ഗംഗ

ഗംഗ

ഗംഗ

 

                                    ആദ്യമായി പെൺകുട്ടിയെ കണ്ടത് എന്നായിരുന്നു , ഓർമ്മയില്ല. പക്ഷെ കണ്ട നിമിഷം തന്നെ മുഖം മനസ്സിൽ പതിഞ്ഞു പോയിരുന്നു. വിദൂരതയിലെവിടെയോ വച്ച്  മുൻപെങ്ങോ കണ്ടു മറന്നതു പോലെ . 'ഗംഗ ' അതായിരുന്നു പെൺകുട്ടിയുടെ പേര് .ഒന്നാം വർഷ ഡിഗ്രി കുട്ടികൾക്ക് കോളേജിൽ ക്ലാസ് തുടങ്ങിയിട്ട് രണ്ടുമൂന്ന് ദിവസങ്ങൾ ആയിട്ടേ ഉണ്ടായിരുന്നുള്ളു. പക്ഷെ അന്നാണ്  അഭിലാഷ് ആദ്യമായി ഗംഗയെ കണ്ടത്. കോളേജിൽ ചിക്കു എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന അഭി ആർട്സ്ക്ലബ് സെക്രട്ടറി ആയിരുന്നു. അതിന്റെ ചില ആവശ്യങ്ങൾക്കായി കോളേജ് ഓഡിറ്റോറിയത്തിലേക്കു പോകുമ്പോഴായിരുന്നു അവൻ പടികളിറങ്ങി വരുന്ന ഗംഗയെ കണ്ടത്. മുടിയിൽ മുല്ലപ്പൂ മാല ചൂടി പാട്ടുപാവാടയണിഞ്ഞു കൂട്ടുകാരികളോടൊപ്പം വരുന്ന അവളെ കണ്ടപ്പോൾ കതിർ മണ്ഡപത്തിൽ ഇറങ്ങാൻ നിൽക്കുന്ന നവ വധുവിനെയാണ് അഭി ഓർമിച്ചത്. നിമിഷ നേരത്തേയ്ക്ക്  അഭി  നിശ്ചലനായി നിന്നുപോയി. ഗംഗയും സഖിമാരും അവനെ കടന്നുപോയിട്ടും, രവി വർമ്മ ചിത്രങ്ങളിലെ നായികയെ നേരിട്ട് കണ്ടാലുള്ള ആശ്ചര്യത്തോടെ   അഭി  ഗംഗയെതന്നെ നോക്കി നിന്നുപോയി.

പിന്നീടങ്ങോട്ടുള്ള    ദിനരാത്രങ്ങളിൽ   അഭിയുടെ    മനസ്സിൽ    എപ്പോഴും ഗംഗയായിരുന്നു. കണ്ണടച്ചാലുടൻ , മാലാഖയെപ്പോലെ പടവുകളിറങ്ങി വരുന്ന ഗംഗയുടെ മുഖം  മാത്രം. ക്ളാസിൽ ഓർഗാനിക് കെമിസ്ട്രി തകർത്തു പഠിപ്പിക്കുമ്പോഴും പ്രാക്ടിക്കൽ  ചെയ്യുമ്പോഴുമെല്ലാം അവന്റെ മനസ്സിൽ ഗംഗ മാത്രം. പിന്നീട് രണ്ട് ദിവസങ്ങൾക്കു ശേഷമാണ്  അഭി   ഗംഗയെ കണ്ടത്. കോളേജിലെ ചെമ്പക മരച്ചുവട്ടിൽ ഗംഗ കൂട്ടുകാരികളോടൊപ്പം ഇരിക്കുന്നു. കൂട്ടുകാരികൾ എന്തൊക്കെയോ പരസ്പരം പറയുന്നുമുണ്ട്.ഗംഗ പുഞ്ചിരിയോടെ  അതെല്ലാം കേട്ടുകൊണ്ട് ഇരിക്കുന്നു.ഗംഗയെ ദൂരെ നിന്നും കണ്ടപ്പോൾ തന്നെ അഭിയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.അവളോട് എന്തെങ്കിലും സംസാരിക്കുവാൻ മനസ് വെമ്പി.പക്ഷെ അവൻ മനസ്സിനെ സ്വയം അടക്കി.കുറച്ചുകൂടി കഴിയട്ടെ.

