ആ യാത്രയിൽ
- Stories
- Rajeesh Kannamangalam
- 11-Oct-2017
- 0
- 0
- 1668
ആ യാത്രയിൽ
'ചേട്ടാ ഈ ബാഗൊന്നു പിടിക്കോ?'
'എന്തിനാ ഏട്ടാ ഇതിപ്പോ പറയുന്നത്?'
അനിരുദ്ധന്റെ കയ്യിൽ പിടിച്ച് കൊണ്ട് ശിവദ ചിണുങ്ങി.
'അല്ല, നമ്മുടെ പ്രണയത്തിന്റെ തുടക്കം ആലോചിച്ചതാ'
ശിവയുടെ മുഖം നാണംകൊണ്ട് ചുവന്നു.
വർഷങ്ങൾക്ക് മുൻപ് ഒരു പ്രഭാതത്തിൽ ബസ്സിൽ വച്ചാണ് അനിയേട്ടനെ കാണുന്നത്.
ഡിഗ്രിക്ക് പഠിക്കുന്ന സമയം, സ്ഥിരമായി പോകുന്ന ബസ്സിൽ നല്ല തിരക്കായിരിക്കും പക്ഷേ ബസ്സിലെ ഈ തിക്കും തിരക്കും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഈ ഇഷ്ടമാണ് സ്വന്തമായി ഒരു വണ്ടി ഉണ്ടായിട്ടും ബസ്സ് യാത്ര തിരഞ്ഞെടുക്കാൻ കാരണം. കൂട്ടുകാരികളുമൊത്ത് കളിചിരികളുമായി ബസ്സിൽ പോകുമ്പോൾ കിട്ടുന്ന സുഖം ഒരു ഇരുചക്ര വാഹനത്തിൽ തനിയെ പോകുമ്പോൾ കിട്ടില്ല.
കോളേജിൽ പോവാൻ തുടങ്ങിയപ്പോൾ മുതൽ 'ലക്ഷ്മി'യിൽ ആണ് യാത്ര. ആ ബസ്സിലെ എല്ലാ ജീവനക്കാരും കുടുംബത്തിലെ ഒരാളെ പോലെ പരിചിതരായി. ഡ്രൈവർ ചന്ദ്രേട്ടൻ, കണ്ടക്ടർ രവിയേട്ടൻ , ക്ളീനർ മണിയേട്ടൻ. ഒരുദിവസം വീട്ടിൽ നിന്ന് ഇറങ്ങാൻ വൈകി, സ്റ്റോപ്പിൽ എത്തുന്നതിന് മുന്നേ ബസ്സിന്റെ ഹോൺ കേട്ടു, കുറച്ച് ഓടിനോക്കി , ഇല്ല, എത്തില്ല. ആകെ തിരക്കിട്ടോടുന്ന വണ്ടി, കൺസഷൻ ടിക്കറ്റ്, കൈ കാണിച്ചാലും നിർത്തില്ല എന്നുറപ്പാണ്, അത് കൊണ്ട് തല താഴ്ത്തി നടന്നു.
മുന്നിൽ ബസ്സ് ബ്രെക്കിട്ട് നിന്നപ്പോഴാണ് തല ഉയർത്തിയത്,
'വേഗം കേറ് കൊച്ചേ, സമയം വൈകി'
പെട്ടന്ന് വണ്ടിയിൽ കയറി. ഓടിയതിന്റെ കിതപ്പ് മാറിയിട്ടില്ല, ഒരു കമ്പിയിൽ പിടിച്ച് നിന്നു.
'ഇന്നെന്താ വൈകിയോ?'
രവിയേട്ടനാണ്.
'ചോറ് എടുക്കാൻ മറന്നു, അത് എടുക്കാൻ തിരിച്ച് പോയി'
'വേറെ എന്തൊക്കെ മറന്നാലും ചോറ് മറക്കാൻ പാടോ?'
മണിയേട്ടൻ അത് പറഞ്ഞപ്പോൾ ബസ്സിലെ എല്ലാവരും ചിരി തുടങ്ങി.
ആകെ ചമ്മലായി, ടവൽ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു.
'ഇവിടിരുന്നോ. നന്നായി ഓടി ലേ?'
അതും പറഞ്ഞ് ചന്ദ്രേട്ടൻ ഗിയർ ബോക്സിലേക്ക് കൈ ചൂണ്ടി.
വേഗം അവിടെ കയറിയിരുന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് ഐശ്വര്യയും നിവേദിതയും കയറി. അവരും കൂടെ ഇരുന്നു.
അന്ന് മുതൽ അത് ഞങ്ങളുടെ സ്ഥിരം സ്ഥലമായി.
വൈകുന്നേരവും യാത്ര ഇതേ ബസ്സിൽ തന്നെ. രാവിലെ നല്ല ഭക്തി ഗാനങ്ങൾ ഉണ്ടാകും, കത്തിച്ചുവെച്ച ചന്ദനത്തിരിയുടെ മണം പോയിട്ടുണ്ടാകില്ല.
വൈകുന്നേരം നല്ല ചലച്ചിത്ര ഗാനങ്ങൾ വയ്ക്കും. പതുക്കെ പതുക്കെ ഞങ്ങൾ പറയുന്ന പാട്ടുകൾ വയ്ക്കാൻ തുടങ്ങി.
ഈ യാത്ര ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു. ഇതൊക്കെയായിരുന്നു എന്റെ സന്തോഷങ്ങൾ.
ഡോക്ടർ ശിവശങ്കരന്റെയും ഗീതയുടെയും മകളാണ് ഞാൻ , എനിക്ക് ഒരേട്ടൻ ഒരനിയൻ. അനിയൻ എന്ന് പറയാൻ പറ്റില്ല, ഞങ്ങളെ ഒരേ സമയം ആണ് അമ്മ ഗർഭം ധരിച്ചത്. ജനിച്ച് വീണ നിമിഷങ്ങളുടെ വ്യത്യാസത്തിൽ അവൻ എന്റെ അനിയനായി. ഞങ്ങൾതമ്മിൽ ചേച്ചി അനിയൻ ബന്ധമല്ല, സുഹൃത് ബന്ധമാണ് ഉണ്ടായിരുന്നത്. ഏട്ടൻ സിദ്ധാർത്ഥിന് അച്ഛന്റെയും അമ്മയുടെയും സ്വഭാവം ആണ്. ഒരുമിച്ച് പിറന്നത് കൊണ്ടാകും എനിക്കും ശിവാനന്ദിനും ഒരേ സ്വഭാവം ആണ്.
ഏട്ടൻ ഒരു ഡോക്ടറുടെ മകനായി വളർന്നു , ഇപ്പൊ എം.ബി.ബി.എസ്സ് ന് പഠിക്കുന്നു. എനിക്കും നന്ദേട്ടനും അച്ഛന്റെ പണക്കൊഴുപ്പിനോടും ഉയർന്ന ജീവിതത്തോടും താല്പര്യം ഇല്ല.
പത്താം ക്‌ളാസ് വരെ സ്വകാര്യ സ്‌കൂളിൽ പഠിച്ചു, പിന്നെ ഞങ്ങളുടെ താല്പര്യം പോലെ ഗവണ്മെന്റ് സ്‌കൂളിൽ പ്ലസ് ടു വിന് ചേർന്നു. രണ്ടാളും ബയോളജി എടുത്തു. അച്ഛനും അമ്മയ്ക്കും ഞങ്ങൾ അച്ഛന്റെ പാത പിന്തുടർന്ന് ഏട്ടനെ പോലെ എം.ബി.ബി.എസ്സിന് ചേരണം എന്നായിരുന്നു. എന്നാൽ ഞങ്ങൾക്ക് അതിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. എനിക്ക് ഒരു അദ്ധ്യാപിക ആവാനായിരുന്നു ഇഷ്ടം. വലിയ ക്‌ളാസിൽ ഒന്നും വേണ്ട, എൽ.പി യിലോ യൂ.പി യിലോ മതി. പഠിപ്പിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അതിൽ ഏറ്റവും ഇഷ്ടം മലയാളം പഠിപ്പിക്കാൻ ആണ്. മാതൃഭാഷയോട് എന്തോ ഒരു പ്രത്യേക ഇഷ്ടമാണ്. ചങ്ങമ്പുഴയും വള്ളത്തോളും വൈലോപ്പിള്ളിയും എന്റെ ഗുരുക്കളാണ്.
'ലോകമേ തറവാട്' വായിക്കുമ്പോൾ എന്തൊക്കെയോ ഇനിയും ചെയ്യണമെന്ന് തോന്നും, ഇപ്പോൾ ചെയ്യുന്നത് പോര, തന്റെ സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നും. ഇംഗ്ളീഷിന്റെ അതിപ്രസരമുള്ള വീട്ടിൽ എന്റെ മലയാളത്തിനെന്ത് സ്ഥാനം.
ഡിഗ്രിക്കും സയൻസ് വിഷയം എടുക്കേണ്ടിവന്നു.
നന്ദേട്ടന് ഐ.ടി മേഖലയിൽ ആയിരുന്നു താല്പര്യം. ഡിഗ്രിക്ക് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന് കരുതിയിട്ടാണ് ഇപ്പോൾ ജീവിക്കുന്നത്.
ഒരു ദിവസം ലക്ഷ്മി വന്നില്ല, അത് കൊണ്ട് പിന്നാലെ വന്ന ബസ്സിൽ കയറി. ഒരു ബസ്സ് ഇല്ലാത്തതിന്റെ കുറവ് ഈ ബസ്സിൽ കാണാനുണ്ട്.
നല്ല തിരക്ക്, സ്റ്റെപ്പിൽ നിന്ന് മുകളിലേക്ക് കയറാൻ ഒരുപാട് ബുദ്ധിമുട്ടി.
'അങ്ങോട്ട് കേറി നിക്ക് കുട്ട്യോളെ.. പിന്നിൽ സ്ഥലം ഉണ്ടല്ലോ, ചില്ലറ എടുത്ത് കയ്യിൽ പിടിക്ക്'
കണ്ടക്ടറുടെ ശബ്ദം ബസ്സിൽ മുഴങ്ങി.
അടുത്ത സ്റ്റോപ്പിൽ ബസ്സ് നിർത്തിയില്ല, ഐശ്വര്യയും നിവേദിതയും കയറിയില്ല. ഒറ്റയ്ക്കായപ്പോൾ എന്തോ ഒരു വിഷമം തോന്നി.
'പിന്നിലോട്ട് ഇറങ്ങി നിക്ക് കൊച്ചേ, ആ ബാഗ് അഴിച്ച് സീറ്റിൽ കൊടുത്തേ'
കണ്ടക്ടർ വീണ്ടും ആക്രോശിക്കാൻ തുടങ്ങി.
