരാണ് നിങ്ങൾ "

 

നാണയം വളരെ വേഗം തന്നെ Samuel ന്റെ ഓരോ അക്ഷരങ്ങളിലേക്കും നീങ്ങി കൊണ്ടിരുന്നു.

 

 

"സാമുവൽ നിങ്ങൾ പോയതിൽ ഞാൻ എത്ര വിഷമിചിട്ടുണ്ടന്നറിയാമോ ?.."

 

ഓജോ ബോർഡിലൂടെയുള്ള തന്റെ കൂട്ട്കാരനുമായുള്ള കുശലാന്വേഷണത്തിന് ശേഷം നിദ്രാ ദേവീകടാക്ഷം എപോൾ കീട്ടിയെന്ന് ഫിലിപിനറിയാൻ കഴിഞ്ഞില്ല.

 

അടുത്ത ദിവസം വളരെ താമസിച് ഉറക്കമുണർന്ന ഫിലിപ്പിന് തലേദിവസം രാത്രിയിൽ സംഭവിച്ചത് മിഥ്യയോ സത്യമോ എന്ന് വേർതിരിച്ചെടുക്കുവാൻ കഴിഞ്ഞില്ല.

 

തനിക്കുണ്ടായ അനുഭവങ്ങൾ തന്റെ പ്രിയ കൂട്ടുകാരനും ,സിറ്റി കമ്മീഷണറുമായ അലക്സാണ്ടർ IPS നോട് ഫോണിലൂടെ തുറന്ന് പറയുകയും, അദ്ദേഹമത് വിശ്വാസത്തിലെടുക്കാതെ തന്നെ പരിഹസിക്കുകയും ചെയ്തു.

 

 

 

"ഇതൊക്കെ തന്റെ തോന്നലുകൾ ആയിരിക്കും..... ഫിലിപ്പേ ...."

 

"അല്ലാ .....അവനുമായി ഞാൻ ആശയവിനിമയം നടത്തിയതാണ് .... അവനെ കുറിച്ച് അവൻ പറഞ്ഞതെല്ലാം കറക്ടുമായിരുന്നു "

 

"എങ്കിൽ ആ  ഡോക്ടറിന്റെ ആത്മാവിനെ ഞാനുമായൊന്ന് കമ്യൂണിക്കേറ്റ് ചെയ്യിപിക്ക് . അവന്റെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം ഒരു തുമ്പുമില്ലാതെ വഴി മുട്ടി നിൽക്കുകയാണ് "

 

" നീയെന്നെ  പരിഹസിക്കുകയാണെന്ന് എനിക്കറിയാം .എങ്കിലും ഞാൻ ഈ ചലഞ്ച് ഏറ്റെടുക്കുന്നു. ഇന്ന് രാത്രി 8 മണിക്ക് ശേഷം ഞാൻ നിന്റെ ഓഫീസിൽ ഓജോ ബോർഡുമായി  എത്താം. "

 

"ശരിയെടാ... നിനക്ക് വേണ്ടി ഞാൻ ഡാർക്ക്  റും അറേഞ്ച് ചെയ്ത് ഓഫീസിൽ വെയ്റ്റ് ചെയ്യാം ...."

 

 

രാത്രി എട്ട് മണിക്ക് ശേഷം പ്രെഫസർ ഫിലിപ്പ് അലക്സാണ്ടറിന്റെ ഓഫീസിൽ എത്തുകയും, ഓജോ ബോർഡ് തയ്യാറാക്കി ഡോക്ടർ സാമുവലുമായി സംവദിക്കാൻ ശ്രമിക്കു കയും, പരാജിതനാകുകയും ചെയ്തു. സഹതാപം നിറഞ്ഞ ഒരു പരിഹാസച്ചിരി അലക്സാണ്ടറിന്റെ മുഖത്ത് വിരിഞ്ഞു.

 

" ഫിലിപ്പ് ... ഞാൻ പറഞ്ഞിരുന്നില്ലേ....