മറ്റൊരു പെൺകുട്ടിയോടും ഇതിനു മുൻപ് തോന്നാതിരുന്ന ഒരു ഇഷ്ടം  എന്താണിതിനു കാരണം എന്ന് അഭിയ്ക്ക് മനസിലായില്ല . തുടർന്നുള്ള  ദിവസങ്ങളിലാണ്   അഭി   അറിഞ്ഞത് ഗംഗയും തന്റെ അതേ വിഷയം ആണ്.അറിഞ്ഞപ്പോൾ സന്തോഷം തോന്നി.ഒരേ വിഷയം പഠിക്കുന്നത് കാരണം മനഃപൊരുത്തം ഉണ്ടാകുമല്ലോ.ഒരു ദിവസം  അഭി ഡിപ്പാർട്മെന്റിൽ നിന്നും ഇറങ്ങിയപ്പോൾ എതിരെ മന്ദം നടന്നു വരുന്ന ഗംഗയെ കണ്ടു.പുറത്ത് അനുരാഗത്തിന്റെ അനുഗ്രഹം പോലെ  മഴ പൊഴിയുന്നു. അവൻ ചോദിച്ചു ''ഗംഗ എന്നല്ലേ കുട്ടിയുടെ പേര്, കെമിസ്ട്രി മെയിൻ ആണല്ലേ? അതിനുള്ള മറുപടി മധുരമായ ഒരു പുഞ്ചിരി മാത്രം .  അഭിയുടെ മനസ് നിറഞ്ഞു. അവൻ പറഞ്ഞു ''എന്റെ പേര്  അഭിലാഷ്, ഫൈനൽ ഇയർ കെമിസ്ട്രി " തുടർന്ന് എന്ത് പറയണമെന്ന് ആലോചിക്കുന്നതിനു മുൻപ് തന്നെ അവൾ  നടന്നു നീങ്ങിയിരുന്നു. അഭിയ്ക്ക് ഒരേ സമയം നിരാശയും സന്തോഷവും തോന്നി.

അഭി  മൂകമായി ഗംഗയെ പ്രണയിക്കാൻ തുടങ്ങി.എല്ലാ ദിവസവും ഗംഗയറിയാതെ അഭിയുടെ കണ്ണുകൾ അവളെ തിരയാൻ തുടങ്ങി.ഒരു  ദിവസം ഉച്ചയ്ക്ക് കോളേജിലെ ചെമ്പക മരച്ചുവട്ടിൽ വച്ച് അഭി  ഗംഗയെ കണ്ടു.അവൾ കൂട്ടുകാരികളെ പ്രതീക്ഷിച്ച് ഏകയായി നിൽക്കുകയായിരുന്നു.അഭി  അവളുടെ അടുത്തേക്ക് നടന്നു. അവനെ കണ്ടപ്പോൾ ഗംഗ പുഞ്ചിരിച്ചു.അഭിയ്ക്ക് എന്ത് പറയണം എന്നറിയാത്ത അവസ്ഥ .മനസിലുള്ള ഇഷ്ടം  ഗംഗയോട് തുറന്നു പറയാനാണ് വന്നത്. പക്ഷെ ഗംഗയുടെ മുന്നിൽ വന്നപ്പോൾ പറയാൻ വാക്കുകൾ കിട്ടുന്നില്ല.എങ്കിലും അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു.'' ഗംഗാ ........ഞാൻ......... ആദ്യം കണ്ട നിമിഷം തന്നെ പറയണമെന്ന്കരുതിയതാണ്......പക്ഷെ കഴിഞ്ഞില്ല"......ഇത്രയും ആയപ്പോൾ തന്നെ അഭി യുടെ ശബ്ദം വിറച്ചു. എങ്കിലും അവൻ പറഞ്ഞു”. തന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഞാനിഷ്ടപ്പെട്ടു പോയി. എനിക്കു തന്നെ മറക്കാനാകുന്നില്ല". പെട്ടെന്നു തന്നെ ഗംഗയുടെ മുഖം മങ്ങി. അവൾ ഒരു വാക്കുപോലും  പറയാതെ ക്ലാസ്സിലേക്ക് നടന്നു പോയി.  അഭിയ്ക്ക് എന്തെന്നില്ലാത്ത ഇച്ഛാഭംഗം തോന്നി.

പിന്നീടുള്ള ദിവസങ്ങളിൽ ഗംഗ തന്നെ ഒഴിവാക്കുന്നതായി അഭിക്കു തോന്നി. അഭിയെ കാണുമ്പോൾ തന്നെ അവൾ മാറി പൊയ്കളയും. അപ്രതീക്ഷിതമായി കണ്ടാൽ പോലും ദൃഷ്ടികൾ മാറ്റിക്കളയും. അഭിക്കു വളരെയരെ വിഷമം തോന്നി. ഇതിനുമാത്രം എന്ത് തെറ്റാണു താൻ ചെയ്തത്? മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞതോ? അഭി ചിന്തിച്ചു.

ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സീനിയേഴ്സ് വെൽക്കം കൊടുക്കുന്ന ഫ്രഷേഴ്സ് ഡേ വന്നെത്തി.അഭിയും സുഹൃത്തുക്കളും  അവരുടെ ഡിപ്പാർട്മെന്റിലെ ജൂനിയർ വിദ്യാർഥികൾക്ക് വെൽക്കം ഡേ നടത്തുവാൻ തീരുമാനിച്ചു.ഓരോ പുതിയ വിദ്യാർഥിയെയും ക്ളാസ്സിനു പരിചയപ്പെടുത്തി അവരെക്കൊണ്ട് ഓരോ കോപ്രായങ്ങൾ ചെയ്യിക്കുന്ന പരിപാടി . ഓരോരുത്തരും അവരവരുടെ ഊഴം കഴിഞ്ഞു ആശ്വാസത്തോടെ സീറ്റിൽ പോയി ഇരുന്നു. പലരേയും കൂവി വരവേൽക്കുകയാണുണ്ടായത് .അടുത്തതായി ഗംഗയായിരുന്നു.അവളോട് അഭി പറഞ്ഞു പൂവാലാ ശല്യത്തെക്കുറിച്ചു പ്രിസിപ്പലിനോട് പരാതി പറയുന്നത് ആംഗ്യഭാഷയിൽ  അഭിനയിച്ചു കാണിക്കാൻ . ഗംഗ വളരെ തന്മയത്വത്തോടെ അത് അഭിനയിച്ചു കാണിച്ചു.സീനിയേഴ്സിന്റെ മുക്തകണ്ഠ പ്രശംസയും നേടി.അഭിയെ ഒന്ന് നോക്കിയ ശേഷം ഹൃദ്യമായ ഒരു പുഞ്ചിരിയോടെ ഗംഗ സീറ്റിലേക്ക് മടങ്ങി.

വൈകുന്നേരം വെൽക്കം പരിപാടി കഴിഞ്ഞു ഇറങ്ങിയപ്പോൾ അഭിയുടെ ക്ലാസ്മേറ്റും നാട്ടുകാരിയുമായ നിഷ അഭിയോട് പറഞ്ഞു " അഭി നീ ഇത്രയ്ക്കു ക്രൂരനാകരുതായിരുന്നു."  അഭിയ്ക്കു ഒന്നും മനസിലായില്ല അവൻ ഒന്നു പകച്ചു.അവൻ ചോദിച്ചു "എന്താ കാര്യം; ഞാൻ എന്തു ചെയ്തു?'' അപ്പോൾ നിഷ പറഞ്ഞു "അഭിയ്ക്കു ഗംഗയോട് ഇഷ്ടം ഉണ്ടെന്നു എനിക്കറിയാം , പക്ഷെ ..............

അഭി: "എന്തു പക്ഷെ , ഞാൻ ഗംഗയോട് എന്റെ മനസിലെ ഇഷ്ടം തുറന്നു പറഞ്ഞതാണ്. പക്ഷെ അവൾ ഒരു വാക്ക് പോലും പറയാതെ എന്നെ ഒഴിവാക്കുകയാണ് ചെയ്തത് ".

നിഷ: "ഗംഗയ്ക് അഭിയെ ഇഷ്ടമാണ്, എനിയ്ക്കതറിയാം. ഞാൻ അത് മനസിലാക്കിയിട്ടുണ്ട്."

അഭി: "ഞാനിത് വിശ്വസിക്കില്ല എന്നോടിഷ്ടം ഉണ്ടെങ്കിൽ അവൾക്ക് അത് തുറന്നു പറഞ്ഞാൽ എന്താ ?അതിനു പകരം ഗംഗ എന്നെ ഒഴിവാക്കാനാണ് ശ്രെമിച്ചത് .

നിഷ:" അതാണ് അഭി ഞാൻ പറഞ്ഞത് ,നീ ഗംഗയെ പൂർണമായും മനസിലാക്കിയിട്ടില്ല .നിന്നോടുള്ള ഇഷ്ടം തുറന്നു പറയണമെന്നു അവൾക്കും ആഗ്രഹം ഉണ്ട്.പക്ഷെ ദൈവം അവൾക്ക് അതിനുള്ള കഴിവ് കൊടുത്തില്ല..!! അതേ അഭി , ഗംഗയ്ക് സംസാരിക്കുവാൻ കഴിയില്ല.........ഗംഗ ഊമയാണ്.........!!

 

 

 

രാഹുൽ സാഗര

വർക്കല

24/02/2019

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രാഹുൽ ശിവൻ .അച്ഛൻ സദാശിവൻ നായർ, അമ്മ ഗിരിജ. തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശം. ദക്ഷിണ കാശിയായ പാപനാശത്തിന്റെയും ജനാർദ്ദനസ്വാമിയുടെയും ശിവഗിരിയുടെയും മണ്ണ്. പ്രാഥമിക വിദ്യാഭ്യാസം വർക്കല എസ് .വി യു പി എസിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം ഇടവ മുസ്ലിം ഹൈസ്കൂളിലും പൂർത്തിയാക്കി . തിരുവനന്തപുരം എം.ജി കോളേജിലും കോട്ടയം എം.ജി യൂണി വേഴ്‌സിറ്റിയിലുമായി കോളേജ് വിദ്യാഭ്യാസം. ഇപ്പോൾ കടയ്ക്കാവൂർ എസ് എസ് പി ബി എ ച്ച എസ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