ആരാണ് സ്ത്രീ

ആരാണ് സ്ത്രീ
============
ആരാണ് സ്ത്രീയെന്ന ചോദ്യത്തിനുത്തരം
തേടിയലഞ്ഞു ഞാൻ കാലങ്ങളായ്
ഒടുവിലായുത്തരം തേടിവന്നെന്നിൽ
ഭൂമിയെ പോലെ പരിശുദ്ധയാണവൾ
മകളായ് ഭാര്യയായ് അമ്മയായ് മുത്തശ്ശിയായ്
പലരൂപങ്ങളിൽ സ്നേഹം ചൊരിയുന്നവൾ
ആദ്യാവസാനം ജീവിതയാത്രയിൽ
പ്രാർത്ഥനയോടെ കാവലാകുന്നവൾ
പുലരുന്നിടം തൊട്ട് അന്തിയാകും വരെ
മടിയേതുമില്ലാതെ പണിയെടുക്കുന്നവൾ
പലപല വേഷങ്ങൾ കെട്ടിയാടുമ്പൊഴും
സ്നേഹവാത്സല്യങ്ങൾ ഏറെ നല്കുന്നവൾ
ഭൂമിയായ് മഴയായ് കുളിരായ് മാറുന്നവൾ
നാശം വിതയ്ക്കും അഗ്നിയായ് മാറുന്നവൾ
ദേവിയായ് കാവലായ് തണലായ് തീരുന്നവൾ
സഹനത്തിൽ ഭൂമിയെ പോലെ മാറുന്നവൾ
പ്രാണനായ് കരുതിയ പതിയുടെ നേരിനായ്
മധുരയെ ചുട്ടുചാമ്പലാക്കിയവൾ കണ്ണകി
വിശ്വാസം മുറുകെ കാത്തുരക്ഷിക്കുവാൻ
ക്ഷമയോടെ നേരിനായ് നിന്നവൾ ആസിയ
കൃഷ്ണനെ പോലും ശപിക്കുവാൻ തപോബലം
കൊണ്ടു കരുത്ത് കാണിച്ചവൾ ഗാന്ധാരി
പുത്രനെ കൺമുന്നിൽ കുരിശിൽ തറച്ചപ്പോൾ
പകയ്ക്കാതെ നിന്നവൾ മാതാവ് മറിയം
എത്രയോ പുണ്യരാം ശ്രേഷ്ഠ വനിതകൾ
കരുത്തോടെ നിന്നൊരു ഭൂമിയിലിന്ന്
പെണ്ണിന്നു നേരെ അതിക്രമം കാട്ടി
ക്രൂരമായ് ചീന്തിയെറിയുന്ന നാടായിത്
ഇനിയും അവതാരപ്പിറവിയെടുത്തവൾ
സംഹാരരൂപിയായ് മാറാതെ നോക്കുക
കസ്തൂരിയെപ്പോൽ സുഗന്ധമുള്ളവളാണ്
സ്ത്രീയെന്ന സത്യം അറിയൂ നീ മാനവാ....
ഷജീർ.ബി
എഴുത്തുകാരനെ കുറിച്ച്

ഞാൻ ശ്രീ ബഷീറിന്റെയും ശ്രീമതി ഫസീലയുടെയും മകൻ ഷജീർ ബി, തിരുവനന്തപുരത്ത് താമസം. ആക്കുളം എംജിഎം സ്കൂളിൽ മലയാളം അധ്യാപകൻ. വിവാഹിതൻ ഭാര്യ ഷഹനാസ്. രണ്ട് മക്കൾ മകൾ മെഹ്‌നാസ് മെഹ്റിൻ മകൻ അലിഫ് മാലിക്ക് .
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login