ബാഗ് അഴിച്ച് സീറ്റിൽ കൊടുക്കാൻ നോക്കിയപ്പോൾ അത് പ്രതീക്ഷിച്ച് കൊണ്ട് രണ്ട് കൈകൾ എന്റെ നേർക്ക് നീണ്ടു.
ബാഗ് കൊടുത്തപ്പോഴാണ് അത് വാങ്ങിച്ച മുഖം ഒന്ന് നോക്കാൻ തോന്നിയത്. കഴുത്ത് വെട്ടിച്ച് ഒന്ന് നോക്കി.
സുമുഖനായ ഒരു യുവാവ്, ചിരിക്കുന്ന മുഖം.
വണ്ടി മുന്നോട്ട് പോകുമ്പോഴും തിക്കിലും തിരക്കിലും പെട്ട് നെരുങ്ങുമ്പോഴും ആ മുഖം മനസ്സിൽ മായാതെ നിന്നു. ഒന്നുകൂടി നോക്കാൻ തോന്നി, അപ്പോഴാണ് താൻ ഒരുപാട് പിന്നിലേക്ക് എത്തിയ കാര്യം മനസിലായത്. മുന്നോട്ട് കയറാൻ ഒരു ശ്രമം നടത്തി, അത് വിഫലമായി.
എന്തായാലും ബാഗ് വാങ്ങിക്കുമ്പോൾ നോക്കാം.
കോളേജ് എത്താറായി, ഒരുവിധത്തിൽ മുന്നോട്ട് കയറി ആ ചേട്ടന്റെ സീറ്റിനടുത്തെത്തി, ബാഗ് വാങ്ങിക്കാൻ നോക്കിയപ്പോഴാണ് അവിടെ ചേട്ടനെ കാണാനില്ല. ഒരു ചേച്ചിയും കുഞ്ഞും ഇരിക്കുന്നു. ബാഗ് അവരുടെ കയ്യിൽ ഉണ്ട്. സ്റ്റോപ്പ് എത്തിയത് കൊണ്ട് വേഗം ബാഗ് വാങ്ങി ഇറങ്ങി.
ക്ലാസ്സിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഒരു മിന്നായം പോലെ കണ്ട ആ മുഖം ആയിരുന്നു.
എന്നാലും ഒന്നുകൂടി കാണാൻ പറ്റിയില്ലല്ലോ. ആ ചേട്ടൻ ഏത് സ്റ്റോപ്പിലാ ഇറങ്ങിയത് ആവോ,
ഇനി ആ ചേച്ചിക്ക് ഇരിക്കാൻ മാറിക്കൊടുത്തതാണോ?
എന്നിട്ട് ഞാൻ കണ്ടില്ലല്ലോ.
ഛെ! ഒരു വട്ടം കൂടി കണ്ടിരുന്നെങ്കിൽ...
അന്ന് വൈകുന്നേരവും മനസ്സിൽ അത് തന്നെയായിരുന്നു. ഒരു മിന്നായം പോലെ മാത്രേ കണ്ടുള്ളൂ എങ്കിലും ആ മുഖം മാഞ്ഞും തെളിഞ്ഞും മനസ്സിൽ വന്നു.
എന്ത് പറ്റി? പ്രേമം ആണോ? അതോ അട്ട്രാക്ഷനോ?
മുൻപ് ഉണ്ടായവ പോലെ ഇതും വെറും സ്വപനം മാത്രമാകുമോ?
മുൻപ് ഒന്ന് രണ്ട് പേരോട് ഇഷ്ടം തോന്നിയിട്ടുണ്ട്. തുറന്ന് പറയാൻ ധൈര്യം ഇല്ല, പെരുമാറ്റം കൊണ്ട് അറിയിക്കണം എന്ന് കരുതി, അതിനും കഴിഞ്ഞില്ല. പേടിയായിരുന്നു മനസ്സിൽ, ഇഷ്ടമല്ലെന്ന് പറയുമോ എന്ന പേടി. അങ്ങനെ ഉണ്ടായാൽ ആകെ തകർന്ന് പോകും എന്നുള്ളത് കൊണ്ട് ഇഷ്ടങ്ങളെല്ലാം മനസിലൊതുക്കി.
ഒരാളോട് ഇഷ്ടം തോന്നിയാൽ മനസിന്റെ ഒരുകോണിൽ ആ ഇഷ്ടം കുഴിച്ച് മൂടാനുള്ള കുഴിയും എടുക്കുമായിരുന്നു. ഇങ്ങോട്ട് വന്ന അഭ്യർത്ഥനകൾ സ്വീകരിക്കാൻ പോലും കഴിഞ്ഞില്ല.
പ്രണയം എന്നുള്ളത് എനിക്ക് വിധിച്ചിട്ടില്ല എന്ന് കരുതി സമാധാനിച്ചു. മറ്റുള്ള കൂട്ടുകാരികൾ കാമുകന്മാരോടൊത്ത് കറങ്ങാൻ പോകുമ്പോഴും സംസാരിക്കുമ്പോഴും ഫോൺ വിളിക്കുമ്പോഴും മനസ്സിൽ ഒരു വിങ്ങൽ വരുമായിരുന്നു.
കാണാൻ നല്ല ഭംഗിയും നല്ല ശരീരവും ഉണ്ട്, പക്ഷേ...
എല്ലാം നല്ലതിനായിരിക്കാം.
മനസ്സിൽ ഒരുപാട് പേരെ ഇഷ്ടപ്പെട്ട് ജീവിതം സ്വപ്നം കണ്ട് സ്വപ്നങ്ങളിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവൾ!
പുതിയൊരു സ്വപ്നത്തിനായി ആ ചേട്ടനെ ഒന്ന് കൂടി കാണണം എന്നുണ്ട്!!!!!
-----------------------------------------------------------------------------------------------------------------------------------------------------------------
രാത്രി പെട്ടന്ന് തീരുവാൻ വേണ്ടി പ്രാർത്ഥിച്ച് കൊണ്ടാണ് ഉറങ്ങാൻ കിടന്നത്. രാവിലെ പതിവ് സമയത്ത് തന്നെ എഴുന്നേറ്റു. പല്ല് തേപ്പും കുളിയും പെട്ടന്ന് തീർത്തു. അപ്പോഴാണ് ഓർത്തത് , എന്തിനാ പെട്ടന്ന് ഒരുങ്ങുന്നത്? ഇന്ന് വൈകിയല്ലേ പോകേണ്ടത്?
അടുക്കളയിലൊക്കെ ഒന്ന് കറങ്ങി, പത്രത്തിലെ ചിത്രങ്ങൾ നോക്കി. സമയം ഒച്ചിഴയുന്ന വേഗത്തിലാണ് പോകുന്നത്. നന്ദനെ കാണുന്നില്ലല്ലോ, എണീച്ചില്ലേ?
അല്ല, അവന് ഒരുങ്ങാൻ എത്ര നേരം വേണം.
സമയം എട്ട് മണി കഴിഞ്ഞപ്പോൾ ഡ്രസ്സ് മാറി വന്നു. കഴിക്കാൻ ഇരുന്നപ്പോൾ അമ്മ വന്നു
'എങ്ങോട്ടാ രാവിലെ തന്നെ?'
'കോളേജിലേക്ക്'
'ഇന്നോ? ഞായറാഴ്ചയോ?'
അപ്പോഴാണ് ആ ബോധം വന്നത്. ഇന്ന് ഞായറാഴ്ചയാണ്, അത് കൂടി മറന്നു പോയിരിക്കുന്നു. അബദ്ധം പറ്റിയ കാര്യം മുഖത്ത് കാണിച്ചില്ല.
'ഞാൻ അമ്പലത്തിൽ പോവാ എന്റെ അമ്മേ'
തമാശയും കുസൃതിയും നിറഞ്ഞ ഭാവത്തിൽ അത് പറഞ്ഞപ്പോൾ അമ്മ വിശ്വസിച്ചു എന്ന് തോന്നുന്നു. ഭാഗ്യത്തിന് ബാഗ് എടുത്തില്ല, ഇല്ലെങ്കിൽ പെട്ടേനെ.
അമ്മയോട് പറഞ്ഞതല്ലേ എന്തായാലും അമ്പലത്തിൽ ഒന്ന് പോയേക്കാം.
എന്റെ പ്രിയപ്പെട്ട സ്‌കൂട്ടി എടുത്തു, ഇവന് ഇപ്പോൾ പണിയൊന്നും ഇല്ല, അമ്മ പുറത്തേക്ക് പോകുമ്പോൾ ചിലപ്പോൾ എടുക്കും.
വണ്ടി ഓടിക്കുമ്പോൾ രാവിലെ തന്നെ പറ്റിയ അബദ്ധമായിരുന്നു മനസ്സ് നിറയെ.
എന്തൊരു മണ്ടിയാണ് ഞാൻ, അയ്യേ, ഭാഗ്യത്തിന് പെട്ടില്ല. ചിരിയും ചമ്മലും മാറി മാറി വന്നു.
അമ്പലത്തിൽ എത്തി. ഒഴിവ് ദിവസം ആയത് കൊണ്ട് കുറച്ച് ആളുകൾ ഉണ്ട്.
ഇന്നത്തെ പ്രാർത്ഥനയുടെ വിഷയവും ആ പേരറിയാത്ത ചേട്ടൻ ആയിരുന്നു.
'എന്റെ ദേവീ, ആ ചേട്ടനെ ഇനിയും കാണാൻ പറ്റണെ. ആ ചേട്ടനെയാണോ എനിക്ക് വിധിച്ചിരിക്കുന്നത്? എന്തായാലും ഒരിക്കൽകൂടിയെങ്കിലും കാണാൻ കഴിയണേ'
കൈക്കൂലി നിയമവിരുദ്ധം ആയത് കൊണ്ട് കൊടുത്തില്ല. എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷമാത്രം മനസ്സിൽ.
കുട്ടിക്കാലം മുതലേ ഉള്ള ശീലമാണ് എന്തെങ്കിലും ആവശ്യം വന്നാൽ ഉടനെ അമ്പലത്തിൽ വന്ന് പ്രാർത്ഥിക്കുക, വഴിപാട് കഴിപ്പിക്കാ, നേർച്ച ഇടുക...
കാര്യസാധ്യത്തിനുള്ള ഓരോ വഴികളേ..
തൊഴുത് വലത്ത് വച്ച് ഒന്നുകൂടി പ്രാർത്ഥിച്ച് ആണ് അമ്പലത്തിൽ നിന്നും ഇറങ്ങിയത്.
മുൻപെല്ലാം ആഴ്ചയിൽ രണ്ട് ഞായറാഴ്ച്ച ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഞാൻ എങ്ങനെയെങ്കിലും ഈ ഒരു ദിവസം കഴിഞ്ഞ് പോകാൻ ആഗ്രഹിച്ചു.
