ഉപജാപം
- Stories
- Jayaraj Parappanangadi
- 05-Feb-2019
- 0
- 0
- 1226
ഉപജാപം
ഓരോ സെക്കന്റിലും എന്തെല്ലാം കാഴ്ചകളാണിങ്ങനെ പിന്നോട്ട് പൊയ്ക്കൊണ്ടിരിയ്ക്കുന്നതെന്ന് ചിന്തിയ്ക്കവെ തൊട്ടടുത്തിരിയ്ക്കുന്ന മദ്ധ്യവയസ്കന്റെ ഫോൺ ചിലമ്പിച്ചു...
ആ.... അതെ ബാലൻ തന്നെ...
സംഗീത ഏട്ടന്റെ മകളാണ്...
ഓ..അതുശരി....
ഏതു പണിയ്ക്കരാ ജാതകക്കുറിപ്പു തന്നത് ?
അതിലെന്റെ നമ്പറു വച്ചത് ഏട്ടന് ചെവിയൽപ്പം പതുക്കെയായതുകൊണ്ടാണ്...
പിന്നെ ഞങ്ങളഞ്ചു സഹോദരങ്ങളിലിത്തിരി വകതിരിവുള്ളതും എനിയ്ക്കു തന്നെ...
ആട്ടെ പയ്യനെന്താ ജോലി ?
ഓഹോ.. വില്ലേജ് മേനാണോ ?
ആളുടെ ഹെെറ്റും വെയിറ്റും?
അഞ്ചേമുക്കാലടിയൊ ?അതിനൊത്ത വണ്ണവുമുണ്ടോ ?
ഹഹഹഹ...എന്നാലവൾക്കു ചേരില്ല..
സംഗീതയാകെ നാലടിയേയുള്ളൂ..
നന്നേ മെലിഞ്ഞിട്ടുമാണ്...
പോരാത്തതിന് ഇരുനിറവും..
ആള് കല്ല്യാണമേ വേണ്ടെന്നു പറഞ്ഞ് നടക്കുകയായിരുന്നു...
അതുനോക്കണ്ട ..
പണിയ്ക്കര് പിന്നെ ഏതെങ്കിലും കുട്ടിയെപ്പറ്റി കാണാൻ കൊള്ളില്ലെന്നു പറയ്വോ ?
ബിഎസ്സി നഴ്സിംഗ് കഴിഞ്ഞിട്ടുണ്ടെന്നതല്ലാതെ...പ്രത്യേകിച്ചങ്ങിനെ...
നിങ്ങളീ പറഞ്ഞതു പ്രകാരം പയ്യനെന്റെ പ്രീതമോള് കറക്ടാ...
അവളു നല്ല പൊക്കവും വണ്ണവും നിറവുമെല്ലാമുണ്ട്...
പൂവാലശല്ല്യം ഞങ്ങടെ നാട്ടിലവൾക്കു മാത്രമേയുള്ളൂ...
അത്രയ്ക്കു സുന്ദരിയാ...
സർക്കാർ ജോലിമാത്രമേ ഞങ്ങൾക്ക് നിർബന്ധമുള്ളൂ...
ഹഹഹഹ...വെെകീട്ട് വിളിച്ചോളൂ...
അല്ല നിങ്ങളുടെ നമ്പറൊന്നു പറയോ..പോക്കറ്റ് ഡയറിയിലെഴുതിവയ്ക്കാനാ..
ഫോണിലുള്ളത് ചിലപ്പോ പോയാലോ..
ആ... 9946......11
ഒന്നൂടെ പറയൂ... പേനയെടുക്കണേയുള്ളൂ....
9946.......11ആ...അപ്പോ ശരി....
ഇത്രയും നേരം ഒരു ഭാഗത്തു നിന്നുള്ള സംസാരം മാത്രമേ കേട്ടുള്ളുവെങ്കിലും ബാലേട്ടന്റെ അസൂയയും കുശുമ്പും എനിയ്ക്കൊട്ടും പിടിച്ചില്ല....
ബസ്സിറങ്ങിയ പാടേ ചെവിയിൽ സെയ് വ് ചെയ്ത നമ്പറിൽ കുത്തി ഞാനിങ്ങനെ പറഞ്ഞു...
പ്രിയ സുഹൃത്തേ...
ബാലേട്ടൻ നിങ്ങളോട് സംസാരിച്ചതിന്റെ യാതൊരു പരിചയവുമില്ലാത്ത, ബസ് യാത്രക്കാരനായ,വെറുമൊരു ദൃക്സാക്ഷിയാണു ഞാൻ...
നിങ്ങളൊന്നാലോചിച്ചു നോക്കൂ....
സ്വന്തം സഹോദരന്റെ മകൾക്കു വന്ന കല്ല്യാണം മുടക്കണമെങ്കിൽ അയാളെന്തുമാത്രം ദുഷ്ടനായിരിയ്ക്കും...
കേട്ടിടത്തോളം ഇത്തിരി പൊക്കക്കുറവുണ്ടെങ്കിലും പണിയ്ക്കര് പറഞ്ഞതുപോലെ സംഗീത നല്ലൊരു മുഖശ്രീയുള്ള കുട്ടിയാവും..
ജാതകം ചേർന്ന സ്ഥിതിയ്ക്ക് നിങ്ങളെന്തായാലും അവളെപ്പോയി കാണണം...
ബാക്കിയെല്ലാം ദെെവനിശ്ചയം...
എനിയ്ക്കിങ്ങനെ വിളിയ്ക്കാൻ തോന്നിയതിലും ഈശ്വരന്റെയൊരു കെെവഴിയുണ്ടെന്ന് കരുതിക്കോളൂ...
അഥവാ ഈ കല്ല്യാണം നടക്കുകയാണെങ്കിൽ നിങ്ങളുടെ നാടോ വീടോ ഒന്നുമറിയില്ല., എങ്കിലും ഞാൻ വരും ....
അങ്ങിനെയൊരവസരമുണ്ടെങ്കിലേ എന്നെ വിളിയ്ക്കാവൂ....
ഓകെ..നന്ദി ...നമസ്കാരം....
എനിയ്ക്കറിയാത്ത എന്നെയറിയാത്ത സംഗീതയുടെ കല്ല്യാണം നടക്കില്ലേ ?
നടക്കും...ആ പയ്യനത്ര സൗന്ദര്യമോഹിയായ ചെറുപ്പാക്കരനൊന്നുമാവില്ല.....
രണ്ടു മാസത്തിനുള്ളിൽ എല്ലാമറിഞ്ഞ സംഗീത തന്നെ ഇക്കാര്യമെന്നോട് സന്തോഷത്തോടെ വിളിച്ചു പറയും...
പ്രാർത്ഥന മറ്റുള്ളവർക്ക് കൂടി വേണ്ടിയാണല്ലോ...
അനിയത്തിയുടെ കല്ല്യാണം ശുഭകരമാവട്ടെ....
എഴുത്തുകാരനെ കുറിച്ച്
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login