അത് താങ്ങളുടെ തോന്നലുകൾ മാത്രമാണെന്ന് . ശാസ്ത്രത്തിൽ ഇതിനെ ഇഡിയോ മോട്ടോർ റെസ്പോൻസ് എന്ന് പറയും. താനറിയാതെ തന്റെ ഉൾ ബോധ മനസ്സ് നാണയം ചലിപിക്കുന്നതാണ് ഇതിന് കാരണം. പിന്നെ മരിച്ച വ്യക്തി തന്റെ പ്രിയ കൂട്ടുകാരനായതിനാൽ കാര്യങ്ങൾ എളുപത്തിൽ തനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞു എന്നതാണ് സത്യം. "

 

"നോ ... അലക്സാണ്ടർ . ഞാൻ അവനുമായി സംസാരിച്ചത് നാണയത്തിന് മുകളിൽ വിരൽ വച്ചിട്ടായിരുന്നില്ല. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി നാണയം തനിയേ ചലിക്കുകയായിരുന്നു."

 

" ഇറ്റ്സ് ഇംപോസിബിൽ  പ്രഫസർ ഫിലിപ്പ് . ഓജോ ബോർഡ് ഓപ്പറേറ്ററൻമാരെല്ലാം തന്റെ വിരലുകൾ ഉപയോഗിച്ചാണ് നാണയങ്ങൾ ചലിപിക്കാറുള്ളത്. അതുകൊണ്ടാണ് ഇതെല്ലാം തന്റെ മനസ്സിന്റെ തോന്നലുകൾ മാത്രമാണെന്ന് പറഞ്ഞത്. എനി വേ.....നന്ദി സുഹൃത്തേ ഈ ഇരുണ്ട സായാഹ്നത്തിൽ എനിക്കൊപ്പം ചിലവഴിച്ചതിന് "

 

അലക്സാണ്ടറുമായി പിരിയുമ്പോഴും ഫിലിപ്പിന്റെ മനസ്സിൽ നിരാശ നിഴലിച്ച് നിൽക്കുന്നുണ്ടായിരുന്നു .എങ്കിലും എന്ത് കൊണ്ടാണ് തനിക്ക് ഇന്ന് ഓജോ ബോർഡിൽ ഡോക്ടറുമായി  സംവാദിക്കാൻ  കഴിയാതിരുന്നത്.

 

തിരികെ വീട്ടിലെത്തിയ പ്രഫസർ ഹോട്ടലിൽ നിന്നും വാങ്ങി വന്ന ഭക്ഷണംകഴിച്ചതിന് ശേഷം ഓജോ ബോർഡുമായി ഡോക്ടറുമായി കമ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. പോലീസ് ഓഫീസിൽ ഇല്ലാത്തതും തന്റെ വീട്ടിൽ ഉള്ളതുമായ ആ ആദ്യശ്യഘടകത്തെ കണ്ടെത്തി വേർതിരിച്ചെടുക്കാനായാൽ ഓജോ ബോർഡിലൂടെ  അദ്യശ്യ ശക്തികളെ തന്റെ പരിധിയിലെത്തിക്കാമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

*************************

 

ഒരാഴ്ചക്ക് ശേഷം തിരക്ക് പിടിച്ച ഓഫീസ് ഡ്യൂട്ടിക്കിടയിലാണ് ഫിലിപ്പിന്റെ കാൾ  അലക്സാണ്ടറിന്റെ ഫോണിലേക്ക് വരുന്നത്.

 

"ഹലോ ഫിലിപ്പ് പറയൂ ...."

 

" അലക്സ് ... ഞാനേറ്റെടുത്ത  ചലഞ്ച് പൂർത്തികരിക്കാനായി ഇന്ന് രാത്രിയിൽ നിന്റെ ഓഫീസിൽ വരാം. ഡോക്ടറോട് ചോദിക്കാനുള്ള പോലീസ് ചോദ്യങ്ങളുമായി തയ്യാറായി  ഇരുന്നോളു സുഹൃത്തേ.....''

 

"ശരി ...സുഹൃത്തേ ......"

 

 

രാത്രി  എട്ട് മണിക്ക് ശേഷം ഓഫീസിലെത്തിയ ഫിലിപ്പ് ഓജോ ബോർഡ് റൂമിന്റെ ഒരു വശത്ത്  റെഡിയാക്കി വയ്ക്കുകയും, ഇലക്ട്രോണിക്ക് ഉപകരണം ഉപയോഗിച്ച് റീഡിംഗുകൾ നോട്ട് ചെയ്യുകയും, മറ്റൊരു ഉപകരണത്തിൽ ചില സംഖ്യകൾ സെറ്റ് ചെയ്ത്  പ്രവർത്തിപ്പിക്കുവാൻ തുടങ്ങി. റൂമിന്റെ ഓരോ മൂലയിലേയും റീഡിംഗുകൾ ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ സഹായത്താൽ എടുത്ത് കൊണ്ടേയിരുന്നു.