പതിവ് പോലെ ഭക്ഷണം കഴിച്ചു, ടി.വി കണ്ടു, ഉറങ്ങി. വീട്ടിലെ മറ്റുള്ളവർ എന്ത് ചെയ്തു എന്ന് പോലും നോക്കിയില്ല.
രാത്രി പിന്നെ സംഭവ ബഹുലമായിരുന്നു, സ്വപ്‌നങ്ങൾ , ഒരുവട്ടം മാത്രം കണ്ടിട്ടുള്ള, പേരും നാളും വീടും അറിയാത്ത, ജാതിയും മതവും അറിയാത്ത, ആ രൂപം എന്റെ ആരെല്ലാമോ ആയി സ്വപ്നങ്ങളിൽ വന്നു. ഒരു ജീവിതം തന്നെ അതിൽ നിന്നുണ്ടായി.
പിറ്റേന്ന് പരിചയപ്പെടുമ്പോൾ 'എന്റെ കല്യാണം കഴിഞ്ഞതാണ്' എന്ന് പറയുന്ന ഒരു സ്വപ്നത്തോടെ ഞാൻ ഉണർന്നു. ഫോൺ എടുത്ത് സമയം നോക്കി, അഞ്ചര മണി ആയിരിക്കുന്നു.
ഈശ്വരന്മാരെ നേരം വെളുത്തോ?
വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കുമെന്നല്ലേ പറയാറ്. എല്ലാം തീർന്നു.
ബെഡിൽ എഴുന്നേറ്റിരുന്ന് വീണ്ടും പ്രാർത്ഥന തുടങ്ങി.
'കൃഷ്ണാ ഇപ്പൊ കണ്ട സ്വപ്നം ഫലിക്കല്ലേ, ആ ചേട്ടന്റെ വിവാഹം കഴിയില്ലേ. എല്ലാം നല്ലപോലെ ആയാൽ ഞങ്ങൾ ഗുരുവായൂർ വന്ന് തൊഴാം..,'
പ്രാർത്ഥനകളും വഴിപാടുകളും തകൃതിയായി നടന്നു.
വഴിപാടിന്റെ കാര്യത്തിൽ വലിയ വിശ്വാസം ഇല്ല. കാരണം പഴയത് കുറെ എണ്ണം ബാക്കി ഉണ്ട്. അത് ചെയ്താലല്ലേ ഇത് കൊണ്ട് കാര്യമുള്ളൂ.
ശയനപ്രദക്ഷിണവും പായസങ്ങളും തുലാഭാരവും എല്ലാം ബാക്കി ഉണ്ട്. പരീക്ഷ എളുപ്പമാക്കാനും ക്‌ളാസിൽ ചോദ്യം ചോദിക്കുമ്പോൾ തല്ല് കിട്ടാതിരിക്കാനുമൊക്കെ നേർന്നതാണ്. ഇതൊക്കെ എങ്ങനെ നടത്തും എപ്പോ നടത്തും എന്നൊന്നും ഒരു നിശ്ചയവും ഇല്ല.
ഛെ, രാവിലെ തന്നെ ദുശ്ശകുനമാണല്ലോ, എല്ലാം വെള്ളത്തിലാവോ?
വരുന്നത് വഴിയിൽ വച്ച് കാണാം എന്ന് കരുതി എഴുന്നേറ്റു. കുളിയെല്ലാം കഴിഞ്ഞ് ഒന്ന് നന്നായി ഒരുങ്ങി.
ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദി ബെസ്റ്റ് എന്നല്ലേ, മോശമാക്കണ്ട. ഭക്ഷണം കഴിച്ച് ബാഗും തൂക്കി ഇറങ്ങി. സ്റ്റോപ്പിലേക് കുറച്ച് നടക്കാനുണ്ട്. ലക്ഷ്മി പോയതിന് ശേഷം സ്റ്റോപ്പിൽ എത്തിയാൽ മതി, അത്കൊണ്ട് നടത്തത്തിന്റെ വേഗത ഒന്ന് കുറച്ചു.
ബസ്സ് മുന്നിലൂടെ ഹോണടിച്ച് ചീറിപാഞ്ഞ് പോയപ്പോൾ മനസ്സിൽ സന്തോഷവും ആശ്വാസവും തോന്നി. അങ്ങനെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായിരുന്നു.
ബസ്സ് സ്റ്റോപ്പിൽ നാലഞ്ച പേർ നിൽപ്പുണ്ട്, തൊട്ടപ്പുറത്ത് കടത്തിണ്ണയിൽ കണികാണാൻ കാത്തുനിൽക്കുന്ന ഒരു സംഘം ഉണ്ട്. എന്റെ മുഖത്ത് ചിരി വരാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാകും എന്നെയൊന്നും അത്രയ്ക്ക് മൈൻഡ് ചെയ്യുന്നില്ല. അവരുടെ നോട്ടം പ്ലസ് ടു കുട്ടികളിലാണ്, അവരെ വീഴ്ത്താനാണ് എളുപ്പം, നന്ദൻ പറഞ്ഞതാണ്, അവന്റെ കൂട്ടുകാരും കൂട്ടത്തിൽ ഉണ്ട്. അവന്റെ ചേച്ചി ആയത് കൊണ്ട് കൂടിയാകണം എന്നെ നോക്കാത്തത്.
കാത്തിരിപ്പിനൊടുവിൽ ബസ്സ് വന്നു. തിരക്ക് കുറവാണ്. കയറിയപാടെ എന്റെ കണ്ണുകൾ ആ മുഖം തിരഞ്ഞു. കഴിഞ്ഞ ദിവസം ഇരുന്ന സീറ്റിൽ നോക്കി, ഇല്ല,
മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ കണ്ണുകൾ ബസ്സിന്റെ ഇടത് വശത്തെ സീറ്റുകളിലൂടെ ഓടി നടന്നു. ഇല്ല, കാണാനില്ല.
നിരാശയോടെ വലത് വശത്തേക്ക് തിരിഞ്ഞതേ ഉള്ളു, ദാ, എന്റെ തൊട്ടരികിൽ, ചെവിയിൽ ഇയർ ഫോൺ വച്ചിട്ടുണ്ട്, പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുകയാണ്.
മനസ്സിൽ ഒരായിരം അമിട്ടുകൾ ഒരുമിച്ച് പൊട്ടി. ഹൃദയമിടിപ്പിന്റെ താളം കൂടി. ശോ, ഒടുവിൽ ഞാൻ വിജയിച്ചിരിക്കുന്നു. നല്ല സുന്ദരൻ ചെക്കൻ. ഷേവ് ചെയ്ത മുഖം, മീശ ട്രിം ചെയ്തിട്ടുണ്ട്. കൊള്ളാം, എനിക്ക് ചേരും.
ആ കണ്ടക്ടർ വന്നിരുന്നെങ്കിലോ, ബസ്സിൽ തിരക്ക് കൂടി,
'കുട്ടികൾ ആ ബാഗൊക്കെ അഴിച്ച് സീറ്റിൽ കൊടുത്തേ...'
അത് കേട്ടതും ബാഗ് ഊരി കയ്യിൽ പിടിച്ചു, വീണ്ടും ഹൃദയം പണി തന്നു, നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
'ചേട്ടാ ഈ ബാഗൊന്ന് പിടിക്കോ?'
പാട്ട് കേട്ടിരുന്ന ആൾക്ക് ഞാൻ പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു, എന്ത് എന്ന ഭാവത്തിൽ എന്നെ നോക്കി, ഇയർ ഫോൺ ഊരി.
'ചേട്ടാ ഈ ബാഗ് ഒന്ന് പിടിക്കോ?'
ചിരിച്ച മുഖത്തോടെ ആ ബാഗ് വാങ്ങി മടിയിൽ വച്ചു.
ഹൊ, പകുതി ആശ്വാസമായി, ഇനി എങ്ങനെയാ ഒന്ന് മിണ്ടിത്തുടങ്ങാ?
ഈ കാര്യത്തിൽ ഞാൻ ഭയങ്കര വീക്ക് ആണ്.
ഒന്ന് രണ്ട് തവണ കൂടി തല വെട്ടിച്ച് നോക്കി. പുള്ളിക്കാരൻ പഴയപോലെ പാട്ട്കേട്ട് പുറത്തെ കാഴ്ചകളിൽ കണ്ണുംനട്ട് ഇരിക്കുന്നു.
ബസ്സിൽ ഞാനുൾപ്പെടെ ഒരുപാട് സുന്ദരികളായ പെൺകുട്ടികൾ ഉണ്ട്, അവരെയൊന്നും നോക്കാതെ ഇയാൾ ഇതെന്താ കാര്യമായി നോക്കുന്നത്? സാധാരണ നോട്ടംകൊണ്ട് പെൺകുട്ടികളുടെ ചോര കുടിക്കുന്ന ആണുങ്ങളെ ആണ് കാണാറ് ഇയാൾ എന്താ ഇങ്ങനെ?
ഇനി സ്വപ്നത്തിൽ കണ്ടത് പോലെ കല്യാണം കഴിഞ്ഞതാണോ? ഭാര്യടെ മുഖത്തല്ലാതെ വേറൊരു പെണ്ണിന്റെയും മുഖത്ത് നോക്കാത്ത, ശ്രീരാമചന്ദ്രന് പഠിക്കുന്ന ആളാണോ?
എങ്ങനെയാ അയാളെ ഒന്ന് ആകർഷിക്കാ എന്ന് ആലോചിച്ചപ്പോഴേക്കും കോളേജ് എത്തി.
'ബാഗ്?' കൈ നീട്ടിക്കൊണ്ട് ചോദിച്ചു. അയാൾ ചിരിച്ച മുഖത്തോടെ തന്നെ ബാഗ് തന്നു. ഞാൻ ഒരു 'താങ്ക്സ്' കൊടുത്തു. ഇറങ്ങാൻ തുടങ്ങിയപ്പോഴാ ഓർത്തത് ഒന്ന് ചിരിച്ച് കൊടുത്തില്ലല്ലോ, ആവശ്യമുള്ളപ്പോൾ ഈ ചിരി വരികയും ഇല്ല.
ആ, ഇനി നാളെ ആവാം. നാളെയും ആ സീറ്റിൽ തന്നെ ഉണ്ടായാൽ മതിയായിരുന്നു.
സ്വപ്‌നങ്ങൾ കൊണ്ട് ഒരു ദിനം കൂടി കടന്ന് പോയി.
