പോയ് മറഞ്ഞ കാലം

പോയ്മറഞ്ഞ കാലം
---------------------------------------
നേരമിരുട്ടുവോളം
ഫോണിൽ കളിച്ചീടുന്ന
മകനെ നോക്കിയമ്മ
ഓർത്തുപോയ് പോയകാലം
ഇന്നത്തെപ്പോലെയല്ല
പൊയ്പോയ ബാല്യകാലം
എന്നമ്മചൊല്ലീ പിന്നെ
പറഞ്ഞൂ മകനോടായ്
നേരം പുലരുവാനായ്
കാത്തിരുന്നീടും ഞങ്ങൾ
ഒന്നിച്ചു പുഴയിൽ പോയ്
നീന്തിക്കളിക്കുവാനായ്
ആണും പെണ്ണെന്നുമുള്ള
വേർതിരിവില്ലാ കാലം
ഒന്നെന്ന മനോഭാവം
പുലർത്തി എന്നും ഞങ്ങൾ
പാടവരമ്പിൽ കൂടി
തുമ്പിയെ പിടിക്കുവാൻ
കൂട്ടുകാരോടൊത്തു ഞാൻ
ഓടിനടന്ന കാലം
മൂവാണ്ടൻ മാവിൽ നോക്കി
കൊതിയോടെ നില്ക്കുമ്പോൾ
കേറിവായെന്നും ചൊല്ലി
വിളിതൂകുന്നു മാവും
മറ്റൊന്നും നോക്കീടാതെ
വലിഞ്ഞുകേറും ഞങ്ങൾ
മാമ്പഴം പറിച്ചു കൊ-
ണ്ടിറങ്ങീടുന്ന നേരം
അമ്മയോ വടിയുമായ്
നില്ക്കുന്നുയെന്നെ നോക്കി
പിടിനല്കാതെയോടും
തിരിഞ്ഞു നോക്കി ഞങ്ങൾ
വികൃതി കാട്ടീടുന്ന
ഞങ്ങളെ നോക്കിയമ്മ
വീട്ടിൽവായെന്നു ചൊല്ലും
ചിരിതൂകിയന്നേരം
കുന്നിന്റെ മുകളിൽ ചെ-
ന്നിരുന്നീടുന്നു പിന്നെ
മാമ്പഴം വീതിച്ചു നാം
പങ്കിട്ടു ഭുജിച്ചീടും
മരിച്ചീനി തണ്ടിനാൽ
താലിയതൊന്നുണ്ടാക്കും
കൂട്ടത്തിലൊരുവനോ
കഴുത്തിലണിയിക്കും
ഇലകൾ കൊണ്ടുതീർത്ത
കറിക്കൂട്ടങ്ങൾക്കൊപ്പം
സദ്യയതൊന്നുണ്ടാക്കി
വിളമ്പിക്കളിച്ചീടും
പപ്പായ തണ്ടൊന്നൊടി-
ച്ചോടക്കുഴലുണ്ടാക്കും
കൃഷ്ണനും രാധയുമായ്
വൃന്ദാവനം തീർത്തിടും
വള്ളിയിലൂഞ്ഞാലാടി
മർക്കടഭാവം കാട്ടി
കാനന വഴികളിൽ
തുള്ളിച്ചാടി നടക്കും
പിന്നെയുമീവിധത്തിൽ
കളികളനവധി
എത്രയോ നേരം മണ്ണിൽ
ആർത്തുല്ലസിക്കും ഞങ്ങൾ
മതിയാവോളം കളി-
ച്ചിട്ടുച്ച നേരം നോക്കി
കൂട്ടുകാരുടെ വീട്ടിൽ
ഊണിനായ് ഞങ്ങൾ ചെല്ലും
ചെല്ലുമ്പോളനവധി
കറിക്കൂട്ടങ്ങൾക്കൊപ്പം
മതിയാവോളമന്നം
പകർന്നു തരുമവർ
മതിൽക്കെട്ടുകളില്ല
ചുറ്റിലും മനസ്സിലും
എല്ലാരുമൊന്നാണെന്ന
സത്യത്തെയറിഞ്ഞിടും
സ്നേഹമാണൂഴിയിലെ
അണയാതുള്ള ദീപം
അതിനു മുന്നിലെല്ലാം
തകരുമതുസത്യം
ഭക്ഷണം കഴിച്ചതി-
നു ശേഷം വീണ്ടും ഞങ്ങൾ
തുമ്പിയെപ്പോലെ പാറി
പറക്കും വയലോരം
മഞ്ചാടി പെറുക്കിയെ-
ടുത്തിട്ടു കുഴികുത്തി
മണ്ണിലിരുന്നു വീണ്ടും
കളിക്കും തകൃതിയായ്
അന്തിയാകുമ്പോൾ കിളി-
ക്കൂട്ടങ്ങൾ ചേക്കേറുന്ന
കാഴ്ചയും കണ്ടിട്ടു നാം
വീട്ടിലേക്കു പാഞ്ഞിടും
പൂമുഖത്തിനു മുന്നിൽ
ഭദ്രദീപം കൊളുത്തി
പുഞ്ചിരി തൂകിയമ്മ
നാമം ജപിക്കും നേരം
അമ്മ തന്നുടെ ചാരേ
ചെന്നിരുന്നിട്ടന്നേരം
ഭക്തിയാലീശ്വരന്റെ
രാമനാമം ജപിക്കും
സ്നേഹവാത്സല്യമോടെ
അമ്മയുടെ കയ്യിൽ നി-
ന്നുരുള ചോറു വാങ്ങി
കഴിക്കും മന്ദംമന്ദം
നിദ്ര തൂകുവാനായി
പായയിൽ ചെന്നീടുമ്പോൾ
കഥകൾ കൊണ്ടു ലോകം
തീർക്കുന്നു മുത്തശ്ശിയും
മുടിതന്നിഴകളിൽ
വിരലോടിച്ചു കൊണ്ടെ-
ന്നമ്മയും ചാരത്തായി
ട്ടിരിക്കും നിദ്രവരെ
അന്നത്തെക്കാലം മാറി
നേരമോ ഇല്ലാതായി
അവനവന്റെ ലോകം
തീർക്കുന്നു ഏകനായി
മകനേ മടങ്ങുക
അന്നത്തെ കാലങ്ങളിൽ
സ്നേഹത്തിന്നാഴങ്ങളെ
കണ്ടീടാം സ്വർഗ്ഗം പോലെ
പഴമയെ പുല്കണം
സ്നേഹങ്ങളറിയണം
ഒന്നായിക്കഴിയണം
കാലമുള്ളനാൾ വരെ
ഷജീർ.ബി
എഴുത്തുകാരനെ കുറിച്ച്

ഞാൻ ശ്രീ ബഷീറിന്റെയും ശ്രീമതി ഫസീലയുടെയും മകൻ ഷജീർ ബി, തിരുവനന്തപുരത്ത് താമസം. ആക്കുളം എംജിഎം സ്കൂളിൽ മലയാളം അധ്യാപകൻ. വിവാഹിതൻ ഭാര്യ ഷഹനാസ്. രണ്ട് മക്കൾ മകൾ മെഹ്‌നാസ് മെഹ്റിൻ മകൻ അലിഫ് മാലിക്ക് .
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login