 

ഫിലിപ്പിന്റെ  മുഖത്ത് നിന്നും വിജയസോപാനത്തിലേറുന്നതിന്റെ സന്തോഷ സ്മിതങ്ങൾ തെളിയുവാൻ തുടങ്ങി. ഫിലിപിന്റെ എല്ലാ പ്രവൃത്തികളും  അലക്സാണ്ടർ അത്ഭുതത്തോടും ആകാംക്ഷയോടും  നോക്കി കണ്ടു.

 

"ഫിലിപ്പ്  ...എന്ത് ഉപകരണമാണിത് എന്തിനാണിത് ഓപ്പറേറ്റ് ചെയ്യുന്നത് "

 

"അല്പം സമയം ക്ഷമിക്കൂ ... സുഹൃത്തേ .....എല്ലാം  വിശദമാക്കാം ....."

 

അടഞ്ഞ മുറിയിൽ അരണ്ട മെഴുകുതിരി വെളിച്ചത്തിൽ നാണയങ്ങളുടേയും ഉപകരണങ്ങളുടേയും സഹായത്തോടെ അവർ ഓജോ ബോർഡിലൂടെ Dr. സാമുവലിലേക്ക് എത്തുവാൻ ശ്രമിച്ച് കൊണ്ടിരുന്നു.

 

"പ്രീയ സുഹൃത്ത് ..... സമുവൽ ....Please come ...."

 

അവർ ഇരുവരുടേയും അഭ്യർത്ഥനയെ മാനിച്ചതിന്റെ സൂചകമായി നാണയം ഇളകുവാൻ ആരംഭിച്ചു.

 

"നിങ്ങൾ ഡോക്ടർ സാമുവൽ   ആണോ "

 

ഫിലിപ്പിന്റെ ചോദ്യത്തിന്റെ റെസ്പോൻസായി Yes ലേക്ക്  നാണയം നീങ്ങി കൊണ്ടിരുന്നു.

 

എന്തും പോലീസ് കണ്ണിലൂടെ കാണുന്ന അലക്സാണ്ടറിന് തന്റെ മുന്നിൽ ഒരു കൺകെട്ട് വിദ്യ അരങ്ങേറുകയല്ല എന്നുറപ്പിക്കാനായി  ഓജോ ബോർഡിനെ നോക്കി അടുത്ത ചോദ്യമുയർത്തി.

 

"താങ്കൾ മരിച്ച ദിവസം സർജറിക്ക് വിധേയയായ താങ്കളുട രോഗിയുടെ പേര് പറയാമോ ?..."

 

" സുലോചന "

 

"എന്ത് സർജറിയായിരുന്നു "

 

" CABG "

 

യാഥാർത്ഥങ്ങളിലൂടെയുള്ള ഒരു യാത്രയിലാണെന്ന് മനസ്സിലാക്കിയ അലക്സാണ്ടർ

 

" താങ്കളുടെ മരണം കൊലപാതകമോ അത്മഹത്യയോ?. ... ''

 

" കൊലപാതകിയായ ഞാൻ  മറ്റൊരാളാൽ കൊല്ലപ്പെട്ടു. " 

 

ഓജോ ബോർഡിൽ നിന്നും വായിച്ചെടുത്ത വിവരങ്ങൾ അവരിൽ ഞെട്ടലുളവാക്കി.

 

" കൊലപാതകത്തെ സംബന്ധിച്ച എന്തെങ്കിലും ഓർത്തെടുക്കാൻ താങ്കൾക്ക് കഴിയുന്നുണ്ടോ .... ഡോക്ടർ ... "

 

പതിവിന് വിവരീതമായി വളരെ സാവധാനം നാണയം ഓരോ അക്ഷരത്തിലേക്കുംചലിച്ചു കൊണ്ടിരുന്നത്

 

'xixiiviill'

 

ഡിഷ്നറിയിൽ ഇല്ലാത്ത പുതിയ വാക്ക് വായിച്ച അമ്പരന്ന അവർ അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നതിന് മുന്നേ നാണയം Goodbye ലക്ഷ്യമാക്കി നീങ്ങി.