പിറ്റേന്നും ആ ചേട്ടന്റെ അരികിൽ തന്നെ പോയി നിന്നു, അപ്പോൾ തന്നെ ബാഗിനായി കൈ നീണ്ട് വന്നു. ഇത്തവണ ചിരിച്ച്കൊണ്ട് ഒരു താങ്ക്സ് പറഞ്ഞു. സംസാരിക്കണം എന്ന് മനസ്സിൽ ഉണ്ട്, അതിന് കഴിയുന്നില്ല. പതിവ് പോലെ കോളേജ് എത്തി. ബാഗ് നീട്ടിക്കൊണ്ട് ആ ചേട്ടൻ പറഞ്ഞു:
ആ വെള്ളത്തിന്റെ കുപ്പി മുറുക്കി അടയ്ക്കണേ'
ഞാൻ നോക്കിയപ്പോൾ ബാഗ് നനഞ്ഞിരിക്കുന്നു, ആ ചേട്ടന്റെ പാന്റും, ആകെ ചമ്മലായി.
'സോറി ട്ടോ'
അല്പം ജാള്യത കലർന്ന സ്വരത്തിൽ പറഞ്ഞു.
'ഇറ്റ്സ് ഓക്കേ'
ആ ദിവസം അങ്ങനെ കഴിഞ്ഞു. പിന്നെ എന്റെ ലക്‌ഷ്യം ആ ബസ്സും ചേട്ടനും ആയി മാറി. എന്നും കാണാറുണ്ടെങ്കിലും അയാളെപ്പറ്റി ഒന്നും മനസിലായില്ല. ആ ചേട്ടന്റെ കാര്യം കൂട്ടുകാരികളോട് പറയണം എന്നുണ്ടായിരുന്നു, അറിഞ്ഞാൽ ചിലപ്പോൾ അവള്മാര് ആകെ കുളമാക്കും. ആരോടും പറയാതെ സ്വപ്നങ്ങളുമായി ഞാൻ നടന്നു.
അന്നൊരു ദിവസം ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് അടിവയറിൽ ഒരു വേദന. മെൻസസ് സമയം ആണ്, അതിന്റെ വല്ലതും ആണോ? നല്ല വേദന ഉണ്ട്. ടീച്ചറെ കണ്ട് കാര്യം പറഞ്ഞു. ഹോസ്പിറ്റലിൽ പോകണോ എന്ന് ചോദിച്ചു. വേണ്ടെന്ന് പറഞ്ഞു. വീട്ടിലേക്ക് പോകാം, മരുന്ന് അച്ഛനോട് കൊണ്ടുവരാൻ പറയാം, ഇല്ലെങ്കിൽ അമ്മ പോയി വാങ്ങട്ടെ, എനിക്ക് വയ്യ.
ബസ്സ് കാത്ത് സ്റ്റോപ്പിൽ നിന്നു, പാലക്കാടൻ കാറ്റിന് നല്ല ചൂട്, ശരീരം തളരുന്നു. ബസ്സ് വന്നു, കയറിയപ്പോഴാണ് ശ്രദ്ധിച്ചത്, രാവിലെ വന്ന ബസ്സ്, സീറ്റ് നോക്കി, നില്ക്കാൻ വയ്യ, ഇന്ന് ഫുൾ ടിക്കറ്റ് എടുക്കാം. മുന്നിൽ സീറ്റ് ഒന്നും കണ്ടില്ല. പിന്നിലേക്ക് നോക്കി, ദേ ഇരിക്കുന്നു എന്റെ ചേട്ടൻ, ആ മുഖം കണ്ടതും വേദന കുറഞ്ഞത് പോലെ തോന്നി. ചേട്ടന്റെ അരികിലേക്ക് നീങ്ങിനിന്നു.
'ഞാൻ മറിതരണോ?'
ചേട്ടൻ പിന്നെലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. പിന്നിലും സീറ്റ് ഇല്ല, ചേട്ടന്റെ അരികിലെ സീറ്റ് മാത്രമാണ് കാലി.
'വേണ്ട'
'ഉം, വിരോധമില്ലെങ്കിൽ ഇവിടെ ഇരിക്കാം'
ചേട്ടൻ അരികിലേക്ക് നീങ്ങി ഇരുന്നു.
മോളെ മനസ്സിൽ ലഡ്ഡു പൊട്ടി.
ഇരുന്നേക്കാം,നില്ക്കാൻ വയ്യതാനും.
'ഇന്നെന്താ നേരത്തെ?'
'സുഖമില്ല...'
അത് പറഞ്ഞപ്പോഴാണ് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയത്. ഉടൻ തന്നെ ഞാൻ പേടിച്ച അടുത്ത ചോദ്യം വന്നു
'എന്ത് പറ്റി?'
പെട്ടു, ഇയാളോട് ഞാൻ എന്താ പറയാ? ഒരാണിനോട് പറയാൻ പറ്റിയ കാര്യമല്ലല്ലോ.
'തലവേദന'
എന്ന് പറഞ്ഞൊപ്പിച്ചു. ഉടൻ വന്നു,
'ബാം വേണോ?'
അയാൾ ബാഗിൽ നിന്ന് ഒരു ബാം എടുത്തു.
'വേണ്ട, ഇപ്പോൾ കുറവുണ്ട്'
'ഉം'
ആ യാത്രയിൽ ഞങ്ങൾ പരിചയപ്പെട്ടു. അവിടെ ഒരു ജീവിതയാത്ര തുടങ്ങുകയായിരുന്നു!!!!
----------------------------------------------------------------------------------------------------------------------------------------------------------
പേര് അനിരുദ്ധൻ, വീട്ടിൽ അമ്മ, അച്ഛൻ, പെങ്ങൾ. പെങ്ങൾ പ്ലസ് ടു വിന് പഠിക്കുന്നു. അച്ഛന് കൃഷിപ്പണി ആണ്. ചേട്ടൻ ഒരു ചിട്ടിക്കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. പി.എസ്.സി യും മറ്റ് പരീക്ഷകളും എഴുതുന്നുണ്ട്.
ഇതിനേക്കാളൊക്കെ ആശ്വാസം കിട്ടിയത് ആൾടെ കല്യാണം കഴിഞ്ഞില്ല എന്നറിഞ്ഞപ്പോഴാണ്. എന്റെ പഠിപ്പിനെ പറ്റിയും വീടിനെ പറ്റിയും ചോദിച്ചു. ആ ബസ് യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങൾ നല്ല പരിചയക്കാരായി മാറി.
ഞങ്ങളുടെ കണ്ടുമുട്ടൽ സ്ഥിരമായി മാറി. പ്രണയം തുടിക്കുന്ന മനസ്സുമായി ഞാൻ ചേട്ടനോട് സംസാരിക്കുമ്പോൾ ആ മനസ്സിൽ ഉള്ളത് എന്താണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ചേട്ടനും എന്നോട് ഇഷ്ടമുണ്ടോ? അതോ എന്നെ നല്ലൊരു കൂട്ടുകാരിയായാണോ കാണുന്നത്?
മനസ്സിലെ ഇഷ്ടം പുറത്ത് കാണിക്കാനാവാതെ ആഴ്ചകൾ കടന്നുപോയി.
ഇഷ്ടമാണോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയോ? അതോ എന്നോട് ദേഷ്യപ്പെടോ?
ചേട്ടനോടുള്ള ഇപ്പോഴത്തെ ബന്ധം തകർക്കാൻ എനിക്കാവില്ലായിരുന്നു. അത്കൊണ്ട് ഒന്നും പറഞ്ഞില്ല.
അന്നൊരു ദിവസം ബസ്സിൽ കയറിയ ഉടനെ ചേട്ടൻ എന്നെ അരികിലേക്ക് വിളിച്ചു, സന്തോഷവും പേടിയും ആകാംഷയും ഇടകലർന്ന വികാരവുമായി ഞാൻ അടുത്ത് ചെന്നു.
'ശിവദാ, എനിക്ക് ട്രാൻസ്ഫർ ആണ്, ഇനി മുതൽ ചെർപ്പുളശ്ശേരി ബ്രാഞ്ചിൽ ആണ്, നാളെ ജോയിൻ ചെയ്യണം'
അത് കേട്ടതും ഞാൻ ആകെ തകർന്നു. എന്റെ ഈ ഇഷ്ടവും അസ്തമിക്കാൻ പോവുകയാണോ?
മനസ്സിലെ വിഷമം പുറത്ത് കാണിച്ചില്ല.
'പ്രമോഷൻ ആണോ?'
'ഏയ് അല്ല, അവിടുത്തെ ഒരു ചേച്ചി ഡെലിവറിക്ക് ലീവ് എടുക്കാണ്, ആ പോസ്റ്റിലേക്കാ'
'ഉം, ആൾ ദി ബെസ്റ്റ്'
'താങ്ക്സ്,, നമുക്ക് ഇനിയും കാണാം'
'ഭൂമി ഉരുണ്ടതല്ലേ കാണാൻ പറ്റുമായിരിക്കും'
ഇറങ്ങാൻ നേരം ബാഗ് വാങ്ങുമ്പോൾ ഞാൻ ആ മുഖത്തേക്ക് ഒന്ന്കൂടി നോക്കി. ഇല്ല, ഒരു മാറ്റവും ഇല്ല, പഴയ പുഞ്ചിരി മാഞ്ഞിട്ടില്ല.
എനിക്ക് ഉള്ള വിഷമം ചേട്ടനും ഉണ്ടാകണം എന്നില്ലല്ലോ.
'പിന്നേയ്, ബാഗിൽ എന്റെ ഫോൺ നമ്പർ വച്ചിട്ടുണ്ട്, എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ വിളിക്കണം'
'ഉം, തീർച്ചയായും'
ഉള്ളിലെ വിഷമം കുറച്ച് കുറഞ്ഞത് പോലെ തോന്നി.
ആ ഫോൺ നമ്പറും കയ്യിൽ പിടിച്ച് ഒരാഴ്ച്ച ഇരുന്നു. നമ്പർ കാണാതെ പഠിച്ചു എന്നല്ലാതെ വേറെ ഒരു ഗുണവും ഉണ്ടായില്ല. പേടിയായിരുന്നു മനസ്സിൽ. അപ്പോഴാണ് വിഷു വന്നത് , രണ്ടും കൽപ്പിച്ച് ഒരു ഹാപ്പി വിഷു മെസ്സേജ് അയച്ചു.
മെസ്സേജിന്റെ റിപ്ലെ കാത്ത് ഫോൺ താഴത്ത് വയ്ക്കാതെ നോക്കിയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞും മറുപടി ഇല്ല. ഫോൺ വച്ച് കുളിക്കാൻ പോയി, തിരിച്ച് വന്ന് നോക്കിയപ്പോൾ എനിക്കും കുടുംബത്തിനും ചേർത്തുള്ള ഹാപ്പി വിഷു വന്നിരിക്കുന്നു.
ഒരു നന്ദി ഞാൻ തിരിച്ചയച്ചു.
മറുപടി പെട്ടന്ന് തന്നെ വന്നു.
അതൊരു തുടക്കമായിരുന്നു. പിന്നെ എല്ലാ ദിവസവും മെസ്സേജ് വരും, ആദ്യമൊക്കെ ഗുഡ് മോർണിംഗും ഗുഡ് നൈറ്റും മാത്രമായിരുന്നു, പിന്നെ ചാറ്റിങ് തുടങ്ങി.
