കവിത

വേനലവധിയും പകൽക്കിനാക്കളും
വേനലവധിയെത്തി വേലതൻ ഭാരം കൂടി
വേലിപ്പുറത്തുകൂടി കുട്ടികൾ ചാട്ടമായി
അപ്പുറവുമിപ്പുറവുമുള്ള കുഞ്ഞുങ്ങളും
അടുക്കളയിലെത്തി പണ്ടങ്ങൾ തിന്നീടുന്നു
കാണുമ്പോളെൻ മനസ്സിൽ കുളിരു ചൊരിയുന്നു
കാലങ്ങളെത്ര വേഗം കൊഴിഞ്ഞു പോയീടുന്നു
പണ്ടൊക്കെയവധിയിൽ മൂവാണ്ടൻ മാവും തേടി
പാഞ്ഞിരുന്നു ഞങ്ങളും ആൺകുട്ടികളോടൊപ്പം
ആണുംപെണ്ണെന്നുമുള്ള ഭേദമതൊന്നില്ലാതെ
അന്നൊക്കെയൊന്നായ് ഞങ്ങൾ കളിച്ചു രസിച്ചല്ലോ
മണ്ണപ്പം ചുട്ടെടുത്തിട്ടച്ഛനുമമ്മയുമായ്
മതിയാവോളം ഒന്നിച്ചിരുന്നു കളിച്ചീടും
സ്നേഹം പകുത്തു ഞങ്ങൾ ഒന്നായി കഴിഞ്ഞീടും
സന്ധ്യയാകുമ്പോഴേക്കും വീട്ടിലായ് തിരിച്ചെത്തും
അന്നത്തെ കാലം മാറി മനുജഭാവം മാറി
അക്കഥയിന്നോർക്കുമ്പോൾ മാനസം തേങ്ങീടുന്നു
പഠനം പാതിവഴി ആയപ്പോഴേക്കുമെന്നിൽ
കുടുംബത്തിൻ പ്രാരാബ്ധം വന്നെന്നിലണഞ്ഞല്ലോ
മക്കളായ് ആണുംപെണ്ണും രണ്ടുപേർ പിറന്നല്ലോ
സ്വാതന്ത്ര്യം ആണിനല്ലോ പെണ്ണെന്നുമടുക്കള
അവധിക്കാലം വന്നാൽ മകനോ പുറത്തല്ലോ
മകളോ ശ്വാസംമുട്ടി വീട്ടിലായ് കഴിയുന്നു
പെണ്ണിനുമാത്രമെന്തേ അവധിയ്ക്കടുക്കള
ജീവിതം നല്കീടുന്നു ചൊല്ലുക മനുജരേ???
എഴുത്തുകാരനെ കുറിച്ച്

ഞാൻ ശ്രീ ബഷീറിന്റെയും ശ്രീമതി ഫസീലയുടെയും മകൻ ഷജീർ ബി, തിരുവനന്തപുരത്ത് താമസം. ആക്കുളം എംജിഎം സ്കൂളിൽ മലയാളം അധ്യാപകൻ. വിവാഹിതൻ ഭാര്യ ഷഹനാസ്. രണ്ട് മക്കൾ മകൾ മെഹ്‌നാസ് മെഹ്റിൻ മകൻ അലിഫ് മാലിക്ക് .
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login