 

"എന്താണ് ഫിലിപ്പേ .....ഡോക്ടർ ഇത്ര വേഗം പൊയത് "

 

" തന്റെ പോലീസ് മുറയിലുളള ചോദ്യം ചെയ്യൽ കേട്ട് പേടിച്ചിട്ടാകും"

 

തമാശ രീതിയിലുളള ഫിലിപ്പിന്റെ മറുപടി നന്നായി  ആസ്വദിച്ചു അലക്സാണ്ടർ .

 

വളരെ പെട്ടെന്ന് തന്നെ റൂമിൽ പുകപടലങ്ങൾ നിറയുന്നതായും എന്തോ കത്തികരിയുന്നതായും അവർക്ക് തോന്നി.

 

വൈദ്യുത ലൈറ്റുകൾ ഓൺ ചെയ്തപ്പോൾ പുകയുടെ ഉറവിടം അവർ പ്രവൃത്തിപ്പിച്ച് കൊണ്ടിരുന്ന ഉപകരണത്തിൽ നിന്നാണെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയുകയും, ഉടൻ തന്നെയത് ഓഫ് ചെയ്യുകയും ചെയ്തു.

 

"ഫിലിപ്പേ... ഇന്നത്തെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്താണെന്ന് താൻ പറഞ്ഞില്ലല്ലോ ...."

 

"അതിന് കുറച്ച് വിശദമായി പോകേണ്ടതുണ്ട്‌"

 

" കേൾക്കുവാൻ ഞാൻ റെഡിയാണങ്കിലോ ....."

 

" എന്നാൽ പറയാൻ ഞാനും റെഡി "

 

"ഭൂമിക്ക് അതിന്റേതായ ഒരു മാഗ്നറ്റിക്ക് ഫീൽഡ് ഉള്ളതായി താങ്കൾക്കറിയാമല്ലോ... ഇതിനെ എർത്ത് മാഗ്നെറ്റിക്ക് ഫീൽഡ് അല്ലെങ്കിൽ ജിയോ മാഗ്നെറ്റിക് ഫീൽഡ് എന്നാണ് അറിയപ്പെടുന്നത് . തന്മൂലമാണ് കാന്തം ചരടിൽ കെട്ടിതൂക്കിയാൽ തെക്ക് വടക്കായി നിൽക്കുന്നത്. ഭൂമിയിലെ അക്ഷാംശ രേഖാംശങ്ങൾ മാറുന്നതിനനുസരിച്ച് ജിയോ മാഗ്നറ്റിക്ക് ഫീൽഡിന് വ്യത്യാസങ്ങൾ ഉണ്ടാകും. അതായത് കേരളത്തിലെ വാല്യൂ ആയിരിക്കില്ല തമിൾ നാട്ടിലേത്. "

 

വാട്ടർ ബോട്ടിലിൽ നിന്നും കുറച്ച് തണുത്ത വെളളം കുടിച്ചതിന് ശേഷം പ്രെഫസർ തുടർന്നു

 

" ഒരു വ്യക്തി അയാളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് അയാളുടെ വീട്ടിൽ തന്നെയായിരിക്കും. അയാളുടെ വീട് നിൽക്കുന്ന സ്ഥലത്തുള്ള മാഗ്നറ്റിക് ഫീൽഡും അയാളുടെ ശരീരവും തമ്മിൽ ഒരു സമവായമുണ്ടായിരിക്കും. ആ സമവായത്തിൽ അവർ ഏറ്റവും കൂടുതൽ കംഫർട്ട് ആയി കാണപെടുകയും ചെയ്യും. ഉദാഹരണമായി താങ്കൾ  പെട്ടെന്നൊരു ദിവസം മറ്റൊരു വീട്ടിൽ കിടന്നുറങ്ങുകയാണെങ്കിൽ താങ്കൾക്ക് ഉറക്കം വരാതിരിക്കുന്നതും ഒരു ഡിസ്കംഫർട്ട്നെസ് അനുഭവപെടുന്നതും അത്  കൊണ്ടാണ്. "

 