ആ ബന്ധം ആഴത്തിലുള്ള ഒരു ബന്ധമാകാൻ അധിക ദിവസം വേണ്ടി വന്നില്ല, പക്ഷേ ഞാൻ ആഗ്രഹിച്ച പ്രണയം മാത്രം വിട്ടുനിന്നു. അതിനെപ്പറ്റി എന്തെങ്കിലും സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ഏട്ടൻ വേറെ എന്തെങ്കിലും പറയും.
എങ്കിലും എനിക്ക് ദേഷ്യം തോന്നിയില്ല, ഒരു പെണ്ണ് ചിരിച്ച് കാണിക്കുമ്പോഴേക്കും വാലാട്ടി പിന്നാലെ വരുന്ന ഒരാളല്ല, ഒരു ആണാണ് ഏട്ടൻ. ഏട്ടന്റെ പക്വതയുള്ള പെരുമാറ്റം എന്നിൽ ബഹുമാനവും ആരാധനയും ഉണ്ടാക്കി. ഇപ്പോൾ നല്ല ബന്ധത്തിൽ ആണെങ്കിലും നാളെ ഏട്ടൻ എന്നെ വിട്ട് പോവോ? എന്റെ ഇഷ്ടം ഞാൻ പറഞ്ഞില്ലെങ്കിൽ, ആ ഒരു വാക്ക് കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ജീവിതം നഷ്ടമാവോ?
ഇല്ല, ഒരിക്കൽ കൂടി നിരാശപ്പെടാൻ വയ്യ, ഏട്ടനെ നഷ്ടപ്പെടുത്താൻ വയ്യ. രണ്ടും കൽപ്പിച്ച് എല്ലാം തുറന്ന് പറയാൻ തീരുമാനിച്ചു.
അന്നൊരു ദിവസം വിദ്യാർത്ഥി സമരത്തെ തുടർന്ന് ക്‌ളാസ് ഇല്ലായിരുന്നു. രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു, മനസ്സിൽ ഒരു തിരക്കഥ ഉണ്ടാക്കി, പലതവണ അതിനെ ഓർത്ത് നോക്കി. പേടിയുണ്ട്, പക്ഷെ ഇനി പേടിച്ചിട്ട് കാര്യമില്ല.
ഒരു ഗുഡ് മോർണിംഗ് അയച്ചു, പത്ത് മിനുട്ടിന് ശേഷം മറുപടി വന്നു. സംസാരത്തിന് ഒരു മുഖവുര ഇട്ടു,
'എനിക്കൊരു കാര്യം പറയാനുണ്ട് ഏട്ടാ'
'എനിക്കും ഉണ്ട്, ഇന്നലെ പറയണം എന്ന് വിചാരിച്ചതാ. പിന്നെ ഇന്ന് അമ്പലത്തിൽ പോയി വന്ന് പറയാമെന്ന് വിചാരിച്ചു'
ഞാൻ പറയാൻ പോകുന്ന കാര്യം തന്നെയാണോ ഏട്ടനും പറയാൻ പോകുന്നത്?
ആകെ ടെൻഷൻ ആയി.
'ഏട്ടൻ പറ'
'താൻ ആദ്യം പറ'
'ഇല്ല , ഏട്ടൻ പറ'
'ഞാൻ വളരെ സന്തോഷത്തിൽ ആണ്, സന്തോഷം കൊണ്ട്, ഇരിക്കാൻ വയ്യ'
'അത്രയ്ക്ക് വല്ല്യ കാര്യാ?'
'ഉം'
മനസ്സിൽ ലഡ്ഡു പൊട്ടി
'എനിക്ക് വേറെ ജോലി കിട്ടി, ബാങ്കിൽ, ഞാൻ പറഞ്ഞിരുന്നില്ലേ ബാങ്കിലേക്കുള്ള ഇന്റർവ്യൂ ഉണ്ടായിരുന്നൂ എന്ന്. അടുത്ത ആഴ്ച ജോയിൻ ചെയ്യണം'
'ആഹാ, കൺഗ്രാറ്റ്സ്'
'താങ്ക്യു, ആറ് മാസം പ്രൊബേഷൻ ആണ്, അത് കഴിഞ്ഞാൽ ഞാനും ഒരു ബാങ്ക് ഉദ്യോഗസ്ഥനായി'
'താങ്ക്സ് പോര , വൻ ചിലവ് വേണം'
'അതിനെന്താ, എന്താ വേണ്ടത്?
താൻ എന്ത് ചോദിച്ചാലും തരും'
'ശരിക്കും?'
'തീർച്ചയായും,, മടിക്കാതെ ചോദിച്ചോ'
'എനിക്ക് ഏട്ടനെ വേണം'
കുറച്ച് നേരത്തേക്ക് നിശബ്ദത
'ഏട്ടാ....'
'ഉം'
'ഉം'
'താൻ കാര്യായിട്ടാ?'
'ഉം'
'ഇപ്പൊ എന്തെ ഇങ്ങനെ തോന്നാൻ?'
'ഇപ്പോളല്ല, ആദ്യം കണ്ടത് മുതൽ'
'അപ്പൊ ഇത്രയും ദിവസം പറയാഞ്ഞതെന്തേ?
'പേടി ആയിരുന്നു. ഏട്ടൻ ഇല്ലാതെ പറ്റില്ല, അത് കൊണ്ടാ'
വീണ്ടും നിശബ്ദത
'ഉം'
'ഏട്ടൻ ഒന്നും പറഞ്ഞില്ല'
'ഞാൻ എന്താ പറയാ?'
'എന്തായാലും പറയണം, നോ ആണെങ്കിൽ എന്നോട് ദേഷ്യപ്പെടരുത്'
'തന്നോട് ഇഷ്ടക്കുറവോ ദേഷ്യമോ ഒന്നുമില്ല'
'എന്നാൽ എന്നെ കൂടെ കൂട്ടിക്കൂടെ?'
'അത് ആലോചിക്കാതെ അല്ല, നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. തന്റെ കുടുംബവും എന്റെ കുടുംബവും രണ്ട് തട്ടിൽ ഉള്ളവരാണ്'
'കുടുംബം രണ്ട് തട്ടിൽ ആണെങ്കിലും നമ്മൾ ഒരുപോലെ അല്ലേ? നമ്മുടെ മനസ്സുകൾ തമ്മിൽ അന്തരം ഉണ്ടോ?'
'ശിവാ, നമ്മൾ സ്വപ്നം കണുന്നത് പോലെയല്ല ജീവിതം, അവിടെ മറ്റു കുറെ കാര്യങ്ങൾ ഉണ്ട്'
'അതിനെ പറ്റിയൊന്നും എനിക്കറിയില്ല. ആദ്യമായി കണ്ടത് മുതൽ ചേട്ടൻ എന്റെ മനസ്സിൽ ഉണ്ട്, ചേട്ടനോടൊത്തുള്ള ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ ചേട്ടൻ എന്താ പറയുന്നത്?'
'എനിക്കും എപ്പോഴോ തന്നെ ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്, പക്ഷെ ഒരു ജീവിതം....'
'എന്നെ സ്വീകരിക്കാൻ മനസുണ്ടോ? എങ്കിൽ എന്തൊക്കെ തടസം ഉണ്ടായാലും ഞാൻ ചേട്ടന്റെ കൂടെ ഉണ്ടാകും'
'ഉം, നിന്നെ വേണം എനിക്ക്'
അത് കേട്ടപ്പോൾ കരച്ചിൽ ആണ് വന്നത്, എന്തിനാ കരഞ്ഞത് എന്നറിയില്ല, കുറേ നേരം കരഞ്ഞു.
അങ്ങനെ ഞങ്ങൾ ഒന്നാവാൻ തീരുമാനിച്ചു, പ്രതിസന്ധികൾ ഉണ്ടാകുമെന്നറിയാം, അതിനെയെല്ലാം നേരിടാൻ ഞങ്ങൾ തയാറാണ്.
അനിയേട്ടന്റെ വീട്ടുകാർ സാധാരണക്കാരാണ്, ഏട്ടനും അത് പോലെ തന്നെ. വീട്ടുകാർ വിവാഹാലോചന തുടങ്ങി എന്ന് മനസ്സിലായപ്പോൾ തന്നെ ഏട്ടൻ എന്റെ കാര്യം വീട്ടിൽ പറഞ്ഞു. അവർക്ക് വിരോധമില്ല, പക്ഷേ ഞങ്ങൾ രണ്ടാളുടെയും കുടുംബങ്ങൾ തമ്മിലുള്ള സാമൂഹിക-സാമ്പത്തിക അന്തരം അവരെ ഒരുപാട് വിഷമിപ്പിച്ചു. പേടിയായിരുന്നു അവർക്ക്, ഒരു ഡോക്ടറുടെ മകളെ ചേറിൽ പണിയെടുക്കുന്നവന്റെ മകന് വേണ്ടി ചോദിയ്ക്കാൻ അവർക്ക് കഴിയില്ലായിരുന്നു. വീട്ടിൽ എനിക്ക് വിവാഹാലോചന തുടങ്ങിയിട്ടില്ലായിരുന്നു, അത് കൊണ്ട് അവർക്ക് കുറച്ച് സമയം കൊടുത്തു, മാനസികമായി എന്നെ അംഗീകരിക്കാൻ. ഇടയ്ക്ക് ഒരു തവണ അനിയേട്ടന്റെ വീട്ടിൽ പോയി.
നന്നേ ചെറുതല്ലാത്ത വീട്, തൊടിയിലെ ഒരിന്ജ് ഭൂമി പോലും വെറുതെ കിടക്കുന്നില്ല, ആ അച്ഛന്റെ അദ്ധ്വാനം മുഴുവൻ അവിടെ കാണാം.
അമ്മ ഒരു സാധു സ്ത്രീ ആണ്. അച്ഛനെ സഹായിച്ച് വീടിന്റെ വ്യാകരണങ്ങളിൽ മുഴുകിക്കഴിയുന്ന തനി നാട്ടിൻപുറത്ത് കാരി. അമ്മയെ കയ്യിലെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല എന്ന് തോന്നി. പിന്നെ അനുജത്തി, അനാമിക, ആമി എന്ന് വിളിക്കും, ഒറ്റനോട്ടത്തിൽ എന്നേക്കാൾ കൊള്ളാം, അതും പറഞ്ഞ് തല്ല് കൂടേണ്ടി വരോ?
