പ്രതിഫലനം
- Stories
- ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur
- 27-Aug-2019
- 0
- 0
- 1363
പ്രതിഫലനം

"ഈ സമരം ജയിക്കണം. നമ്മളൊരുമിച്ചു നിന്നാലേ ഇത് വിജയം കൈവരിക്കുള്ളൂ. ഇതിൽ നമ്മൾ തോറ്റു പോയാൽ ഇവിടെ നിന്നിറങ്ങേണ്ടി വരും. ഓരോ കുടിയേറ്റക്കാരനും തന്റെ വിയർപ്പുമണികൾ പൊഴിച്ച് കൊത്തികിളച്ചുണ്ടാക്കിയ മണ്ണ് വിട്ട് നമ്മൾ മലയിറങ്ങേണ്ടി വരും". കവലയിലെ ജീപ്പിനുമുകളിൽ കെട്ടിവെച്ച കോളാമ്പിയിലെ ഒച്ച ഓരോ മലയിടുക്കിലൂടെയും അകലങ്ങൾ തേടിയലഞ്ഞു. ചില കുന്നുകളിൽ തട്ടിയവ പ്രതിഫലിച്ചു കേട്ടു. ജീവനും ജീവിതവും സർക്കാരിനു മുൻപിൽ ഹോമിക്കപ്പെടാതിരിക്കാനുള്ള പോരാട്ടമായിരുന്നു അന്നവിടെ നടന്നത്.
ഉച്ചഭാഷിണിയുടെ പശ്ചാത്തല സംഗീതത്തിൽ വർക്കിച്ചൻ പടവുകൾ കയറി. കുന്നിന്റെ മുകളിലെ വീട്ടിലേക്ക് പടവുകളേറെയാണ്.
"എന്തായി പോയ കാര്യം"? അന്നമ്മയുടെ പ്രതീക്ഷയും തളർച്ചയും ഉയർന്നു നിൽക്കുന്ന ചോദ്യം.
"ഒന്നുമായില്ല. ചർച്ച പരാജയപെട്ടു. ഇത് നമ്മടെ കയ്യില് നിൽക്കില്ല. കോടതിയും കേന്ദ്രവും കേരളവും ഒരുമിച്ചൊക്കെയെടുക്കുന്ന തീരുമാനമാണ്. കടുത്ത എതിർപ്പ് കാരണം ഒരു അന്വേഷണം കൂടി നടത്തുമത്രെ. എന്തായാലും ഒരു രണ്ടു കൊല്ലത്തേക്ക് ഇറക്കിവിടലുണ്ടാവില്ല. ആദ്യത്തെ രണ്ട് അന്വേഷണവും പറഞ്ഞതു തന്നെയേ അവരും പറയുള്ളൂ. അത് അങ്ങനെയാണ്. അവർക്ക് മനസിലാവോ നമ്മടെ കഷ്ടപ്പാടും കൈകോട്ടിന്റെ തഴമ്പുമൊക്കെ. എന്തായാലും വേഗം ജിൻസിമോളെ നമ്മക്ക് കെട്ടിച്ചയക്കണം. കൈയിലെ മണ്ണ് പോവുമ്പോളേക്കും അത് നടന്നാൽ സമാധാനമായി ഇവിടുന്നിറങ്ങാലോ". വർക്കിച്ചന്റെ മുഖത്ത് യാത്രയുടെ ക്ഷീണം തെളിഞ്ഞു നിന്നു. അന്നമ്മയുടെ കണ്ണുകൾ നിറഞ്ഞു. കർത്താവിന്റെ രൂപത്തെ അവർ കണ്ണീരോടെ നോക്കി. കർത്താവ് കഷ്ടപ്പാടിലും കൈ പിടിച്ചുയർത്തുമെന്നത് അവരുടെയൊരു വിശ്വാസം.
കുടിയേറ്റക്കാർ മലമടക്കുകൾ കീഴടക്കിയപ്പോളവരറിഞ്ഞില്ല ഇതൊരുനാൾ നാടിനാപത്താണെന്ന്. കാടുകൾ വെട്ടിത്തെളിക്കപ്പെട്ടു. ചെങ്കുത്തായ ചെരുവുകളിൽ കെട്ടിടങ്ങൾ ഉയർന്നു വന്നു കൊണ്ടിരുന്നു. തുടർച്ചയായ കനത്ത മഴയിൽ കല്ലു കയ്യാലകളിലൂടെയും കൃഷി തടങ്ങളിലൂടെയും മഴവെള്ളം മലകളിലെ ഉള്ളറയിലേയ്ക്കിറങ്ങി ചെന്നു. മുലപ്പാല് കുടിച്ച കുഞ്ഞ് തേട്ടുന്നതുപോലെ ഒരു രാത്രിയിൽ മലമുകളിലെ ഒരു ചെറുഭാഗം പൊട്ടിയൊഴുകി. വർക്കിച്ചന്റെ വീട് ഉരുളുപൊട്ടിയ മലവെള്ളത്തിൽ കുത്തിയൊലിക്കപ്പെട്ടു.
പിറ്റേന്ന് സമരക്കാരുടെ ജീപ്പിന്റെ മുകളിലെ കോളാമ്പിയിൽ ശബ്ദമുയർന്നില്ല. ശബ്ദമുയർന്നത് ഉറ്റവരെ നഷ്ടപെട്ട ഒരുപാട് പേരുടെയായിരുന്നു. അതിൽ നഗരത്തിലെ കോളേജ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ജിൻസിയുമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലെ ഒരു മൂലയിൽ ചുരുണ്ടുകൂടി കിടന്നുകൊണ്ടവൾ ആരോ കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും തേങ്ങി കരഞ്ഞു. "അപ്പച്ചനും അമ്മച്ചീം മണ്ണിനടിയിലുണ്ട്".
Story: sreejith k mayannur
ശ്രീജിത്ത് കെ മായന്നൂർ
എഴുത്തുകാരനെ കുറിച്ച്

Horror novelist from india
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login