 "ഒരു വ്യക്തി മരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവിന് അദ്ദേഹത്തിന്റെ ശരീരം അനുഭവിച്ച് കൊണ്ടിരുന്ന മാഗ്നെറ്റിക് ഫീൽഡിലോ അതിനാനുപാതികമായ ജിയോ മാഗ്നെറ്റിക് ഫീൽഡിലോ  ഓജോ ബോർഡ് പോലുള്ള ഒരു മീഡിയയിലൂടെ മറ്റുള്ളവരുമായി കമ്യൂണിക്കേറ്റ് ചെയ്യുവാൻ കഴിയും. ഉദാഹരണത്തിന് ഒരു വ്യക്തി മരിച്ച് കഴിഞ്ഞാൽ അദ്ദേഹം നിത്യമായി ഇരിക്കുകയോ നടക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിൽ അദ്ദേഹത്തെ കണ്ടതായി പലരും പറയുന്നത് ഈ പ്രതിഭാസം ഉള്ളത് കൊണ്ടാണ്. "

 

" ഒരു വ്യക്തി ജീവിച്ചിരുന്ന ചുറ്റുപാടിന് ആനുപാതികമായ ജിയോ മാഗ്നെറ്റിക് ഫീൽഡ് കൃത്രിമമായി രൂപപെടുത്തിയാൽ അദ്ദേഹത്തിന്റെ ആത്മാവുമായി ഒരു മീഡിയം വഴി നമുക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയും. അതിനായി ഞാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത മാഗ്നെറ്റിക് ഫീൽഡ് കൃത്യമായി അളക്കാൻ കഴിവുളള മാഗ്നെറ്റോ മീറ്ററും ,മാഗ്നെറ്റിക്ക് ഫിൽഡ് കൃത്യമായി ജെനറേറ്റ് ചെയ്യാൻ കഴിവുളള ജനറേറ്ററുമാണിത്."

 

തന്റെ പ്രിയ സുഹൃത്ത് ഫിലിപിന്റെ കണ്ട്പിടുത്തങ്ങളെ അലക്സാണ്ടർ ഹൃദയം തുറന്ന് അഭിനന്ദിച്ചു.

 

" വെൽ ഡൺ പ്രഫസർ ഫിലിപ്പ് . താങ്കളുടെ ബുദ്ധിയിൽ ഞാൻ അഭിമാനിക്കുന്നു.അതായത് താങ്കൽ ഡോക്ടർ സാമുവലിന്റെ റൂമിലെ ജിയോ മാഗ്നെറ്റിക് ഫീൽഡ് മാഗ്നോ മീറ്റർ ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കി അതിനാനുപാതികമായ ഒരു മാഗ്നെറ്റിക് ഫീൽഡ് ഇവിടെ ജനറേറ്ററിന്റെ സഹായത്താൽ കൃത്രിമമായി രൂപപെടുത്തിയാണ് ഡോക്ടറെ വിളിച്ച് വരുത്തിയത് "

 

" എക്സാറ്റിലി കറക്ട് മൈ ഡിയർ ഫ്രണ്ട്"

 

"Dr.സാമുവലിന്റെ മരണത്തെ കുറിചുള്ള അന്വേഷണം എങ്ങനെ പോകുന്നു "

 

" അന്വേഷണം തെളിവുകളുടെ അഭാവത്തിൽ വഴി മുട്ടി നിൽക്കുകയാണ്. ഇന്ന് നമുക്ക് ലഭിച്ച ആ കോഡിൽ നിന്നും വല്ല വഴിത്തിരുവും ഉണ്ടാകുമോയെന്ന് നോക്കാം. ഇത്തരം കാര്യങ്ങളിൽ എക്സ്പർട്ടും, ഫോറൻസിക് മേധാവിയുമായ ഡോക്ടർ സാഫൂണിന്റെ സഹായം ഞാൻ തേടിക്കോളാം.... രാത്രിയുടെ വൈകിയ വേളയിൽ ശുഭരാത്രി നേരുന്നു കൂട്ടുകാരാ ......"

 

കമ്മീഷണർ അലക്സാണ്ടറുമായി  ബൈ പറഞ്ഞ് പിരിഞ്ഞതിന് ശേഷവും ഫിലീപ്പിന്റെ മനസ്സിൽ  പരീക്ഷണ വിജയത്തിന്റെ സന്തോഷ അലകൾ ആഞ്ഞ് വീശുന്നുണ്ടായിരുന്നു.

 

ഒരാഴ്ചക്ക് ശേഷം പത്രത്താളുകളിലൂടെയുള്ള  സഞ്ചാരത്തിനിടയിലാണ് ആ വാർത്ത പ്രഫസറിന്റെ കണ്ണുകളിൽ ഉടക്കിയത്.