എന്തായാലും അധിക ദിവസം വേണ്ടിവരില്ല, ഏട്ടന്റെ കല്യാണം കഴിഞ്ഞാൽ ഉടനെ ആമിയുടെ ഉണ്ടാകും എന്നാ പറഞ്ഞത്. പെട്ടന്ന് ഒരെണ്ണം ശരിയായാൽ രണ്ടും ഒരുമിച്ച് നടത്തും. അപ്പോൾ ആ പ്രശ്നവും ഉണ്ടാകില്ല. പിന്നെ ഞാനായിരിക്കും ഇവിടുത്തെ രാജകുമാരി.
എല്ലാവരെയും കൈയിലെടുത്ത് , ഇനി മരുമകളായി വരാം എന്ന് പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്.
വീട്ടിലെ പുതിയ വിശേഷം എന്തെന്നാൽ സിദ്ധു ഏട്ടന്റെ കല്യാണത്തിൽ ഒരു തീരുമാനമായി. പുള്ളിക്കാരൻ കൂടെ പഠിച്ച ഒരു കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു, രണ്ടാളും ഡോക്ടർമാർ കുടുംബവും നല്ലത്. അപ്പൊ എല്ലാവരും ചേർന്ന് അതങ്ങ് ഉറപ്പിച്ചു.
അതോടെ എനിക്കും കുറച്ച് ധൈര്യമായി. ഏട്ടന്റെ പ്രേമം വീട്ടുകാർ എതിർത്തില്ലല്ലോ. പക്ഷേ ഏട്ടന്റെ പോലെ അല്ല എന്റെ കാര്യങ്ങൾ. എന്നാലും വീട്ടിൽ എതിർപ്പ് ഉണ്ടായാൽ ഏട്ടന് ഇനി ഒന്നും മിണ്ടാൻ പറ്റില്ലല്ലോ.
ഇപ്പോൾ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുന്നു. രണ്ടാഴ്ച്ച കൂടിക്കഴിഞ്ഞാൽ അനിയേട്ടന്റെ ജോലി സ്ഥിരമാകും, അത് കഴിഞ്ഞ് വീട്ടിൽ പെണ്ണുചോദിച്ച് വരാം എന്നാ പറഞ്ഞിരിക്കുന്നത്.
ഇന്നിപ്പോ ഒരു ഒഴിവ് ദിനം കിട്ടിയപ്പോൾ അനിയേട്ടനേം കൊണ്ട് ഒന്ന് കറങ്ങാൻ ഇറങ്ങിയതാ.
മലമ്പുഴ ഡാമിൽ പോയി, നെല്ലിയാമ്പതിയിൽ പോയി, ഇപ്പോൾ ഈ സായാഹ്നം ഈ പാലക്കാട് കോട്ടയിൽ,
'ശിവേ , സമയം വൈകി പോവാം?'
'ഉം'
ഇരുൾ മണ്ണിലേക്ക് പതിക്കുന്നതിന് മുൻപ് വീടണയനായി അനിയേട്ടന്റെ ബൈക്കിന്റെ പിന്നിൽ എട്ടനേം കെട്ടിപ്പിടിച്ചിരുന്നുകൊണ്ട് കൊണ്ട് ഞങ്ങൾ പോവുകയാണ്. ഇനി വരാനിരിക്കുന്ന നല്ല പ്രഭാതങ്ങൾ തേടി!!!!
------------------------------------------------------------------------------------------------------------------------------------------------------------
ബൈക്കിൽ ഇരുന്ന് അനിയേട്ടനോട് ഒരുപാട് സംസാരിച്ചു, ജീവിതത്തിൽ ഏറ്റവും അധികം സന്തോഷം കിട്ടിയ ദിവസമാണ് ഇന്ന്. ഈ ഒരു പകൽ എനിക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത കുറെ നിമിഷങ്ങൾ ആണ്, ഈ നിമിഷങ്ങളിൽ നിന്ന് വേണം ഇനിയൊരു ജീവിതം കെട്ടിപ്പടുക്കാൻ.
ബൈക്ക് വീടിന്റെ കുറച്ചകലെ നിർത്തി. കൂട്ടുകാരികളുടെ ഒപ്പമാണ് പോകുന്നത് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്, ആരെങ്കിലും കണ്ടാൽ അത് മതി. ഇരുൾ വീണു തുടങ്ങിയിരിക്കുന്നു
'എന്നാ ഞാൻ പോട്ടെ?'
'ഉം, ഗുഡ് നൈറ്റ്'
എന്തോ പ്രതീക്ഷിച്ച് ഞാൻ ഒരു നിമിഷം കൂടി അവിടെ നിന്നു. ഇരുട്ടാണ്, വഴിയിൽ ആരും ഇല്ല.
അനിയേട്ടൻ എന്നെ നോക്കി ഒന്ന് ചിരിച്ചു, ആ കൈകൾ എന്റെ കവിളിലൂടെ തലോടി, ഒരു ചുംബനം കൊതിച്ച എന്റെ ചുണ്ടുകളിൽ തൊട്ടുരുമ്മിക്കൊണ്ട് ആ വിരലുകൾ കടന്നു പോയി.
'പൊയ്ക്കോ, തിരക്ക് കഴിഞ്ഞ് മെസ്സേജ് അയക്ക്'
'ഉം'
മനസ്സിൽ ചെറിയൊരു നിരാശ തോന്നി, എങ്കിലും അത് കാണിക്കാതെ അനിയേട്ടന്റെ കൈ കയ്യിലെടുത്ത് ഒരു ഉമ്മ കൊടുത്ത് തിരിഞ്ഞു നടന്നു.
എനിക്കറിയാം, ഞാൻ ആഗ്രഹിച്ചത് ആ മനസ്സും ആഗ്രഹിക്കുന്നുണ്ടാകും എന്ന്, ഈ ഒരു നിമിഷത്തിനു വേണ്ടി ഇത്രയും നാൾ ചെയ്ത കാത്തിരുപ്പ് അവസാനിപ്പിക്കാൻ ഏട്ടന് കഴിയില്ല, രണ്ടാളുകളുടേം വീട്ടുകാർ സമ്മതിച്ചതിന് ശേഷമേ ഒരു ചുംബനം പോലും ഉണ്ടാകൂ എന്ന് രണ്ടാളും കൂടിയാണ് തീരുമാനിച്ചത്.
അതാണ് ശരിയായ തീരുമാനവും. ഇപ്പോൾ ഞങ്ങളുടെ മനസ്സുകൾ ഒന്നാണ്, ശരീരം ഒന്നാവാൻ ഒരു മൂക സാക്ഷി വേണം, ഒരു താലി. അത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.
ഞാൻ ഗേറ്റ് തുറന്നപ്പോഴേ ഏട്ടൻ പോയുള്ളു.
വാതിൽ തുറന്ന് അകത്ത് കയറി, എല്ലാവരും ഹാളിൽ ഉണ്ട്, എനിക്ക് എന്തെങ്കിലും പറയാൻ പറ്റുന്നതിന് മുൻപ് അമ്മയുടെ ശബ്ദം ഉയർന്നു,
'ഏതവന്റെ കൂടെ അഴിഞ്ഞാടാനാടീ ഇവിടുന്ന് ഇറങ്ങിപ്പോയത്?'
ഞാൻ ആകെ ഞെട്ടിപ്പോയി. ഈശ്വരാ എല്ലാം കയ്യീന്ന് പോയി,
'ആരാടീ നിന്റൊപ്പം ഉണ്ടായിരുന്നത്?'
അത് ഏട്ടന്റെ വക.
'അമ്മേ ഞാൻ...'
'മിണ്ടിപ്പോകരുത് അസത്തെ,നിന്റെ കളിയൊന്നും ഞങ്ങൾ അറിയില്ലെന്ന് വിചാരിച്ചോ'
പിന്നെ അങ്ങോട്ട് യുദ്ധം ആയിരുന്നു. ഞാൻ ഒരുഭാഗത്ത് അച്ഛൻ ,അമ്മ, ഏട്ടൻ ഒരുഭാഗത്ത് കാഴ്ചക്കാരനായി എന്റെ പുന്നാര കൂടെപ്പിറപ്പും. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വിചാരണക്കൊടുവിൽ എല്ലാം ഞാൻ തുറന്ന് പറഞ്ഞു.
വിധി എനിക്ക് പ്രതികൂലമായിരുന്നു.
'അങ്ങനെ കണ്ടവന്റെ കൂടെ പൊറുക്കാം എന്ന് നീ കരുതണ്ട, ഞങ്ങളാരും ഇതിന് സമ്മതിക്കില്ല'
'നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോകും'
എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഈ വിഷയമെല്ലാം ഞങ്ങൾ ചർച്ച ചെയ്ത് ഒരു തീരുമാനം എടുത്തതാണ്.
'ശിവേ, തന്റെ വീട്ടുകാർ പെട്ടന്ന് സമ്മതിക്കൊന്നും ഇല്ല, ഞാൻ നിങ്ങൾക്ക് ചേർന്നവൻ അല്ല, അവർ എതിർത്താൽ ഉടനെ ഇറങ്ങി വരാം എന്നും കരുതണ്ട, എനിക്കതിൽ താല്പര്യം ഇല്ല, തെറ്റ് നമ്മുടെ ഭാഗത്തുണ്ട്, നമ്മളെ പെറ്റ് വളർത്തി വലുതാക്കിയ വീട്ടുകാർക്ക് നമ്മളിൽ അവകാശവും അധികാരവും ഉണ്ട്. അത് ഇല്ലാന്ന് ഒരിക്കലും പറയരുത്. അവരെ ധിക്കരിക്കുന്നതിന് പകരം കരഞ്ഞും കാലുപിടിച്ചും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിച്ചും ഒരു തീരുമാനം എടുപ്പിക്കാൻ ശ്രമിക്ക്, പത്തൊമ്പതാമത്തെ അടവായിട്ടെ ഇറങ്ങി വരാൻ പാടുള്ളൂ. അവർ ചീത്ത പറയും ഭീഷണിപ്പെടുത്തും ചിലപ്പോൾ തല്ലും, അതെല്ലാം സഹിക്കേണ്ടിവരും, എങ്കിലും പ്രതീക്ഷ കൈവിടരുത്, എല്ലാം നല്ലപോലെ അവസാനിക്കും'
അനിയേട്ടൻ ഇങ്ങനെ ആണ് പറഞ്ഞത്. അന്ന് ആ വാക്കുകൾ ഞാൻ അത്രയ്ക്ക് കാര്യമാക്കി എടുത്തില്ല, ഇപ്പൊ അത് സത്യമാകുന്നു.
വഴക്കും ഭീഷണിയും കിട്ടി, ഏട്ടൻ കൈ ഓങ്ങി എങ്കിലും തല്ലിയില്ല.
രാത്രി ഏറെ വൈകി യുദ്ധത്തിന് ഇടവേള കൊടുത്ത് പിരിഞ്ഞു. ബാക്കി നാളെ.