 

'ഡോക്ടർ സാമുവലിന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ച്  കേരളാ പോലീസ് '

 

ഉടൻ തന്നെ അദ്ദേഹം അലക്സാണ്ടറെ ഫോണിൽ ബന്ധപെട്ടു.

 

" ഹലോ .... അലക്സ്  എങ്ങനെയാണ്

നിങ്ങൾക്ക് കൊലപാതകിയിലേക്ക് എത്തപെടാനായത് "

 

" സോറി, ഫിലിപ്പ് .തിരക്ക് കാരണമാണ് തന്നെ ഫോൺ ചെയ്യാൻ കഴിയാതിരുന്നത്. അന്ന് ഓജോ ബോർഡിൽ നിന്ന് ലഭിച്ച കോഡാണ് കേസിലെ പ്രധാന വഴിത്തിരിവായത്. "

 

" ആ കോഡിന്റെ അർത്ഥമെന്താണ് "

 

" അത് വളരെ സിമ്പിളായ ഒരു കോഡായിരുന്നു.xixiiviill എന്നത് റോമൻ അക്കങ്ങൾ നിരത്തിയ ഒരു രജീഷ്ട്രേഷൻ നമ്പർ ആയിരുന്നു. നമുക്ക് അത് ഇടത്ത് നിന്നും അനലൈസ് ചെയ്താൽ അവസാനത്തെ രണ്ട് L സൂചിപിക്കുന്നത് 5050 എന്നാണ്. ആദ്യത്തെ രണ്ടക്കങ്ങളായ 11 ഉം 12 ഉം  സൂചിപിക്കുന്നത് ഇംഗ്ലീഷിലെ അക്ഷരങ്ങളെയാണ്. എല്ലാം കൂട്ടി വായിച്ചെടുത്താൽ KL-5 AA 5050 എന്ന വാഹന നമ്പറിലേക്കാണ് എത്തുന്നത്. ആ നമ്പറിലൂടെ കേസിന്റെ നിഗൂഡതയിലേക്ക് ഇറങ്ങി ചെല്ലുവാൻ കഴിഞ്ഞു. വളരെ നന്ദി ഫിലിപ്പ് ഞങ്ങളെ സഹായിച്ചതിന് "

 

അലക്സാണ്ടറുടെ ഡീകോഡിംഗിനെ കുറിച്ചുള്ള  മറുപടിയിൽ ഫിലിപ്പ് പൂർണ്ണ സംത്യപ്തനായില്ല. 

 

" അലക്സ് അങ്ങനെയെങ്കിൽ KL 06 A5050 എന്നോ KL 05 B 5050  എന്നോ ഡി കോഡ് ചെയ്തു കൂടെ "

 

" നല്ല ചോദ്യം. ഒരു വണ്ടിയുടെ രജിഷ്ട്രേഷൻ കാലാവധി 15 കൊല്ലമാണ്. മധ്യഭാഗത്ത് Aയും B യും ഉള്ള വണ്ടികൾ 90 കളിൽ രജിസ്ടർ ചെയ്തിട്ടുള്ളതും, ആ വണ്ടികളുടെ രജിഷ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടുള്ളതുമാണ്. ഒരു കൺഫർമേഷന് വേണ്ടി അതാത് RTO ഓഫീസുകളിൽ  അന്വേഷിച്ച് ഇല്ലാന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു "

 

തന്റെ കൂട്ടുകാരന്റെ കൊലപാതകിയെ കണ്ടെത്തുന്നതിന്റെ ഭാഗമായതിൽ ഫിലിപ്പിന് അഭിമാനം തോന്നി .പിന്നീട് പല തവണ പോലീസിന് തുമ്പ് കിട്ടാതെ പല വഴിക്കുപേക്ഷിച ചില കേസുകൾ ഓജോ ബോർഡിന്റെ സഹായത്തോടെ നേർവഴിക്കെത്തിക്കാൻ അൺഓഫീഷ്യലായി  അദ്ദേഹത്തിന് കഴിഞ്ഞു. ഒരു കൗതുകത്തിന് തുടങ്ങിയ  ഓജോ ബോർഡിൽ നിന്നും  വസ്തുതാപരമായ പല സംശയങ്ങൾക്കും ഉത്തരം ലഭിച്ചപോൾ മറ്റെന്തിനെക്കാളും അദ്ദേഹമതിൽ വിശ്വാസമർപിച്ചു.