ഏട്ടനോട് വിളിച്ച് പറയണമെന്നുണ്ട്, ആളിപ്പോ ഇന്നത്തെ ദിവസത്തെ സന്തോഷനിമിഷങ്ങൾ അയവിറക്കി കിടക്കുകയായിരിക്കും, നാളെ പറയാം.
രാവിലെ എഴുന്നേറ്റ് യുദ്ധം വീണ്ടും തുടങ്ങി. ഇത്തവണ നയതന്ത്രം ആയിരുന്നു, അച്ഛനും അമ്മയും ഏട്ടനും വട്ടംകൂടിയിരുന്ന് ഉപദേശിച്ച് എന്റെ മനസ്സ് മാറ്റാൻ നോക്കി, ഭാവി ഏട്ടത്തിയമ്മ പോലും ഇടപെട്ടു. ഞാൻ ഉയർന്നും താഴ്ന്നും കട്ടയ്ക്ക് നിന്നു, ചെറുതായി ആത്മഹത്യ സൂചിപ്പിച്ചു, അതിൽ രംഗം ഒന്ന് തണുത്തു.
'ഞങ്ങൾ ഒന്ന് അന്വേഷിക്കും, പറ്റുമെങ്കിൽ മാത്രം സമ്മതിക്കും. അത് വരെ ഒരു ബന്ധവും വേണ്ട'
'ഉം'
അതിൽ ഞാൻ സമ്മതം മൂളി. തൊണ്ടി മുതലായി ഫോൺ കണ്ടുകെട്ടാൻ തീരുമാനിച്ചു. ഫോൺ അടിയറവ് വയ്ക്കുന്നതിന് മുൻപ് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊണ്ട് ഏട്ടന് വോയ്സ് അയച്ചു കൊടുത്തു. കുറച്ച് ദിവസത്തേക്ക് ഇനി ഒന്നും ഉണ്ടാകില്ല എന്ന് പറഞ്ഞു. എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ വിളിക്കാൻ നന്ദന്റെ നമ്പർ കൊടുത്തു. അവന് ഇപ്പൊ വല്യ സ്നേഹം ഒന്നുമില്ല, എന്നാലും അത്യാവശ്യ സമയത്ത് ഉപകാരപ്പെടും. ഫോണിൽ രണ്ട് മൂന്ന് ലോക്ക് ഇട്ടു, സ്വിച്ച് ഓഫാക്കി കൊടുത്തു.
അന്നു മുതൽ ഞാൻ നിരീക്ഷണത്തിലാണ്. വിഷമം തോന്നിയെങ്കിലും വരാൻ പോകുന്ന നല്ല ദിവസങ്ങൾ ഊർജ്ജം നൽകി.
രണ്ട് ദിവസത്തിനുള്ളിൽ തുടരന്വേഷണത്തിന്റെ റിപ്പോർട്ട് വന്നു.
'ഇത് നടക്കില്ല, നമുക്ക് ചേർന്ന ബന്ധം അല്ല, നീ ഒരു ഡോക്ടറുടെ മകൾ ആണ്, സമൂഹത്തിൽ നമുക്കുള്ള നിലയും വിലയും നോക്ക്, അവർക്ക് എന്താ ഉള്ളത്? കുറച്ച് കൃഷിമാത്രോ?
പാടത്ത് പണിയെടുക്കാനാണോ നിന്നെ പഠിപ്പിച്ച് ഈ നിലയിൽ എത്തിച്ചത്? മോള് അതിനെപ്പറ്റി മറന്നേക്ക്'
ഇത് കൊണ്ടൊന്നും ഞാൻ കുലുങ്ങില്ല.
' കൃഷിപ്പണി മോശം ഒന്നുമല്ലല്ലോ, പിന്നെ അനിയേട്ടന് നല്ല ജോലി ഉണ്ടല്ലോ, പത്ത് ദിവസം കൂടി കഴിഞ്ഞാൽ ജോലി സ്ഥിരമാകും, ഒരു ബാങ്ക് ജീവനക്കാരൻ അത്ര മോശം ഒന്നുമല്ലല്ലോ, പിന്നെ ഏട്ടൻ പരീക്ഷകൾ വേറെയും എഴുതുന്നുണ്ട്'
സമ്മതിക്കാതെ വേറെ വഴി ഇല്ല എന്ന് അവർക്ക് തോന്നിയിട്ടുണ്ടാകും, ബന്ധുക്കളെ എല്ലാം വിളിച്ച് ചർച്ച തുടങ്ങിയിട്ടുണ്ട്, രണ്ട് ചേരിയിലും ആളുകളുണ്ട്. ഞാൻ എങ്ങാനും ഇറങ്ങിപ്പോയാൽ ഉണ്ടാകുന്ന നാണക്കേട്, പറഞ്ഞ് വച്ചിരിക്കുന്ന ഏട്ടന്റെ കല്യാണം ഇതെല്ലാം മുൻനിർത്തി വിധി എനിക്ക് അനുകൂലമായി വന്നു. കണ്ടുകെട്ടിയ മുതൽ തിരിച്ച് കിട്ടി. എന്തായാലും എനിക്ക് ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ടി വന്നില്ല, 'എന്റെ വയറ്റിൽ അനിയേട്ടന്റെ കുഞ്ഞുണ്ട്', ഹൊ ഭാഗ്യം.
കാര്യങ്ങള്‍ക്കൊക്കെ ഒരു നീക്കുപോക്കായി, അനിയേട്ടന്റെ വീട്ടുകാർ വന്ന് പെണ്ണുചോദിച്ചു, അവർ ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും അമ്പത് പവനും പത്ത് ലക്ഷം രൂപയും കാറും 'കൂടെ എന്നെയും' തരാമെന്ന് പറഞ്ഞു.
സന്തോഷം വീണ്ടും തിരിച്ച് വന്നു, ഇപ്പൊ ഞങ്ങൾക്ക് ആരെയും പേടിക്കണ്ട, ഇഷ്ടം പോലെ വിളിക്കാം സിനിമയ്ക്ക് പോകാം.. കറങ്ങാൻ പോകാം.
പിന്നെ ഏറ്റവും വലിയ സന്തോഷം എന്താന്ന് വെച്ചാൽ ഞാനത് നേടിയെടുത്തു, ഒരു ഉമ്മ, അതിന്റെ ഹാങ്ങോവർ ഇനിയും മാറിയിട്ടില്ല, ഒരു രാത്രി എന്നെ വീട്ടിൽ കൊണ്ടുവന്ന് വിടുമ്പോൾ ആരും കാണാതെ, ഒരുമ്മ, എന്റെ ചുണ്ടിൽ.
ഇപ്പൊ എനിക്ക് ഫുൾ ലൈസൻസ് ആണ്, ബൈക്കിന്റെ പിന്നിൽ ഇരിക്കുമ്പോൾ മുറുക്കെ കെട്ടിപ്പിടിക്കും , ചിലപ്പോൾ ഉമ്മയും വയ്ക്കും. എല്ലാം ആരും കാണാതെ മാത്രം.
ഇന്ന് ഏട്ടന്റെ ഫോൺ വന്നില്ലല്ലോ? മെസ്സേജ് അയച്ചിട്ടും റിപ്ലെ ഇല്ല. വിളിച്ചു നോക്കി എടുക്കുന്നില്ല, എന്ത് പറ്റി ആവോ?
രാത്രിയാകുന്നത് വരെയും ഞാൻ വിളിച്ചു, ഇടയ്ക്ക് ഫോൺ സ്വിച്ച് ഓഫ് ആകും. ഈശ്വരന്മാരെ എന്റെ ഏട്ടന് അപകടം ഒന്നും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചാണ് കിടന്നത്. ഉറങ്ങാൻ കഴിഞ്ഞില്ല. രാത്രി ഏറെ വൈകി ഏട്ടന്റെ ഫോൺ വന്നു, ശബ്ദം ആകെ ഇടറിയിരുന്നു. ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല, എനിക്ക് കരച്ചിൽ വന്നു,
'ഏട്ടാ... എന്താണെങ്കിലും പറയ്'
'ഉം'
ഏട്ടൻ ഇത്രയും നേരം പോലീസ് സ്റ്റേഷനിൽ ആയിരുന്നു. ഇന്ന് ബാങ്കിൽ ഒരു പ്രശ്‍നം ഉണ്ടായി.
ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഫോൺ എടുക്കാൻ മറന്നത് മനസിലായത്, തിരിച്ച് ചെന്നപ്പോഴാണ് ആ കാഴ്ച്ച കണ്ടത്..
ബാങ്കിലെ മറ്റൊരു ജോലിക്കാരിയായ ശ്രുതിയെ കയറിപ്പിടിക്കുന്ന മാനേജർ, ശ്രുതിയും ഞാനും ഒരുമിച്ച് ജോയിൻ ചെയ്തതാ. അയാൾ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നു, അവൾ എതിർക്കുന്നും ഉണ്ട്. അത്തരത്തിലൊരു കാഴ്ച ആണായിപ്പിറന്ന ഒരുത്തനും കണ്ട് നിൽക്കില്ല. ഞാൻ ചെന്ന് അയാളെ പിടിച്ച് മാറ്റി രണ്ടെണ്ണം കൊടുത്തു. അപ്പോഴത്തെ എന്റെ മനസികാവസ്‌ഥ വേറെ ആയിരുന്നു, ശ്രുതി എന്നെ പിടിച്ച് മാറ്റാൻ വന്നതൊന്നും ഞാൻ ശ്രദ്ധിച്ചില്ല, എന്റെ ദേഷ്യം തീരുന്നത് വരെ അവനെ തല്ലി. അപ്പോഴേക്കും സെക്യുരിറ്റി വന്നു പിടിച്ച് മാറ്റി. ആധികം ആളുകൾ കൂടുന്നതിന് മുൻപ് ഞാൻ ശ്രുതിയെയും കൂട്ടി പോന്നു. അവളെ വീട്ടിൽ കൊണ്ടാക്കി, ഇല്ലെങ്കിൽ അവളുടെ മുഖം നാളെ ഇന്റർനെറ്റിൽ വരുമായിരിക്കും. വീട്ടിൽ ഒന്നും പറയരുത് എന്ന് അവൾ പറഞ്ഞു, ആ വീട് കണ്ടപ്പോൾ എനിക്ക് പറയാനും തോന്നിയില്ല, ചെറിയ വീട്, കൂലിപ്പണിക്ക് പോകുന്ന അച്ഛനും അമ്മയും, പിന്നെ രണ്ട് അനിയത്തിമാർ.
അതൊക്കെ കഴിഞ് വീട്ടിൽ എത്തി, കുളിയെല്ലാം കഴിഞ്ഞപ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നത്, ഒന്ന് അങ്ങോട്ട് ചെല്ലാൻ. ഇത് പ്രതീക്ഷിച്ചതാണ്, മനസ്സിൽ പേടി തോന്നിയില്ല, ഒരു പെൺകുട്ടിക്ക് നേരെ ഉള്ള അതിക്രമം തടഞ്ഞു, അതിന് വലിയ ശിക്ഷയൊന്നും കിട്ടില്ല.
പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തിരക്കഥയിലെ മാറ്റങ്ങൾ മനസിലായത്.
മാനേജറും ശ്രുതിയും തമ്മിൽ ഇഷ്ടത്തിലാണ്, എനിക്ക് ശ്രുതിയോട് ഇഷ്ടമുണ്ട്. ശ്രുതിയ്ക്ക് മാനേജറോട് ഉള്ള ഇഷ്ടം ഞാൻ അറിഞ്ഞപ്പോൾ മാനേജറെ ആക്രമിച്ചു.
കഥ ഇങ്ങനെ ആയപ്പോഴും എനിക്കുള്ള ധൈര്യം ശ്രുതി ആയിരുന്നു. അവൾ സത്യം പറഞ്ഞാൽ ഇതൊന്നും ഒരു പ്രശ്നമല്ല.
എസ്. ഐ യോട് അന്വേഷിച്ചപ്പോൾ അവളുടെ മൊഴിയും എനിക്കെതിരാണ് എന്ന് പറഞ്ഞു. അവർ ഇഷ്ടത്തിലായിരുന്നു എന്ന് അവൾ പറഞ്ഞു.
അതോടെ ചതിയ്ക്കപ്പെട്ടു എന്ന് മനസിലായി. അവിടെ വച്ച് ശ്രുതിയെ വിളിച്ചു, എന്റെ നമ്പർ ആയത് കൊണ്ടാകും ഫോൺ എടുത്തില്ല, അവിടുത്തെ ഒരു പോലീസുകാരന്റെ ഫോണിൽ നിന്ന് വിളിച്ചു. അവൾ പറഞ്ഞത് ഇങ്ങനെയാണ് :സീനിയർ മാനേജർ അവളെ വിളിച്ചിരുന്നു, നടന്ന സംഭവം പുറത്തറിഞ്ഞാൽ ബാങ്കിന് നാണക്കേടാണ്, ഇത് ഒരു പ്രശ്നമാക്കായാൽ ജോലി നഷ്ടപ്പെടും. ഒന്നും പറയാതിരുന്നാൽജോലി പോകില്ല. വേണമെങ്കിൽ വേറെ ഏതെങ്കിലും ബ്രാഞ്ചിലേക്ക് ഒരു മാറ്റം തരാം. കേസ് കൊടുക്കുകയാണെങ്കിൽ വേറെയും ബുദ്ധിമുട്ടുകൾ ഉണ്ട്, കേസ്, ചാനൽ , വാർത്ത, ആകെ നാണം കെടും. താഴെയുള്ള രണ്ടെണ്ണത്തിന്റേം എന്റെയും ഭാവി നശിക്കും. പിന്നെ ആത്മഹത്യ മാത്രേ ഞങ്ങൾക്ക് മുന്നിൽ ഉള്ളൂ. ഏട്ടൻ എന്നോട് ക്ഷമിക്കണം, എനിക്ക് വേറെ വഴി ഇല്ല'
അതോടെ എന്റെ വിധി എനിക്ക് ഏകദേശം മനസിലായി. ഞാൻ എസ്. ഐയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. ആള് വിശ്വസിച്ചു എന്ന് കരുതുന്നു. കേസ് ഉണ്ട്, സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ പറ്റും എന്ന് പറഞ്ഞു. ഞാൻ കൂട്ടുകാരെ വിളിച്ച് ജാമ്യക്കാരെ റെഡിയാക്കി പോന്നു.
ഏട്ടൻ ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്ക് സഹിക്കാൻ പറ്റിയില്ല. കണ്ണീർ ഒരു പുഴയായി ഒഴുകാൻ തുടങ്ങി.
ഏട്ടന് സങ്കടം ഉണ്ടെങ്കിലും പുറത്ത് കാണിച്ചില്ല. താൻ ചെയ്തത് തെറ്റല്ല എന്ന് ഏട്ടന് ഉറപ്പുണ്ട്. അധികം സംസാരിക്കാതെ ഫോൺ വച്ചു.
പിറ്റേന്ന് ഏട്ടൻ തന്നെ കാര്യങ്ങൾ എല്ലാം അച്ഛനെ വിളിച്ച് പറഞ്ഞു. അപ്പോൾ ഒഴുക്കൻ മറുപടി പറഞ്ഞ് ഏട്ടനെ സമാധാനിപ്പിച്ചു എങ്കിലും വീട്ടിൽ പ്രശ്‍നം ആയി.
ആകെ ജോലിയുടെ ബലത്തിൽ ആണ് എന്നെ ഏട്ടന് കൊടുക്കാം എന്ന് പറഞ്ഞത്, ജോലി പോയ സ്ഥിതിക്ക് ഒന്ന് കൂടി ആലോചിക്കാൻ തീരുമാനിച്ചു. പോരാത്തതിന് പോലീസ് കേസും കരിയർ ഗ്രാഫിൽ ചുവന്ന മഷി വീണ സ്ഥിതിക്ക് വേറെ ഒരു ബാങ്കിലും ജോലി കിട്ടില്ല, വേറെ ജോലി നോക്കണം.
അങ്ങനെ ഞങ്ങളുടെ കാര്യം വീണ്ടും കുഴപ്പത്തിലായി. ഈ ബന്ധം വേണ്ട എന്ന് വീട്ടുകാരും ബന്ധുക്കളും ഉറപ്പിച്ചു. എല്ലാം അവസാനിച്ചു എന്ന് തോന്നി. അനിയേട്ടൻ വേറെ ജോലിക്ക് ശ്രമിക്കുന്നുണ്ട്, ഏട്ടനും നിസ്സഹായാവസ്ഥയിലാണ്.
ഒടുവിൽ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് പറയാൻ വീട്ടുകാരും ബന്ധുക്കൾ കുറച്ച് പേരും ചേർന്ന് ഇന്ന് അനിയേട്ടന്റെ വീട്ടിലേക്ക് പോവാൻ നിൽക്കാണ്. ഞങ്ങളുടെ ബന്ധം ഇന്നത്തോടെ അവസാനിക്കും.
ഇനിയും ആലോചിച്ച് നിന്നാൽ ശരിയാവില്ല എന്നുള്ളത് കൊണ്ട് ഞാൻ അത് ചെയ്തു. വേണ്ട വേണ്ട എന്ന് വിചാരിച്ചതാ, എല്ലാവരും കൂടി എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു.
ഞാൻ ബ്രഹ്മാസത്രം പ്രയോഗിച്ചു.
പോവാൻ നിന്നവർ അത് പോലെ തിരിച്ച് വന്നു.
വീണ്ടും ചർച്ചകൾ, ഒടുവിൽ കുറച്ച് ദിവസം കൂടി കാത്തിരിക്കാൻ തീരുമാനിച്ചു, ഏട്ടന് ഒരു ജോലി കിട്ടുന്നത് വരെ.
ഇന്ന് ഞങ്ങളുടെ കല്യാണം ആണ്. ഏട്ടന് ഒരു വാഹന കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലി കിട്ടി. കല്യാണത്തിന് വലിയ ആർഭാടം ഒന്നുമില്ല, അടുത്തബന്ധുക്കളും കുറച്ച് നാട്ടുകാരും. പരിയാനമ്പറ്റ കാവിൽ വച്ച് താലികെട്ട്. മംഗലശ്ശേരി നീലകണ്ഠൻ മുണ്ടയ്ക്കൽ ശേഖരന്റെ കൈ വെട്ടിയ ആ തിരു നടയിൽ വച്ച് എല്ലാ എതിർപ്പുകളെയും വെട്ടി മാറ്റി ഞങ്ങൾ ഒന്നായി.
കാര്യങ്ങൾ ഇങ്ങനെയായപ്പോൾ അമ്പത് പവൻ ഇരുപത്തിയഞ്ച പവനായും പത്ത് ലക്ഷം അഞ്ച ലക്ഷമായും കുറഞ്ഞു, കാർ ഒഴിവായി. അത്കൊണ്ട് തന്നെ അനിയേട്ടന്റെ വീട്ടുകാർക്കും സന്തോഷം.
എനിക്കും സന്തോഷം. ജീവിതം സന്തോഷമായി പോകുന്നു. വീട്ടിൽ എല്ലാവർക്കും എന്നോട് ദേഷ്യമുണ്ട്, പ്രത്യേകിച്ച് അമ്മയ്ക്ക്. പെറ്റ വയറല്ലേ.അതിന്റെയാകും എന്നു കരുതി ക്ഷമിക്കാനൊന്നും എനിക്ക് വയ്യ. അമ്മയ്ക്ക് ഞാൻ ഒരു പണി കൊടുത്തു, ഒരു എട്ടിന്റെ പണി.
എന്റെ പുന്നാര നാത്തൂനെ, എന്റെ പ്രിയപ്പെട്ട ശത്രുവിനെ അമ്മയുടെ അടുത്തേക്ക് കേറ്റി വിട്ടു.
മനസിലായില്ലേ?
എന്റെ ചങ്ക് അനിയൻ അവളെ കേറിയങ്ങ് പ്രേമിച്ചു, അവളും. മറ്റ് രണ്ട് മക്കളും പ്രേമിച്ച് കെട്ടിയത് കൊണ്ട് വീട്ടുകാർക്ക് എതിർക്കാനും പറ്റിയില്ല. പിന്നെ വേറെ കാര്യവുമുണ്ട്, കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ, അച്ഛനും അമ്മയും പ്രേമിച്ച് ഒളിച്ചോടി കെട്ടിയതാ, പിന്നെയാണ് വീട്ടുകാരെല്ലാം ഒന്നായത്.
ഇപ്പോൾ എല്ലാം ശുഭം. ഞാനും അനിയേട്ടനും അടിച്ച്പൊളിച്ച് ജീവിക്കുന്നു.
'ശിവേ, നിന്നെപോലുള്ള ഒരു കഥാപാത്രം ഒരു സിനിമയിൽ ഉണ്ട്'
'എന്നെപ്പോലെയോ?'
'ഉം, എനിക്കങ്ങനെ തോന്നി'
'ഏതാ സിനിമ? അതിൽ ഏതാ ഞാൻ?'
'സിനിമ ഓം ശാന്തി ഓശാന. അതിലെ നസ്രിയയെ പോലെ ആണ് നീ. ഒരു പൊട്ടിപ്പെണ്ണ്. നീയങ്ങ് പൊങ്ങിപ്പോയാലോ എന്ന് കരുതി പറയാതിരുന്നതാ'
'ഞാനോ? ഞാൻ അങ്ങനെയാണോ???'
- രജീഷ് കണ്ണമംഗലം
എഴുത്തുകാരനെ കുറിച്ച്
രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login