 

*********************************

കുഞ്ഞൻ വൈറസിന്റെ പ്രഹരശേഷി താങ്ങാനാവാതെ ഭൂലോകം കൈപ്പിടിയിൽ ഒതുക്കി മറ്റ് ഗ്രഹങ്ങളിലേക്ക് തേരോട്ടം ആരംഭിച്ച മനുഷ്യൻ  അവനവന്റെ  മാളത്തിലേക്ക് കയറി ഒളിച്ച ലോക്ഡൗൺ കാലത്താണ് അലക്സാണ്ടർ ഫിലിപിന്റെ വീട്ടിലെത്തിയത്.

 

" ഫിലിപ്പ് ...ലോക് ഡൗൺ കാലം എങ്ങനെ ആസ്വദിക്കുന്നു "

 

" വളരെ ബോറിംഗ് ആണ്    സുഹൃത്തേ... "

 

" ബോറടി മാറ്റാനുള്ള മാർഗ്ഗവുമായാണ് ഞാൻ വന്നത് "

 

"എന്ത് മാർഗ്ഗം .... "

 

" കൊറോണയ്ക്ക് മേൽ ശാസ്ത്രത്തിന് മേൽക്കൈ നേടാൻ കഴിയാത്ത ഈ സാഹചര്യത്തിൽ തനിക്ക് ഓജോ ബോർഡ് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ....."

 

അല്പനേരം  ചിന്താനിമഗ്നായി ഇരുന്ന ശേഷം പ്രഫസർ  സമ്മതമെന്ന രീതിയിൽ തലയാട്ടി.

 

"പക്ഷേ അതിനായി തന്റെ ഡിപ്പാർട്ട്മെന്റിന്റെ സഹായം എനിക്കാ വിശ്യമുണ്ട് "

 

"തീർച്ചയായും അൺ ഒഫീഷ്യലായി തനിക്കാവിശ്യമായ എല്ലാ സഹായങ്ങളും ഞാൻ ചെയ്ത് തരുന്നതാണ് "

 

" കൊറോണയെ നിയന്ത്രിക്കുന്ന ഒരു അദ്യശ്യ ശക്തിയുണ്ടെങ്കിൽ അതിന് ആനുപാതികമായ ജിയോ മാഗ്നെറ്റിക് ഫീൽഡ് ക്രിയേറ്റ് ചെയ്യുക എന്നതാണ് നമുക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

കൊറോണയുടെ ഇപ്പോഴത്തെ പാറ്റേൺ നോക്കുകയാണെങ്കിൽ ചില അക്ഷാംശ രേഖാംശങ്ങളിലാണ് കൂടുതൽ അറ്റാക്ക് ചെയ്തിരിക്കുന്നത്. ഈ ആദ്യശ്യ ശക്തികളുടെ  ജിയോ മാഗ്നെറ്റിക്ക് ഫിൽഡിന്റെ സമവായത്തിന്റെ അനുപാതവും  കോറോണ ബാധിക്കുന്ന വ്യക്തികളുടെ അനുപാതവും തുല്യമാകാനാണ് സാധ്യത. ആ ദിശയിലൂടെ നമുക്കൊന്ന് സഞ്ചരിച്ച് നോക്കാം ... അതിന്റെ മുന്നോടിയായി കോറോണ ബാധിച്ചു മരിച്ച വ്യക്തിയുടെ വീട്  സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്."

 

"അതിനുളള എല്ലാം സംവിധാനങ്ങളും ഞാൻ റെഡിയാക്കാം ഫിലിപ്പ്. മരിച്ച വ്യക്തിയുടെ വീട്ടിലെ ജിയോ മാഗ്നെറ്റിക്ക് ഫീൽഡ് മെഷർ ചെയ്യുകയല്ലേ താങ്കളുടെ ഉദ്ദേശം "

 

" തീർച്ചയായും ... കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ വീട്ടിലെ ഫീൽഡിന് അനുപാതികമായ ഒരു ജിയോ മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാക്കി  ഓജോ ബോർഡ് വഴി  ആവ്യക്‌തിയിലേക്കും, അയാളിൽ നിന്നും കൊറോണയെ നിയന്ത്രിക്കുന്ന അദൃശ്യ ശക്തിയിലേക്കും എത്തുവാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഇതിന്റെ വിജയ സാധ്യത എത്രത്തോളമെന്ന് പറയാൻ കഴിയില്ല. കണ്ട് തന്നെയറിയണം. "

 

" കഠിനാധ്വാനികൾ ഒരിക്കലും പരാജയത്തിന്റെ കയ്പ് നീർ കുടിക്കാറില്ല ഫിലിപ്പ് . നാളെ തന്നെ കോവിഡ് - 19 ബാധിച്ച് മരിച്ച വ്യക്തിയുടെ വീട് സന്ദർശിക്കാനുളള അവസരം താങ്കൾക്ക് ഞാൻ ശരിയാക്കി തരാം...."

 

"അങ്ങനെയെങ്കിൽ അമാവാസിയായ നാളെ നമുക്കൊരുമിച്ച് ഈ മിഷൻ സ്റ്റാർട്ട്ചെയ്യാം ... ഒരു പോലീസ് ഓഫീസർ കൂടയുള്ളത് ഒരു ധൈര്യം അല്ലേ....''

 

ഫിലിപ്പ് പിറ്റേദിവസം തന്നെ തനിക്ക് ആവിശ്യമുള്ള എല്ലാ വിവരങ്ങളും മരിച്ച വ്യക്തിയുടെ വീട്ടിൽ നിന്നും ശേഖരിക്കുകയും, രാത്രിയിൽ തന്നോടൊപ്പം ചേർന്ന അലക്സുമായി തന്റെ വീടിന്റെ തെക്ക് പടിഞ്ഞാറേമൂലയിലുള്ള മുറി തന്നെ പുതിയ പരീക്ഷണത്തിനായി ഒരുക്കുകയും ചെയ്തു.

 

അടഞ്ഞ മുറിയിൽ , അരണ്ട മെഴുകുതിരി വെളിച്ചത്തിൽ ഓജോ ബോർഡിന്റെയും ,ഉപകരണങ്ങളുടേയും സഹായത്തോടെ അദൃശ്യ ശക്തിയുടെ വരവിനായി  അവർ ഉറക്കെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

 

"ഈ ലോകത്തിന്റെ അന്ത്യം കുറിക്കാൻ വന്ന മഹാമാരികളെ വരൂ .... വരൂ ...."

 

പതിവിലും ഇരുണ്ട രാത്രിയിലെ വളരെ നേരത്തെ കാത്തിരിപ്പിന് ശേഷവും പല തവണ ശ്രമിച്ചിട്ടും വിജയിക്കാൻ കഴിയാത്തതിനാൽ  ഈ ശ്രമം ഉപേക്ഷിക്കുവാൻ അവർ തീരുമാനിച്ചു.

 

വളരെ പെട്ടെന്നാണ് വശങ്ങളിൽ കത്തിച്ച് വച്ച മെഴുക്കുതിരികൾ ആരോ ഊതികെടുത്തുന്നത് പോലെ അണയുവാൻ തുടങ്ങിയത്. പുറത്ത് നിന്നും നായ്ക്കളുടെ ഓരിയിടുന്ന ശബ്ദം അവരുടെ ചെവികളിൽ തുളച്ച് കയറി. കടവാവലുകളുടെ മുരൾച്ചകൾ അവർ അങ്ങിങ്ങായി കേൾക്കുവാൻ തുടങ്ങി. പുതു മണ്ണിന്റെ ഗന്ധം അവരുടെ നാസാരന്ധ്രങ്ങളെ ത്രസിപിചു.പതിവിന് വിവരീതമായി ഓജോ ബോർഡിൽ  രണ്ട് നാണയങ്ങൾ ചലിക്കുവാൻ തുടങ്ങി.

 

"ആരാണ് നിങ്ങൾ "

 

രണ്ട് നാണയങ്ങളും വളരെ വേഗത്തിൽ അക്ഷരങ്ങളിലേക്ക് മാറി മാറി ചലിച്ച് കൊണ്ടിരുന്നു. ബോർഡിലെ അക്ഷരങ്ങൾ കൂട്ടി വായിച്ച അവരുടെ പാദം മുതൽ ശിരസ്സ് വരെ ഞെട്ടലിന്റെ തരംഗങ്ങൾ പാഞ്ഞു.

 

"C

 O

 R

 O 

 N

 A"

 

( continued)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ആണവോർജ്ജ വിഭാഗത്തിൽ Work ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